
ന്യൂജേഴ്‌സി: ന്യൂജേഴ്സിയിലെ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിലെ യുവ സ്ഥാനാർഥി ജയ് വൈങ്കങ്കറിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ ആക്രമണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തന്റെ പ്രചാരണത്തിനെതിരെ നടന്ന ഭീഷണികൾക്കും അപകീർത്തിപ്പെടുത്തലിനും തന്നെ തളർത്താനാകില്ലെന്ന് വൈങ്കങ്കർ വ്യക്തമാക്കി. ജോ ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഈ 28-കാരൻ, തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് ലോറ ലൂമർ ഉൾപ്പെടെയുള്ള മാഗാ അനുഭാവികൾ തന്നെ 'അൺ-അമേരിക്കൻ' എന്ന് വിശേഷിപ്പിച്ചതെന്നും 'അമേരിക്ക ലാസ്റ്റ്' പ്രചാരണമാണ് നടത്തുന്നതെന്ന് ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതിനു പിന്നാലെ തന്റെ ജീവന് ഭീഷണിയും വംശീയ അധിക്ഷേപങ്ങളും പൗരത്വം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട സന്ദേശങ്ങളും ലഭിച്ചതായും വൈങ്കങ്കർ വ്യക്തമാക്കി. ഇത്തരം പ്രതികരണങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിലെ വർദ്ധിച്ചുവരുന്ന വർഗ്ഗ വിവേചനത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂജഴ്‌സിയിൽ വൈങ്കങ്കർ മത്സരിക്കുന്നത് അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന പ്രദേശങ്ങളിലൊന്നാണെന്നും അവിടത്തെ ജനങ്ങളിൽ മൂന്നിൽ ഒരാൾ വിദേശത്ത് ജനിച്ചവരാണെന്നും രണ്ട് വീടുകളിൽ ഒന്നിൽ ഇംഗ്ലീഷിന് പുറമേ മറ്റ് ഭാഷകളും സംസാരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വൈവിധ്യമാണ് അമേരിക്കയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി സംസാരിക്കുന്ന മാതാപിതാക്കളുടെ മകനായ താൻ സ്പാനിഷ് ഭാഷയും സംസാരിക്കുന്ന വ്യക്തിയാണെന്നും വിവിധ സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ഭാഷാ വൈവിധ്യം ഉപയോഗിക്കുന്നത് അഭിമാനകരമാണെന്നും വൈങ്കങ്കർ വ്യക്തമാക്കി. എഎപിഐ വിക്ടറി ഫണ്ട്, ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് ഫണ്ട് തുടങ്ങിയ സംഘടനകൾ തന്റെ പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ട്രെന്റണിലെ വ്യാപാരികളിൽ നിന്ന് നോർത്ത് ബ്രൺസ്വിക് ഹൈസ്കൂൾ വിദ്യാർത്ഥികളിലേക്കും ബൗണ്ട് ബ്രൂക്ക് മേഖലയിലെ വിശ്വാസ സമൂഹങ്ങളിലേക്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി വർഷങ്ങളായി കൂട്ടായ്മകൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വംശീയ ഭീഷണികൾ തന്റെ പ്രവർത്തനം തടയില്ലെന്നും മറിച്ച് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ബില്ലുകളുടെയും ആരോഗ്യ ഇൻഷുറൻസ് ചെലവുകളുടെയും വർധന പോലുള്ള സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഭാഷയെയോ വംശീയ പശ്ചാത്തലത്തെയോ ആശ്രയിച്ചല്ലെന്നും എല്ലാവരെയും പ്രതിനിധീകരിക്കുന്ന പുതിയ തലമുറ നേത്യത്വത്തിനായി പോരാടുന്നത് തുടരുമെന്നും വൈങ്കങ്കർ വ്യക്തമാക്കി.