Image

കുമ്പനാട്: നിശബ്ദമാകുന്ന ഗ്രാമവും വാർധക്യത്തിലേറുന്ന കേരളവും (ജെറി പൂവക്കാല)

Published on 07 April, 2026
കുമ്പനാട്: നിശബ്ദമാകുന്ന ഗ്രാമവും വാർധക്യത്തിലേറുന്ന കേരളവും (ജെറി പൂവക്കാല)

ഭാരതം ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് ആകുലപ്പെടുമ്പോൾ, പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന കൊച്ചു ഗ്രാമം ലോകത്തിന് മുന്നിൽ ഒരു വിസ്മയവും ഒപ്പം ഒരു മുന്നറിയിപ്പുമായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബിബിസി ഉൾപ്പടെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്നും 7 കിലോമീറ്റർ. സമൃദ്ധമായ പച്ചപ്പിനും വലിയ മാളികകൾക്കും ഇടയിൽ ഈ ഗ്രാമം ഇന്ന് നിശബ്ദമാണ്. യുവത്വം മറുനാടുകളിലേക്ക് ചേക്കേറുകയും ജനനനിരക്ക് കുറയുകയും ചെയ്തതോടെ കുമ്പനാട് ഇന്ന് വാർധക്യത്തിന്റെ നിഴലിലാണ്.

ഒഴിഞ്ഞുപോയ ക്ലാസ് മുറികൾ

ഒരുകാലത്ത് കുട്ടികളുടെ ശബ്ദത്താൽ മുഖരിതമായിരുന്ന ഇവിടുത്തെ 150 വർഷം പഴക്കമുള്ള സർക്കാർ സ്കൂൾ ഇന്ന് നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണ്. 1980-കളിൽ 700-ഓളം കുട്ടികൾ പഠിച്ചിരുന്ന ഇവിടെ ഇന്ന് കേവലം 50 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. സ്കൂളിൽ കുട്ടികളെ എത്തിക്കാൻ അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് ഓട്ടോറിക്ഷാ കൂലി നൽകേണ്ടി വരുന്നത് ഇവിടുത്തെ ജനസംഖ്യാ തകർച്ചയുടെ നേർചിത്രമാണ്.

പൂട്ടിയിട്ട വീടുകളും ഏകന്തതയും

കുമ്പനാട്ടെ ഏകദേശം 11,000 വീടുകളിൽ 30 ശതമാനത്തോളം പൂട്ടിക്കിടക്കുകയാണ്. വിദേശരാജ്യങ്ങളിൽ പടുത്തുയർത്തിയ സമ്പാദ്യം കൊണ്ട് നാട്ടിൽ വലിയ മാളികകൾ പണിതവർക്ക് ഇന്ന് അവിടെ താമസിക്കാൻ മക്കളില്ല. 12 മുറികളുള്ള വലിയ വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന 74-കാരിയായ അന്നമ്മ ജേക്കബിനെപ്പോലെയുള്ളവർ ഈ ഗ്രാമത്തിന്റെ പ്രതീകമാണ്. മക്കൾ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും സ്ഥിരതാമസമാക്കിയതോടെ പ്രായമായവർ മാത്രം അവശേഷിക്കുന്ന ഒരിടമായി ഈ ഗ്രാമം മാറി.

സാമൂഹിക മാറ്റത്തിന്റെ സൂചനകൾ

കുമ്പനാടിന്റെ തെരുവുകളിൽ ഇന്ന് കാണാവുന്നത് ഒട്ടനവധി ഡയഗ്നോസ്റ്റിക് സെന്ററുകളും വൃദ്ധസദനങ്ങളുമാണ്. ഇവിടുത്തെ ക്ലിനിക്കുകളിൽ തിരക്കേറുന്നത് പ്രായമായവരാലാണ്. ഗ്രാമത്തിലെ മറ്റൊരു വലിയ പ്രതിസന്ധി തൊഴിൽക്ഷാമമാണ്. കൃഷിപ്പണിക്കോ ഓഫീസ് ജോലിക്കോ പോലും ആളുകളെ കിട്ടാനില്ലാത്ത അവസ്ഥ. തോട്ടത്തിൽ ജോലി ചെയ്യാൻ തൊഴിലാളികളെ കിട്ടാത്തതിനാൽ 64-കാരനായ ചാക്കോ മാമ്മനെപ്പോലെയുള്ളവർക്ക് രോഗാതുരമായ അവസ്ഥയിലും സ്വന്തമായി പണിയെടുക്കേണ്ടി വരുന്നു.

പോലീസിന്റെ പുതിയ ഉത്തരവാദിത്തം

കുറ്റകൃത്യങ്ങൾ തീരെ കുറവായ ഈ ഗ്രാമത്തിൽ പോലീസിന്റെ പ്രധാന ജോലി ക്രമസമാധാന പാലനമല്ല, മറിച്ച് മുതിർന്ന പൗരന്മാരുടെ ക്ഷേമം അന്വേഷിക്കലാണ്. തനിച്ചു താമസിക്കുന്ന 160-ഓളം രോഗികളായ വയോധികരെ പോലീസ് കൃത്യമായി സന്ദർശിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ അയൽവാസികളെ അറിയിക്കാൻ ഇവർക്ക് പ്രത്യേക അലാറം സംവിധാനങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.

കുമ്പനാട് ഒരു തകർച്ചയിലല്ല, മറിച്ച് നിശ്ചലാവസ്ഥയിലാണ്. വീടുകൾ കൃത്യമായി പെയിന്റ് ചെയ്തും പരിസരം വൃത്തിയാക്കിയും അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വരവിനായി കാത്തിരിക്കുന്നു. എന്നാൽ, കേരളത്തിലെ ജനനനിരക്കിലെ കുറവും കുടിയേറ്റവും ഇത്തരത്തിലുള്ള 'വാർധക്യ ഗ്രാമങ്ങളെ' ഇനിയും സൃഷ്ടിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. കുമ്പനാട് നമുക്ക് നൽകുന്ന പാഠം വികസനത്തോടൊപ്പം ജനസംഖ്യാപരമായ മാറ്റങ്ങളെയും നാം കരുതിയിരിക്കണം എന്നതാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക