Image

വിദ്യാധരൻ മാസ്റ്റർ - ജന്മദിന ആശംസകൾ ! : ആർ. ഗോപാലകൃഷ്ണൻ

Published on 11 April, 2026
വിദ്യാധരൻ മാസ്റ്റർ - ജന്മദിന ആശംസകൾ ! : ആർ. ഗോപാലകൃഷ്ണൻ

"കൽപാന്തകാലത്തോളം...", "നഷ്ടസ്വർഗങ്ങളെ...", "ചന്ദനം മണക്കുന്ന പൂന്തോട്ടം..." തുടങ്ങിയവ മലയാളത്തിലെ അനശ്വര സിനിമാ ഗാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്. മലയാളത്തിൽ സിനിമാ-ആൽബം ഹിറ്റ്പാട്ടുകളുടെ 'പെരുമഴക്കാലം' തീർത്ത പ്രതിഭയായ വിദ്യാധരൻ മാസ്റ്ററാണ് ഈ ഗാനങ്ങൾ ആസ്വാദകർക്കു സമ്മാനിച്ചത്.... അദ്ദേഹം നാടക ഗാനങ്ങളിലും ആൽബം ഗാനങ്ങളിലും ('ഗ്രാമീണ ഗാനങ്ങളിൾ'; 'പ്രണയ ഗാനങ്ങൾ' തുടങ്ങിയ തരംഗണി ആൽബങ്ങൾ) അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിയിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ ആറാട്ടുപുഴയിലെ മംഗളാലയത്തിൽ ശങ്കരൻ, തങ്കമ്മ എന്നിവരുടെ ഏഴു മക്കളിൽ മൂത്തവനായി, 1945 ഏപ്രിൽ 10-ന് വിദ്യാധരൻ ജനിച്ചു. (ജനനത്തീയതി ഏപ്രിൽ 6 എന്നും 12 എന്ന് പലയിടത്തും കാണുന്നത് ശരിയാകാനിടയില്ല. 2021 ഏപ്രിൽ 10-ന് ജന്മനക്ഷത്രവും (മീനത്തിലെ ഭരണി) ജന്മത്തിയതിയും ഒരേ ദിവസം തന്നെ വരുന്ന 76-ാം ജന്മദിനം ആയിരുന്നു; ആ ആഘോഷ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വന്നിരുന്നതുമാണ്.) മാഷിൻ്റെ ഔദ്യോഗിക നാമം,

പി.എസ്. വിദ്യാധരൻ എന്നാണ്.

വിദ്യാധരൻ്റെ സംഗീതത്തിലെ ആദ്യഗുരു കൊച്ചക്കനാശാന്‍, വിദ്യാധരൻ്റെ മുത്തച്ഛൻ തന്നെയായിരുന്നു. പിന്നീട്, ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കർ, ആര്‍. വൈദ്യനാഥ ഭാഗവതർ, ശങ്കരനാരായണ ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. എട്ടാം ക്ലാസ് വിദ്യഭ്യാസവും കഴിഞ്ഞ് സിനിമയിൽ പാടാനുള്ള മോഹവുമായി ബന്ധുവും ഗായകനായ തൃശ്ശൂർ ‍ വേണുഗോപാലിനോടൊപ്പം മദ്രാസിലേക്ക് വീട്ടിലറിയാതെ വണ്ടികയറി. ഇവർ ഇരുവരും ആദ്യമായി ദേവരാജൻ മാസ്റ്ററെ കാണാൻ പോയപ്പോയപ്പോൾ, "ദേവരാജൻ പുറത്തുപോയതാണ്; ഞാൻ റൂമേറ്റ് ആണെന്നു" പറഞ്ഞ് ദേവരാജൻ മാഷ് പറ്റിച്ചതുമെല്ലാം വിദ്യാധരൻ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്!

വിദ്യാധരൻ മാഷിൻ്റെ 81-ാം ജന്മദിനം .

1965-ൽ പുറത്തിറങ്ങിയ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലെ "ഓ റിക്ഷാവാല..." എന്ന പാട്ടീൽ മെഹ്ബൂബിനൊപ്പം കോറസ് പാടാൻ ആദ്യമായി അവസരം ലഭിച്ചു. എന്നാൽ, 'ബലിയാടുകൾ' എന്ന നാടകത്തിൽ "മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി..." എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആദ്യമായി സംഗീത സംവിധായകനാവുന്നത്.

1984-ൽ ശ്രീമൂലനഗരം വിജയന്റെ 'എന്റെ ഗ്രാമം' എന്ന ചലച്ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ നാലുഗാനങ്ങളും വിദ്യാധരന് മാസ്റ്റർ തന്നെയാണ് ചിട്ടപ്പെടുത്തിയത്. ആദ്യചിത്രത്തിലെ എല്ലാ ഗാനങ്ങളും അന്ന് വൻ ഹിറ്റുകളായിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, "കൽപാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നിൽ...‍' എന്ന ഗാനം മാസ്റ്ററെ സിനിമാ മേഖലയിൽ പെട്ടെന്ന് തന്നെ ശ്രദ്ധേയനാക്കി..

രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത 'ആഗമനം' എന്ന ചിത്രമായിരുന്നു. സംവിധായകൻ അമ്പിളിയുടെ ആദ്യചിത്രമായ 'വീണപൂവ്' എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യാധരൻ മാസ്റ്റർ സംഗീത സംവിധാനം ചെയ്ത ചിത്രമാണ്. പിന്നീടങ്ങോട്ടു പാട്ടുകൾ പാടിയും പാട്ടുകൾക്കു ഈണം പകർന്നും അദ്ദേഹം നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു.

'സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം

ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം

ആശതന്‍ തേനും നിരാശതന്‍ കണ്ണീരും

ആത്മദാഹങ്ങളും പങ്കു വെയ്ക്കാം, ഇനി...'.

'കാണാൻ കൊതിച്ചു' (1987) എന്ന ഇറങ്ങാത്ത സിനിമയിലെ ഹിറ്റ് പാട്ട്... രചന: പി. ഭാസ്കരൻ; സംഗീതം: വിദ്യാധരൻ (യേശുദാസ് പാടുന്നതും ചിത്ര പാടുന്ന വേർഷനും ഉണ്ട്.)

പിന്നീട്, 'വാസ്തവം', 'അടയാളങ്ങൾ', 'കാണാന്‍ കൊതിച്ച്', 'പാദമുദ്ര', 'ഭൂതക്കണ്ണാടി', 'അടയാളങ്ങള്'‍, 'അച്ചുവേട്ടന്റെ വീട്', 'എഴുതാപ്പുറങ്ങൾ', 'രാധാ മാധവം', 'തണ്ണീർ മത്തൻ ദിനങ്ങൾ', 'ജനനം 1947; 'പ്രണയം തുടരുന്നു' തുടങ്ങിയ ചിത്രങ്ങളിൽ ഈണം പകർന്നു...

വിദ്യാധരൻ മാഷ് സംഗീതം നല്കിയ 'പാദമുദ്ര'യിലെ 'അമ്പലമില്ലാതെ ആൽത്തറയില്ലാതെ....: എന്നു തുടങ്ങുന്ന പാട്ട്, മറക്കാനാകാത്ത ഒന്നാണ്.....

'തരംഗിണി'യുടേയും മറ്റും നിരവധി ആൽബങ്ങളിലെ പാട്ടുകളും വിദ്യാധരൻ മാസ്റ്റരുടെ പ്രധാന സംഭവനകളാണ്: 'ഗ്രാമീണ ഗാനങ്ങൾ' എന്ന ആൽബത്തിൽ മൂല്ലനേഴി മാസ്റ്ററുടെ വരികളിൽ സംഗീതം പകർന്ന ഗാനം: "പാണ്ഡ്യാലക്കടവും വിട്ട്..."

വിദ്യാധരൻ സംഗീതം നല്കിയതല്ലാതെ ധാരാളം പാട്ടുകൾ ആലപിച്ചിട്ടുണ്ടുണ്ട്; പാടിയ പാട്ടുകളുടെ എണ്ണം രണ്ടു ഡസണിലധിവും വരും

'കഥാവശേഷൻ' എന്ന ചിത്രത്തിൽ എം ജയചന്ദ്രൻ സംഗീതം പകർന്നു വിദ്യാധരൻ മാസ്റ്റർ പാടിയ (രചന: ഗിരീഷ് പുത്തഞ്ചേരി) ഈ പാട്ട് മറക്കവാവില്ല:

"കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ

കരളിന്റെ കരിമ്പു തോട്ടം

കട്ടെടുത്തതാരാണു ഓ..

കട്ടെടുത്തതാരാണു..."

'എന്റെ ഗ്രാമം', 'ഭൂതക്കണ്ണാടി', 'കഥാവശേഷൻ' എന്ന ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത കാലത്ത് പുറത്തിറങ്ങിയ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ (2019) ചിത്രത്തിലെ "ദൈവമേ, എന്ത് വിധിയിത്...." എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും മലയാളികളുടെ മനസ്സിൽ ഉണ്ടാകും...

2023-ലെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വിദ്യാധരൻ മാസ്റ്റർക്ക് കിട്ടി ('ജനനം 1947; പ്രണയം തുടരുന്നു' (2023) എന്ന ചിത്രത്തിലെ ഗാനത്തിന്); വിദ്യാധരന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് 2004-ലും ഫെല്ലോഷിപ്പ് 2022-ലും ലഭിച്ചു.

വിദ്യാധരൻ്റെ ഭാര്യ ലീല; മക്കൾ: സംഗീത, സജിത്ത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക