Image

തെരഞ്ഞെടുപ്പു വിശേഷങ്ങൾ (അജയ് നാരായണൻ)

Published on 10 April, 2026
തെരഞ്ഞെടുപ്പു വിശേഷങ്ങൾ  (അജയ് നാരായണൻ)

1. നാളെയാണ്,  നാളെയാണ്

കാത്തിരുന്ന നാള് നാളെയാണ് 
പാലും തേനും ഒഴുക്കാൻ 
പട്ടിണിയും പരിവട്ടവും ഇല്ലാതാക്കാൻ 
ചൂണ്ടുവിരലുമായി 
വരിയിൽ നിന്ന് 
കുത്തി വരിക.

കുത്തുകൊണ്ട് 
നാളെയെയോർത്തു 
ഫലം കാത്തുകിടക്കാം.

2. ഫ്ലക്സ്

വഴിനീളെ 
പൂമാലയിൽ കുരുങ്ങിയിട്ടും 
വെളുക്കെ ചിരിച്ച് 
പ്ലാസ്സിറ്റിക് നിറങ്ങളിൽ 
നിറഞ്ഞുകവിയുന്നുണ്ട് നേതാക്കൾ.

നാളെക്കഴിഞ്ഞാൽ...?
പ്രളയം.

3. വാഗ്ദാനം

വാഗ്ദാനങ്ങളുടെ ചേരുവകളിൽ 
മാറ്റമില്ല 
എന്നും ഒരേ സ്വാദ്,  നിറം.

അളവിൽ മാത്രം വ്യത്യാസം 
വാരിക്കോരി 
ആളോള്ക്ക് കിട്ടുന്നുണ്ട്, വാഗ്ദാനം.

ഒടുവിൽ ദഹനക്കേട്.
---

4. തൂക്കം

ഭൂരിപക്ഷം കിട്ട്വോ മൂത്താരേ? 
കിട്ടീലേൽ മറ്റോരടെ 
സഹകരണം ണ്ടാവില്യേ ഏട്ടേ?

തൂക്കുസഭ ണ്ടായാ തൂങ്ങൂലോ ദൈവേ.

ആര് ഭരിച്ചാലും 
പെൻഷനെങ്കിലും മുടങ്ങാണ്ടേ 
കിട്ട്യാ മതിയെന്റെ പൊന്നയ്യപ്പാ!

എന്റെ പൊന്നേ...


5. ആരാകും?

കുറച്ചീസം കഴിഞ്ഞാൽ 
കണക്കെടുപ്പ് 
ഗണിച്ചെടുപ്പ്
നറുക്കെടുപ്പ് 
കണ്ണും കയ്യും കാട്ടി കൊതിച്ചെടുപ്പ് 
കൂട്ടിക്കൊടുപ്പ് 
കയ്യാലപ്പുറത്തെ തേങ്ങയുടെ 
അവകാശിയാരെന്നറിയാൻ 
അങ്കംവെട്ട്!

ഒടുക്കം വരെ പിടിച്ചുനിന്നവന് 
ഇരിപ്പിടം! 
---

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക