Image

സി.പി.എം സഹായത്തോടെ എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിക്കുന്നു, അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; ഹൈക്കോടതിയെ സമീപിച്ച് ജി. സുധാകരൻ

Published on 07 April, 2026
സി.പി.എം സഹായത്തോടെ എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിക്കുന്നു, അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; ഹൈക്കോടതിയെ സമീപിച്ച് ജി. സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. സി.പി.എം സഹായത്തോടെ എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സി.പി.എം വിട്ട് ഇത്തവണ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ജി. സുധാകരൻ.

​സി.പി.എം-എസ്.ഡി.പി.ഐ നേതാക്കൾ ഒത്തുചേർന്ന് വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും പരസ്യമായി ആവശ്യപ്പെടുന്നുണ്ടെന്നും വോട്ടർമാരെ തടയാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് അദ്ദേഹം കോടതിയിൽ ഹർജി നൽകിയത്.

​തനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ശാരീരികമായി ആക്രമിക്കാൻ നീക്കമുണ്ടെന്നും സുധാകരൻ പരാതിപ്പെട്ടു. തന്റെ ഡ്രൈവർ പ്രദീപിന് വധഭീഷണിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

​സംഭവത്തിൽ സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർക്കും അമ്പലപ്പുഴ ഡി.വൈ.എസ്.പിക്കും സുധാകരൻ പരാതി നൽകിയിട്ടുണ്ട്. ജി. സുധാകരന്റെ പരാതി ലഭിച്ചതായും സുരക്ഷാ കാര്യങ്ങൾ പരിശോധിക്കുമെന്നും ആലപ്പുഴ എസ്.പി മോഹനചന്ദ്രൻ അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമ്പലപ്പുഴയിൽ മുൻ മുതിർന്ന നേതാവ് തന്നെ പാർട്ടിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക