Image

യുദ്ധവും സമാധാനവും (കവിത, മിനി സുരേഷ്)

Published on 06 April, 2026
യുദ്ധവും സമാധാനവും (കവിത, മിനി സുരേഷ്)

 

അനാദികാലാന്തരങ്ങളായ് ഉദിതമായൊരു
അധർമമാഗ്നി ഭുവനം വിഴുങ്ങിടുന്നു
രണഭേരിയുടെ ഘോരനിനാദം മുഴക്കി
ഭൂതലമാകെ രണഭൂമിയായി മാറി

കാലത്തിൻ കരിനിഴൽപ്പടത്തിൽ മനുഷ്യർ
ചായം തേച്ചു വരയ്ക്കുന്ന രക്തചിത്രം യുദ്ധം
ചിതറിയ കബന്ധങ്ങളിൽ നിലവിളികളാൽ
രേഖിതമാമഹങ്കാരത്തിൻ ക്രൂര ചിത്രം

കത്തിയമരുന്ന നഗരങ്ങളുടെ ചാരമണലിൽ
തീനാമ്പുകൾ വിഴുങ്ങുന്നു സ്വപ്നങ്ങൾ
ശരവർഷവ്യാപ്തമാം ശോണമണ്ഡലം
ദിഗന്തം നടുക്കുന്ന ഘോരധ്വനികൾ

നശിത പാലങ്ങൾ ക്ഷീണിതാശകൾ
തകർന്ന വീടുകൾ മറന്നുപോയ ചിരികൾ
മാതൃഹൃദയവിങ്ങലുകൾ ബാലരോദനരവങ്ങൾ
അക്ഷരമാലകൾ ചിന്നഭിന്നമായി

ഭയതമസ്സിൽ മുങ്ങിയീ ലോകം
ജാതിയും മതവുമാരായാതെ
നദി പോലെ നിണമൊഴുകുന്നു
നിദ്രയില്ല നാളെയെന്നൊരുറപ്പുമില്ല

ഇവിടെയാർ ജയിച്ചു ? തോറ്റവരത്രേ എല്ലാവരും
വിജയപതാകയിലും വിലാപമലയുന്നു
അരങ്ങിൽ വാഴുമഹങ്കാരാഗ്നി ശമിച്ചീടും വേളയിൽ 

കരുണാരസമായി ഹൃദയങ്ങളുണരട്ടെ

കരങ്ങൾ കോർത്തു മനുഷ്യർ ഒന്നായി ചേരട്ടേ
രണഘോഷം മാഞ്ഞിടും ലോകം
പ്രശാന്തിയിലേക്ക് ലയിച്ചിടട്ടെ
യുദ്ധമല്ല സമാധാനമേ ശാശ്വതാവശ്യം
മനുഷ്യൻ മനുഷ്യനായി പുനർജനിക്കട്ടെ

Join WhatsApp News
Sunil 2026-04-06 19:01:35
Mini Suresh, for some people, war is peace. Hell is heaven.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക