Image

അടുത്ത മുഖ്യമന്ത്രി..? ഇ-മലയാളി സര്‍വേയില്‍ വി.ഡി സതീശന് ഭൂരിപക്ഷ പിന്തുണ; പിണറായി വിജയന്‍ രണ്ടാമത്

Published on 08 April, 2026
അടുത്ത മുഖ്യമന്ത്രി..? ഇ-മലയാളി സര്‍വേയില്‍ വി.ഡി സതീശന് ഭൂരിപക്ഷ പിന്തുണ; പിണറായി വിജയന്‍ രണ്ടാമത്

ന്യൂയോര്‍ക്ക്: നാളെ  (ഏപ്രില്‍ 9) കേരളം വിധിയെഴുതാനിരിക്കെ ജനമനസ് ആര്‍ക്കൊപ്പമാണ്..? ഇത്തവണ ഭരണത്തുടര്‍ച്ചയോ അതോ ഭരണ മാറ്റമാണോ ഉണ്ടാവുക..? ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി..? ജനങ്ങളുടെ ആകാംക്ഷ ഇങ്ങെന നിരവധി ചോദ്യങ്ങളില്‍ ഉടക്കിക്കിടക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്നത് സംബന്ധിച്ച് ഇ-മലയാളി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 53.4  ശതമാനം പേരും  കോണ്‍ഗ്രസിന്റെ ഈ കരുത്തനായ നേതാവിന് പിന്നില്‍ അടിയുറച്ച് നിന്നപ്പോള്‍ മുന്നാമൂഴത്തിനിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം സ്ഥാനത്തായി. പിണറായി വിജയനെ അനുകൂലിച്ചത് 19.8 ശതമാനം പേര്‍ മാത്രം. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ മലയാളി മാധ്യമം ഇത്തരത്തിലൊരു ഇലക്ഷന്‍ സര്‍വേ നടത്തുന്നത്.

മൂന്നാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  രാജീവ് ചന്ദ്രശേഖറിനും ഒരേ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും 9.9 ശതമാനം വീതം. നാലാം സ്ഥാനത്തു വന്ന സി.പി.എം. നേതാവും മുന്‍ ആരോഗ്യ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശ്രദ്ധേയ വ്യക്തിത്വവുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് 6.1 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഒരു ശതമാനം പിന്തുണയാണ് കിട്ടിയത്. എം.വി ഗോവിന്ദന്‍ ഇക്കുറി മല്‍സരത്തിനിറങ്ങാതെ ഭാര്യയ്ക്കുവേണ്ടി തന്റെ സ്വന്തം തളിപ്പറമ്പ് മണ്ഡലം വിട്ടുകൊടുത്തിരുന്നു.

വാസ്തവത്തില്‍ കേരളത്തില്‍ നടക്കുന്നത് ഭരണവിരുദ്ധ വികാരവും വികസന നേട്ടങ്ങളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പോരാട്ടത്തിന്റെ ഫലത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇ-മലയാളി നടത്തിയ സര്‍വേ. മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കേരളത്തില്‍ ഭരണം ആര്‍ക്കെന്ന് പ്രവചിക്കാന്‍ കഴിയാത്ത അത്രയും സങ്കീര്‍ണ്ണമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം.

എങ്കിലും കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാവുകയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് അധികാരത്തില്‍ വരികയും ചെയ്യുമെന്ന പൊതുവെയുള്ള നിഗമനത്തെ ശരി  വയ്ക്കുന്നതാണ് ഈ സര്‍വേയും. കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി  സതീശനെയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പിന്തുണച്ചതെങ്കിലും  കോണ്‍ഗ്രസ് പാരമ്പര്യവും രാഷ്ട്രീയ  സ്ഥതിയിയും ഹൈക്കമാന്‍ഡിന്റെ ഇടപെടലും ഒക്കെ ഉണ്ടായാല്‍  മറ്റൊരാള്‍ ഈ സ്ഥാനത്തേയ്ക്ക് വന്നേക്കാം. അതിനുള്ള ചില ചരടുവലികള്‍ ഇതിനിടയില്‍ നടക്കുന്നുമുണ്ട്.

പൊതുരംഗത്തെ മികച്ച പ്രവര്‍ത്തനം മാനദണ്ഡമാക്കുമ്പോള്‍ കേരളത്തിന്റെ മനസ്സില്‍ ഒട്ടേറെ പേരുകള്‍ ഉയര്‍ന്നു വരിക സ്വാഭാവികമാണ്. ഇവരില്‍ പ്രതിപക്ഷ നേതാവ് സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണ്. ഇപ്പോള്‍ പുതുയുഗ യാത്ര കഴിഞ്ഞ്  പ്രചാരണത്തിലും മൈലേജുണ്ടാക്കിയിരിക്കുകയാണ് വി.ഡി സതീശന്‍. 1996-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തിയ സതീശന്‍ 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ വിജയം ആവര്‍ത്തിച്ചു.

പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന് അനുകൂലമായും പ്രതികരിക്കുന്ന എം.എല്‍.എ മാരുടെ രാഷ്ട്രീയേതര സംഘത്തില്‍ പ്രമുഖന്‍. എ.ഐ.സി.സി സെക്രട്ടറിയും 2014-ല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റായും നിയമിതനായി. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ഇത്തവണ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പറവൂരില്‍ നിന്ന് തന്നെയാണ് സതീശന്‍ ഇക്കുറിയും ജനവിധി തേടുന്നത്. കേരളത്തില്‍ അതിശക്തമായ യു.ഡി.എഫ് തരംഗമുണ്ടെന്നും നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നുമാണ് ഇന്ന് വി.ഡി സതീശന്‍ പ്രതികരിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക