
കോഴിക്കോട് :ഈ വർഷത്തെ വിഷു ഏപ്രിൽ 15 നും കണി ദർശനം 15 ന് പുലർച്ചെ 3 നും ആണെന്ന് പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി കെ മുരളിധരപണിക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊല്ലവർഷം 1201 മേടം 1-ാം തിയ്യതി പകൽ 9 മണി 34 മിനിറ്റിന് 'മേടസംക്രമം' വരികയാൽ പകൽ സംക്രാന്തി ഉണ്ടെങ്കിൽ "കൊൾവീല പകലൊന്നിനും " എന്ന പ്രമാണമനുസരിച്ചാണ് മേടം 2 ന് (ഏപ്രിൽ 15ന് ബുധനാഴ്‌ച വിഷുദിനമായത്. പുലർച്ചെ 3 മണിക്കാണ് വിഷുക്കണി ദർശനത്തിന് ഉചിതമായ സമയം.
വിഷുദിനത്തിൽ ചതയ നക്ഷത്രവും കൃഷ്ണ പക്ഷ ദ്വാദശിയും വരാഹ കരണവും ശുഭ്ര നാമ നിത്യ യോഗവും കൂടിയ സമയം കുംഭക്കൂറിൽ മേട സംക്രമമാകയാൽ 2 പറ അതിവർഷവും വെള്ളപ്പൊക്കത്തിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഭൂകമ്പത്തിനും കാറ്റ് നിമിത്തമുള്ള നാശ നഷ്ടങ്ങൾക്കും കാരണമാകും.
ദുരിത സാധ്യത പ്രദേശങ്ങളിൽ പതിവിൽ കൂടുതൽ ജാഗ്രത നിർദേശങ്ങൾ നൽകി സുരക്ഷ ഉറപ്പ് വരുത്തണമെന്നും ശബരിമല ക്ഷേത്രത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ പരിഗണിച്ച് ദേവസ്വം ബോർഡ് മുൻ കൈ എടുത്ത് ക്ഷേത്ര പ്രശ്നം നടത്തി പരിഹാരം കണ്ടെത്താനും പണിക്കർ സൊസൈറ്റി അഭ്യർഥിച്ചു.
കൊട്ടിയൂർ ഓടപ്പൂവ് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് ദേവസ്വം ബോർഡ് പിൻവലിക്കണം.
ഓടപ്പൂവ് നിർമ്മാണത്തിലൂടെ ഉപജീവനം നടത്തുന്നത് എല്ലാ വിഭാഗം ജനങ്ങളുണ്ട്. ഓടപ്പൂവ് നിർമ്മാണം ദേവസ്വം ബോർഡ് ഏറ്റെടുക്കും എന്ന തീരുമാനം മരവിപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൈസ് ചെയർമാൻ ചെലവൂർ ഹരിദാസ് പണിക്കർ പറഞ്ഞു.
പുതു വർഷം ഫലം പറയുന്നത് ഭരണ മാറ്റമെന്ന് ചോദ്യത്തിന് മറുപടിയായി മുരളീധര പണിക്കർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ , സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ എന്നിവർ പങ്കെടുത്തു.