Image

ലോസ് ആഞ്ചലസ് ഇന്ത്യൻ കോൺസുലേറ്റിൽ വിസയും ഒസിഐ സേവനങ്ങളും ആരംഭിച്ചു

Published on 08 April, 2026
ലോസ് ആഞ്ചലസ് ഇന്ത്യൻ കോൺസുലേറ്റിൽ വിസയും ഒസിഐ സേവനങ്ങളും ആരംഭിച്ചു

ലോസ് ആഞ്ചലസ് :   ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഏപ്രിൽ 6 മുതൽ വിസയും ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) സേവനങ്ങളും ആരംഭിച്ചതായി കോൺസുലേറ്റ് അറിയിച്ചു. അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കും മറ്റ് അപേക്ഷകർക്കും കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

കാലിഫോർണിയയുടെ തെക്കൻ ഭാഗങ്ങൾ, അരിസോണ, നെവാഡ, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് ഇനി മുതൽ ഈ സേവനങ്ങൾ ലോസ് ആഞ്ചലസ് കോൺസുലേറ്റ് വഴിയാണ് ലഭിക്കുക. മുമ്പ് ഈ സേവനങ്ങൾ സാൻഫ്രാൻസിസ്കോ കോൺസുലേറ്റ് വഴിയാണ് കൈകാര്യം ചെയ്തിരുന്നത്.

അതേസമയം പാസ്‌പോർട്ട്, ഗ്ലോബൽ എൻട്രി പ്രോഗ്രാം (ജിഇപി), പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), സറണ്ടർ സർട്ടിഫിക്കറ്റ് എന്നീ അപേക്ഷകൾ നാല് സംസ്ഥാനങ്ങളിലെയും അപേക്ഷകർക്ക് തുടർന്നും സാൻ ഫ്രാൻസിസ്കോ കോൺസുലേറ്റിലൂടെ തന്നെ കൈകാര്യം ചെയ്യുമെന്ന് കോൺസുലേറ്റ് അറിയിച്ചു.

ഈ പ്രദേശങ്ങളിലെ എല്ലാ അപേക്ഷകളും കോൺസുലർ സേവനങ്ങളുടെ ഔട്ട്‌സോഴ്സിംഗ് പങ്കാളിയായ വിഎഫ്എസ് ഗ്ലോബലിന്റെ ലോസ് ആഞ്ചലസ് കേന്ദ്രം വഴി സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണ വിസയ്ക്കായി അപേക്ഷിക്കുന്നവർ ഇന്ത്യ സർക്കാരിന്റെ ഔദ്യോഗിക വിസ പോർട്ടൽ ഉപയോഗിക്കണമെന്നും, അർഹതയുള്ള വിഭാഗങ്ങൾക്ക് ഇ-വിസ സേവനങ്ങൾ തുടർന്നും ലഭ്യമാണെന്നും അറിയിച്ചു.

അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലോസ് ആഞ്ചലസ് കോൺസുലേറ്റിൽ വിസയും ഒസിഐ സേവനങ്ങളും ആരംഭിച്ചത്. 2025 അവസാനം ലോസ് ആഞ്ചലസിൽ വി.എഫ്.എസ്. പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ ആരംഭിച്ചതിന് പിന്നാലെയാണ് ഈ നടപടി.

അപേക്ഷാ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനായി പുതിയ ഒസിഐ സേവന പോർട്ടലും ആരംഭിച്ചിട്ടുണ്ട്. എളുപ്പമുള്ള ഡോക്യുമെന്റ് അപ്‌ലോഡ് സംവിധാനം, ലളിതമായ പേയ്‌മെന്റ് സംവിധാനം, റിയൽ-ടൈം അപേക്ഷ ട്രാക്കിംഗ്, മെച്ചപ്പെട്ട നാവിഗേഷൻ എന്നിവയാണ് പുതിയ പോർട്ടലിന്റെ പ്രത്യേകതകൾ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക