
Prof. T. J. Joseph esSENSE USA Fest ൽ എത്തുന്നു
മതതീവ്രവാദം ഒരു മനുഷ്യജീവിതത്തിൽ എങ്ങനെയെല്ലാം സംഹാരതാണ്ഡവമാടാം
എന്നതിന്റെ ഭീകരമായ സാക്ഷ്യപത്രമാണ് ജോസഫ് മാഷിന്റെ "അറ്റുപോകാത്ത
ഓർമ്മകൾ" എന്ന പുസ്തകം. വിശ്വാസികൾ പൊതുവേ മതം സ്നേഹമാണ് കാരുണ്ണ്യമാണ്
എന്ന് പറയുമ്പോഴും മതത്തിന്റെ മറ്റൊരു മുഖം വെറുപ്പിന്റേതു കൂടിയാണ്,
അത് സമൂഹത്തിൽ വിഭാഗീയതയാണ് ഉണ്ടാക്കുന്നത്. ഞാനും എന്റെ ആൾക്കാരും
പിന്നെ നീയും നിന്റെ ആളുകളും എന്ന വേർതിരിവാണത് സൃഷ്ടിക്കുന്നത്.
ആരാധനാലയങ്ങൾക്കുള്ളിലും ആരാധാനാലയങ്ങൾക്ക് മുകളിലെ ഉച്ചഭാഷിണികളിൽ
നിന്നുമെല്ലാം അത് പ്രഘോഷിക്കുന്നത് എന്റെ ദൈവത്തെ മാത്രമേ ആരാധിക്കാവൂ,
എന്റെ ദൈവം മാത്രമാണ് ആരാധനക്ക് അർഹൻ എന്നാണ്.
ഏകദേശം ഒന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലെ ഒരു വേനലവധിക്കു മുമ്പുള്ള
പരീക്ഷാക്കാലം. തൊടുപുഴ ന്യൂമാൻ (Newman) കോളേജിലെ മലയാളം പ്രൊഫസർ
ആയിരുന്ന ടി. ജെ. ജോസഫ് എന്ന ജോസഫ് മാഷ്, ഒരു ഇന്റേണൽ പരീക്ഷയ്ക്ക്
വേണ്ടി തയ്യാറാക്കിയ ചോദ്യം 'മതനിന്ദ' എന്ന പേരിൽ
ആരോപിക്കപ്പെട്ടതോടെയാണ് മതത്തിന്റെ സ്ഥിരം സ്വഭാവമായ (trait) ആയുധം
കൊണ്ടുള്ള മറുപടിക്ക് കളമൊരുങ്ങിത്തുടങ്ങിയത്. ഇത് മതതീവ്രവാദമല്ല,
മറിച്ച് മതദേഹോപദ്രവമാണ്. ഈ തെറ്റായ ആരോപണത്തിന്റെ നിജസ്ഥിതി പഠിച്ചു
മനസ്സിലാക്കുന്നതിന് മുമ്പ്, അപക്വവും വസ്തുതാവിരുദ്ധവുമായ നിലപാട്
കൈക്കൊള്ളാൻ വ്യഗ്രത കാണിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും വോട്ട്
ബാങ്ക് രാഷ്ട്രീയം കളിച്ച സർക്കാരും ആ ഒരുങ്ങിയ കളത്തിലേക്ക്
ആവശ്യത്തിനുള്ള എണ്ണയും എള്ളും, പിന്നെ അവരുടെ കൈവശം ആവശ്യത്തിലധികം
ഉണ്ടായിരുന്ന തേങ്ങാപ്പിണ്ണാക്കും എത്തിച്ചുകൊണ്ടിരുന്നു. നാല്
ചുവരുകൾക്കുള്ളിൽ സംസാരിച്ചു തീർക്കാവുന്ന ഒരു തെറ്റിദ്ധാരണയെ
ഊതിവീർപ്പിച്ച്, എസ്.ഡി.പി.ഐ (SDPI) പോലുള്ള മതമൗലികവാദികൾക്ക്
ആയുധമെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ഭരണകൂട സംവിധാനങ്ങൾ
ചെയ്തത്.
തന്റെ ആത്മകഥയിൽ അദ്ദേഹം ഈ കഠിനകഥ വിവരിക്കുന്നത് തികഞ്ഞ
സത്യസന്ധതയോടെയും അല്പം നർമ്മം കലർത്തിയുമാണ്. ഇതിൽ നമുക്ക്
സമൂഹത്തിന്റെയും നമ്മുടെ സംവിധാനത്തിന്റെയും ചില പച്ചയായ നേർക്കാഴ്ചകളും
കാണാവുന്നതാണ്. പോലീസ് സംവിധാനങ്ങൾ നിശബ്ദമായ ചില ഒത്തുതീർപ്പുകൾക്കും
ശബ്ദമുഖരിതമായ ചില നാടകീയ കീഴ്പ്പെടുത്തലുകൾക്കും ഏർപ്പെട്ടിരുന്നത്
നമുക്ക് കാണാം. ഒരു കുറ്റാരോപിതനെ വലയിലാക്കാനുള്ള തന്ത്രങ്ങൾ
(strategies) നമുക്ക് മനസ്സിലാക്കാം, പക്ഷേ സ്വമേധയാ കീഴടങ്ങാൻ വന്നയാളെ
അറസ്റ്റ് വരിച്ച് കീഴ്പ്പെടുത്തിയെന്ന് വരുത്തിത്തീർക്കുക; മതത്തിന്റെ
കണ്ണും കൈയും കരളുമായ പോലീസ് ഉദ്യോഗസ്ഥരെ കൈയകലത്തിൽ നിയോഗിക്കുക,
നടയടിക്ക് ചട്ടം കെട്ടുക, അടിസ്ഥാന സൗകര്യങ്ങൾക്ക് കാണിക്ക ചോദിക്കുക,
കുറ്റാരോപിതനെ കുറ്റവാളി എന്ന രീതിയിൽ പെരുമാറുക, കുറ്റാരോപിതന്റെ
ഉറ്റവരെ മൂന്നാം മുറയിൽ ചോദ്യം ചെയ്യുക, ചോദ്യം ചെയ്യലിനും മറ്റ് അനുബന്ധ
ചെലവുകൾക്കുമായുള്ള തുകകൾ അവരെക്കൊണ്ട് കൊടുപ്പിക്കുക അങ്ങനെയുള്ള
നേരംപോക്കുകളിൽ അവർ നിരന്തരം ഏർപ്പെട്ടുകൊണ്ടിരുന്നു.
പോലീസ് സേന രാഷ്ട്രീയ താത്പര്യങ്ങൾക്കും മതതാത്പര്യങ്ങൾക്കും ഒത്താശ
ചെയ്യുക; നീതിപീഠം കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ഒരാൾ
നിരപരാധിയാണെന്ന നീതിനിർവ്വഹണത്തിന്റെ അടിസ്ഥാന പ്രമാണത്തെ ലംഘിക്കുക;
ഒരു വ്യക്തിയെ കുറ്റവാളിയെന്ന് മുൻകൂട്ടി ചിത്രീകരിക്കുക; ഇങ്ങനെ
ഉരുത്തിരിഞ്ഞും ഉണ്ടാക്കിയെടുത്തതുമായ സാഹചര്യത്തെ ചിലർ തങ്ങളുടെ
പ്രശസ്തിക്കും വ്യക്തിവിരോധത്തിനും മതവിരോധത്തിനും വേണ്ടി ക്രൂരമായി
ചൂഷണം ചെയ്തു. കസ്റ്റഡിയിൽ പോലും അന്തസ്സ് എന്നത് വിലപേശലുകൾക്ക്
വിധേയമാക്കുക, ഔദ്യോഗിക നടപടിക്രമങ്ങളുടെ മറവിൽ നടക്കുന്ന അലിഖിതമായ
കീഴ്വഴക്കങ്ങൾ—അങ്ങനെയുള്ള പലതരം ആചാരങ്ങളും വായനക്കാർക്ക് മനസ്സിലാക്കി
കൊടുക്കുന്ന ഒരു ആത്മകഥയാണിത്.
അങ്ങനെയുള്ള ആചാര-കീഴ്വഴക്കങ്ങളിൽ നടപ്പിലാക്കേണ്ടതാണോ 'നീതി' എന്ന
ഗിമ്മിക്ക് (gimmick). അത്തരം നീതിബോധത്തിൽ നിന്നുമാണ് P.C.
ജോർജിനെപ്പോലുള്ളവർ നടത്തുന്ന പരാമർശങ്ങൾ യാദൃശ്ചികമല്ല എന്ന്
തോന്നുന്നത് . അത് കൃത്യമായ ഒരു തിരക്കഥയുടെ ഭാഗമാണ്—പ്രകോപിപ്പിക്കുക,
ധ്രുവീകരിക്കുക, അങ്ങനെ ഒരു മതത്തോട് വിധേയത്വം കാണിക്കുക. ഇങ്ങനെയുള്ള
രാഷ്ട്രീയ തിരക്കഥയിൽ ജോസഫ് മാഷിനെപ്പോലുള്ളവരെ മനുഷ്യരായിട്ടല്ല, പകരം
വെറും അവസരങ്ങളായിട്ട് മാത്രമാണ് കാണപ്പെടുന്നത്.
"അവർ അദ്ദേഹത്തിന്റെ കൈകൾ അറുത്തുമാറ്റി, എഴുത്തിനെ തളർത്താമെന്ന് കരുതി;
പക്ഷേ എഴുത്ത് നിലച്ചില്ല.. അവർ അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാൻ
ശ്രമിച്ചു; പക്ഷേ അത് ഒരു ഘോരഗർജ്ജനമായി..
അവർ അദ്ദേഹത്തിന്റെ വഴികൾ മുടക്കാൻ കാലുകൾ വെട്ടിപ്പരിക്കേല്പിച്ചു; ആ
മുറിവുകളെ ചവിട്ടുപടികളാക്കി അദ്ദേഹം ലോകം സഞ്ചരിച്ചു."
തളരാത്ത പോരാട്ടത്തിന്റെ വീര്യവുമായി esSENSE Fest USA, Dallas '26-ന്റെ
വേദിയിൽ അദ്ദേഹം പങ്കെടുക്കുമ്പോൾ, അത് ഒരു മനുഷ്യന്റെ അനുഭവം മാത്രമല്ല,
സമൂഹത്തോടുള്ള ചോദ്യം കൂടിയാണ്—'മൗനം കൊണ്ട് നമ്മൾ തീവ്രവാദത്തിനും
അഴിമതിക്കും കൂട്ടുനിൽക്കുന്നുണ്ടോ?'...
അടുത്ത ലക്കം - (ഇസ്ലാം) വിശ്വാസം!, അതല്ലേ
അല്ലേ സഖാക്കൾക്ക് എല്ലാം..