
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചിരിക്കുകയാണ് , ഭരണതുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും, തിരിച്ചുവരവിനൊരുങ്ങുന്ന യുഡിഎഫും, കരുത്ത് തെളിയിക്കാൻ എൻഡിഎയും കടുത്ത പോരാട്ടത്തിലാണ്. നാളെ (ഏപ്രിൽ 9) നടക്കുന്ന ഒറ്റഘട്ട പോളിംഗിനായി കേരളവും തയ്യാർ എടുത്തു കഴിഞ്ഞു . ഉയർന്ന താപനില വകവെക്കാതെ കടുത്ത മത്സരത്തിന് കളം നിറയുകയാണ്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരെഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കുന്നത്. ഏത് തരത്തിലും വിജയം തുടരുക എന്ന ഉറച്ച ലക്ഷ്യവുമായാണ് എൽഡിഎഫ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. തങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തി വോട്ടുകൾ തങ്ങളുടെ പക്ഷത്താണ് എന്ന് അവർ വിശ്വസിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത ആത്മവിശ്വാസവുമായാണ് യുഡിഎഫും അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത്. ഏത് വിധത്തിലും ഭരണം തിരിച്ചു പിടിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം . സംസ്ഥാന രാഷ്ട്രീയചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായി ബിജെപിക്ക് ഒരു ലോക്‌സഭാംഗം ഉണ്ടായത്. സുരേഷ് ഗോപിയുടെ വിജയം തന്നെയാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാനഘടകം. മുന്ന് മുന്നണികളും കളം നിറഞ്ഞു നിൽക്കുന്നു. എല്ലാവരും വിജയം ആഗ്രഹിക്കുന്നു . ആര് ജയിക്കും എന്ന് തീർത്തു പറയുവാൻ പറ്റാത്ത ആവാസസ്ഥയാണ്.
യഥാർത്ഥ ജനവിധിക്ക് മുമ്പ് ജനമനസ്സറിയാൻ പല വഴികളും ജനങ്ങൾ ആശ്രയിക്കാറുണ്ട്. ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നു മറ്റും അഭിപ്രായങ്ങൾ തേടുക എന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ചില പാര്‍ട്ടികളെ പിന്തുണച്ച് മാത്രം നടത്തുന്ന അഭിപ്രായ സര്‍വേകൾ വിവിധ ഏജന്‍സികള്‍ നടത്തുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത് . ഇത് കുടുതലും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നവ കൂടിയാണ്. സർവേ തങ്ങൾക്കു അനുകൂലമാക്കി ജനാഭിപ്രായം മാറ്റുക എന്നതാണ് ലക്‌ഷ്യം.
കേരളത്തിലെ തിരഞ്ഞെടുപ്പ് സർവേകളെ വിശ്വസിക്കാമോ എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സർവേകളെ ചില പാർട്ടികൾ അവരുടെ അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കുമ്പോൾ അവ പൊതുജന അഭിപ്രായത്തെ പ്രതിഫലിക്കുന്നുണ്ടോ? ഓരോ രാഷ്ട്രീയ പാർട്ടിയും അഭിപ്രായ സര്‍വേകള്‍ നടത്തുകയും തങ്ങൾക്കു അനുകൂലമായി വിധി പറയുകയും ചെയ്യുബോൾ പൊതുജനം തന്നെ ഏത് ശരി ഏത് തെറ്റ് എന്ന് തിരിച്ചറിയുവാൻ ബുദ്ധിമുട്ടുന്നു.
ഇത്തരം സര്‍വേകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരുകയും തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പഴയകാല ചരിത്രം പരിശോധിച്ചാൽ സത്യസന്ധമായ സര്‍വേകള്‍ നടത്തുകയും അത് ഏറെക്കുറെ ശരിയാവുകയും ചെയ്യുന്ന കാഴ്ച നാം കണ്ടിട്ടുണ്ട് . ഡോ. പ്രണോയ് റോയി അത്തരത്തിൽ സർവേകൾ നടത്തുകയും അതിൽ എൺപത് ശതമാനം വരെ ശരിയായി വരുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിന്നുള്ള കണക്കുകളുടെയും കഥകളുടെയും പുസ്തകമാണ് ഡോ. പ്രണോയ് റോയും, ദൊരബ് സൊപാരിവാലയും ചേര്‍ന്ന് രചിച്ച" ദി വെര്‍ഡിക്ട്". എന്‍ഡി ടിവിയിലൂടെ സുപരിചിതമായ മുഖങ്ങള്‍. 1980 മുതലുള്ള തന്‍റെ സര്‍വേ അനുഭവങ്ങള്‍ ഡോ. റോയ് പുസ്തകത്തില്‍ വിവരിക്കുന്നു. ഇന്ത്യയെന്ന മഹാരാജ്യത്തിലെ തിരഞ്ഞെടുപ്പെന്ന മഹാ പ്രക്രിയയെ അതിന്‍റെ സകല സൗന്ദര്യങ്ങളോടും കൂടെ മനസിലാക്കിയ രണ്ടുപേരെ ഈ പുസ്തകത്തില്‍ കാണാം. തിരഞ്ഞെടുപ്പിന്‍റെ കണക്കുശാസ്ത്രവും അവലോകനത്തിനു വേണ്ട ആയുധങ്ങളും ഇതിലും ലളിതമായി പറയാന്‍ പ്രയാസമാണ്. അത്രത്തോളം മനോഹരമാണ് "ദി വെര്‍ഡിക്ട്".
ഇന്ത്യയിലെ കഴിഞ്ഞ 75 വർഷത്തെ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. 1952 മുതല്‍ 1977 വരെ നീളുന്ന ആദ്യത്തെ കാല്‍ നൂറ്റാണ്ട് ഭരണാനുകൂല ജനവിധികളുടെ കാലമായിരുന്നു. ഇക്കാലത്തെ തിരഞ്ഞെടുപ്പുകളില്‍ 80 ശതമാനവും ഭരിക്കുന്ന കക്ഷിയെ വീണ്ടും വിജയിപ്പിച്ചു. 1977 ല്‍ തുടങ്ങി 2002 വരെ നീണ്ട കാല്‍ നൂറ്റാണ്ട് ഭരണ വിരുദ്ധ ജനവിധികളാൾ സമ്പന്നമായിരുന്നു. ഈ സമയത്തെ ഏതാണ്ട് 70 ശതമാനം തിരഞ്ഞെടുപ്പുകളും ഭരണമുന്നണിയെ ശിക്ഷിച്ചു. ജനപ്രതിനിധികള്‍ കൂടുതല്‍ ജനകീയ ശ്രദ്ധയ്ക്കും വിചാരണക്കും വിധേയരാകുന്ന മൂന്നാം ഘട്ടത്തില്‍ (2002 മുതല്‍) ഭരണ കക്ഷി ജയിക്കാനും തോല്‍ക്കാനും തുല്യ സാധ്യതയാണുള്ളത് .
ആര് നന്നായി പ്രവര്‍ത്തിക്കുന്നവോ അവർക്ക് ഭരണത്തുടര്‍ച്ച കൊടുക്കാനുള്ള പക്വത ഇന്ത്യന്‍ വോട്ടര്‍ക്കുണ്ട്. ജനപ്രതിനിധിയായാലും , മന്ത്രിസഭയായലും, ജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്നവക്ക് തെരെഞ്ഞടുപ്പ് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും ജനങ്ങളോട് കൂടുതൽ സംവദിക്കാനുമുള്ള സമയമാണ് . അങ്ങനെയുള്ളവർക്ക് തെരഞ്ഞടുപ്പ് ഒരു പ്രശ്നമേ അല്ല, അവർ തെരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയപാർട്ടിയായലും ജയിക്കും, ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
അതുകൊണ്ട് ആരും സര്‍വേ ഫലങ്ങള്‍ കണ്ട് അമിതമായി സന്തോഷിക്കുകയും, സങ്കടപ്പെടുകയും വേണ്ട . അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സാധ്യത ഇന്നത്തെ കാലത്തു തീരെ കുറവാണ്. മിക്കവാറും ആളുകൾ അവരുടെ മനസ്സിൽ ആർക്കാണ് വോട്ട് എന്നത് തീരുമാനിച്ചിട്ടുണ്ട് . എന്താണ് ജനങ്ങളുടെ മനസ്സിൽ എന്ന് അറിയുവാൻ നമുക്ക് മെയ് നാല് വരെ കാത്തിരിയ്ക്കാം . ആര് ജയിച്ചാലും അത് കേരളത്തിന്റെ വിജയമാണ്.