
ഈ സാഹചര്യത്തില്‍ മലയാളത്തിലെപ്രശസ്ത നിരൂപകന്‍ ശ്രീ എം. ക്രുഷ്ണന്‍ നായര്‍ ഇവിടത്തെ എഴുത്തുകാരുടെ വ്യക്തമായി പറഞ്ഞാല്‍ മലയാളം പത്രം തിരഞ്ഞെടുക്കുന്ന എഴുത്തുകാരുടെ രചനകള്‍ വിമര്‍ശിക്കാന്‍ തുടങ്ങി. ഇതു പൊരിയുന്ന ചട്ടിയില്‍നിന്നും എരിയുന്ന തീയ്യിലേക്കു എന്നനുഭവമാണു എഴുത്തുകാര്‍ക്കുണ്ടാക്കിയതു. ശ്രീ നായരുടെ വ്യക്തിപ്രഭാവവും, പ്രശസ്തിയും കണക്കിലെടുത്തു ഇവിടത്തെ മലയാളി വായനക്കാര്‍ അദ്ദേഹത്തിന്റെ കമന്റുകള്‍ മുഴുവനായി ശരി വച്ചു.എന്നാല്‍ എഴുത്തുകാരന്റെ വളര്‍ച്ചക്കൊ, മാര്‍ഗ്ഗദര്‍ശനത്തിനൊ ഇത്തരം നിരൂപണങ്ങള്‍ ഒട്ടും സഹായകമായില്ല. ഒറ്റടി വക്കുന്ന കുട്ടി തെന്നി വീഴുമ്പോള്‍ പരിഹസിക്കുന്ന മുതിര്‍ന്നവരെപോലെ വിമര്‍ശകന്‍ തന്റെ വിശ്വോത്തര കലാസ്ര്ഷ്ടികളെകുറിച്ചുള്ള പാണ്ഡിത്യത്തിന്റെ ആഴം സര്‍ഗ്ഗശക്തിയുടെ നാമ്പുകള്‍ പൊടിച്ചു വരുന്ന പല എഴുത്തുകാരുടെ രചനകളുമായി താരതമ്യ്ം ചെയ്തപ്പോള്‍ അത്തരം എഴുത്തുകാര്‍ പിന്നെ ഒറ്റടി വക്കണ്ടന്നു തീരുമാനിച്ചതായി കണ്ടു. പല നല്ല എഴുത്തുകാരും പേനയും മടക്കി മിണ്ടാതിരുന്നു. വിലക്ഷണം കെട്ട രചനകള്‍ ഉണ്ടാകുന്ന്തിനേക്കാള്‍ അതാണു നല്ലതു.പക്ഷെ ശരിയായ നിരൂപണത്തിലൂടെ, പ്രോത്സാഹനത്തിലൂടെ പലരേയും തേച്ചു മിനുക്കാമായിരുന്നു. നിരൂപണം ഒരു കലയാണു. നിരൂപകന്‍ പറയുന്നതു അവസാന വാക്കല്ല. അതു തിരിച്ചറിയാന്‍ അമേരിക്കന്‍ മലയാളി സമൂഹം ശ്രമിക്കുന്നുണ്ടൊയെന്നറിഞ്ഞുകൂട. നിങ്ങള്‍ക്കു നല്ലതായി ഒന്നും പറയാനില്ലെങ്കില്‍ ഒന്നും മിണ്ടാതിരിക്കുക എന്ന ചൊല്ലു നല്ല നിരൂപകന്റെ നയമാണു. കാരണം ഏതു കലാസ്ര്ഷ്ടിയിലും വളരെ മനോഹരമായ ഒരു വരിയോ, ഒരാശയമോ ഉണ്ടായിരിക്കും. അതെ പറ്റി പറഞ്ഞുകൊണ്ടു മറ്റു പാളിച്ചകളെ ചൂണ്ടി കാണിക്കയാണു വേണ്ടതു. എഴുത്തുകാരന്റെ എഴുതാനുള്ള സ്വാതന്ത്ര്യവും, ശൈലിയും ചോദ്യം ചെയ്യുന്നതു ശരിയായ നിരൂപണമാകണമെന്നില്ല.

എന്താണു ഇവിടത്തെ എഴുത്തുകാരുടെ ജീവിത ദര്‍ശനം. എഴുത്തുകൊണ്ടവര്‍ എന്തുദ്ദേശിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ കൂടുതല്‍ ക്ലാസ്സിസത്തോടു ചായ്‌വ് പുലര്‍ത്തുന്നവരാണു. റൊമാന്റിക്കുകള്‍ പൊതുവെ കുറവാണു.ഉണ്ടെങ്കില്‍ തന്നെ അതു ശരിയായ രീതിയില്‍ ഉപയോഗിക്കുന്നവരല്ലെന്നാണു ഈ ലേകന്‍ മനസിലാക്കീട്ടുള്ളതു. ക്ലാസ്സിസ്റ്റുകള്‍ പഴയ ശൈലിയേയും രൂപത്തേയും അംഗീകരിക്കുന്നവരാണു. റൊമാന്റിക്കുകള്‍ പുതിയ ശൈലിയും ആവിഷ്‌ക്കാരവും പരീക്ഷിക്കുന്നു. പരീക്ഷണം അസം ബന്ധമായി പോകുമ്പോള്‍ അതിനെ ആധുനികത എന്നു വിളിച്ചു ന്യായീകരിക്കുന്നവരുമുണ്ടു. വായനക്കാരുടെ നവീനാഭിരുചികള്‍ എഴുത്തുക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. അഭിരുചിയില്‍ പരിവര്‍ത്തനം വരുമ്പോഴാണു നിലവിലുള്ളതിനോടു വിരസത അനുഭവപെടുക. ഒരൊ എഴുത്തുകാരും സ്തൂലവും സൂക്ഷ്മവുമായ അവരുടെ ജീവിതാനുഭവങ്ങളെ രൂപപെടുത്തിയെടുക്കുന്നതാണ് അവരുടെ രചനകളില്‍ പ്രത്യക്ഷപെടുന്ന ദാര്‍ശനികത. ഡബ്ലു. ബി.യേറ്റ്‌സ് പറയുന്നത് ഉള്‍കണ്ണുകള്‍ക്കു മുന്നില്‍ എഴുത്തുകാരനു സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്നു കിട്ടുന്ന മുഹുര്‍ത്തങ്ങള്‍ ഉണ്ടെന്നാണ്.ഈ മുഹുര്‍ത്തങ്ങളില്‍ അവര്‍ എഴുതിപോകുന്നു.ഗഹനമായ ചിന്തകളും, അതില്‍ നിന്നുല്‍ഭവിക്കുന്ന സിദ്ധാന്തങ്ങളും അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ക്രുതികളില്‍ വളരെ കുറവാണു. വിജ്ഞാനമേലകളിലേക്കു വെളിച്ചം വീശുന്ന വിധം സമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ക്കു അനുസ്രുതമായി എഴുതാന്‍ പലരും ശ്രദ്ധിക്കാതിരിക്കുന്നതു ഇവിടത്തെ സമൂഹത്തിനു അങ്ങനെ യൊരാശയാഭിലാഷമില്ലെന്ന ധാരണയിലാകാം. നാം ജീവിച്ചുപോന്ന, ജീവിക്കുന്ന സാഹചര്യങ്ങള്‍, നമ്മുടെ ചിന്ത, അറിവു, അനുഭവങ്ങള്‍ തുടങ്ങി പല ഘടനകളുടേയും സ്വാധീനം രചനകളില്‍ പ്രകടമാകുക സ്വാഭാവികമാണു. ധനികനായ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ ഇന്നത്തെ വ്യവസ്തിതിയോടുള്ള എതിര്‍പ്പ്, സമുദായാചാരങ്ങള്‍ക്കു നേരെയുള്ള അമര്‍ഷം, അമേരിക്കന്‍ ജീവിതരീതിയോടുള്ള പു'ം, അടുത്തറിയുന്നവര്‍ക്കു പറ്റിയ അമളികളുടെ, നിര്‍ഭാഗ്യത്തിന്റെ വിവരണം, സ്വന്തം നാടിന്റെ ഭംഗിയും, അവിടത്തെ ജീവിത മൂല്യങ്ങളുമെല്ലാം പ്രതിഫലിക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ്ണമായും സത്യസന്ധമായ ആവിഷ്‌കാരങ്ങളായി ആസ്വാദകനു തോന്നാത്തതു എഴുത്തുകാര്‍ പ്രവാസനാട്ടിലെ അതിഥികളായി കഴിയുന്നതു കൊണ്ടാണു.ഇരു വഞ്ചിയില്‍ കാലിട്ടു നില്‍ക്കുമ്പോള്‍ അനുഭവപെടുന്ന ആശങ്കയും, പരിഭ്രമവും പലരേയും ലക്ഷ്യസ്ഥാനത്തെത്തിക്കുന്നില്ല. ത്രികോണപ്രേമങ്ങളും, അവയുടെ ദുരന്തങ്ങളുമൊക്കെസ്രുഷ്ടികളില്‍ ആശയമാക്കുന്ന പതിവ് പലരും ഉപേക്ഷിച്ചെങ്കിലും, അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അതു വിദഗ്ധമായി ചെയ്യുമ്പോള്‍ വായനക്കാരന്‍ ഇഷ്ടപെടുന്നുണ്ടു. ഭക്തിയും, രതിയും കലര്‍ത്തി എഴുതുന്നവര്‍ ''മാജിക്കല്‍ റിയലിസം' പോലുള്ള നവീന ആശയങ്ങള്‍ അവരുടെ രചനകളില്‍ പ്രയോഗിക്കുന്നുണ്ട്. ആധുനിക കവിതയെന്തെന്നു മനസ്സിലാക്കാതെ അസംമ്പന്ധം എഴുതുന്നവര്‍ കാല്‍പ്പനികതയേക്കാള്‍ സാങ്കേതികയാണു രചനകളില്‍ പ്രകടിപ്പിക്കുന്നത്. ചരിത്രത്തിന്റെ നുറുങ്ങുകളെ, കാലിക സംഭവങ്ങളെ , മിത്തുകളില്‍ അല്ലെങ്കില്‍ കടങ്കഥകളില്‍ കോര്‍ത്തിട്ട്ു സ്രുഷ്ടിക്കുന്ന രാവണന്‍ കോട്ടയില്‍ വായനക്കാരെ കുടുക്കുന്നു അവര്‍. ഭാഗ്യവശാല്‍ അമേരിക്കന്‍ മലയാളസാഹിത്യത്തെ ആധുനികതയെന്ന യക്ഷി അപൂര്‍വ്വമായെ വഴിപിഴപ്പിക്കുന്നുള്ളു. കാരണം അമേരിക്കന്‍ മലയാളിയുടെ അരയില്‍ തനി മലയാളത്തിന്റെ പഴയ പനയോലകെട്ടുകള്‍ ഉണ്ടു. നമ്മുടെ മാതാവു കൈരളി പണ്ടൊരു പൊന്മണി പൈതലായി വാണ കാലം പാടിയിരുന്ന പഴങ്കഥപാട്ടുകള്‍ പാല്‍കുഴമ്പല്ലോ ചെകിട്ടിനെല്ലാം എന്ന ഓര്‍മ്മയില്‍ അവര്‍ ഹര്‍ഷപുളകിതരാണ്. ചേതസ്സി തോന്നിയ മാതിരിയില്‍ നിന്നും ഇന്നു മലയാള ഭാഷ വികാസം പ്രാപിച്ചു. മലയാള കവിതയും കുട്ടിത്വം വിട്ടു യൗവ്വനം വന്നുദിച്ചതോടെ അവളുടെ ദുര്‍ദ്ദശ്ശയും വന്നുകൂടി. ഏതോ ശാപം പേറിയപോലെ കവിതയുടെ രൂപം മാറി. അല്ലെങ്കില്‍ മാറ്റിക്കളഞ്ഞു. അവള്‍ കഞ്ചാവടിക്കാന്‍ തുടങ്ങി. കള്ളുഷാപ്പില്‍ മീന്‍ കറി വിളമ്പാന്‍ പോയി. ഭരണിപാട്ടു പാടി. അവളുടെ പ്രേതങ്ങള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടു പേടിപ്പിക്കാന്‍ ഒരുങ്ങിയെങ്കിലും.അവളെ ഇംഗ്ലീഷ് പറഞ്ഞു മലയാളികള്‍ ഓടിച്ചു കളഞ്ഞു. മണ്ണിന്റെ മണവും വിണ്ണിന്റെ വിശുദ്ധിയുമുള്ള കവിതകളെ വിജയിക്കുകയുള്ളുവെന്നു എഴുത്ത'നും, കുമാരാനാശാനും, ചങ്ങമ്പുഴയും, ശങ്കരക്കുറുപ്പും, സുഗതകുമാരിയും നമ്മെ പഠിപ്പിക്കുന്നു. അത്തരം കവിതകളാണു അമേരിക്കന്‍ മലയാളികള്‍ക്കിഷ്ടമെന്നു അവര്‍ പറയുന്നില്ലെങ്കിലും അതു സ്പഷ്ടമാണ്. മലരൊളി തിരളും മധുചന്ദ്രികയില്‍ മഴവില്‍കൊടിയുടെ മുന മുക്കി എഴുതികൊണ്ടു മലയാള ഭാഷയുടെ കനക ചിലങ്ക കിലുക്കിപ്പിച്ച, കിലുക്കിപ്പിക്കുന്ന എഴുത്തുകാരെ മലയാളി എന്നും സ്‌നേഹിച്ചിട്ടുണ്ട്. അതിനു മാറ്റം വരുന്നില്ല. കഞ്ചാവില്‍ മുക്കി നഗ്നത കൊണ്ടെഴുന്നതൊക്കെ ആധുനികമാണെന്ന ധാരണ പരത്തിയവരും, അങ്ങനെ എഴുതിയവരും വായനകാര്‍ക്കു താല്‍ക്കാലികമായ ലഹരി മാത്രമാണു നല്‍കിയത്. അവയെല്ലാം കാലത്തിന്റെ പട്ടടയില്‍ ചാരമായി. എന്നാല്‍ ആ ചാരത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേറ്റ് ആധുനികതയുടെ പൊരുള്‍ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച്, ആ ശക്തി വ്യാപരിപ്പിച്ചുകൊണ്ട് കരുത്തു നേടിയവരും അമേരിക്കന്‍ മലയാളി എഴുത്തുകാരിലുണ്ടു.

സാഹിത്യകാരന്‍, പ്രസാധകന്‍, വായനക്കാരന്‍ എന്നീ മൂന്നു ഘടകങ്ങള്‍ പരസ്പരപൂരിതങ്ങളായി നില നിന്നാല്‍ മാത്രമെ സാഹിത്യം വളരുകയുള്ളു. വായനക്കാരില്‍ നിരൂപകര്‍ എന്ന വിഭാഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കന്‍ മലയാള സാഹിത്യ്‌ത്തെ ബാധിച്ച ഒരു ചാഴിയാണു എല്ലാവരും നിരൂപകവേഷം കെട്ടുന്നു എന്നത്. ഈ വേഷധാരികള്‍ പലപ്പോഴും ക്രുതികള്‍ വായിക്കാതെയും മുന്‍ ധാരണകളുടെ അടിസ്താനത്തിലും അഭിപ്രായങ്ങള്‍ പറഞ്ഞു രചനകളെ അവഹേളിക്കുകയും എഴുത്തുകാരെ ദ്രോഹിക്കാറുമുണ്ട്. ഉത്തമ നിരൂപണം സ്രുഷ്ടിയേക്കാള്‍ സ്രുഷ്ടിപരമാണു. വസ്തുവിന്റെ ബാഹ്യരൂപത്തില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായി ഏതൊ ഒന്നു നിരൂപകന്‍ കാണിച്ച് തരുന്നു എന്നു ഓസ്‌കാര്‍ വൈല്‍ഡ് പറയുന്നു.
പ്രവാസ മലയാളിയുടെ കര്‍മ്മ രംഗം സാഹിത്യ രചനയല്ല. തിരക്ക് പിടിച്ച ജീവിതായോധനത്തിന്റെ പിരിമുറുക്കത്തിലും കറക്കത്തിലും അവര്‍ എഴുതുന്നു. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പോലെ വായിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ സാഹിത്യ രചന ആര്‍ക്കും കഴിയുമെന്നും അതു ഒരു അസാമാന്യ കഴിവല്ലെന്നുമുള്ള മൂഢ ചിന്തയില്‍ എഴുത്തുക്കാരെ പരിഹസിച്ചുകൊണ്ടിരിക്കുന്നതു ഒരു പകര്‍ച്ച വ്യാധി പോലെ ഇവിടെ പരക്കുന്നതും വ്യസനകരം തന്നെ. അകാല ചരമമടഞ്ഞ അനേകം പ്രസിദ്ധീകരണങ്ങള്‍ സാക്ഷ്യം വഹിക്കുന്നതു വായനക്കാരുടെ കുറവു കൊണ്ടാണെന്നു സത്യം മനസ്സിലാക്കാതെ എഴുത്തുകാരെ കുറ്റപെടുത്തുന്ന പ്രവണത അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ തീരാശാപമാണു. അവാര്‍ഡുകളും അംഗീകാരങ്ങളും കരസ്ഥമാക്കുന്ന എഴുത്തുകാരനോ, എഴുത്തുകാരിയൊ അതു ഡോളര്‍ കൊടുത്തു തരപ്പെടുത്തുന്നതാണെന്നു പറഞ്ഞു എഴുത്തുകാരെ അവഹേളിക്കുന്നതു ഒരു വിനോദമായി പലരും കരുതുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിരുത്സാഹപെടുത്തുന്ന വിധ്വംസ ശക്തികള്‍ ധാരാളമുണ്ടെന്നുള്ളത് സങ്കടകരമാണു. പരദേശത്തു മാതാപിതാക്കള്‍ വിട്ടിട്ടുപോയ ഒരനാഥകുട്ടിയെപോലെയാണ് ഇന്നത്തെ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ അവസ്ഥ. കുട്ടിയെ ആരും ഗൗനിക്കുന്നില്ല, അംഗീകരിക്കുന്നില്ല. അംഗീകരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും തയ്യാറാകുന്നവര്‍ക്കു ഒന്നുമറിയില്ലെന്നും അല്ലെങ്കില്‍ അതെല്ലാം വെറും പുറംചൊറിച്ചിലണെന്നും അപ്യാതി പരത്തി പരദൂഷണവീരന്മാര്‍ അവരുടെ പൊള്ളത്ത രത്തിന്റെ പെരുമ്പറയടിക്കുമ്പോള്‍ ജനം കാതു പൊത്തി ഒന്നിനുമില്ലെന്ന നിസ്സംഗത പാലിക്കുന്നു. ശൈശവത്തില്‍ മുലപ്പാലിനൊപ്പം നുണഞ്ഞു വന്ന മാത്രുഭാഷയോടുള്ള ആദരവു പുലര്‍ത്തുന്ന കുട്ടി, ആ ഭാഷയില്‍ പ്രകടമാക്കുന്ന തന്റെ കലാവിരുതുകള്‍ കാണാനും, കേള്‍ക്കാനും തല്‍പ്പരരായ ആസ്വാദകര്‍ പ്രതി ദിനം കുറഞ്ഞു വരുന്നു. പ്രവാസ ഭൂമിയില്‍ കുട്ടിയുടെ മാത്രുഭാഷ സംസാരിക്കുന്നവരുടെയടുത്തേക്കു അവന്‍ പ്രതീക്ഷയോടെ നടന്നടുക്കുമ്പോള്‍ പ്രവാസികള്‍ അവനെ പണ്ടു തീവണ്ടിയില്‍ വച്ചു ഉപജീവനത്തിനു വയറ്റത്തടിച്ച് പാടിയിരുന്ന കുട്ടികളെ പോലെ കാണുകയും ആട്ടിയകറ്റുകയും ചെയ്യുന്നു. എന്നിട്ടും കുട്ടി തന്റെ മാത്രുഭാഷ സ്‌നേഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതു അഭിമാനകരവും, സന്തോഷകരവുമാണ്.
ഓരോ എഴുത്തുകാരന്റേയും, ആവിഷ്‌ക്കാര ശൈലിയും, ആശയസമ്പന്നതയും, ആദര്‍ശങ്ങളും, രചനഭംഗിയും മനസ്സിലാക്കണം. അല്ലെങ്കില്‍ അതു മനസ്സിലാക്കുന്നവരുടെ നിരൂപണങ്ങള്‍ ശ്രദ്ധിക്കണം . ക്രുതികളെകുറിച്ചുള്ള ആശയവിനിമയം അക്ഷരങ്ങളിലൂടെ മാത്രം നടത്തണം. വാമൊഴിയിലൂടെ പറഞ്ഞ കാലം കഴിഞ്ഞു. ആസ്വാദനങ്ങളും, നിരൂപണങ്ങളും, വിമര്‍ശനങ്ങളും എഴുതുമ്പോള്‍ മാത്രമാണു അതു സാഹിത്യത്തിന്റെ ഒരു ഭാഗമാകുന്നതു. വായില്‍ വരുന്നതു കോതക്കു പാട്ടെന്ന്‌പോലെ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ നിരൂപണങ്ങളല്ല പരദൂഷണങ്ങളാണ്. അതു ഇവിടത്തെ സാഹിത്യാന്തരീക്ഷത്തില്‍ കൊതുകിന്റെ മൂളല്‍ പോലെ മനുഷ്യരെ ശല്ല്യപെടുത്തി കൊണ്ടിരിക്കുന്നുവെന്നതു ലജ്ജാകരവും ദേകരവുമാണു. ഇന്നു കടലാസ്സും, പേനയും കമ്പൂട്ടറും സുലഭമാണ്. ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരനു വായനക്കാരന്റെ അഭിരുചി മനസ്സിലാകുന്നു. എന്നാല്‍ വായനക്കാരന്റെ അഭിരുചിക്കൊപ്പം മാത്രം എഴുതാന്‍ എഴുത്തു കാരന്‍ തയ്യാറാകരുത്.സാഹിത്യവേദികള്‍ സംഘടിപ്പിക്കുന്ന സാഹിത്യചര്‍ച്ചകളില്‍ നടക്കുന്ന നിരൂപണങ്ങള്‍ കൂടുതല്‍ വിജ്ഞാനപ്രദങ്ങളായാല്‍ എഴുത്തുകാരുടേയും ആസ്വാദകരുടേയും സാന്നിദ്ധ്യം വര്‍ദ്ധിക്കും. ക്രുതികളെ പറ്റി മനസ്സിലാക്കാതെ ''എനിക്കും പറയണം അഭിപ്രായം' എന്ന വാശിയോടെ ജല്‍പ്പിക്കുന്നവര്‍ നിരൂപകരല്ല ഏടാ കൂടക്കാരാണ്.

ഇത്തരം സംഘടനകളെ ഒരു കുടകീഴില്‍ കൊണ്ടുവന്ന ലാന എന്ന ദേശീയ സംഘടന അമേരിക്കന്‍ മലയാള സാഹിത്യ്ത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ശക്തി പ്രാപിച്ചാല്‍ അമേരിക്കന്‍ മലയാള സാഹിത്യം കരുത്തു നേടും. അമേരിക്കന്‍ മലയാള സാഹിത്യ രംഗത്തു വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യത്യസ്തമായ ശൈലികള്‍ക്കുടമയായ എഴുത്തുകാരുണ്ട് ഇവിടത്തെ എഴുത്തുകാര്‍ സാഹിത്യരൂപങ്ങളിലെ പ്രധാനപ്പെട്ട ഇനങ്ങളുടെ രചനകള്‍ പ്രാഗ്ത്ഭത്തോടെ നിര്‍വ്വഹിച്ചിട്ടുണ്ട്. കഥകള്‍ , കവിതകള്‍, നോവല്‍, നാടകം, ഗാന ങ്ങള്‍ , ഗദ്യ്കവിത, തുടങ്ങി മലയാളത്തിലെ പഴയ കലാരൂപങ്ങളായ ഓട്ടംതുള്ളല്‍, വില്ലടിച്ചാന്‍ പ്പാട്ട്, വഞ്ചിപ്പാട്ട് , കഥാപ്രസംഗം തുടങ്ങിയവ രചിക്കുന്നതിലും പ്രാവീണ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ ക്രുതികള്‍ അച്ചടിച്ചു വരുന്ന എഴുത്തുകാരാണു യഥാര്‍ഥ എഴുത്തുക്കാര്‍ എന്ന ഒരു തെറ്റിദ്ധാരണ പലരും വച്ച് പുലര്‍ത്തുന്നതു കൊണ്ട് ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇവിടെനിന്നും ഡോളറയച്ച് നാണയവിനിമയത്തിന്റെ വ്യത്യാസത്തില്‍ നാട്ടില്‍ ധനികരാകുന്നപോലെ ഇവിടത്തെ രചനകള്‍ നാട്ടിലേക്കയച്ച് അവിടെ അംഗീകരിക്കപ്പെടാന്‍ ഒരു പക്ഷെ എഴുത്തുകാര്‍ ആഗ്രഹിക്കുന്നത് ഇവിടെ അര്‍ഹമായ അംഗീകാരം കിട്ടാത്തതുകൊണ്ടാവണം. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഇവിടത്തെ മലയാളി സമൂഹത്തിനു വേണ്ടി എഴുതണം. . ഇവിടെ വായനക്കാര്‍ ഉണ്ടാകണം. പത്രങ്ങള്‍ക്കു ഇക്കാര്യത്തില്‍ ഗണ്യമായ പങ്കു വഹിക്കാവുന്നതാണുഅമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവിടത്തെ പത്രങ്ങള്‍ മു്യ പങ്കു വഹിച്ചിട്ടുണ്ടെന്നുള്ളതു നിസ്തര്‍ക്കമാണ്. നൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം പത്രം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ക്കു അവര്‍ഡുകള്‍ പ്ര്യാപിച്ചപ്പോള്‍, കൈരളി പബ്ലിക്കേഷന്‍സ് അതിന്റെ മുക്കാല്‍ ഭാഗം കോളം ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ക്കും അവരുടെ നിരൂപണങ്ങള്‍ക്കും വേണ്ടി മാറ്റി വച്ചത് അഭിനന്ദനാര്‍ഹമാണ്.
അനന്തര തലമുറക്കാര്‍ എഴുത്തുകാരനെ അളക്കുന്നതു സാഹിത്യത്തിന്റെ കണ്ണാടിയിലൂടെയാണെന്ന ലോക തത്വത്തിന്റെ വെളിച്ചത്തിലൂടെ അമേരിക്കന്‍ മലയാള സാഹിത്യം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതു എന്താണ്? ആരംഭകാലത്തു എഴുത്തുകാരില്‍ ഭൂരിപക്ഷം പേരും മദ്ധ്യവയസ്സി ലെത്തിയവരായിരുന്നു. അവരില്‍ ഒരു കാലത്തു ഉറങ്ങി കിടന്നിരുന്ന കലാവാസനകളെ അവര്‍ പരിപോഷിപ്പിച്ച് മലയാളഭാഷയ്ക്ക് അനവധി രചനകള്‍ കാഴ്ച്ചവച്ചു. സൗന്ദര്യാവിഷ്‌ക്കാരമാണ് കലയെന്നും, പ്രക്രുതി രാമണീയകത്തെ കലാകാരന്‍ അനുകരിക്കുമെന്നുള്ള ബംഗാര്‍ട്ടന്റെ അഭിപ്രായത്തോട് മദ്ധ്യവയസ്‌കരായ ഇവിടത്തെ എഴുത്തുകാര്‍ യോജിച്ചിരുന്നു എന്നും അവരുടെ രചനകള്‍ പ്രകടമാക്കുന്നു.പണ്ടത്തെപോലെ കഥയെഴുതിയാല്‍, കവിതയെഴുതിയാല്‍ ജനം പരിഹസിക്കുമെന്ന ധാരണയില്‍ ക്രുതികളെ അവര്‍ ക്രുത്രിമമാക്കിയില്ല. ആധുനികത, അത്യാധുനികത, തുടങ്ങിയ നവീന സം രംഭങ്ങളില്‍ നിന്നും അവരില്‍ പലരും ഒരകലം കാത്തു സൂക്ഷിച്ചു. എന്നാലും ജീവിതത്തിന്റെ വ്യ്ത്യസ്ത ഭാവങ്ങള്‍ ഒപ്പിയെടുത്ത് ഓരൊരുത്തരും അവരുടേതായ ശൈലിയുപയോഗിച്ച് അവയെല്ലാം അക്ഷരങ്ങളിലൂടെ പുനരാ വിഷ്‌കരിച്ചു. എന്നാല്‍ നാട്ടിലെ ആധുനിക പ്രസ്ഥാനങ്ങളോടു അടുത്തിടപഴകി ഇവിടെ വന്നവര്‍ അവരുടെ രചനകളെ ആ തലത്തില്‍പ്രതിഫലിപ്പിക്കുന്നതില്‍ ബദ്ധ ശ്രദ്ധരായിരുന്നു എന്നു കാണാവുന്നതാണ്. മുപ്രകള്‍' ഇല്ലാതെ തന്നെ അവര്‍ എഴുതി. അതുകൊണ്ടു തന്നെ അമേരിക്കന്‍ മലയാള സാഹിത്യ്‌മെന്ന ശാ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാണ്. അതു തിരിച്ചറിയപ്പെട്ടു തുടങ്ങിയെങ്കിലും വായനക്കാരുടെ സഹകരണം കുറവാണെന്നു കാണുന്നു. അതുകൊണ്ടായിരിക്കണം കുറെയെഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ മാത്രം എഴുതാമെന്ന് തീരുമാനിച്ചത്. ആ തീരുമാനം അവര്‍ക്കു കീര്‍ത്തിയും, അംഗീകാരങ്ങളും അവിടെ നേടികൊടുത്തുവെന്നതു പ്രത്യേകം പ്രസ്ത്യാവ്യമാണു.
ജീവിത ദര്‍ശനത്തില്‍ എഴുത്തുകാരനുള്ള ബോധം കാലത്തിന്റെ ഗതിയനുസരിച്ചു മാറികൊണ്ടിരിക്കും. വരുന്ന തലമുറകളില്‍ അമേരിക്കന്‍ മലയാളസാഹിത്യം അവശേ ഷിക്കയാണെങ്കില്‍ അതു ഇന്നത്തെക്കാള്‍ പാശ്ചാത്യ സ്വാധീനമുള്ളതാകും. ഇപ്പോള്‍ തന്നെ ലാറ്റിനമേരിക്ക, ആഫ്രിക്ക, സ്‌പെയിന്‍ മുതലായ രാജ്യങ്ങളിലെ സാഹിത്യം മാര്‍ഗ്ഗദര്‍ശകമാകുമ്പോള്‍ തുമ്പ മുളക്കാത്ത തുമ്പികള്‍ പറക്കാത്ത ഇന്നത്തെ കേരളത്തില്‍ നിന്നും പേനയുമായി വരുന്നവര്‍ എന്തെഴുതുമെന്നൂഹിക്കാവുന്നതാണു. തുമ്പപൂ പോലുള്ള ചോറും, പാരിനെ പാലാഴിയാക്കുന്ന പാര്‍വ്വണബിംമ്പവും, കുളിരും കൊണ്ടു കുണുങ്ങി നടക്കുന്ന മലയാളി പെണ്‍കിടാവും, പാദസരങ്ങള്‍ കിലുക്കുന്ന നദികളുമൊക്കെ മാറി മറഞ്ഞു. എള്ളെണ്ണയുടെ മണം പോയി ഷാമ്പുവിന്റെ പരിമളമുള്ള മുടിയുമായി അര്‍ദ്ധ നഗ്നാംഗിയായിവരുന്ന കാമിനിയും,നിയോണ്‍ വിളക്കുകള്‍ പ്രകാശം പരത്തുന്ന രാവും, കോണ്‍ക്രീറ്റു കാടുകളും, ചൈനീസ് ഫുഢുമായി മലയാളഭാഷ ഇപ്പോള്‍ തന്നെ മാറികൊണ്ടിരിക്കുന്നു. ജാതിയൊഴികെ മറ്റൊന്നും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹമില്ലാത്ത ഭൂരിഭാഗം മലയാളികള്‍ പാശ്ചാത്വവല്‍ക്കരണ ത്തിനു അമിത ഉത്സാഹം കാട്ടുന്നുണ്ടു. തോളു മുട്ടുന്ന തോടയുമായി വരുന്ന കഥാനായികയെ വര്‍ണ്ണിക്കുന്ന ഭാഗം വായിച്ചപ്പോള്‍ ഒരു ടീനേജ്കാരന്‍ ചോദിച്ചു ഃ എന്തോന്നു തോടഃ കാലം മാറുന്നു, കലയും മാറുന്നു, മാറേണ്ടതാണെന്നുള്ളത് സാഹിത്യ്ത്തിന്റെ ആവശ്യം കൂടിയാണ്.സാങ്കേതിക പുരോഗതി ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചപ്പോള്‍ സംസ്‌കാര സങ്കരമുണ്ടായി. ചിരന്തനമായി കാത്തു സൂക്ഷിച്ച മൂല്യങ്ങള്‍ക്കിടിവു വന്നു. പലതു കൂടി ചേര്‍ന്നു പുതിയതൊന്നുണ്ടായി. സുലോലുപതയുടെ പുറകെ പ്രയാണം ചെയ്യുന്ന മനുഷ്യന്‍ എളുപ്പ്മുള്ളതു സ്വീകരിച്ചു.ഈ സ്തിതി വിശേഷം സാഹിത്യത്തേയും ബാധിച്ചു. ഈ വ്യത്യാസം അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ചിലരുടെയെങ്കിലും രചനകളില്‍ പ്രകടമാണു.ഭാവിയിലെ എഴുത്തുകാരുടെ രചനകളില്‍ മലയാള ഭാഷയുടെ തനിമയും, മാദകത്വവും, ഭാവ സങ്കല്‍പ്പങ്ങളുമൊക്കെ കുറഞ്ഞ്‌പോകാന്‍ ഏറെ സാദ്ധ്യതകള്‍ ഉണ്ട്. ഒരു പക്ഷെ അന്നുണ്ടാകുന്ന സാഹിത്യ മായിരിക്കും പ്രവാസമലയാള സാഹിത്യമെന്ന പേരിനര്‍ഹമാകുക. ഇവിടെ മാത്രമല്ല ലോകത്തെമ്പാടും ഈ മാറ്റം സംഭവിക്കാം. അപ്പോള്‍ അമേരിക്കന്‍ മലയാള സാഹിത്യമെന്നതു ആഗോള പ്രവാസ മലയാള സാഹിത്യത്തിന്റെ ഒരു ശായാകും. മലയാള ഭാഷയില്‍ ഇന്നു അന്യ ഭാഷ പദങ്ങള്‍ സുലഭമണു. അതേപോലെ ഭാവി തലമുറയുടെ ഭാഷയിലും വിദേശപദങ്ങളുടെ, ശൈലികളുടെ കടന്നു കയറ്റമുണ്ടാകും. നാട്ടില്‍ന്നും വരുന്ന മലയാളി ഇംഗ്ലീഷ് മീഢിയത്തിലാണു പഠിച്ചുവരുന്നത്. അവരില്‍ മിക്കവര്‍ക്കും മലയാളം കുരച്ചെ പറയാന്‍ കഴിയു. അവര്‍ എഴുതുമ്പോള്‍ ഭാഷ മിശ്രിതമായിപോകും. ഉദാഹരണത്തിനു നിങ്ങള്‍ മലയാളം സംസാരിക്കുമ്പോള്‍ English words use ചെയ്യുന്ന bad habit avoid ചെയ്യണമെന്നൊക്കെ അവര്‍ എഴുതിയേക്കം .അതുകൊണ്ടു അമേരിക്കന്‍ മലയാള സാഹിത്യം തലമുറകളുടെ വിടവിലേക്കു വീണുപോയേക്കാവുന്ന താല്‍ക്കാലികമായ ഒരു നിലനില്‍പ്പു മാത്രമാണെന്നു ശങ്കിക്കാന്‍ കാരണങ്ങള്‍ ഉണ്ടു. അതിന്റെ വളര്‍ച്ച അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍ മാത്രമായിരിക്കാം. ഇതില്‍ കത്തിയേത്, കത്തിക്കൊണ്ടു നില്‍ക്കുന്നതേത്, കത്തിക്കു മൂര്‍ച്ച കൂട്ടുന്നതേത് കത്തി ചൂണ്ടുന്നതേതു എന്നൊക്കെ അന്വേഷിക്കാന്‍ ഇവിടത്തെ സഹ്രുദയ ലോകം തയ്യാറായാല്‍ ഇവിടത്തെ സാഹിത്യ്‌സംഘടനകള്‍ അതിനു വേദിയൊരുക്കിയാല്‍ഒരു പക്ഷെ അമേരിക്കന്‍ മലയാള സാഹിത്യമെന്ന ശാ പതറാതെ നില്‍ക്കുകയും, കൂടുതല്‍ പ്രശസ്തിയും, അംഗീകാരങ്ങളും നേടുകയും ചെയ്യും. എന്നാല്‍ എല്ലാം കത്തികള്‍ എന്ന നിലപാട് ഭൂരിപക്ഷം പേരും സ്വീകരിച്ചാല്‍, സ്വന്തമായി അഭിപ്രായമില്ലാത്തവരായി അധ്ഃപതിച്ചാല്‍ കത്തി വേഷം മാത്രമാടുന്ന കഥകളിയായി അമേരിക്കന്‍ മലയാളസാഹിത്യം ഇന്നും നാളേയും തരംതാണുപോകും.
ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങുന്ന, ധാരാളം വാരികകളും, മാസികകളും, ദിനപത്രങ്ങളും പ്രസിദ്ധീകരിക്കുന്ന സമ്പന്നമായ ഭാഷയാണു മലയാളം. ഈ ഭാഷ കേരളത്തിനു പുറത്തും, അമേരിക്കയിലുള്ള കലാശാലകളിലും പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടു താല്‍പ്പര്യവും, അര്‍പ്പണബോധവുമുള്ളവര്‍ ഇന്നത്തെ തലമുറയുടെ പിന്തുടര്‍ച്ചക്കാരായി മലയാളഭാഷയെ ഇവിടേയും പരിപോഷിപ്പി ക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണു.
അമേരിക്കയിലേക്കു കുടിയേറിയ മലയാളിയുടെ നാവില്‍ വചനമുണ്ടായിരുന്നു. ആ വചനം അവന്റെ മാത്രുഭാഷയായിരുന്നു. അവന്‍ ആ വചനമായിരുന്നു. അവന്‍ ആ വചനത്തോടു കൂടിയായിരുന്നു. എന്നും അങ്ങനെയാകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം.
('കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍, 222 ബ്രാഡൊക്ക് അവന്യു, നൂയോര്‍ക്ക്, ജൂണ്‍ 17, 2006 ശനിയാഴ്ച്ച സംഘടിപ്പിച്ച ''ഏക ദിന സെമിനാറില്‍' അവതരിപ്പിച്ചത്
(ശുഭം)
Read Part-1: https://www.emalayalee.com/news/366807