
ദേവസ്വം ബോര്‍ഡ് മുന്‍ മന്ത്രിയും സി.പി.എമ്മിന്റെ പരുക്കന്‍ സഖാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ എതിരാളികളായ കോണ്‍ഗ്രസിന്റെ ടി ശരത്ചന്ദ്ര പ്രസാദിനും ബി.ജെ.പിയുടെ വി മുരളീധരനും പ്രചാരണ വിഷയത്തിന്റെ കാര്യത്തില്‍ ഒട്ടും ദാരിദ്ര്യമില്ല. ശബരിമല സ്വര്‍ണക്കൊള്ള ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ കഴക്കൂട്ടം. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് സി.പി.എമ്മിന്റെയും ശക്തികേന്ദ്രമായ കഴക്കൂട്ടം മണ്ഡലം ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലമാണ്. കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ച കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയത് ബി.െജ.പിയായിരുന്നു.
കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കുമെന്നാണ് ശരത് ചന്ദ്ര പ്രസാദ് പരിഹസിക്കുന്നത്. കഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍. കഴക്കൂട്ടത്ത് മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള നടന്നത് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണെന്നാണ് ആരോപണം. കടകംപള്ളിക്കെതിരെ നേരത്തെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വാക്കുകള്‍. കഴക്കൂട്ടം മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്. എന്‍.ഡി.എയ്ക്കായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരനാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ഒന്നാമതെത്തിയത് ബി.ജെ.പിയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ശബരിമല തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. മറ്റിടങ്ങളില്‍ യു.ഡി.എഫ് ആണ് ശബരിമല സ്വര്‍ണക്കൊള്ള പ്രചാരണായുധമാക്കുന്നതെങ്കില്‍ കഴക്കൂട്ടത്ത് ഈ വിഷയം ഓരോ ദിവസവും കത്തിക്കുകയാണ് ബി.ജെ.പി. ശബരിമല വിനോദ സഞ്ചാര കേന്ദ്രമാക്കിയതും പൊറോട്ടയും ബീഫും നല്‍കി യുവതികളെ മലകയറ്റി ആചാരലംഘനത്തിന് ശ്രമിച്ചതുമൊക്കെയാണ് ബി ജെ പിയുടെ പ്രചാരണ ആയുധങ്ങള്‍.
സ്വര്‍ണ കൊള്ളക്കേസില്‍ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രവും എസ്.ഐ.ടിയുടെ ചോദ്യംചെയ്യലുമൊക്കെ പ്രചാരണത്തില്‍ നിറയുന്നു. ശബരിമല യുവതീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള സമരങ്ങളും സംഘര്‍ഷവുമെല്ലാം തിളച്ചുമറിഞ്ഞ കാലത്ത് കഴക്കൂട്ടം എം.എല്‍.എയും ദേവസ്വം മന്ത്രിയുമായിരുന്നു കടകംപള്ളി എന്നതാണ് ശ്രദ്ധേയം. എന്നാലും 2021-ലെ അഗ്‌നിപരീക്ഷ വിജയിച്ച് കഴക്കൂട്ടം നിലനിര്‍ത്താനായി എന്നതിനാല്‍ നിലവിലെ പ്രതിസന്ധിഘട്ടവും കടക്കാനാവുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. സ്ത്രീകളടക്കമുള്ള വോട്ടര്‍മാരില്‍ ശബരിമല ഒരു വികാരമായി മണ്ഡലത്തില്‍ മാറിയിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 28 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കഴക്കൂട്ടം. ഇതില്‍ 14 വാര്‍ഡുകള്‍ നേടി തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. പക്ഷേ, പത്തിടത്ത് വിജയിച്ച എല്‍.ഡി.എഫിനാണ് വോട്ടുകളില്‍ മുന്‍തൂക്കം. 42,691 വോട്ടാണ് അവര്‍ നേടിയത്. വാര്‍ഡുകളില്‍ മേല്‍ക്കൈയുള്ള ബി.ജെ.പി 40582 വോട്ടുമായി രണ്ടാംസ്ഥാനത്തുണ്ട്. ഹിന്ദുവോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഭൂരിപക്ഷമെങ്കിലും ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകളും നിര്‍ണായകമാണ്. ടെക്‌നോപാര്‍ക്കും മറ്റ് ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങളുമൊക്കെയായി കഴക്കൂട്ടം തലസ്ഥാനത്തെ ഉപഗ്രഹ നഗരമായി മാറിയിരിക്കുകയാണ്. ഐ.ടി. സ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ജോലി നോക്കുന്നെന്നാണ് കണക്ക്. ഇവരില്‍ മറ്റുസ്ഥലങ്ങളില്‍ നിന്നെത്തി സ്ഥിരതാമസമാക്കിയവരുമുണ്ട്.
2011-ല്‍ കോണ്‍ഗ്രസിലെ എം.എ വാഹിദ് 2196 വോട്ടിന് വിജയിച്ച മണ്ഡലം 2016-ല്‍ കടകംപള്ളി സുരേന്ദ്രന്‍ 7,347 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടിച്ചെടുത്തത്. വി മുരളീധരന് 42,732 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കടകംപള്ളിക്ക് 50,079 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന്‍ 63,690 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പോള്‍ ചെയ്ത വോട്ടുകളുടെ 46.04 ശതമാനം നേടി. 40,193 വോട്ടുകള്‍ അഥവാ 29.06 ശതമാനം നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനെ 23,497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാല്‍ 32,995 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി, 23.86 ശതമാനം.
ഒന്നാം പിണറായി സര്‍ക്കാരില്‍ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് മണ്ഡലത്തില്‍ ഭൂരിപക്ഷം മൂന്നിരട്ടിയാക്കി കടകംപള്ളി വിജയിച്ചത്. ഇത്തവണ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ വിജയം നേടാനാകുമെന്നാണ് കടകംപള്ളിയുടെ അത്മവിശ്വാസം. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി പിന്നിലാണെങ്കിലും ശബരിമല സ്വര്‍ണ്ണകൊള്ള ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ അവസാന നീക്കം. എംഎ വാഹിദിന്റെ വിജയത്തിന് ശേഷം ഇവിടെ കളം നിറയാന്‍ കോണ്‍ഗ്രസിനായില്ല.