
ജൂണ്‍ 11 അധികം അകലെയല്ല. അന്നാണ് ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങുക. ജൂലൈ 19നാണ് സമാപനം. മാര്‍ച്ച് 31ന് പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 48 ടീമുകളും നിശ്ചയിക്കപ്പെട്ടു. 12 ഗ്രൂപ്പുകളായി പ്രാഥമിക റൗണ്ടും തീരുമാനിക്കപ്പെട്ടു. ഗള്‍ഫില്‍ സമാധാനം പൂര്‍ണ്ണമായില്ലെങ്കിലും ആക്രമണങ്ങള്‍ക്കു ശമനം വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ, ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തം ഇനിയും ഉറപ്പായിട്ടില്ല.
തങ്ങളുടെ മത്സരങ്ങള്‍ യു.എസില്‍ നിന്ന് മെക്‌സിക്കോയിലേക്കു മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ അംഗീകരിച്ചിട്ടില്ല. മുന്‍ നിശ്ചയപ്രകാരം മത്സരങ്ങള്‍ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ വ്യക്തമാക്കുകയും ചെയ്തു.ഇറാൻ ഗ്രൂപ്പ് 'ജി' യിലാണ് ഇറാന്‍- ന്യൂസിലന്‍ഡ്, ഇറാന്‍ -ബല്‍ജിയം മത്സരങ്ങള്‍(യഥാക്രമം ജൂണ്‍ 16നും 22 നും) ലൊസാഞ്ചലസിലാണ്. ഇറാന്‍- ഈജിപ്ത് മത്സരം 27ന് സിയാറ്റിലിലാണ് നടക്കേണ്ടത്.
പ്രാഥമിക റൗണ്ട് കടന്ന് റൗണ്ട് ഓഫ് 32 ല്‍ ഇറാന്‍ എത്താന്‍ സാധ്യതയുണ്ട്. റൗണ്ട് ഓഫ് 32 ൽ ഇറാന്‍-യു.എസ്. മത്സരം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇറാന്‍ ഫുട്‌ബോള്‍ ടീമിന് യു.എസില്‍ സുരക്ഷാ ഭീഷണി ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇറാന്‍ ടീം ലോകകപ്പിന് സജ്ജമാണെന്നും പങ്കെടുക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നുമാണ് ഇറാന്‍ സ്‌പോര്‍ട്‌സ് മന്ത്രി അഹമ്മദ് ദോണിയമാലി പ്രസ്താവിച്ചത്. ഇറാന്‍ ദേശീയ ടീമുകളും ക്ലബ് ടീമുകളും ശത്രു രാജ്യങ്ങളില്‍ കളിക്കുന്നതിന് ഇറാന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ പങ്കെടുത്ത ഇറാന്‍ വനിതാ ടീം അംഗങ്ങള്‍ എല്ലാവരും മടങ്ങിയെത്തിയില്ല. ചിലര്‍ ഓസ്‌ട്രേലയയില്‍ അഭയം തേടി. മടങ്ങിയെത്തിയവര്‍ക്കും വിമതരുടെ ബന്ധുക്കള്‍ക്കും എന്തെല്ലാം ഭീഷണികള്‍ നേരിടേണ്ടിവരുമെന്നും വ്യക്തമല്ല.
ലോകകപ്പ് നറുക്കെടുപ്പ് ഇറാന്‍ നേരത്തെ ബഹിഷ്‌കരിച്ചിരുന്നു. ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ പങ്കാളിത്ത ഫീസായ 90 ലക്ഷം ഡോളര്‍ നഷ്ടപ്പെടും. തയ്യാറെടുപ്പിന് ഫിഫ അനുവദിച്ച 15 ലക്ഷം ഡോളര്‍ മടക്കി നല്‍കേണ്ടി വരും. ഭാവി മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടതിനു പുറമെ പിഴയും ചുമത്തപ്പെടാം. ലോകപ്പ് തുടങ്ങാന്‍ 30 ല്‍ അധികം ദിവസം ബാക്കി നില്‍ക്കെ പിന്‍മാറ്റം പ്രഖ്യാപിച്ചാല്‍ 2,80,000 ഡോളര്‍ ആണു പിഴ. മറിച്ച് ലോകകപ്പിന് 30 ദിവസങ്ങളില്‍ താഴെയുള്ളപ്പോഴാണ് പിൻമാറ്റമെങ്കിൽ 5,70,000 ഡോളര്‍ പിഴ വീഴും.
ഇറാന്‍ ടീമിനും അനുബന്ധ സ്റ്റാഫിനും അടുത്ത ബന്ധുക്കള്‍ക്കും മാത്രമായിരിക്കും വീസ അനുവദിക്കുക. ഫുട്‌ബോള്‍ പ്രേമികള്‍ ആയി ആര്‍ക്കും എത്തിപ്പെടാനാവില്ല. വീസ അവകാശമല്ലെന്നാണ് യു.എസ്. അധികൃതര്‍ പറയുന്നത്. 2018ല്‍ റഷ്യയില്‍ ലോകകപ്പ് നടന്നപ്പോള്‍ ടിക്കറ്റിനൊപ്പം വീസയും അനുവദിച്ചിരുന്നു. 2022 ല്‍ ഖത്തറിനും കളികാണാന്‍ തടസമില്ലായിരുന്നു.
ഇറാനു മാത്രമല്ല, മറ്റു ചില രാജ്യങ്ങള്‍ക്കും യാത്രാവിലക്കുണ്ട്. അതുമാറാന്‍ സാധ്യതയില്ല. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്‌പോര്‍ട്‌സ് ലേഖകരും വീസ സംബന്ധിച്ച അനിശ്ചിതത്വം നേരിടുന്നുണ്ട്.