Image

വീണ്ടും - ചില ജന്മദിന ചിന്തകള്‍ (രാജൂ മൈലപ്രാ)

Published on 09 April, 2026
വീണ്ടും - ചില ജന്മദിന ചിന്തകള്‍ (രാജൂ മൈലപ്രാ)

അങ്ങിനെ എന്റെ ആയുസ്സിന്റെ കലണ്ടറില്‍ - ഏപ്രില്‍ പത്തിന്- ഒരു താളുകൂടി മറിയുന്നു. ആത്മകഥയുടെ അവസാന അദ്ധ്യായം എഴുതേണ്ട സമയം സമാഗതമായിരിക്കുന്നു.

വാര്‍ദ്ധക്യത്തിലേക്കടുക്കുമ്പോള്‍, കഴുകന്റെ വേഗത്തിലാണ് സമയം പറക്കുന്നത്.

എഴുത്തോലയില്‍ ആരംഭിച്ച അറിവിന്റെ ആദ്യ പാഠങ്ങള്‍, ഇന്നത്തെ 'Artificial intelligence' -യുമായി കൂട്ടിമുട്ടിക്കുവാന്‍ ഞാന്‍ പെടാപാടുപെടുന്നു. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു കാലം.

ബാല്യം, കൗമാരം, യൗവനം ഈ ഘട്ടങ്ങളൊക്കെ പിന്നിട്ട്, ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോഴും, പതിനേഴിന്റെ മോഹങ്ങളില്‍ നിന്നും മനസ് ഇന്നും മോചനം നേടിയിട്ടില്ല.

എന്തു ചെയ്യാം? മനസ്സും ശരീരവും രണ്ട് സമാന്തര രേഖകളില്‍ കൂടിയാണ് സഞ്ചരിക്കുന്നത്.

'Age is just a number' എന്നു പറയുന്നത് വയോധികരെ സന്തോഷിപ്പിക്കുവാനുള്ള ഒരു ഭംഗിവാക്കു മാത്രമാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും, അറുപത് കഴിയുമ്പോള്‍ ശരീരം അതിന്റെ അവശലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. ലാലേട്ടനെപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞാവും നടത്തം.

ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ, രോഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നമ്മേ തേടിവരും. കണ്ണും, കാതും, കരളും- എന്തിനേറെ ? തലച്ചോറു വരെ ഓരോ വൈദ്യന്മാര്‍ക്കായി വീതിച്ചു നല്‍കേണ്ടിവരും.

അവശേഷിക്കുന്ന മുടിയും, മീശയും കരിഓയില്‍ തേച്ചുപിടിപ്പിച്ച്, വാര്‍ദ്ധക്യ ലക്ഷണങ്ങളെ മറയ്ക്കുവാന്‍ എത്ര ശ്രമിച്ചാലും, കവിളിലേയും, കഴുത്തിലേയും ചുളിവുകള്‍ നമ്മുടെ കള്ളി വെളിച്ചത്തു കൊണ്ടുവരും.

ജീവിതയാത്രയില്‍ വാര്‍ദ്ധക്യം ഒരു സത്യമാണെന്ന് അംഗീകരിച്ച്, നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ മടി കാണിക്കരുത്.

'താനൊരു സംഭവമാണെന്നും, താനില്ലെങ്കില്‍ പരിപാടികളൊന്നും ശരിയായി നടക്കില്ല' എന്നുള്ള മിഥ്യാ ധാരണ മാറ്റണം.

സംഘടനകളുടെ തലപ്പത്ത് സ്ഥിരമായി കടിച്ചുതൂങ്ങി കിടക്കാതെ, അവര്‍ തള്ളി മാറ്റുന്നതിനു മുമ്പായി, യുവജനങ്ങള്‍ക്കായി അവസരമൊരുക്കുവാനുള്ള വിവേകം കാണിക്കണം.

എപ്പോഴും സ്‌റ്റേജിലും, മുന്‍നിരയിലും ഒരു ഇരിപ്പിടം വേണമെന്നുള്ള വാശി ഉപേക്ഷിക്കണം. താന്‍കൂടി നിലവിളക്കിന്റെ ഒരു തിരി കൊളുത്തിയാലേ, കാര്യങ്ങള്‍ മംഗളമായി പര്യവസാനിക്കൂ എന്ന മട്ടില്‍ തള്ളിക്കയറരുത്.

'ഇയാളൊരു ശല്യമായല്ലോ' എന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കുവാന്‍ ഇടവരുത്തരുത്'
'തന്റെ പ്രതാപകാലം കഴിഞ്ഞിരിക്കുന്നു' എന്നു വലിയ അക്ഷരത്തില്‍ ഭിത്തിയില്‍ എഴുതി വെച്ചിരിക്കുന്നത് താങ്കളെപ്പറ്റിയാണെന്നു മനസ്സിലാക്കണം'.

'ഒരുത്തന്‍ നിന്നെ വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുത്. ഒരു പക്ഷെ നിന്നിലും  മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്ന്, ' അവന് ഇടംകൊടുക്ക' എന്നു നിന്നോട് പറയുമ്പോള്‍, നീ ലജ്ജയോടെ പിന്‍ നിരയില്‍ പോയി ഇരിക്കേണ്ടിവരും'.

നിന്നെ ക്ഷണിച്ചാല്‍, പിന്‍ നിരയില്‍ ഇരിക്ക. നിന്നെ ക്ഷണിച്ചവന്‍ വന്ന് നിന്നോട് 'സ്‌നേഹിതാ, മുന്നോട്ട് വന്ന് ഇരിക്ക' എന്നു പറയുവാന്‍ ഇടവരട്ടെ! അപ്പോള്‍ സദസ്സിന് മുന്നില്‍ നിനക്കു മാനമുണ്ടാകും.

തന്നത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും
തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും' (St. Mathew)

അതി സമ്പന്നന്‍ അല്ലെങ്കില്‍ സമൂഹത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും, സ്വന്തക്കാരില്‍ നിന്നുപോലും അര്‍ഹിക്കുന്ന അംഗീകാരം നമ്മള്‍ക്ക് ലഭിക്കില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കണം.

നമ്മുടെ സാന്നിധ്യം അവര്‍ക്ക് ആവശ്യമില്ല എന്നൊരു തോന്നലുണ്ടായാല്‍, മാന്യമായ അകലം പാലിക്കണം.

എന്റെ മരണം ആര്‍ക്കും വലിയൊരു നഷ്ടമാവില്ല എന്നെനിക്കുറപ്പുണ്ട്. 'നമ്മുടെ രാജു ഉണ്ടായിരുന്നെങ്കില്‍....' എന്ന് എന്നെയോര്‍ത്ത് ആരും നെടുവീര്‍പ്പെടില്ല. കാരണം എന്നോട് കടപ്പാട് അര്‍ഹിക്കത്തക്ക സഹായമോ, ഉപകാരമോ ഒന്നും ഞാനാര്‍ക്കും ചെയ്തിട്ടില്ല.

നിങ്ങളുടെ എത്രയോ ബന്ധുക്കളും, സ്‌നേഹിതരും ഇതിനോടകം എന്നെന്നേക്കുമായി വിട്ടുപോയി. ഈ ഘട്ടത്തില്‍ ദു:ഖിക്കുകയോ, സങ്കടപ്പെടുകയോ ചെയ്യരുത്. ഇതാണ് ജീവിതം. ഒടുവില്‍ അവരുടെ പിന്നാലെ നമ്മളും പോകും. അതിനാല്‍ നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ചലന ശക്തി നഷ്ടപ്പെടാത്തോളം കാലം. ജീവിതം പൂര്‍ണ്ണമായി ആസ്വദിച്ചു ജീവിക്കുക- ആരോഗ്യത്തിന് ആവശ്യമുള്ളത് കഴിക്കുക, കുടിക്കുക, കളിക്കുക, ചിരിക്കുക, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക. എപ്പോഴും സന്തോഷവാനായിരിക്കുക. 'മറ്റുള്ളവര്‍ എന്തി വിചാരിക്കും' എന്ന പേടി പാടെ ഉപേക്ഷിക്കുക.

നിവൃത്തിയുണ്ടെങ്കില്‍ 'സീനിയര്‍ സിറ്റിസണ്‍സ് ക്ലബില്‍' പങ്കെടുക്കരുത്. അവിടെ 'ബാക്ക് യാര്‍ഡി'ലെ പയറിന്റേയും പടവലങ്ങയുടേയും, കൈകാല്‍ കഴപ്പിന്റേയും കാര്യമാണ് മിക്കവാറും ചര്‍ച്ച ചെയ്യുന്നത്.

'ചീരയും, മുരിങ്ങയിലയും വയറിനു നല്ലതാണ്. മലശോധനയ്ക്ക് ഇതു വളരെ നല്ലതാണെന്ന്' - ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ പറയും. എല്ലാം നെഗറ്റീവ്. കേള്‍ക്കുമ്പോള്‍ ഓക്കാനം വരും.

കഴിയുന്നിടത്തോളം കുട്ടികളുമായും, യുവജനങ്ങളുമായി സമയം പങ്കിടുക. അവരില്‍ നിന്നും പല പുതിയ അറിവുകളും നമ്മള്‍ക്ക് ലഭിക്കും- നമ്മളറിയാതെ ഒരു Positive  Energy നമ്മളിലേക്ക് radiate  ചെയ്യും.

എന്റെ ജന്മദിനത്തെപ്പറ്റി ആരോ ചര്‍ച്ച ചെയ്യുന്നുത് ഞങ്ങളുടെ കൊച്ചുമകള്‍, വിക്കി കേട്ടു.

അവള്‍ ഞാന്‍ കിടക്കുന്ന മുറിയിലേക്കു വന്നു. എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. 
'Appa, how old are you?'
ഞാന്‍ എന്റെ പ്രായം പറഞ്ഞു. പെട്ടെന്ന് വിക്കിയുടെ മുഖത്തൊരു മ്ലാനത പടര്‍ന്നു. 
'I am sorry Appa. If you are that old, you are going to die soon'
സത്യത്തില്‍ ഞാനൊന്നു ഞെട്ടി. ഈ കാലത്തെ ആറു വയസ്സുകാരിക്കുപോലും മരണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ട്.

സമനില വീണ്ടെടുത്ത ഞാന്‍ വിക്കിയുടെ കവിളിലൊരുമ്മ കൊടുത്തിട്ടു പറഞ്ഞു:
' No baby; I am not going to die soon. I will be still around for your wedding' I said.
'Don't worry Appa. You don't need to be there. Anyway it's not going to be an Indian wedding'

ഞാന്‍ അന്തംവിട്ടുപോയി. ആറു വയസ്സുകാരിക്ക്, അവളുടെ വിവാഹത്തെപ്പറ്റി ഇപ്പോഴെ വ്യക്തമായ ധാരണയുണ്ട്'.

വിക്കി എന്റെ നെറ്റിയിലൊരു ഉമ്മ തന്നിട്ട് എന്നെ ആശ്വസിപ്പിച്ചു. 
'Appa, I promice, after my wedding me and my husband will come to your graveyard with lot of flowers. And maybe, I will cry a little bit. Are you happy Now?'

സന്തോഷമായി മകളെ, സന്തോഷമായി!

'ചുറ്റും ആയിരം പ്രശ്‌നങ്ങള്‍  കഴുകനെ പോലെ വട്ടമിട്ട് പറക്കുമ്പോഴും, അതെല്ലാം ചെറു പുഞ്ചിരിയില്‍ ഒതുക്കാന്‍ പറ്റുന്നതും, ഒരു തരത്തില്‍ ഒരു അനുഗ്രഹം തന്നെയാണ്'

' മരിച്ചു കിടക്കണം- കിടന്നു മരിക്കരുത്.- എന്റെ ഒരു സുഹൃത്ത് പൊന്നച്ചന്‍ ഇടയ്ക്കിടെ പറയാറുണ്ട്.

'ഒരു ജീവി ജനിക്കലന്ന്, ദൈവം
കരുതിയിട്ടവനുള്ള മൃത്യുകാലം
ഒരു ലേശമതൊന്നു മാറ്റി വെക്കാന്‍
അരുതാര്‍ക്കും, വിഫലം മനുഷ്യയജ്ഞം'

അതുകൊണ്ട്, ഒന്നിനെക്കുറിച്ചും അധികമൊന്നും ആലോചിക്കാതെ, വിക്കിയുടെ വിവാഹതതില്‍ സംബന്ധിക്കമെന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ യാത്ര തുടരുകയാണ്!

Read More: https://www.emalayalee.com/writer/104

Join WhatsApp News
നാണം കെട്ടുപോയ ഒരു കിളവൻ 2026-04-09 03:07:01
ഇതിൽ ഒത്തിരി ശരിയും തെറ്റും ഉണ്ട്. സമാജത്തിലോ, പള്ളിയിലോ അമ്പലത്തിലോഎവിടെ ചെന്നാലും വയസ്സനും vayasi ആയിക്കഴിഞ്ഞാൽ പിന്നെ ഒരുത്തരും നമ്മളെ തിരിഞ്ഞുനോക്കില്ല. നമ്മളെ അറിയുന്നതോ കാണുന്നതോ ആയി പോലും അവർ നടിക്കില്ല. ചിലർ നമ്മുടെ നാറ്റം കൊണ്ട് ഓടി ഒളിക്കും. ഞാൻ നല്ലൊരു നാടക നടനും എഴുത്തുകാരനും, സമാജം പ്രമാണിയും ഒക്കെ ആയിരുന്നു. കഴിഞ്ഞദിവസം ഞാനൊരു സിനിമ സ്റ്റാർ ഷോക്ക് പോയി. മുൻനിര ഇരിക്കാനുള്ള ടിക്കറ്റും എടുത്തിരുന്നു. അതനുസരിച്ച് മുൻനിരയിൽ പോയിരുന്നു. badge കെട്ടിയ ഒരു ഭാരവാഹി വന്നു എന്നെ അവിടെ നിന്നും പിടിച്ച്തള്ളി പിറകിൽ കൊണ്ടിരുത്തി. കുറേ സുന്ദരികളും സുന്ദരന്മാരും എന്റെ അവസ്ഥ കണ്ട എന്നെ കളിയാക്കി ചിരിച്ചു, അവഹേളിച്ച് പല കമൻറ്കളും പാസാക്കുകയും ചെയ്തു. വയസ്സിലായ ഞാൻ ആകെ നാണംകെട്ടു. ഞാൻ ആദ്യം മൂന്നിൽ ചെന്നിരുന്ന ആ സീറ്റ് ചില സുന്ദരി സുന്ദരൻ മാർക്ക്, പിന്നെ മലയാളി Elected officers like mayor, judges, fokana foma നേതാക്കൾക്ക് റിസർവ് ചെയ്തത് അവർ പറഞ്ഞു. നാട്ടിലെ ഒരു ജാതി രാഷ്ട്രീയ കളി ഒക്കെയാണ് ഇവിടെ. പണം പോയത് മാത്രം മിച്ചം. സിനിമാ nite കാണാതെ നാണംകെട്ട് ഇറങ്ങി പോരുകയും ചെയ്തു. ഭാര്യയോട് പറഞ്ഞപ്പോൾ, അവളും എനിക്കിട്ട് ഒരു കുത്ത് തന്നു. അവിടെയും ഞാൻ നാണംകെട്ടു. എന്നാൽ ചില പടു കീഴവന്മാരെ അവിടെ കൊണ്ടുപോയി Foma-fokana- ഫൗണ്ടൻമാരാണെന്നും പറഞ്ഞ് . ഇരുത്തുന്നതും കണ്ടു. സത്യത്തിൽ ഞാനും പലതിന്റെയും Founder ആണെന്ന് അവർ അറിഞ്ഞില്ല.
George Mathew 2026-04-09 10:04:34
ഏറെ നാളായി ഞങ്ങളെ ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയ രാജു മൈലപ്രക്ക് ജന്മദിനാശംസകൾ നേരുന്നു. പതിവുപോലെ ചിന്താമഗ്നമായ ഒരു ലേഖനം. ആയുരാരോഗ്യങ്ങൾ നേരുന്നു.
Cheriyan, NJ 2026-04-09 13:43:49
സംഘടനകളുടെ തലപ്പത്തു കടിച്ചു തൂങ്ങാതെ, യുവജങ്ങൾക്കു അവസരം നല്കണമെന്നുള്ളത് മലർപ്പൊടിക്കാരന്റെ സ്വപനം മാത്രം. ഇത്തവണത്തെ FOKANA, FOMAA ഇലകക്ഷനു മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തന്നെ ഉദാഹരണം. ഇങ്ങനെ നേരോടെ, നിർഭയം, നിരന്തരം എഴുതുവാൻ മൈലപ്രാക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു . Enjoy your Birthday.
President 2026-04-09 18:08:20
പല സംഘടനകളുടെയും പ്രസിഡന്റ് ആയിട്ടും, കടിച്ചു തൂങ്ങി വീണ്ടും മറ്റൊരു സംഘടനയുടെ പ്രസിഡന്റ് ആയിട്ട്, ഇപ്പോൾ കൺവെൻഷന് ആളെ കിട്ടാതെ കറങ്ങുകയാണ് ഒരു വയോവൃദ്ധൻ. മാറിക്കൊടുക്കു, ഇനിയെങ്കിലും.
Mathew V. Zacharia , New yorker 2026-04-09 18:47:04
Raju myelapra: Blessed birthday and many more years ! My blessing. " May the LORD bless you and keep you. May the LORD make His shine upon you and be kindly toward you. May the LORD turn His glory unto and grant you peace. " numb 6.
Dash Mon 2026-04-09 19:18:53
എന്നാൽ ചില കിഴവന്മാർ നന്നായിട്ട് fighty ചെയ്തു തന്നെ മുന്നറിയിൽ, കയറി കുത്തിയിരിക്കും. അല്ലെങ്കിൽ സംഘടനകളുടെ കസേരയിൽ കയറി ഒട്ടിപ്പിടിച്ചിരിക്കും. ഒന്നു രണ്ടു മൂത്ത കിളവികളെ എനിക്കറിയാം. അവരെപ്പോഴും പരിപാടികൾ കയറി വിളക്ക് കത്തിക്കാൻ, ഞാൻ അത് ചെയ്തു, ഞാൻ ഇത്ചെയ്തു. താൻ വലിയ സംഭവമാണ് എന്നൊക്കെ പറഞ്ഞവരെ അറിയാം. പറഞ്ഞത് ചെറുപ്പക്കാരാ അവഗണിക്കപ്പെടുന്ന വരും, അതുപോലെ സഹിക്കാതെ ഇടിച്ചു കയറു കയറുന്നവരും ഉണ്ട് എന്നാണ്. അതിനാൽ മുകളിൽ പറഞ്ഞ ബഹുമാന്യനായ നാണംകെട്ട വയസൻ സാറേ ഇടിച്ചു കയറുക. VIP ടിക്കറ്റും കയ്യിലുള്ള സ്ഥിതിക്ക് ഡാഷ് മോനെ എന്ന് വിളിച്ച് ഇടിച്ച്കയറുക.
Elcy yohannan Sankarathil 2026-04-09 23:35:06
Happy birthday dear Raju !! May God bless you with a few more healthy, fruitful. blessed & happy years ! Love, prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക