
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളുടെ പരസ്യപ്രചാരണം അവസാനിച്ചു. റോഡ് ഷോയും റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തെരുവുകള്‍ കളറാക്കി. അത്യാവേശത്തിന്റെ കടലിരമ്പം തീര്‍ത്തക കൊട്ടിക്കലാശത്തില്‍ സംസ്ഥാന-ദേശീയ നേതാക്കളെ രംഗത്തിറക്കി ന്നണികള്‍ ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. പരസ്യ പ്രചാരണത്തിന്റെ അവസാന ലാപ്പിലും സംസ്ഥാനത്തൊട്ടാകെ ആവേശം അലതല്ലി. പൂരത്തിന് സമാനമായി ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി വിവിധ മുന്നണികള്‍ കലാശക്കൊട്ട് ഗംഭീരമാക്കി. നഗരവീഥികളെല്ലാം തന്നെ പാര്‍ട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും നിറഞ്ഞിരുന്നു.
നാളെ ബുധനാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞാണ് വോട്ടര്‍മാര്‍ 9-ാം തീയതി പോളിംഗ് ബൂത്തില്‍ എത്തുക. അന്ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പ്രചരണത്തിന് ദിവസം കുറവായിരുന്നതിനാല്‍ ഇനിയുള്ള നിശബ്ദ പ്രചാരണ മണിക്കൂറുകളില്‍ ഊണും ഉറക്കവുപേക്ഷിച്ച് പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. എല്ലാ കക്ഷികളും സ്ലിപ്പ് വിതരണമടക്കമുള്ളവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
പത്ത് വര്‍ഷത്തിന് ശേഷമാണ്, അതായത് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനു ശേഷം ഇതാദ്യമായാണ് കേരളം ഒരു കൊട്ടിക്കലാശത്തിന് സാക്ഷ്യം വഹിച്ചത്. 2021-ലെ തിരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശം ഇലക്ഷന്‍ കമ്മീഷന്‍ നിരോധിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വലിയ തോതിലുള്ള ആള്‍ക്കൂട്ടം പരമാവധി നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ആ നിരോധനം. ഇന്ന് വൈകിട്ട് ആറ് മണിക്ക് ശേഷം പോളിങ് ദിനമായ 9-ാം തീയതി വൈകിട്ട് ആറുമണിവരെ നിശ്ശബ്ദ പ്രചാരണമേ അനുവദിക്കുകയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ള കാലയളവാണിത്. 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 126-1 (ബി) പ്രകാരം 48 മണിക്കൂര്‍ ആണ് നിശ്ശബ്ദ പ്രചാരണ കാലയളവ്.
കേരളം ഇനിയാര് ഭരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ വികസന കുതിപ്പ് എണ്ണിപ്പറഞ്ഞുകൊണ്ട് വോട്ട് നേടുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് കലാശക്കൊട്ടില്‍ ആരവമുയര്‍ത്തിയത്. കേരളത്തിലെ തങ്ങളുടെ അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എന്നാല്‍ ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കളം നിറഞ്ഞാടിയത്. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ആകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാല്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തിന്റെയും അഴിമതികളും മറ്റ് പ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് കറുത്ത കുതിരകളാകുമെന്നാണ് ബി.ജെ.പിയുടെ വാദം.
ഇക്കുറിയെങ്കിലും വന്‍ ഭൂരിപക്ഷത്തോട് കൂട് വടക്കന്‍ ജില്ലകളിലടക്കം അക്കൗണ്ട് തുറക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ കലാശക്കൊട്ടിന് ഇറങ്ങിയത്. കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും അണിനിരത്തി വലിയ മുന്നേറ്റമാണ് എന്‍.ഡി.എ ഇത്തവണ കേരളത്തില്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ആവേശം പകര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യു.ഡി.എഫിനായി സംസ്ഥാനത്തുടനീളം റോഡ് ഷോകളില്‍ പങ്കെടുത്തു.
പ്രചാരണ കാലയളവ് അവസാനിച്ചതോടെ നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവക്ക് വിലക്കുണ്ട്. 48 മണിക്കൂര്‍ നേരത്തേയ്ക്ക് ബാറുകളും അടച്ചു. വിദേശമദ്യ ചില്ലറ വില്‍പന ശാലകളും ബാറുകളും കള്ളുഷാപ്പുകളും അടവ് ആയിരിക്കും. തിരഞ്ഞെടുപ്പ് ദിവസമോ, തലേന്നോ തുടങ്ങി അനിഷ്ട സംഭവങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പ് കാലത്തെ മദ്യനിരോധനം.
തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഇതിന് സാധുവാകുന്ന ഉത്തരവ്. മാത്രമല്ല വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചുറ്റും മദ്യ വില്‍പ്പന പ്രത്യേകം നിരീക്ഷിക്കും. ഹോട്ടലുകള്‍, കടകള്‍, പൊതു ഇടങ്ങള്‍ ഇവിടങ്ങളില്‍ ഒന്നും മദ്യവില്‍പ്പന അനുവദിക്കില്ല. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടിയും ഒപ്പം പിഴയും നല്‍കണം. വോട്ടെണ്ണല്‍ ദിവസമായ മെയ്-4 ഉം സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുന്ന ദിവസങ്ങളില്‍ ഒന്നാണ്. ഇതോടെ കേരളത്തില്‍ ഇത്തവണ ബെവ്‌കോ അവധി എല്ലാ മാസത്തേയും ഡ്രൈ ഡേ കൂടാതെ 3 ആയി. ദുഖ വെള്ളിയും ബെവ്‌കോ ഷോപ്പുകളും, ത്രിവേണി സ്റ്റോറുകളും അടഞ്ഞു കിടന്നിരുന്നു. മെയ് മാസത്തിലും 2 അവധി തന്നെ പ്രതീക്ഷിക്കാം. മെയ്-1ന്റെ ഡ്രൈ ഡേ കൂടാതെ മെയ്-4 വോട്ടെണ്ണല്‍ ദിനത്തിലും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും.
രാഷ്ട്രീയ അജണ്ടകളും വിവാദങ്ങളും നിറഞ്ഞുനിന്ന പ്രചാരണ രംഗം ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രചാരണ ദിവസങ്ങള്‍ കുറവായിരുന്നെങ്കിലും വിവാദങ്ങള്‍ ജനമധ്യത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചു. അവസാനഘട്ടത്തില്‍ താരപ്രചാരകരും എത്തിയത് മുന്നണി ക്യാമ്പുകളില്‍ ഉണര്‍വുണ്ടാക്കി. മൊത്തം 2,71,42,952 വോട്ടര്‍മാരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്. 883 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 24 അധിക ബൂത്തുകള്‍ ഉള്‍പ്പെടെ 3095 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. 2040 പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. 352 ബൂത്തുകള്‍ വനിതാ ബൂത്തുകളാണ്. സംസ്ഥാനത്ത് 97 ശതമാനം ഹോം വോട്ടിങ് പൂര്‍ത്തിയായി. അത്യാവശ്യ സര്‍വീസ് ചെയ്യുന്നവരുടെ 95 ശതമാനം വോട്ടിങ് പൂര്‍ത്തിയായി. പോളിംഗ് ഉദ്യോഗസ്ഥരുടെ 40 ശതമാനം വോട്ടിങ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട 8.6 ലക്ഷം പരാതികള്‍ സംസ്ഥാനത്തുടനീളം ലഭിച്ചിട്ടുണ്ട്. 2600 പേരെ വിവിധ ജില്ലകളിലായി കരുതല്‍ തടങ്കലിലാക്കി. സമൂഹ മാധ്യമങ്ങളില്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3587 സമൂഹ മാധ്യമ ലിങ്കുകള്‍ നീക്കം ചെയ്തു. ക്രമസമാധാന പാലനത്തിനായി 160 ടീം കേന്ദ്രസേന കേരളത്തിലെത്തി. 25,000 ത്തിലധികം സംസ്ഥാന പൊലീസ് സേനാംഗങ്ങളും ഡ്യൂട്ടിയിലുണ്ട്. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണുള്ളത്. വോട്ട് രേഖപ്പെടുത്തുന്നത് ആഘോഷമാക്കി മാറ്റാനുള്ള പരിപാടികള്‍ കമ്മിഷന്‍ സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓപീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
നിശബ്ദ പ്രചാരണവേളയില്‍ സ്ഥാനാര്‍ഥികള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് ഖേല്‍ക്കര്‍ പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കും മാധ്യമങ്ങള്‍ക്കും ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കും. മുന്‍പ് ഇത്തരത്തിലുള്ള കര്‍ശന വിലക്ക് ഉണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു രത്തന്‍ യു ഖേല്‍ക്കറുടെ മറുപടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയാനായി വാര്‍ത്താസമ്മേളനം വിളിക്കുന്നതിനും വിലക്കുണ്ട്. ഇന്ന് വൈകിട്ട് ആറുമുതല്‍ വോട്ടെടുപ്പു നടക്കുന്ന ഒന്‍പതാം തീയതി വരെയാണ് വിലക്ക്. ലംഘിച്ചാല്‍ ആര്‍പി ആക്ട് 126 അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടിയെടുക്കുമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിലെല്ലാം ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമാണ് ദൃശ്യമാകുന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കൊല്ലം, കാസര്‍കോട്, തുടങ്ങിയ ജില്ലകളില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എല്‍.ഡി.എഫ് തുടരുമോ..? യു.ഡി.എഫ് ഭരണം പിടിക്കുമോ..? എന്‍.ഡി.എ അട്ടിമറി വിജയം നേടുമോ..? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ 24 ദിവസത്തെ കാത്തിരിപ്പ്, മെയ് നാലിന് കേരളം ആര് ഭരിക്കുമെന്ന് അറിയാം.