Image

ഇറാൻ പാഠം പഠിക്കുന്നില്ല; അമേരിക്കൻ നിലപാട് അസ്ഥിരതക്ക് കാരണമാകുമോ? (വെള്ളാശേരി ജോസഫ്)

Published on 06 April, 2026
ഇറാൻ പാഠം പഠിക്കുന്നില്ല; അമേരിക്കൻ നിലപാട് അസ്ഥിരതക്ക് കാരണമാകുമോ? (വെള്ളാശേരി ജോസഫ്)

അമേരിക്കയുടെ ഡിഫെൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് ഒഴികെ അമേരിക്കൻ എസ്റ്റാബ്ലിഷ്മെൻറ്റിലുള്ള മിക്കവരും ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കണമെന്നുള്ള ആവശ്യക്കാരാണെന്നു തോന്നുന്നു. ഈ യുദ്ധം പെട്ടെന്ന് അവസാനിപ്പിച്ചിട്ട് കൂടുതൽ മൊബിലൈസേഷൻ നടത്തി ആറോ, എട്ടോ മാസം കഴിഞ്ഞതിനുശേഷമോ അതോ ഒരു വർഷം കഴിഞ്ഞോ അറബ് രാഷ്ട്രങ്ങളുടെ നെത്ര്വത്വത്തിൽ അവിടെ ഗ്രൗണ്ട് ട്രൂപ്സിനെ ഇറക്കുന്നതാണ് നല്ലത്. ഗ്രൗണ്ട് ട്രൂപ്സിനെ ഇറക്കാതെ ഇറാനിൽ യുദ്ധം ജയിക്കാനാവില്ല. പക്ഷെ ഗ്രൗണ്ട് ട്രൂപ്സ് ഇറങ്ങിക്കഴിഞ്ഞാൽ, അമേരിക്കൻ പട്ടാളക്കാരുടെ മരണനിരക്ക് കുത്തനെ ഉയരും. പ്രസിഡൻറ്റ് ട്രമ്പിൻറ്റെ ജനപ്രീതിയും അതോടെ അമേരിക്കയിൽ കുത്തനെ ഇടിയും. മറുവശത്ത് ഇറാൻ ഇപ്പോഴും കഴിഞ്ഞ ഡിസംബർ-ജാനുവരി പ്രതിഷേധത്തിൽ പങ്കെടുത്തവരെ വധശിക്ഷക്ക് വിധേയമാക്കുകയാണ്. ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളോ, ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങൾ എതിരായതോ ഒന്നും ഇറാനിയൻ മത നെത്ര്വത്വത്തെ ബാധിച്ചതിൻറ്റെ ഒരു സൂചനയും അവരുടെ പോളിസികളിൽ പ്രതിഫലിക്കുന്നില്ലാ.

ഇറാനിലുള്ള മത നെത്ര്വത്വത്തെ പോലെ തന്നെയുള്ള ഭരണകൂടങ്ങളാണ് പാക്കിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും ഉള്ളത്. മുൻ അമേരിക്കൻ പ്രസിഡൻറ്റ് ബാരക് ഒബാമ ഇറാന് 150 ബില്യൺ ഡോളർ നൽകിയെന്നും ആ പണം ഉപയോഗിച്ച് ഒരു തെരുവ് പോലും ഇറാൻ നിർമ്മിച്ചില്ലെന്നും സൗദിയിലെ സൽമാൻ രാജാവ് പറയുന്നുണ്ട്. നേരത്തെ ട്രമ്പും ഈ വിമർശനം ഉന്നയിച്ചിട്ടുണ്ട്. വൻതോതിൽ കാശ് കൊടുത്താണ് ഒബാമ ഇറാനുമായി സമാധാന കരാർ ഒപ്പിട്ടതെന്നായിരുന്നു ട്രമ്പിൻറ്റെ ആക്ഷേപം. കൊടുത്ത പണം മുഴുവൻ ഇറാൻ മതം വളർത്താനും, ഇറാൻറ്റെ പ്രോക്സികളായ ഹിസ്‌ബൊള്ള, ഹൂതികൾ, ഹമാസ് - ഇവരെയൊക്കെ അതിർത്തി രാജ്യങ്ങളിൽ ഭീകരത വിതക്കാനും വേണ്ടി ഉപയോഗിച്ചുകാണും.

ഹിലാരി ക്ലിൻറ്റൺ ഇത്തരം ഒരു ആരോപണം പാക്കിസ്ഥാനെതിരേയും ഉന്നയിച്ചിട്ടുണ്ട്. അമേരിക്ക പാക്കിസ്ഥാനിൽ ദാരിദ്ര്യം മാറ്റാനായി ബില്യൺ കണക്കിന് ഡോളേഴ്‌സ് കൊടുത്തു; പക്ഷെ പാക്കിസ്ഥാൻ അതൊക്കെ മതം വളർത്താൻ വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു ഹിലാരി ക്ലിൻറ്റൺറ്റെ ആക്ഷേപം. അത് ശരിയാണെന്നു തോന്നുന്നു. 1980-കളിലാണ് സിയാ ഉൾ ഹഖ് ഭരണത്തിൻ കീഴിൽ പാക്കിസ്ഥാനിൽ ഭീകരത പ്രോത്സാഹിപ്പിക്കുന്ന മദ്രസകളുടെ നിർമിതി നടന്നത്. അതേ സമയത്തു തന്നെയാണ് അമേരിക്ക സോവിയറ്റ് സൈന്യത്തിനെതിരെ അഫ്‌ഗാനിസ്ഥാനിലേക്ക് പണവും ആയുധങ്ങളും ഒഴുക്കിയത്. അതിൻറ്റെ പങ്കു പറ്റിയ പാക്കിസ്ഥാൻ, ഇരുപതിനായിരം തൊട്ട് മുപ്പതിനായിരം മദ്രസകളാണ് നിർമിച്ചു കൂട്ടിയത്. പാക്കിസ്ഥാനിലെ മദ്രസകളിൽ നിന്നാണ് 'ഹഖാനി നെറ്റ്‌വർക്ക്' പോലുള്ള തീവ്രമായ 'ഐഡിയോളജിക്കൽ ഓറിയൻറ്റേഷൻ' ഉള്ള സംഘടനകൾ ജന്മമെടുത്തത്. പിന്നീട് കണ്ടമാനം ആക്രമണോത്സുകത കാണിച്ചിരുന്ന ഈ ഹഖാനി നെറ്റ്‌വർക്കാണ് 'സൂയിസൈഡ് സ്‌ക്വാഡുകളെ' വെച്ചുകൊണ്ട് അമേരിക്കയുടെ അഫ്‌ഗാനിസ്ഥാനിലെ 20 വർഷം നീണ്ട സൈനിക ദൗത്യം പരാജയപ്പെടുത്തിയത്. അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ മിലിട്ടറി 'കോൺവോയ്' നീങ്ങുന്നതിനിടയിൽ തുടർച്ചയായി ചാവേർ ആക്രമണങ്ങൾ സംഘടിപ്പിച്ചായിരുന്നു 'ഹഖാനി നെറ്റ്‌വർക്ക്' അമേരിക്കൻ സൈനിക മുന്നേറ്റങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നത്.

അടുത്തുള്ള എല്ലാ രാഷ്ട്രങ്ങളേയും ഈ യുദ്ധത്തിൽ വലിച്ചിഴക്കുക എന്നതാണ് ഇറാൻറ്റെ മത നെത്ര്വത്വത്തിൻറ്റെ ഇപ്പോഴുള്ള തന്ത്രം. അതിനുവേണ്ടിയാണ് അവർ ഗൾഫ് കോപ്പറേഷൻ കൗൺസിലിൽ (ജി.സി.സി.) രാജ്യങ്ങളായ സൗദി, ബഹ്‌റൈൻ, യു.എ.ഇ. - ഇവരെയൊക്കെ ആക്രമിക്കുന്നത്. ഇറാൻ ഇപ്പോൾ അമേരിക്കയുടെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നുള്ള അന്ത്യശാസനം തള്ളിയിരിക്കുകയാണ്. ഇറാൻറ്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചാൽ, ഗൾഫിലെ ഡീ സലൈനേഷൻ പ്ലാൻറ്റുകൾ ആക്രമിക്കും എന്നാണ് ഇറാൻറ്റെ ഭീഷണി. ഗൾഫിലെ ഡീ സലൈനേഷൻ പ്ലാൻറ്റുകൾ ഇറാൻ തകർത്താൽ, ജി.സി.സി. രാജ്യങ്ങളിൽ കുടിവെള്ളം ഇല്ലാത്ത അവസ്ഥ വരും. ഇറാനുമായി യുദ്ധത്തിനിറങ്ങി പുറപ്പെട്ടപ്പോൾ, അമേരിക്ക മുൻകൂട്ടി കാണാതിരുന്ന ഒരു കാര്യമാണിത്. ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങളിലെ എണ്ണയുൽപ്പാദന കേന്ദ്രങ്ങൾ ഇറാൻ തകർക്കാൻ ശ്രമിക്കുമ്പോൾ, ഭാവി തലമുറക്കുകൂടി ഉപയോഗപ്പെടേണ്ട റിസോഴ്‌സസ് നശിക്കുകയാണ്. ഇങ്ങനെ അമേരിക്കയും ഇറാനും പ്രകൃതിവിഭവങ്ങൾ യാതൊരു തത്വദീക്ഷയുമില്ലാതെ പരസ്പരം ആക്രമിച്ചു നശിപ്പിക്കയാണ്. 1990-ൽ സദ്ദാം ഹുസൈൻ കുവൈറ്റിൽ നിന്ന് പിൻമാറിയതിനെ തുടർന്ന്, ഇറാഖി അധിനിവേശ ശക്തികളും, അമേരിക്കയും കുവൈറ്റിലെ എണ്ണ കിണറുകൾക്കു മീതെ ഇതുപോലെ തന്നെ ബോംബിട്ടിരുന്നു. ഇറാക്കും അമെരിക്കയും ചേർന്ന് അന്നും അമൂല്യമായ പ്രകൃതിവിഭവങ്ങൾ നശിപ്പിക്കുകയായിരുന്നു.

ഇന്നിപ്പോൾ അമേരിക്കയെക്കാളും, ഇസ്രയേലിനെക്കാളും സൗദിയും, യു.എ.ഇ.-യുമാണ് ഷിയാ ഇറാനെ ഒതുക്കാൻ ആഗ്രഹിക്കുന്നത്. യു.എ.ഇ., ബഹറൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ സുന്നി രാജ്യങ്ങൾക്ക് ഷിയാ ഇറാൻ ഗൾഫ് മേഖലകളിൽ സ്വാധീനമുറപ്പിക്കുന്നത് ഇഷ്ടമല്ലാ; അവർ പ്രോത്സാഹിപ്പിക്കുന്ന മത തീവ്രവാദത്തോടും അശേഷം താൽപ്പര്യം ഈ രാജ്യങ്ങൾക്കില്ലാ. അമേരിക്കയോട് ഇറാനെ അടിച്ചു നിരപ്പാക്കാൻ സൗദിയിലെ സൽമാൻ രാജാവ് ആവശ്യപ്പെടുന്ന പല പ്രസ്താവനകളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈജിപ്റ്റ്, മൊറോക്കോ മുതലായ ആഫ്രിക്കയിലെ ഇസ്‌ലാമിക രാജ്യങ്ങൾക്കും ഇറാൻറ്റെ പ്രോക്സികളായ ഹമാസ്, ഹൂത്തികൾ, ഹിസ്ബുള്ള - തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളോട് അശേഷം താൽപ്പര്യമില്ലാ. പാക്കിസ്ഥാൻ വളർത്തുന്ന ലഷ്‌കറും, മുജാഹിദ്ദീനും പോലെതന്നെ, ഇറാൻ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾ ലോകത്തിനാകെ ഭീഷണിയാണ്.

ഇറാൻറ്റെ ഉള്ളിൽ നിന്നാണെങ്കിൽ, മതാധിപത്യ സർക്കാരിനെതിരേ ഒരു 'റിഫോം മൂവ്മെൻറ്റ്' ഉയർന്നുവരാനുള്ള സ്കോപ്പില്ല. വളരെ ബ്രൂട്ടൽ ആയി എല്ലാ ജനകീയ പ്രസ്ഥാനങ്ങളേയും അടിച്ചമർത്തുന്ന ഒരു സർക്കാർ എസ്റ്റാബ്ലിഷ്മെൻറ്റ് ആണവിടെ നിലവിലുള്ളത്. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ജനത്തിൻറ്റെ കണ്ണിനു നേരെ വെടിയുതിർത്താണ് കഴിഞ്ഞ ഡിസംബർ-ജാനുവരിയിൽ ഇറാനിൽ ജനങ്ങളുടെ പ്രതിഷേധം അടിച്ചമർത്തപ്പെട്ടത്. ആറായിരത്തിലേറെ പേരാണ് അന്നവിടെ വധിക്കപ്പെട്ടത്. അതിനുമുമ്പ്, പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ അഞ്ഞൂറിലേറെ സ്ത്രീകളേയും ഇറാനിയൻ സർക്കാർ അതിക്രൂരമായി വധിച്ചിരുന്നു. അതുകൊണ്ട് ഇറാൻ സർക്കാർ വളരെ ശക്തമായ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾ നേരിടുമ്പോഴും യാതൊരു ദയയും അർഹിക്കുന്നില്ലാ. അതിക്രൂരമായി ആയിരകണക്കിന് ആളുകളെ വധിക്കുന്ന സർക്കാർ എസ്റ്റാബ്ലിഷ്മെൻറ്റ് തകരണം എന്നേ ഏതൊരു മനുഷ്യസ്നേഹിയും ആഗ്രഹിക്കൂ. പക്ഷെ സ്റ്റേബിൾ ആയ ഒരു 'ഓൾട്ടർനേറ്റിവ്' ഇല്ലാതെ അമേരിക്കയും ഇസ്രയേലും കൂടി വ്യോമാക്രമണം അഴിച്ചുവിടുന്നതിലാണ് പലർക്കും എതിർപ്പുള്ളത്.

വർഷങ്ങൾക്കുമുമ്പുള്ള അമേരിക്കയുടെ സൈനിക ഇടപെടൽ ഇറാക്കിനേയും, അഫ്‌ഗാനിസ്ഥാനേയും, ലിബിയയേയും ഒക്കെ ഡിസ്റ്റബിലൈസ് ചെയ്യുകയാണുണ്ടായത്. ഇന്നും ആ രാഷ്ട്രങ്ങൾ 'പൊളിറ്റിക്കൽ സ്റ്റെബിലിറ്റി' എന്നൊന്നുള്ളത് കൈവരിച്ചിട്ടില്ല. അതുപോലെ തന്നെ ആഭ്യന്തര യുദ്ധവും, അരാജകത്വവും ആയി ഇറാനും മാറിയാൽ, അമേരിക്കൻ ഇടപെടൽ കൊണ്ട് എന്താണ് പ്രയോജനമുള്ളത്? അമേരിക്ക അടിസ്ഥാനപരമായി ഈ രാജ്യങ്ങളിലൊക്കെ പുലരുന്ന 'ട്രൈബൽ ലോയൽറ്റി' എന്ന് പറയുന്നത് ഒട്ടുമേ മനസ്സിലാക്കുന്നില്ലാ. 1980-കളിൽ ട്രെബൽ കൾച്ചറും, വഹാബി ഇസ്ലാമും കൂടിച്ചേർന്ന മിശ്രിതത്തെ അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ എല്ലാ രീതിയിലും പ്രോത്സാഹിപ്പിച്ചു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലെ ഖൈബർ പഷ്തൂൺ ഏരിയയിലും താമസിക്കുന്ന ഗോത്രാഭിമാനം കൈമുതലാക്കിയ പഠാൻ എത്നിക് ഗ്രൂപ്പിൻറ്റെ ശരിക്കുള്ള സ്വഭാവം വിലയിരുത്താൻ 1980-കളിൽ അമേരിക്കക്കും, സഖ്യ ശക്തികൾക്കും സാധിച്ചിരുന്നില്ലാ. 2001 സെപ്പ്റ്റംബറിൽ വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണം ഉണ്ടായപ്പോൾ മാത്രമാണ് എത്ര വലിയ ഭീകരതയെയാണ് അവർ പ്രോത്സാഹിപ്പിച്ചത് എന്നവർ തിരിച്ചറിഞ്ഞത്.

അമേരിക്ക അടിസ്ഥാനപരമായി പശ്ചിമേഷ്യയിൽ പുലരുന്ന 'ട്രൈബൽ ലോയൽറ്റി' എന്നു പറയുന്നത് മനസ്സിലാക്കുന്നില്ലെങ്കിലും റഷ്യ അത് കുറേയൊക്കെ മനസ്സിലാക്കുന്നുണ്ട്. രണ്ടാം ലോക മഹാ യുദ്ധം കഴിഞ്ഞപ്പോൾ, മുൻ സോവിയറ്റ് യൂണിയൻറ്റെ അധീനതയിൽ വന്നിരുന്ന രാജ്യമാണ് ഇന്നത്തെ ഇറാൻ. 1945 തൊട്ട് 1953 വരെ അമേരിക്കയുടെ മുപ്പത്തി മൂന്നാം പ്രസിഡൻറ്റ് ആയിരുന്ന ഹാരി എസ്. ട്രൂമാൻ അന്ന് സ്റ്റാലിനോട് ഇറാനിൽ നിന്നൊഴിയണം എന്നാവശ്യപ്പെട്ടു. ന്യൂക്ലിയർ വെപ്പൺസ് കയ്യിലില്ലാത്ത സോവിയറ്റ് യൂണിയന് അന്ന് അമേരിക്കയെ അനുസരിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. അഫ്‌ഗാനിസ്ഥാനിലും ഇറാനിലും സോവിയറ്റ് അധിനിവേശം അനുവദിക്കുകയായിരുന്നുവെങ്കിൽ, ഉസ്‌ബെക്കിസ്ഥാൻ, ടാജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ടർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളെ പോലെ തന്നെ ഒരുപക്ഷെ അഫ്‌ഗാനിസ്ഥാനും ഇറാനും സ്ത്രീ സ്വാതന്ത്ര്യവും പ്രൊഫഷണൽസും ഉള്ള ആധുനികവൽക്കരിക്കപ്പെട്ട രാജ്യമായി മാറിയേനെ. ആധുനികവൽക്കരണവും മത സ്വാതന്ത്ര്യവും അവിടെയൊക്കെ കളിയാടിയേനേ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടത്തില്ലല്ലോ. അതുകൊണ്ട് ഇന്നിപ്പോൾ അതൊന്നും പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ലാ.

ഒബാമയുടെ കാലത്ത്, പശ്ചിമേഷ്യയിൽ സൃഷ്ടിക്കപ്പെട്ട ഭരണശൂന്യതയിൽ നിന്നാണ് ഇസ്‌ലാമിക് സ്‌റ്റേറ്റും, മത മൗലികവാദവും ഇറാക്കിലും സിറിയയിലുമൊക്കെ തല പൊക്കിയത്. സദ്ദാം ഹുസൈനെ തൂക്കി കൊന്നതിനുശേഷം ഇറാക്കിൽ ഭരണത്തിലേറിയ അമേരിക്കൻ പിന്തുണയുള്ള സർക്കാർ സദ്ദാമിൻറ്റെ സൈന്യത്തെ പിരിച്ചുവിടുകയും, ഇറാക്കിൻറ്റെ ഭരണമേഖലയിൽ സമ്പൂർണാധിപത്യം ഉണ്ടായിരുന്ന ബാത് പാർട്ടിക്കെതിരേ 'ഡി ബാത്തിഫിക്കേഷൻ' നടപ്പിലാക്കുകയും ചെയ്തതോടെയാണ് ഇന്നുള്ള ഷിയാ ഇറാൻ ആ മേഖലയിൽ നിർണായക സ്വാധീന ശക്തിയായി മാറിയത്. 'വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ' സദ്ദാമിനുണ്ട് എന്നുള്ള കള്ള പ്രചാരണം നടത്തിക്കൊണ്ട് അമേരിക്ക ഇറാക്കിനെതിരേ നടത്തിയ ആക്രമണം പശ്ചിമേഷ്യൻ പ്രദേശത്തെയാകെ 'ഡിസ്റ്റബിലൈസ്' ചെയ്തു എന്ന ആരോപണം ഉന്നയിച്ച ട്രംപ് തന്നെ ഇപ്പോൾ വലിയൊരു 'ഡിസ്റ്റബിലൈസിങ്ങ് പ്രോസസ്സിന്' ജന്മം നൽകുന്നു എന്നതാണ് ഇപ്പോഴുള്ള അമേരിക്കൻ വിദേശ നയത്തിൻറ്റെ വലിയൊരു വൈരുദ്ധ്യം. രാഷ്ട്രീയക്കാർ അല്ലെങ്കിലും അങ്ങനെയാണല്ലോ. തിരഞ്ഞെടുപ്പ് വേളയിൽ പറയുന്നതൊക്കെ അവർ പിന്നീട് സൗകര്യപൂർവ്വം മറക്കും. പ്രസിഡൻഷ്യൽ സ്ഥാനാർഥിയായിരുന്ന ഡോണാൾഡ് ട്രംപ് പരസ്യമായി പറഞ്ഞതൊക്കെ സോഷ്യൽ മീഡിയയിൽ കൂടി വീണ്ടും ഓർമ്മിപ്പിക്കേണ്ട സമയമാണിത്. അതുപോലെ തന്നെ, പാചകവാതകത്തിനും പെട്രോളിനും പുറമെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ടെക്സ്റ്റെയിൽസ്, പെയിൻറ്റ്, കെമിക്കൽസ്, ഫെർട്ടിലൈസർ, സിമൻറ്റ് - ഈ മേഖലകളെയാകെ ഈ ഇറാനുമായുള്ള യുദ്ധം ആഴത്തിൽ ബാധിക്കും; ജനജീവിതം അതുകൊണ്ട് ദുസ്സഹമാകും എന്നുകൂടി ആരെങ്കിലും ട്രമ്പിനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
M . മത്തായി 2026-04-06 16:56:40
രണ്ടു കാര്യങ്ങളാണ്‌ ഇവിടെ അവലോകനം ചെയ്യണ്ടത് . ഒന്ന് , മൺറോ ഡോക്ടറിൻ . അമേരിക്കയുടെ പിന്നാമ്പുറത്തു (western hemishphere ) മറ്റുള്ള ഒരു രാജ്യങ്ങളെയും വിലസാൻ അമേരിക്ക അനുവദിക്കത്തില്ല . അതു റഷ്യയ്ക്കും ചൈനക്കും ഉള്ള താകീതാണ് . പന്ത് കളിച്ചോ , പക്ഷേ ഗോളടിക്കാൻ സമ്മതിക്കൂല . ക്യൂബ പിടിച്ചെടുത്താൽ തന്നേ അത്ഭുതപ്പെടാനില്ല . രണ്ട് , കഴിഞ്ഞ 40 വർഷമായി ഡെത്ത് ടു അമേരിക്ക പുലമ്പിക്കൊണ്ടിരുക്കുന്ന ഒരു ഭരണകൂടത്തെ ഉന്മൂലനം ചെയ്യാൻ അമേരിക്കയ്ക്ക് U .N . യോ മറ്റു രാജ്യങ്ങളുടെയോ അനുമതി ആവശ്യമില്ല. അനന്തമായ ചർച്ചകളിൽ ഏർപ്പെടുന്നതിനുപകരം ശക്തമായി പ്രഹരമേൽപ്പിക്കുന്നത് വിജയം ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് തെളിയിച്ചിട്ടുണ്ട്. വാഷിംഗ്ടൺ സമ്മതിക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യം ട്രംപിന് മനസ്സിലാകുന്നുണ്ട്: അമേരിക്കൻ അധികാരം പ്രയോഗിക്കുന്നത് ജനാധിപത്യ സമൂഹങ്ങൾ കെട്ടിപ്പടുക്കാനല്ല, മറിച്ച് ഭീഷണികൾ ഇല്ലാതാക്കാനായിരിക്കണം. ഇതിൻറെ ഏറ്റവും അടുത്ത ഉദാഹരണമാണ് കഷിഞ്ഞ ദിവസം ഇറാന്റെ 400 കിലോമീറ്റർ അകത്തുകടന്നു മൂന്നു കിലോമീറ്ററോളും വരുന്ന ഒരു ഗ്രാമം കത്തിച്ചു അപകടത്തിൽ പെട്ട് ഒളിച്ചിരുന്ന അമേരിക്കൻ വൈമാനികനെ സ്പെഷ്യൽ ഫോഴ്സസ് രക്ഷിച്ചത്. ലോകത്തു മറ്റേതൊരു രാജ്യത്തിനാണ് ഇതുപൊലുരു ഓപ്പറേഷൻ നടത്താൻ പറ്റുക? Straight of Hormuz തുറക്കുക എന്നത് അമേരിക്കയുടെ മാത്രം ഉത്തരവാദിത്തം അല്ലാ . വേണ്ടിവന്നാൽ അമേരിക്ക അതു ചെയിതിരിക്കും . ശരിയാണ് , കുറച്ചു ദിവസത്തേക്ക് ജനജീവിതം ദുസ്സഹമാകും. അത് സഹിച്ചേ പറ്റൂ . M . മത്തായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക