
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ "ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട്" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'ജനവിധി 2026 മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കവെ, രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വികസന നേട്ടങ്ങളെച്ചൊല്ലി ഇരു മുഖ്യമന്ത്രിമാരും തമ്മിൽ കുറച്ചുദിവസങ്ങളായി വാക്പോര് നിലനിൽക്കുന്നുണ്ട്. ഇതിനിടെ, കഴിഞ്ഞ തിങ്കളാഴ്ച രേവന്ത് റെഡ്ഡി പിണറായി വിജയന് അയച്ച കത്താണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. പിണറായി വിജയൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയ കത്ത്, 'നരസിംഹം' സിനിമയിലെ പ്രശസ്തമായ ഡയലോഗിനെ അനുകരിച്ച് 'നീ പോ മോനേ വിജയാ' എന്ന പരാമർശത്തോടെയാണ് രേവന്ത് അവസാനിപ്പിച്ചത്. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ പാലിക്കേണ്ട കുറഞ്ഞ പക്ഷം മര്യാദകളുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. രേവന്ത് റെഡ്ഡിയുടെ ഇടപെടലുകൾ ആ പദവിക്ക് ചേർന്നതാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. രേവന്ത് റെഡ്ഡി കേരളത്തിൽ വന്ന് പറഞ്ഞ കാര്യങ്ങൾക്കും കത്തിലെ ഉള്ളടക്കത്തിനും ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ കൃത്യമായ മറുപടി പരസ്യമായി തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ മൂന്നിന് എക്സ് (ട്വിറ്റർ) സന്ദേശത്തിലൂടെ പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് രേവന്ത് റെഡ്ഡി തന്റെ കത്തിൽ വാദിച്ചിരുന്നു. എന്നാൽ തെലങ്കാന മുഖ്യമന്ത്രിയുടെ ഈ നിലപാടുകൾ രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നതാണെന്ന നിലപാടിലാണ് സി.പി.ഐ.എം നേതൃത്വം. തിരഞ്ഞെടുപ്പ് ചൂടിനിടയിൽ രണ്ട് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ വാക്പോര് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്.