Image

ആത്മ രഹസ്യം (നോവൽ - 8 : മിനി ആന്റണി)

Published on 06 April, 2026
ആത്മ രഹസ്യം  (നോവൽ - 8 : മിനി ആന്റണി)

റൈനു കൊണ്ടുവരുന്ന സർപ്രൈസ്സിൽ ബാഷയുണ്ടായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

റൈനുവിനെ കണ്ടുമുട്ടുന്നതുവരെ ഒരിക്കലും ഒരിടത്തും അത്തിക്കാവോ ബാഷയോ സംസാരവിഷയമായിട്ടില്ല. ചേർത്തലയിലേക്ക് പോയതിനുശേഷം കുറച്ചുകാലത്തോളം  അമ്മയോട് കലഹിച്ചിട്ടുണ്ടെങ്കിലും പിന്നീട്   അത്തരം സംഭാഷണങ്ങൾ ഞങ്ങൾക്കിടയിൽ കടന്നുവരാതിരിക്കാൻ മനപ്പൂർവ്വം ശ്രദ്ധിക്കാറുണ്ട്.

“അതൊരു മേത്തൻ ചെക്കൻ മാത്രാണോ? അനാഥനും കൂട്യല്ലേ.  നിൻ്റച്ഛൻ വരാൻ പ്രാർത്ഥിക്ക്.  അച്ഛൻ സമ്മയ്ക്കാച്ചാ എനിക്കൊരു വിരോധോല്ല്യ. “

ബാഷയെ ചൊല്ലിയുള്ള ഞങ്ങളുടെ കലഹങ്ങൾക്കൊടുവിൽ അമ്മ പറഞ്ഞ് നിർത്തുന്നതിവിടെയായിരുന്നു. എപ്പോഴും.  

ഒരിക്കലും വരാത്തോരച്ഛനെ കാത്തിരിക്കുന്നതിലെ ആ ലോജിക്  മനസ്സിലായിട്ടില്ലെങ്കിലും അത് അമ്മയുടെ മാത്രം കാര്യമെന്ന നിലയിൽ വിട്ടുകളയുകയാണ് പതിവ്.പക്ഷേ ബാഷയെ മേത്തൻ ചെക്കനും അനാഥനുമായി അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർക്കാറുണ്ടായിരുന്നു.  

ബാഷയെന്ന കടങ്കഥയുടെ  ഉത്തരം കാലം മുന്നോട്ടുപോയപ്പോൾ  സ്വയം തെളിഞ്ഞുവരികയും അതിന് മുന്നിൽ പകച്ചുനിൽക്കുകയും  ചെയ്തു. ആ സമയത്ത്  അമ്മ മൗനത്തിൻ്റെ തുരുത്തിലേക്കൊതുങ്ങിയിരുന്നു.  അതുകൊണ്ട് സത്യം തിരിച്ചറിഞ്ഞപ്പോൾ   കൂടുതൽ ക്ലാരിറ്റിക്ക് വേണ്ടിയെങ്കിലും  അമ്മയോടൊന്നും  ചോദിക്കാനായില്ല.    

പക്ഷേ,  അമ്മ ബാഷയോട് കാണിച്ച നീതികേട്.  അതൊരിക്കലും  ക്ഷമിക്കാവുന്നതായിരുന്നില്ല.  ബാഷയോട് മാത്രമല്ല തന്നോടും അതേ  നീതിയില്ലായ്മയാണ് അമ്മ കാണിച്ചത് .ആലോചിക്കും തോറും  ദേഷ്യവും വൈരാഗ്യവും ഏറിയേറി പിന്നീടത്  വെറുപ്പായി മാറി.  

അമ്മയെ കൂടെ നിർത്തി മകളുടെ ഒറ്റപ്പെട്ട ജീവിതം കാണിച്ച് കൊടുത്താണതിന് പ്രതികാരം ചെയ്തത്.

ജോലിയുടെ ആദ്യ പോസ്റ്റിംഗ് വന്നത് എറണാംകുളത്തായിരുന്നു. ആ സമയത്ത് താമസിച്ചിരുന്നത് കല്ലേറ്റുംകര എന്ന ഒരു സ്ഥലത്താണ്. ഇരിങ്ങാലക്കുടക്കടുത്ത്.

പിജി ക്ക് ശേഷം  ഇരിങ്ങാലക്കുടയിൽ ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കാനവസരം കിട്ടിയിരുന്നു.  അതുകൊണ്ടാണ് കല്ലേറ്റുംകരയിൽ താമസം തുടങ്ങിയത്.

കോട്ടയത്തെ ഹോസ്റ്റൽ വാർഡനായിരുന്ന  സിസ്‌റ്റർ ഹിതയുടെ റെക്കമെൻ്റേഷനിലാണ് ആ ജോലി കിട്ടിയത്. സിസ്റ്റർക്ക് എന്നോടുള്ള പ്രത്യേക വാൽസല്യം  ഹോസ്‌റ്റൽ ഫീസിലുള്ള ഇളവിൽ മാത്രമല്ല മറ്റു പല രീതിയിലും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ക്രിസ്‌ത്യാനിയെങ്ങാനും ആയിരുന്നെങ്കിൽ  പണ്ടേ എന്നെ  മഠത്തിൽ ചേർത്ത് കളയുമായിരുന്നു.  

ചേർത്തലയിലെ ജീവിതം അമ്മയെ രോഗിയാക്കിയിരുന്നു.  ഒറ്റപ്പെടലും പ്രതീക്ഷയില്ലായ്മയും പ്രധാന കാരണമായിരിക്കാം. അവിടെയൊരു കയർ കമ്പനിയിൽ ജോലിക്ക് പോയി തുടങ്ങിയ ശേഷമാണത് തുടങ്ങിയത്. ആസ്‌മയായിരുന്നു.  ചകിരിപ്പൊടി മൂലമുള്ള അലർജിയായിരിക്കും എന്ന് കരുതി ചികൽസിച്ചെങ്കിലും  ഒരു കുറവും ഉണ്ടായില്ല.  ആ നാടും ആ നാട്ടിലെ എല്ലാ കാര്യങ്ങളും അമ്മയ്ക്ക് പുതിയതായിരുന്നല്ലോ.

കൃഷിയും   അതിൻ്റെ നടത്തിപ്പുമായി അത്തിക്കാവിൽ  ആർമാദിച്ച് നടന്നിരുന്ന അവസ്ഥയായിരുന്നില്ല ചേർത്തലയിൽ.  വല്യമ്മയുമായി  എപ്പോഴും അടിയായിരുന്നെങ്കിലും ഒരത്യാവശ്യം വന്നാൽ വല്ല്യമ്മയുണ്ടായിരുന്നു പരിചയായി.  എന്തും ഏതും പറഞ്ഞെണ്ണിപ്പെറുക്കാനും അത് കേട്ടിരിക്കാനും മറ്റേമ്മയുണ്ടായിരുന്നു.  എന്ത് കൊത്രകൊള്ളി കാണിച്ചാലും വീട്ടിലെപ്പോഴും ഞാനുമുണ്ടായിരുന്നു.  അത്തിക്കാവ് ഉപേക്ഷിച്ചപ്പോൾ  എന്നോളം തന്നെ നഷ്‌ടം അമ്മയ്ക്കുമുണ്ടായിട്ടുണ്ട്.

മനോവിചാരങ്ങളാണ് രോഗകാരണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതിശയം ഒന്നും തോന്നിയില്ല.  പക്ഷേ ആ മനോവികാരത്തെ അതേ രീതിയിലുൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോൾ. അത്രയെങ്കിലും  അമ്മ അനുഭവിക്കേണ്ടതുണ്ട് എന്നാണ് ചിന്തിച്ചത്.

ഒരു മാറ്റം നല്ലതായിരിക്കും എന്ന ഡോക്ടറുടെ അഭിപ്രായത്തെ പറ്റി കാര്യമായി ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സിസ്റ്റർ ഹിത ഇരിങ്ങാലാക്കുടയിലെ ജോലിക്കാര്യം പറഞ്ഞത്.

സ്ഥലപ്പേര് കേട്ടപ്പോൾ ആദ്യം ഞെട്ടലാണുണ്ടായത്. വീണ്ടും തൃശൂരിലേക്കൊരു തിരിച്ചുപോക്ക്.  അത്തിക്കാവും ഇരിങ്ങാലക്കുടയും തമ്മിൽ ഏറെ അകലത്തിലാണെങ്കിലും ഒരു  ബുദ്ധിമുട്ട്.  ഇനിയൊരിക്കലും ബാഷയെ കണ്ടുമുട്ടരുത് എന്നൊരു തീരുമാനത്തിലെത്തിയ സമയമായിരുന്നു അത് .  പക്ഷേ സിസ്റ്റർ ഹിതയോട്  എന്ത് കാരണം പറയും?  

അങ്ങനെ ആ ജോലിക്ക് ജോയിൻ ചെയ്തു.  കല്ലേറ്റുങ്കര  പളളിക്കടുത്തായി  സിസ്റ്ററുടെ പരിചയത്തിൽ തന്നെയുള്ള ഒരു വീടും ഏർപ്പാടാക്കി തന്നു.  പിന്നീട് കുറേക്കാലം അവിടെയായിരുന്നു താമസം .  നിരന്തരമെഴുതി കൊണ്ടിരുന്ന പി എസ് .സി ടെസ്‌റ്റുകളിലൊന്നിൽ നിന്നാണ് എൽഡി ക്ലർക്കായി എറണാംകുളത്ത് നിയമനം ലഭിക്കുന്നത്.

കല്ലേറ്റുംങ്കര  സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ പോയി വരാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ എറണാംകുളത്തേക്ക്.  ഒരു മണിക്കൂർ നേരത്തെ യാത്ര.  

അമ്മയുമായി സംസാരം ഒന്നുമില്ലെങ്കിലും  അമ്മയുടെ ദൈനംദിന കാര്യങ്ങളിൽ  ശ്രദ്ധവച്ചിരുന്നു.  ദിവസേനയെന്നോണം ക്ഷീണിച്ച് വരുന്ന ശരീരവും കൂടിവരുന്ന വലിവും  കാരണം അമ്മയെ തനിച്ചാക്കി പോരുന്നതിൽ ബുദ്ധിമുട്ട് തോന്നി.

അതിനും സിസ്‌റ്റർ ഹിത പരിഹാരവുമായെത്തി. പകൽ സമയം അവിടെയടുത്തുള്ള കോൺവെൻ്റിലായി പിന്നീട് അമ്മയുടെ  വാസം.  

അന്യജാതിക്കാരോട്  അനിഷ്‌ടം കാണിച്ചില്ലെങ്കിലും ഉള്ളിലൊരകൽച്ച  സൂക്ഷിക്കാറുണ്ട് അമ്മ പണ്ടും. അത്തിക്കാവിൽ വീടിനടുത്തുള്ള  ക്രിസ്ത്യാനികളെ ശുദ്ധോം വൃത്തീം ല്യാത്ത മാപ്ലാരെന്ന് അടക്കത്തിൽ പറയാറുള്ള അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത്  സഹതപിച്ച് ചിരിക്കേണ്ടതാണ്.   പക്ഷേ ഈയവസ്ഥ മനസ്സിലാക്കാനുള്ള കഴിവ് അമ്മയ്ക്കോ  താപ്പ് കിട്ടിയാൽ അമ്മയെ കുത്തിനോവിക്കുന്ന  സ്വഭാവം അപ്പോഴെനിക്കോ ഉണ്ടായിരുന്നില്ല.  

രാവിലെ കല്ലേറ്റുംകരയിൽ നിന്ന് ട്രെയിനിൽ  കയറുന്ന സമയത്ത്  കമ്പാർട്ടുമെൻ്റിൽ സൂചി കുത്താനിടം കാണില്ല.  തിരിച്ച് വരുമ്പോൾ  തിരക്കിന് കുറവൊന്നും ഇല്ലെങ്കിലും ഒരു സീറ്റ് എങ്ങനെയും തരപ്പെടുമായിരുന്നു.  വിയർപ്പിൻ്റെയും സ്പ്രേയുടേയും  ലോക്കൽ ട്രെയിനിൽ സ്ഥിരമായുണ്ടാകുന്ന  പ്രത്യേക വാടയും എല്ലാം ചേർന്നൊരു കൂറ മണത്തിനകത്തിരുന്നാണ്  തിരിച്ചുള്ള യാത്ര.

ജോലിസ്ഥലത്തെ വിശേഷങ്ങളും  വീട്ടുവിശേഷങ്ങളും പറയുന്ന കൂട്ടത്തിൽ മാർക്കറ്റിൽ നിന്ന് വാങ്ങിയ  പച്ചക്കറി നുറുക്കലും കൂർക്ക നന്നാക്കലും ഒക്കെ നടക്കുന്നുണ്ടാകും  സ്ത്രീജനങ്ങൾക്കിടയിൽ.  മിക്കവരും ദീർഘദൂരയാത്രക്കാരാണ്.

ഈ തിക്കിനും തിരക്കിനുമിടയിൽ നിന്ന് റൈനു എന്നിലേക്കെങ്ങനെ ഇത്ര കൃത്യമായെത്തി എന്നത് ഒരതിശയമാണ്.  റൈനു തൃശൂർ നിന്നുള്ള ഒരു സ്ഥിരം   യാത്രക്കാരിയായിരുന്നു.

അങ്ങോട്ട് പോയി ഒരു സൗഹൃദം സ്ഥാപിക്കുന്ന സ്വഭാവം ഒരിക്കലും എനിക്കുണ്ടായിരുന്നില്ല.  എവിടെയെങ്കിലും ഒതുങ്ങികൂടി  ഇരിക്കാനാണിഷ്ടം.  രണ്ട് വർഷത്തെ ട്രെയിൻ യാത്രക്കിടയിൽ  ഓർമ്മിക്കുന്ന  മറ്റൊരു സൗഹൃദമില്ല.  

“ഈ പമ്മിയിരിക്കുന്നോരെ വളച്ചെടുക്കണതേ ഒരു ത്രില്ലാ.  പിന്നെ ഞാൻ ആവശ്യത്തിലധികം സംസാരിക്കൂലോ. അപ്പപിന്നെ അത് കേക്കാനൊരാളല്ലേ
വേണ്ടത്. “

എന്നെപ്പോലൊരാളെ എങ്ങനെ തനിക്കിഷ്ടപ്പെടാൻ പറ്റി എന്ന ചോദ്യത്തിനുള്ള റൈനുവിൻ്റെ മറുപടിയാണ്.  മിണ്ടാതിരിക്കലാണ് പതിവെങ്കിലും എപ്പോഴൊക്കെയോ ചിലയിടങ്ങളിൽ  മനസ്സ് അറിയാതെ തുറന്നു.

അമ്മ മരിച്ചതിന് ശേഷമുള്ള കുറ്റബോധത്തിലാണത് സംഭവിച്ചത്.  റൈനുവിനെ കണ്ടുമുട്ടി ഒരു കൊല്ലത്തോളമായപ്പോൾ .

അന്ന് പതിവുപോലെ  ജോലിക്ക് പോയതാണ്.  കോൺവെൻ്റിലാക്കി പോരുന്ന സമയത്ത് അമ്മക്ക് പ്രത്യേകിച്ച് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.  പതിവുള്ള ക്ഷീണമുണ്ടായിരുന്നു.  ഉച്ചനേരത്താണ് കോൺവെൻ്റിൽ നിന്ന്  ഫോൺ വരുന്നത്.  പെട്ടെന്ന് വരണമെന്ന  പറച്ചിൽ കേട്ടപ്പോഴേ അമ്മയ്ക്ക്  വയ്യാതായിക്കാണും എന്ന് തോന്നിയിരുന്നു.  പക്ഷേ അത്ര സീരിയസ്സാകും എന്ന് കരുതിയിരുന്നില്ല.  

ഓഫീസിൽ ലീവ് പറഞ്ഞ് പെട്ടെന്നിറങ്ങി.  റൈനുവിന് മെസ്സേജിട്ടു.  ചാലക്കുടി സെൻ്റ് ജെയിംസിലാണ്  അമ്മയെ അഡ്‌മിറ്റ് ചെയ്തിരുന്നത്.  നേരെ അവിടെയെത്തി.  കാഴ്ച്ചയിൽ അമ്മയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.  പക്ഷേ ഓക്സിജൻ ലെവൽ താഴ്ന്നുകൊണ്ടേയിരുന്നു.

കാലങ്ങൾക്ക് ശേഷം അമ്മയന്ന്  മിണ്ടി.  “ബാഷ “ എന്ന രണ്ടക്ഷരം മാത്രം.  അവ്യക്തതയോടെ.  അമ്മ സംസാരിക്കുന്നത് കേട്ടിട്ടേയില്ലാത്ത സിസ്‌റ്റേഴ്‌സ്  അൽഭുതത്തോടെ പരസ്പരം നോക്കി. അമ്മ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായെങ്കിലും അവർക്ക് മനസ്സിലായില്ല. ഞാൻ മനസ്സിലായതായി നടിച്ചുമില്ല.

ബാഷയെ കാണണം  എന്ന് അമ്മ പിന്നെയും ഒന്ന് രണ്ട് വട്ടം ആവശ്യപ്പെട്ടെങ്കിലും ഞാനത് കേട്ടതായി ഭാവിച്ചില്ല.  ഇത്ര നാളില്ലാത്തൊരു  തോന്നൽ ഇപ്പോഴെന്തിനെന്ന വിധത്തിൽ ദുർമുഖത്തോടെ അമ്മയെ നോക്കുക മാത്രം ചെയ്തു.

ഓക്സിജൻ കുറയുന്നത് മുൻപും പതിവുള്ളതിനാൽ  അമ്മയുടെ അവസാന ആഗ്രഹമായിരുന്നു അതെന്ന് അപ്പോൾ കരുതിയതുമില്ല. ഓക്സിജൻ കൂടിയും കുറഞ്ഞും രണ്ട് ദിവസം അമ്മ ഹോസ്പിറ്റലിൽ കിടന്നു.  പിന്നീടാണ് സ്ഥിതി കൂടുതൽ വഷളായത്.  തികച്ചും നിർവ്വികാരമായ  മനസ്സോടെ ആ ഘട്ടം നേരിടാൻ എങ്ങനെ കഴിഞ്ഞെന്നാലോചിച്ച് പിന്നീട് കുറ്റബോധപ്പെട്ടെങ്കിലും   അപ്പോഴെൻ്റെ മനസ്സ് കരിങ്കല്ലിന് തുല്യമായിരുന്നു.

ഓക്സിജൻ മാസ്കിന് മുകളിൽ കൂടി എന്തോ പറയാൻ ശ്രമിച്ച് വളഞ്ഞു പുളയുന്ന ആ പുരികങ്ങളും കണ്ണുകളും  ഒരിക്കലും മറക്കാനാവാത്ത ഓർമ്മയാണ്.  ആ നിർണ്ണായക സമയത്ത് ഉള്ളിലുണ്ടായിരുന്ന, പണ്ട് ചോദിച്ചുത്തരം കിട്ടാതിരുന്ന ഒരു ചോദ്യം ഞാൻ വീണ്ടും ചോദിച്ചു.  മരണസമയത്തെങ്കിലും ആ നാവിൽ തുമ്പിൽ നിന്ന് സത്യം വെളിപ്പെട്ടെങ്കിലോ?   പക്ഷേ  അച്ഛനോടുള്ള അമ്മയുടെ അതിരില്ലാത്ത സ്‌നേഹവും വിധേയത്വവും  മുറകെപ്പിടിച്ച്  മകളെ തോൽപിച്ച് അമ്മ രക്ഷപ്പെട്ടുകളഞ്ഞു.

അത്യാവശ്യം  മാനസിക അടുപ്പം ആ സമയത്ത് തനിക്കും റൈനുവിനും ഇടയിലുണ്ടായിരുന്നു. എങ്കിലും ഒരമ്മയുണ്ടെന്നല്ലാതെ മറ്റൊന്നും റൈനുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നല്ല.  അമ്മയുടെ മരണദിവസം ആദ്യാവസാനം റൈനു കൂടെയുണ്ടായിരുന്നു.  പക്വമായ മനസ്സിൻ്റെ ധൈര്യമായാണ്  അന്നത്തെ തൻ്റെ ഇടപെടലുകളെ റൈനു മനസ്സിലാക്കിയത്. പക്ഷേ കുറ്റബോധം  കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായ സമയത്ത് റൈനുവിനോട് കുമ്പസരിക്കാതിരിക്കാനായില്ല.  

“ഇത്രയും ദ്രോഹം കാണിക്കാൻ മാത്രൊള്ള തെറ്റൊന്നും അമ്മ തന്നോട് ചെയ്തിട്ടില്ലടോ.  തനിക്കെങ്ങനെ ഇത്ര ക്രൂരയാവാൻ കഴിഞ്ഞു. “റൈനു പൊട്ടിത്തെറിച്ചു.

അപ്പോഴാണ് ബാഷയെ പറ്റിയും അത്തിക്കാവിനെ പറ്റിയുമെല്ലാം ന്യായീകരണം എന്ന നിലയിൽ  റൈനുവിനോട് പറയുന്നത്.  അമ്മയോടുള്ള  പെരുമാറ്റത്തിന് അപ്പോഴെന്നല്ല  ഇതേവരെയും റൈനു മാപ്പ് തന്നിട്ടില്ല.

“സ്വന്തം ജീവിതം തെരഞ്ഞെടുക്കാത്തേൻ്റെ പഴി  അമ്മേടെ മേല് ചാരണതെന്തിനാ ? ഞാൻ അമ്മയെ ന്യായീകരിക്കണതല്ല .ആ കാലത്ത് ആരും ചെയ്യണ കാര്യേ തൻ്റെ അമ്മേം ചെയ്തൊള്ളോ.  സ്വന്തം പ്രാപ്‌തില്  എത്തീപ്പ  താൻ  ബാഷേനെ അന്വേഷിച്ച് പോണ്ടതാർന്നു.   അല്ലാണ്ട്  ഇങ്ങനെ കണ്ണിച്ചോരേല്ലാണ്ട് പെരുമാറാ ചെയ്യ!   കഷ്ടം.  നിൻ്റെ അമ്മല്ലേ അത്.”

കുറ്റബോധത്തിന് മുകളിൽ കുറ്റബോധപ്പെടാൻ വിധത്തിൽ റൈനു ഷൗട്ട് ചെയ്തു.  അതിനവളെ കുറ്റം പറയാൻ പറ്റില്ല.  അമ്മയ്ക്കും എനിക്കുമിടയിലെ കയ്പ് അതേ കാഠിന്യത്തോടെ ഞാനവളോട് പറഞ്ഞിട്ടില്ല.

അതിനുശേഷം പലപ്പോഴായി മനസ്സിൽ നിന്ന് റൈനുവിലേക്കൊഴുകിയ സങ്കടങ്ങളുടെ അടിസ്ഥാനത്തിലാവണം  ബാഷയിലേക്ക്  മായയെ ചേർത്ത് വയ്ക്കാൻ അവൾ തത്രപ്പെട്ടുകൊണ്ടിരുന്നത്.  അവൾ അരിച്ച് പെറുക്കാത്ത മാഗസിൻസില്ല.  സോഷ്യൽ മീഡിയയുമില്ല.  


“ബാഷേടെ ശരിക്കൊള്ള പേര് ബഷീർ ന്നല്ലേ.  ബഷീർ അത്തിക്കാവ് എന്ന പേരിലാരിക്കോ എഴുതല് ? ഏയ് .ആവില്ല്യ .  ഏതേലും തൂലികാനാമത്തിലാരിക്കും. ഫോട്ടോ കണ്ടാ തനിക്ക് തിരിച്ചറിയാൻ പറ്റ്വോ?”

സംശയം തോന്നുന്ന ചിലരുടെ ഫോട്ടോകൾ കൊണ്ട് കാണിക്കുന്നത് പതിവാണ്. അക്ഷരലോകത്തെവിടെയെങ്കിലും   അങ്ങനെയൊരാൾ ഉണ്ടാവുമെന്ന് തന്നെ റൈനു വിശ്വസിച്ചിരുന്നു.  ഞാൻ സഹകരിക്കാത്തതു കൊണ്ടാണെന്ന്  പലപ്പോഴും ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്.

സമയം പതിനൊന്നരയാകാറായപ്പോഴാണ്  നിഷാന വിളിക്കുന്നത്.

“ ഓര് ഇത് വരെ വന്നില്ലല്ലോ ചേച്ചി …. “ അവളുടെ ചോദ്യത്തിൽ ആധി പ്രകടമായിരുന്നു.

റൈനു ഇതേവരെ വന്നില്ലേ?  ഞാൻ ചാടിയെണീറ്റു.   ഓരോന്നാലോചിച്ച് കിടന്ന് സമയം പോയത് അറിഞ്ഞില്ലായിരുന്നു.  സമയം പതിനൊന്നര.   അവൾ ഇത്ര വൈകുന്നതെന്തെന്നാലോചിച്ച്   ബാൽക്കണിയിൽ പോയി നിന്നു.  വളവുതിരിഞ്ഞ് വരുന്ന റൈനുവിൻ്റെ സ്‌കൂട്ടിയുടെ  ലൈറ്റ് കണ്ടപ്പോഴാണ് ആശ്വാസമായത്.

ചടപടാന്ന് വേഗത്തിൽ സ്‌റ്റെപ് ചാടിക്കേറി വരുന്ന ശബ്‌ദം.  സാധാരണ ഒട്ടും ശബ്ദമുണ്ടാക്കാതെയാണവൾ വരാറ്. ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടെന്ന് കരുതിയാണ്. താഴെക്കിടക്കുന്ന ടീച്ചറോ ചിലപ്പോൾ ഞങ്ങൾ പോലുമോ അറിയാറില്ല അവളുടെ വരവ്.  സ്‌റ്റെപ്പ് കയറിവന്ന അതേ സ്പീഡിൽ തന്നെ റൈനു  ഓടിപ്പോയി  സെറ്റിയിലിരുന്നു. പിന്നെ ആഹ്ലാദത്തിൻ്റെയും അതിശയത്തിൻ്റെയും പാരമ്യത്തിലെന്നപോലെ ഞങ്ങളെ മാറിമാറി നോക്കിയ ശേഷം പറഞ്ഞു.

“ഞാൻ കണ്ടു.  ടോ… തൻ്റെ ബാഷേനെ ഞാൻ കണ്ടുപിടിച്ചു. “

( തുടരും ……)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക