
അമേരിക്കയിലെ ഒരു 7-11 സ്റ്റോറിൽ ജോലി ചെയ്യുന്ന വ്യക്തി എച്ച്-1ബി വിസാ ഉടമയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തൊഴിൽ അധിഷ്ഠിത കുടിയേറ്റ വിസാ പദ്ധതിയെക്കുറിച്ചുള്ള രാഷ്ട്രീയ-സാമൂഹിക ചർച്ചകൾ വീണ്ടും ശക്തമായി. ഇൻഫ്ലുവൻസർ ടൈലർ ഒലിവെയ്റ സ്റ്റോറിൽ പ്രവേശിച്ച് ജീവനക്കാരന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയാണ് പ്രചരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള എച്ച്-1ബി വിസാ ഉടമയാണ് വൈറൽ വീഡിയോയിൽ ഉണ്ടായിരുന്നത്.
ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ വ്യാപകമായി പ്രചരിച്ചതോടെ ചില റിപ്പബ്ലിക്കൻ നേതാക്കൾ എച്ച് 1ബി പദ്ധതിയെ പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ കുടിയേറ്റ നയവിദഗ്ധരും ചില ഉപയോക്താക്കളും വീഡിയോയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഓരോ ജോലിക്കും മുമ്പ് അമേരിക്കൻ തൊഴിലാളിയെ കണ്ടെത്താനായില്ലെന്ന് നിർബന്ധമായി തെളിയിക്കണമെന്ന നിയമം എല്ലാ തൊഴിലുടമകൾക്കും ബാധകമല്ലെന്ന് അവർ വിശദീകരിച്ചു. ഈ വ്യത്യാസം തന്നെയാണ് ഇപ്പോൾ നടക്കുന്ന ചർച്ചയുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.
പ്രസ്തുത വിസ സാധാരണയായി എഞ്ചിനീയറിംഗ്, ഐ.ടി., മെഡിസിൻ, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ 'സ്പെഷ്യാലിറ്റി ഒക്ക്യുപേഷനുകൾക്കാണ്' അനുവദിക്കുന്നത്. അതിനാൽ ഒരു കൺവീനിയൻസ് സ്റ്റോർ കാഷ്യർ ജോലി ഈ വിഭാഗത്തിൽപ്പെടുമോ എന്ന ചോദ്യം ഉയർന്നിരിക്കുകയാണ്. വീഡിയോയിൽ കാണുന്ന തൊഴിലാളിയുടെ യഥാർത്ഥ വിസാ സ്റ്റാറ്റസ്, സ്പോൺസർ എന്നിവ വ്യക്തമായിട്ടില്ലെന്നും ഇതോടെ വിവാദം കൂടുതൽ സങ്കീർണമാകുന്നുവെന്നും നിരീക്ഷകർ പറയുന്നു.