
കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ആദ്യഘട്ട ചോദ്യം ചെയ്യലും കസ്റ്റഡി കാലാവധിയും പൂർത്തിയായ സാഹചര്യം പരിഗണിച്ചാണ് കോടതി നടപടി. കഴിഞ്ഞ ആഴ്ച തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമ സെറ്റിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ജയിലിൽ കഴിയുന്ന പ്രതിക്ക് വോട്ടവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.