Image

ശബരിമല പുനഃപരിശോധനാ ഹർജികൾ: സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Published on 06 April, 2026
ശബരിമല പുനഃപരിശോധനാ ഹർജികൾ: സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള നിയമപരമായ സങ്കീർണ്ണതകളാണ് പ്രധാനമായും പരിശോധിക്കുന്നത്. കേരളം തിരഞ്ഞെടുപ്പ് ചൂടിലായിരിക്കെ, സുപ്രീംകോടതിയിലെ ഈ നിർണ്ണായക നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

​യുവതീപ്രവേശന വിധിയെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങൾക്കായി കോടതി പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങൾ മെയ് 7 മുതൽ 9 വരെയും, വിധിയെ അനുകൂലിക്കുന്നവരുടേത് 14 മുതൽ 16 വരെയുമാണ് നടക്കുക. കക്ഷികളുടെ വാദങ്ങൾ ക്രമീകരിക്കുന്നതിനായി അഡ്വ. കൃഷ്ണ കുമാർ സിങ്, അഡ്വ. ശാശ്വതി എന്നിവരെ നോഡൽ അഭിഭാഷകരായി കോടതി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ദേവസ്വം ബോർഡ് ഉൾപ്പെടെ 53 കക്ഷികൾ വിധിക്കെതിരെയും 12 കക്ഷികൾ വിധിയെ അനുകൂലിച്ചും വാദങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്.

​കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഏറെ നിർണ്ണായകമാണ്. 2018-ലെ യുവതീപ്രവേശന വിധിയിൽ സ്ത്രീവിവേചനത്തിന് എതിരെ ശക്തമായ നിലപാടെടുത്ത സർക്കാർ, ഇത്തവണ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ മിതമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾ കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തപ്പോൾ, മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടി കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. 2018-ലെ വിധിയെ നേരിട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത സർക്കാരിന്റെ ഈ നിലപാട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക