
ഇറ്റലിയിൽ കെയർ ഗിവർ ജോലി ചെയ്യുന്നവർക്ക് ഒന്നാർമ്മാദിക്കാനുള്ള ദിവസമാണ് ഞായറാഴ്ച്ച . വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞും ഞായറാഴ്ച ഒരു പകൽ മുഴുവനുമാണ് ഇവിടെ മലയാളികൾക്ക് ലീവ്. വ്യാഴം ഞായർ നിൽക്കുന്നതിന് എക്സ് ട്രാ യൂറോ കിട്ടുമെന്നതിനാൽ ഒരു ലീവ് പോലും എടുക്കാതെ ജോലി ചെയ്യുന്നവരും ഉണ്ട്. അതിനവർ പറയുന്ന ന്യായം -ഇവിടെ വന്നതെന്തിനാ? ജോലി ചെയ്യാൻ. അപ്പൊ ഉള്ള സമയം സമ്പാദിക്കുക - എന്നാണ്. ഒരോരുത്തർക്കും ഒരോ കാഴ്ച്ചപാടാണല്ലോ. എന്നെപ്പോലെ ചിലരെങ്കിലും രണ്ട് ദിവസം അടുപ്പിച്ച് ലീവെടുക്കുന്നവരാണ്.
അപ്പൊ പറഞ്ഞ് വന്നത് ഈ ഞായറാഴ്ച്ചകളിൽ ആർമ്മാദിക്കാൻ തെരഞ്ഞെടുക്കുന്ന ചില സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് താഴെ പടത്തിൽ. പഗാനി എന്ന സ്ഥലത്തെ ഒരു പാർക്കാണ്. പഗാനിയിൽ കൂടി നടന്നാൽ അത് കേരളമാണോ എന്ന് സംശയം തോന്നുമാറ് മലയാളികളെ കണ്ടുമുട്ടും.
പഗാനിയിലെ ഈ പാർക്ക് ഞായറാഴ്ച്ച മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യാനികളെ തടഞ്ഞ് നടക്കാൻ പറ്റാത്തോണ്ട് അന്ന് ഇറ്റാലിയൻകാരൊന്നും ആ വഴിക്കധികം വരാറില്ല.
തണ്ടൽ സമ്മതിച്ചില്ലെങ്കിലും ഞാനും പയ്യെ പാർക്കിലോട്ട് നടന്നു. ഊന്നുവടിയായി സൂര്യയും ഉണ്ടായിരുന്നു. പ്രിയമുള്ള പലരെയും കണ്ടു . യൂറോപ്പിലെ കുടിയേറ്റക്കാർക്കെതിരെയുള്ള പുതിയ നിയമങ്ങളെ പറ്റി ചർച്ച ചെയ്ത് ഭാവിയെപറ്റി പോസറ്റീവും നെഗറ്റീവും ആയ കമൻ്റുകൾ പറഞ്ഞു കേട്ടും ആശ്വസിച്ചു.
ആകാശത്തും ഭൂമിയിലും അല്ലാതെ മറ്റൊരു ലോകത്തിൽ ഒഴുകി നടക്കുന്ന ചില സുഹൃത്തുക്കളെ കണ്ട് കൊതിച്ചു. തൽക്കാലം ആരോഗ്യം ലഹരിവിരുദ്ധത പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.
