
രണ്ടാം നാള്‍ സന്ധ്യക്ക് ചൂളനിര്‍മ്മാനം തുടങ്ങിയപ്പോള്‍ ഉമയെത്തി. കുളിച്ചു ശുദ്ധിയായി ഭയഭക്തിയോടെ നില്‍ക്കുന്ന സീതയുടെ അപ്പാ ഉമയെക്കണ്ട് പുഞ്ചിരിച്ചു. ത്രികോണാകൃതിയില്‍ ഉള്ള ചൂളയുടെ രണ്ടു വശം ഉയര്‍ത്തിക്കെട്ടുകയായിരുന്നു, താമിയപ്പോൾ. . മണ്ണിനടിയില്‍ കൂടി ഒരു ദ്വാരം സഹായികളിലൊരാള്‍ ചൂളയിലേയ്ക്ക് ഇട്ടുകൊടുത്തു. കുറെയധികം പാത്രങ്ങള്‍ ചൂളയ്ക്ക് മുകളിലായി പാതി കമിഴ്ത്തിയ മട്ടില്‍ നിരത്തുന്നത് ഉമ കൗതുകത്തോടെ നോക്കിനിന്നു. ഒന്നിനോടൊന്നു മുട്ടാതിരിക്കാന്‍ ഇടയ്ക്കിടെ കച്ചിയും ചകിരിയും നിരത്തുന്നു. പിന്നെ ചെളിയും കച്ചിയും ചേര്‍ത്തു വായു കടക്കാത്ത വിധം ചൂള മൂടുന്നു. അതിനു ശേഷം അടിയിലെ ദ്വാരം വഴി ചൂളയ്ക്ക് തീ കൊടുക്കുന്നു. കണ്ടുനില്‍ക്കാന്‍ നല്ല രസം അവള്‍ സീതയോട് പറഞ്ഞു. .
"ഹാവൂ! ഇനിയൊരു 12 മണിക്കൂര്‍. അതുകഴിഞ്ഞാല്‍ പാത്രം തയ്യാര്‍. "സീത തല ചെരിച്ചുപിടിച്ച് കാര്യഗൗരവത്തോടെ ഉത്തരവാദിത്ത്വമുള്ള ഒരു കുടുംബിനിയെപ്പോലെ കൂട്ടുകാരിയെ നോക്കിക്കൊണ്ട് തന്‍റെ അറിവ്പകര്‍ന്നു. “കുഴച്ച കളിമണ്ണില്‍ കരടുണ്ടേല്‍ പാത്രം പൊട്ടിപ്പോകും.”
"അയ്യോ! ഇത്രയും കഷ്ടപ്പെട്ടിട്ടോ?" ഉമ കണ്ണ് മിഴിച്ചു.
“അതൊക്കെ സാധാരണമാ. പണിക്കുറ്റം എന്നൊന്ന് ഏതിലുമുണ്ടല്ലോ? “സീത ചിരിച്ചു.
യാത്രയയയക്കാന്‍ കടമ്പവരെ ദേവൂനോടൊപ്പം ചെന്നിട്ട് സീത കൊട്ടാരത്തിലേയ്ക്കുള്ള വഴിയേ തിരിഞ്ഞു.
“നിന്‍റെയാളവിടെ ഇല്ലല്ലോ. പിന്നെന്തിനാ ഇപ്പോ?” നിന്‍റെയാളെന്ന ഉമയുടെ പരാമര്‍ശം പോലും സീതയുടെ ഹൃദയത്തെ പിടിച്ചൊന്നുലച്ചു. കൊട്ടാരത്തിന്‍റെ കൊന്നയും കടലാവണക്കും അതിരിട്ട തൊടിക്കും കോളനിക്കാര്‍ മുള കീറി കെട്ടിയടച്ച അവരുടെ ഇത്തിരി പറമ്പിനും ഇടയ്ക്കുകൂടി നട്ടുച്ചയ്ക്കും ഇലച്ചില്ലകളുടെ നിഴല്‍ വീണുകിടക്കുന്ന ഒരൊറ്റയടിപ്പാത. ആവഴിയിലൂടെ നിത്യേന ഏറ്റവുംകുറഞ്ഞത് ഒരു തവണയെങ്കിലും സീത കടന്നുപോയിരിക്കും. ഒന്നുകില്‍ ഇടത്തേയ്ക്ക് തിരിഞ്ഞ് ഭദ്രത്തമ്പുരാട്ടിയുടെ അടുത്തേയ്ക്ക്. അല്ലെങ്കില്‍ വലത്തേയ്ക്ക് തിരിഞ്ഞ് നടയിറങ്ങി പ്രധാന റോഡിലൂടെ ഇടത്തേയ്ക്ക് തിരിഞ്ഞ് ദേവൂന്‍റെ അടുത്തേക്ക്. അതിനപ്പുറത്തേയ്ക്കുള്ള ആത്മബന്ധങ്ങളൊന്നും സീതമ്മയ്ക്കില്ല.
കൊട്ടാരത്തിലെത്തി ഉമ്മറത്തെ നടക്കല്ലില്‍ കയറിനിന്ന് ശ്വാസമടക്കി സീത ചുറ്റും നോക്കി. തമ്പുരാട്ടിയെ അവിടെയെങ്ങും കണ്ടില്ല. ആയമ്മ എപ്പോള്‍ നോക്കിയാലും തളത്തിലെ ഊഞ്ഞാല്‍ക്കട്ടിലില്‍ക്കിടന്നു വായനയാണ്. കട്ടില്‍ മന്ദം മന്ദം ആടുന്നുണ്ടാവുമപ്പോള്‍.. സീതയ്ക്കവിടെയ്ക്ക് വിലക്കില്ല. ചങ്ങലക്കൊളുത്തിളകുന്ന നേര്‍ത്തൊരു കിരുകിരു ശബ്ദം കേള്‍ക്കുന്നുണ്ട്. അവള്‍ അകത്തുകടന്നു നോക്കി. പ്രതീക്ഷിച്ചപോലെതന്നെ ആള്‍ ആട്ടുകട്ടിലിലുണ്ട്, കയ്യിലൊരു മാസികയും.
“വാ മുത്തേ! ഇരിക്ക്.” അവര്‍ അതേ മഞ്ചത്തില്‍ കൈകൊണ്ടുതട്ടിയിട്ട് കുറച്ചു നീങ്ങിക്കിടന്നു.. “ഹോ! ഒരോരുത്തരവരുടെ വായില്‍ത്തോന്നിയതൊക്കെയാ ഇപ്പോള്‍ എഴുതിപ്പടച്ചു വിടുന്നത്. ഒറ്റക്ഷരം വായിക്കാന്‍ കൊള്ളില്ല”. തന്നോടെന്നപോലെ പറഞ്ഞുകൊണ്ടവര്‍ മാസിക ദൂരേയ്ക്കിട്ടിട്ട് സീതയെ തന്‍റെ അടുത്തിരിക്കാന്‍ ക്ഷണിച്ചു.
സീത ഒരരികിലായി ഒതുങ്ങി ഇരുന്നു, മന്ദമിളകുന്ന ഊഞ്ഞാലില്‍ ഉലഞ്ഞ ശരീരവും മനസ്സുമായി നേര്‍ത്തൊരു സുഖാനുഭൂതിയില്‍ ലയിച്ച്.
നീ വല്ലതും കഴിച്ചോ മുത്തേ?
കാലത്ത് പഴേന്‍ ഉണ്ടായിരുന്നത് കുടിച്ചമ്പ്രാട്ടീ!
“ദേ, ഞാന്‍ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ വിളിക്കല്ലെന്ന്. നമ്മള്‍ രണ്ടും മാത്രമുള്ളപ്പോഴെങ്കിലും നിനക്കിതൊഴിവാക്കിക്കൂടെ?” അതിലെ പരിഭവച്ചുവ സീതയില്‍ കുസൃതി ജനിപ്പിച്ചു.
ശരി അമ്മത്തമ്പ്രാട്ടീ! അവള്‍ പറഞ്ഞു. ഒപ്പം രണ്ടാള്‍ക്കും ചിരിപൊട്ടി. ചിരിയുടെ അലയടങ്ങിയപ്പോള്‍ സീതയുടെ മുഖം ഗൗരവം പൂണ്ടു.
മ്! ന്താ, പെട്ടെന്നൊരു ഗൗരവം? എന്തുപറ്റി? വിശേഷം വല്ലതുമുണ്ടോ നിനക്ക് പറയാന്‍?
ഞാനൊരൂട്ടം ചോദിക്കട്ടെ?
“ഒന്നാക്കണ്ട, ഇഷ്ടംപോലെ ചോദിച്ചോ. അറിയവുന്നതാണേല്‍ പറഞ്ഞുതരാം.”
“ഒരിക്കല്‍ ഞാന്‍ ഇത് ചോദിച്ചതാ. മ്പ്രാട്ടിയമ്മ മിണ്ടിയില്ല. ഇപ്പോള്‍ ഒന്നൂടെ ചോദിക്കുവാ. ന്‍റെ അപ്പേമമ്മേം തമ്മില്‍ ന്താ പ്രശ്നം? അറിയാമെങ്കില്‍ എന്നോട് പറ.”
ഞാനെങ്ങനെ അറിയും കുട്ടീ? അല്‍പനേരം മൗനിയായിരുന്നിട്ടു സീതയുടെ മുഖത്തേയ്ക്കവരൊന്നു പാളി നോക്കി. അവളുടെ വാടിയ മുഖം കണ്ട് വിഷമം തോന്നിയിട്ട് അവര്‍ തന്നെ പരിഹാരവും നിര്‍ദ്ദേശിച്ചു.. “നീ നിന്‍റെ അമ്മയോട് തന്നെ ചോദിച്ചു നോക്ക്. അവര്‍ക്കല്ലേ അക്കാര്യം വ്യക്തമായിട്ടറിയുന്നത്, ങേ?”
അതില്‍ കാര്യമുണ്ടെന്ന് സീതയ്ക്ക് തോന്നി.
പക്ഷേ അമ്മ പറയില്ലല്ലോ? അതല്ലേ തമ്പ്രാട്ടിയോടു ചോദിച്ചേ? അവര്‍ പിന്നെയും മൗനം ദീക്ഷിച്ചു. സീത ആ വിഷയം വിട്ടുകളഞ്ഞു.
“ന്നാ അത് പോട്ടെ , ഞാനെന്താ ഇങ്ങനെ മറ്റുള്ളവരെപ്പോലെയല്ലാതെ ഇത്രയും വെളുത്തിരിക്കുന്നതെന്ന് മ്പ്രാട്ടിക്ക് പറയാമോ? വലിയ വായനയും അറിവുമുള്ളയാളല്ലേ?” സീത വാക്കില്‍ സ്നേഹാദരങ്ങള്‍ നിറച്ചവരെയൊന്നു പ്രസാദിപ്പിച്ചുകൊണ്ട് നേരമ്പോക്ക് പോലെ ചോദിച്ചു.
“അതോ? അത് നീ ദേവലോകത്തുനിന്നു ഭൂമിയിലേയ്ക്ക് നേരിട്ടിറങ്ങിവന്ന സ്വര്‍ലോകസുന്ദരിയായതുകൊണ്ട്.” അവര്‍ പുഞ്ചിരിച്ചു
ഒന്നുപോ തമ്പ്രാട്ടീ.. കളിപറയാതെ! സീത കൊഞ്ചിക്കൊണ്ട് ചിണുങ്ങി.
ഞാനൊരു കഥ നിന്നോട് പറയാം, കേട്ടോളു..
ഒരിക്കല്‍ ദേവലോകത്ത് ഒരു യാഗം നടക്കുകയായിരുന്നു. അപ്പോള്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുടങ്ങളും മറ്റുള്ള പാത്രങ്ങളും തികയാതെ വന്നു. ദേവന്മാര്‍ പോയി പരമശിവനോട് സങ്കടമുണര്‍ത്തിച്ചു. ശിവന്‍ തന്‍റെ ജടയില്‍ നിന്ന് ഒരുപിടി മുടി പറിച്ചെടുത്തു തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു. എന്നിട്ടയാള്‍ക്ക് മണ്ണ് കുഴച്ചു പാത്രങ്ങളുണ്ടാക്കാനുള്ള വരവും കൊടുത്തു. തുടര്‍ന്ന് മണ്ണും ജലവും ലഭിക്കാന്‍ ശിരസ്സിലെ ഗംഗാജലം നല്‍കി. ഇനിവേണ്ടത് ചക്രം. അതിനായി തന്‍റെ സുദര്‍ശനചക്രവും കൊടുത്തു. അപ്പോള്‍പ്പിന്നെ തിരിയ്ക്കാനുള്ള കോല് വേണ്ടേ? കോലിനായി കയ്യിലിരുന്ന ത്രിശൂലവും കൊടുത്തു. ഇനി ചക്രത്തില്‍ നിന്ന് പാത്രം വേര്‍പ്പെടുത്താന്‍ നൂലോ ചരടോ വേണമല്ലോ? അതിന് പൂണൂലു മതിയെന്ന് തീരുമാനിച്ചു.. സാക്ഷാല്‍ ഭഗവാന്‍ തന്നെ പിന്നീട് ഗംഗയില്‍ കൈനനച്ച് പാത്രത്തിന്‍റെ ചുവടു മൂടി. പച്ചക്കളിമണ്ണിന്‍റെ കുംഭം നോക്കി ശിവന്‍ പറഞ്ഞു.
ചുടു കുശവാ!
അവനത് ചൂളയില്‍ വച്ച് ചുട്ടെടുത്തു. പില്ക്കാലത്തവന്‍ കുശവന്‍ എന്ന പേരിലറിയപ്പെട്ടു. അങ്ങനെ ദേവലോകത്തുനിന്നു വന്നവരാണ് ഈ കുശവന്മാര്‍. ചൂളയുടെയും ജലത്തിന്‍റെയും സാന്നിധ്യമുള്ളിടത്താണ് ഇക്കൂട്ടര്‍ അധിവാസമുറപ്പിക്കുന്നത്. നമുക്കുമുണ്ടല്ലോ അല്ലേ ഒരു പാര്‍വ്വതീപുത്തനാറ്.? ഒന്ന് നിര്‍ത്തിയിട്ടവര്‍ തുടര്‍ന്നു..
അങ്ങനെയിരിക്കുമ്പോഴാണ് ആ കുലത്തില്‍ വെളുത്ത ഒന്നിരിക്കട്ടെ എന്ന് ശിവഭഗവാന് തോന്നിയത്. അദ്ദേഹം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട് യാചിച്ചു. മനസ്സലിഞ്ഞ ബ്രഹ്മദേവനപ്പോള്‍ത്തന്നെ നിന്നെ സൃഷ്ടിച്ചു. അങ്ങനെ നീ ഭൂജാതയായി. ഇപ്പോള്‍ മനസ്സിലായോ? ഇനി നിനക്ക് സംശയമില്ലല്ലോ! മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്ന സീത ചോദ്യം കേട്ട് മുഖം വീര്‍പ്പിച്ച് തൃപ്തി വരാത്ത മട്ടില്‍ പിണങ്ങിയിരുന്നു. സീതയുടെ മട്ടും ഭാവവും തമ്പുരാട്ടിയില്‍ കുസൃതി ജനിപ്പിച്ചു.
എന്നാല്‍ ഇതൂടെ കേട്ടോളു!
പലപേരില്‍ പലയിടത്തായി വ്യാപിച്ചു കിടക്കുന്ന ഗോത്രവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കുശവര്‍. വടക്കവരെ കുംഭാരര്‍ എന്ന് അറിയപ്പെടുന്നു. നിന്‍റെയമ്മ വടക്കുള്ള കുംഭാരസമുദായത്തില്‍ നിന്ന് വന്നതല്ലേ? ആ പരമ്പരയില്‍ വെളുത്തവരുണ്ടാവാം. അവര്‍ക്ക് തീണ്ടലും തൊടീലുമൊന്നുമില്ല. ഏതു മഹാസഭയിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം എന്നാണ് കേള്‍ക്കുന്നത്. അവര്‍ പറയുന്ന കുമ്മറ ഭാഷയ്ക്ക് ലിപിയില്ല. അചാരാനുഷ്ഠാനങ്ങള്‍ക്കും പൂജാവിധികള്‍ക്കും വ്യത്യാസമുണ്ട്. പൂജാരിമാര്‍ സാത്വികരാണ്. കുംഭാരര്‍ സസ്യഭുക്കുകളാണെന്നു തോന്നുന്നു. ഇപ്പോള്‍ മാംസം ഭക്ഷിക്കുമോ എന്തോ? അതറിയില്ല. അത് നിന്‍റെ അമ്മോട് ചോദിച്ചാല്‍ കൃത്യമായറിയാം. അല്ലെങ്കില്‍ നിന്‍റെയാ മുറച്ചെറുക്കനില്ലേ? നീ വിച്ചുവെന്നോ മറ്റോ വിളിക്കുന്നവന്‍. അവനോട് ചോദിച്ചാലറിയാം.
സീത മുഖം ചുളിച്ചു. അവള്‍ക്കറിയേണ്ടത് അതായിരുന്നില്ല. അവളതു കാര്യമായിട്ടെടുത്തുമില്ല.
“ഇക്കാരണത്താലാണോ മ്പ്രാട്ടി എന്നെ നാലുകെട്ടിലും അകത്തളത്തിലുമൊക്കെ കടന്നുവരാന്‍ അനുവദിക്കുന്നത്?” സീത അവരുടെ ഉള്ളിലേയ്ക്കുള്ള വഴിയ്ക്ക് തുരങ്കമിടുകയായിരുന്നു
“അതെ.! അത് മാത്രമല്ല....” അവര്‍ അവളെ വാത്സല്യത്തോടെ ഒന്നു നോക്കി, എന്നിട്ട് ബാക്കി പറയാന്‍വന്നതപ്പാടെ വിഴുങ്ങി.
ന്താമ്മേ? കാര്യം കാണാന്‍ സീതയിപ്പോള്‍ ആ അടവെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. .. അമ്മേ! എന്ന വിളിയില്‍ അവര്‍ വീണുപോയേക്കുമെന്നു സീതയ്ക്ക് തോന്നി.
“ഏയ് ഒന്നുമില്ല. നീ ഒരു നല്ല കുട്ടിയല്ലേ എന്ന് പറയാന്‍ വന്നതാ.” അവര്‍ ഒഴിഞ്ഞുമാറി.
തുടരും....
Read More: https://www.emalayalee.com/writer/318