
ന്യൂഡൽഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാ വിഭാഗം ആളുകൾക്കും പ്രവേശനം നൽകുന്നതാണ് ഉചിതമെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും ഗുണകരമാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വിശാലമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. "ഞങ്ങളുടെ ആളുകൾ മാത്രം മതി, മറ്റുള്ളവരെ പ്രവേശിപ്പിക്കില്ല" എന്ന നിലപാട് സമൂഹത്തിൽ വിഭജനമുണ്ടാക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി.
ഭരണഘടനയുടെ 25 (2)(ബി) വകുപ്പ് പ്രകാരം പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദു മതസ്ഥാപനങ്ങളും എല്ലാ വിഭാഗം ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കാൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടതെന്ന് ആ വിശ്വാസി സമൂഹമാണ് തീരുമാനിക്കേണ്ടതെന്ന് എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ. ഇത്തരം നിയന്ത്രണങ്ങൾ സമൂഹത്തെ വിഭജിക്കുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാറും നിരീക്ഷിച്ചു.
എന്നാൽ, ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം നിലനിൽക്കുമ്പോൾ തന്നെ അവിടത്തെ ആചാരങ്ങൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഉദാഹരണമായി, ഗുരുവായൂർ ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിക്കാൻ പാടില്ലെന്ന ആചാരമുണ്ടെന്നും അവിടെ ഉടുപ്പിട്ട് കയറണമെന്ന് ആർക്കും വാശി പിടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രമായി ആരാധന പരിമിതപ്പെടുത്തുന്നത് ശരിയല്ലെങ്കിലും, ആചാരപരമായ കാര്യങ്ങളിൽ നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്നാണ് കോടതിയുടെ നിലപാട്.
ഭരണകൂടത്തിന്റെ നിയമനിർമ്മാണാധികാരം സാമൂഹിക പരിഷ്‌കരണത്തിനാണെന്നും മതപരമായ ആചാരങ്ങൾ മാറ്റാനല്ലെന്നുമായിരുന്നു എൻ.എസ്.എസ് അടക്കമുള്ള കക്ഷികളുടെ വാദം. വിശ്വാസി സമൂഹത്തിന്റെ അവകാശത്തിന് മുകളിലല്ല സ്റ്റേറ്റിന്റെ അധികാരം എന്ന് വാദിച്ചെങ്കിലും, ഭരണഘടനയിലെ തൊട്ടുകൂടായ്മയ്‌ക്കെതിരായ 17-ാം വകുപ്പും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. വ്യക്തിഗതാവകാശങ്ങൾ വിശ്വാസി സമൂഹത്തിന്റെ അവകാശത്തിന് മുകളിലാണെന്ന മുൻ ശബരിമല വിധിയിലെ പരാമർശങ്ങൾ തെറ്റാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ വരും ദിവസങ്ങളിലും വാദം തുടരും.