Image

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍; പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 12ന് ഞായറാഴ്ച.

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്. Published on 10 April, 2026
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍; പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 12ന് ഞായറാഴ്ച.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനവും ഈസ്റ്റര്‍ - വിഷു ആഘോഷങ്ങളും സംയുക്തമായി ഏപ്രില്‍ 12-ാം തീയതി ഞായാറാഴ്ച നടക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ 4 PMന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ കറസ്‌പോണ്ടന്റ് തലവനുമായ ഡോ.കൃഷ്ണകിഷോര്‍, അമേരിക്കയില്‍ ഏറെ പ്രശസ്തനായ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധനുമായ ഡോ.മധു ഭാസ്‌ക്കരന്‍ എം.ഡി. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രസിഡന്റ് ശ്രീ.റെജി വര്‍ഗീസിന്റെ മഹനീയ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഡോ.കൃഷ്ണകിഷോര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉല്‍ഘാടനം  ചെയ്യുന്നതാണ്.


ഗൃഹാതുരത്വം പേറുന്ന ഓരോ മലയാളിക്കും മറക്കാനാവാത്ത കാര്‍ഷികോല്‍സവമാണ് വിഷു. ഐശ്വര്യത്തിന്റേയും പ്രതീക്ഷയുടെയും സമാധാനത്തിന്റേയും, ആഘോഷത്തിന്റെ സന്ദേശം ഡോ.മധുഭാസ്‌ക്കരന്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി സമൂഹത്തിന് തദവസരത്തില്‍ നല്‍കുന്നതാണ്.


സ്റ്റാറ്റന്‍ ഐലന്റിലെ ക്രൈസ്തവ സമൂഹത്തിന് സുപരിചിതനും സീനിയര്‍ വൈദീകനുമായ വെരി.റവ.ആദായി കോറെപ്പിസ്‌ക്കോപ്പ(വികാരി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉല്‍സവമായ ഈസ്റ്റര്‍ ആശംസകള്‍ നേരും.


പൊതുസമ്മേളനത്തിനു ശേഷം വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. സംഗീതം, വിവിധങ്ങളായ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. രുചികരമായ ഡിന്നറോടുകൂടി ചടങ്ങുകള്‍ക്ക് സമാപനം കുറിക്കും. പ്രസിഡന്റ് റെജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ലൈസി അലക്‌സ്(സെക്രട്ടറി), ജമിനി തോമസ്(വൈസ് പ്രസിഡന്റ്), ജോസ് വര്‍ഗീസ് (ട്രഷറര്‍), റോഷന്‍ മാമ്മന്‍(ജോയിന്റ് സെക്രട്ടറി) എന്നിവരുള്‍പ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

സഹൃദയരായ ഏവരേയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക