Image

കേരളം ഇനി ആര് ഭരിക്കും എന്ന് തീരുമാനിക്കപ്പെടുന്നത് നാളെ; മൂന്ന് മുന്നണികള്‍ക്കും കുന്നോളം പ്രതീക്ഷ ( എ.എസ് ശ്രീകുമാര്‍)

Published on 08 April, 2026
കേരളം ഇനി ആര് ഭരിക്കും എന്ന് തീരുമാനിക്കപ്പെടുന്നത് നാളെ; മൂന്ന് മുന്നണികള്‍ക്കും കുന്നോളം പ്രതീക്ഷ ( എ.എസ് ശ്രീകുമാര്‍)

കേരളം ഇനി ആര് ഭരിക്കും എന്ന തീരുമാനത്തിന് ഇനി ഇന്നീ രാത്രിയുടെയും നാളത്തെ പകലിന്റെയും അകലം മാത്രം. സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. ഓരോ വോട്ടും പെട്ടിയിലാക്കാന്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട ഓട്ടപ്രദക്ഷിണം നടത്തുകയാണ്. നിശബ്ദ പ്രചാരണത്തിന്റെ 48 മണിക്കൂര്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങള്‍ അനുവദിക്കില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം. ഉച്ചഭാക്ഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. ജാഥകള്‍, സംഗീത പരിപാടികള്‍ തുടങ്ങി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിവുള്ള ഒരു പരിപാടികളും നടത്താന്‍ പാടില്ല. ടെലിവിഷന്‍, സിനിമ, റേഡിയോ, സോഷ്യല്‍ മീഡിയ, പത്രങ്ങള്‍ തുടങ്ങിയവ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിഷ്‌കര്‍ഷയുണ്ട്.

നാളെ (ഏപ്രില്‍ 9 വ്യാഴാഴ്ച)രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ നീണ്ടുനില്‍ക്കും. ജനവിധി എന്താണെന്ന് അറിയാന്‍ 24 ദിവസത്തെ കാത്തിരിപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ ദിവസം വരെ. 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചാണ് ഇന്നലെ കൊട്ടിക്കലാശം നടന്നത്. സ്ഥാനാര്‍ത്ഥികള്‍ ക്രെയിനില്‍ കയറി പലയിടത്തും ആവേശം ഇരട്ടിയാക്കി. ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി.

അതേസമയം, മൂന്നിടത്ത് യു.ഡി.എഫ് കൊട്ടിക്കലാശം റദ്ദാക്കിയിരുന്നു. പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്‍മുളയിലും കൊട്ടിക്കലാശം ഒഴിവാക്കി, യു.ഡി.എഫ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം നടത്തില്ലെന്നും ആ തുക ഉപയോഗിച്ച് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ചരിത്രവിജയം നേടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,96,936 (53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ). സംസ്ഥാനത്താകെ 30,495 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാരാകും വോട്ട് രേഖപ്പെടുത്തുക. പ്രശ്‌നസാധ്യത ബുത്തുകളുടെ എണ്ണം 2040 ആണ്. ഇവിടങ്ങളില്‍ 160 കമ്പനി കേന്ദ്രസേന സുരക്ഷ ഒരുക്കും. കേന്ദ്ര സേനയും കേരള പോലീസും സ്‌പെഷ്യല്‍ പോലീസും വോളണ്ടിയര്‍മാരും ഉള്‍പ്പെടെ 76,000 പേരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിന്യസിക്കുക. അതേസമയം പോളിങ് സാധനങ്ങളുടെ വിതരണം ഇന്ന് രാവിലെ 43 കേന്ദ്രങ്ങളില്‍ നടന്നു.

ഹാട്രിക് വിജയം നേടി ഭരണത്തിലേറി ചരിത്രം കുറിക്കുക എന്നതാണ് ഇടതിന്റെ പ്രധാന ലക്ഷ്യം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 3,000 രൂപയായി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനത്തിന് പിന്നില്‍ സാധാരണക്കാരുടെ വോട്ട് ഉറപ്പാക്കലാണ്. വലിയ വികസന പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം വോട്ടായി മാറുമെന്ന് പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന് കരുതുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തുക എന്നത് മാത്രമാണ് യു.ഡി.എഫിന്റെ ലക്ഷ്യം. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. 'ഇന്ദിര ഗ്യാരന്റി'യില്‍ വോട്ടര്‍മാര്‍ ആകൃഷ്ടരാകുമെന്ന് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭാ തെിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ആത്മവിശ്വാസവുമുണ്ട്.

കേരളത്തില്‍ നിര്‍ണായക ശക്തിയായി മാറി നിയമസഭയില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് എന്‍.ഡി.എയുടെ ലക്ഷ്യം. എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരായി ശക്തമായ മൂന്നാം ബദലായി മാറുന്നതിലൂടെ ഭാവിയില്‍ കേരളത്തില്‍ അധികാരത്തില്‍ വരാനാണ് അവരുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍. തൃശൂര്‍ ലോക്‌സഭാ സീറ്റിലെ വിജയത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്നേറ്റത്തിലും ആത്മവിശ്വാസമുണ്ട്. ക്രൈസ്തവ സഭകളുമായി ഉണ്ടാക്കിയ സൗഹൃദം വോട്ടായി മാറുമെന്ന് പ്രതീക്ഷ അസ്ഥാനത്തല്ല മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളും നേരിട്ടുള്ള ആനുകൂല്യങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന പ്രതീക്ഷ ആകാശത്തോളമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക