Image

കേരളത്തെ വിഭജിക്കാനുള്ള ശ്രമം: ഒരു രാഷ്ട്രീയ സമവായം തകർക്കാനുള്ള ബിജെപിയുടെ കുതന്ത്രം: ജോർജ്ജ് എബ്രഹാം

Published on 06 April, 2026
കേരളത്തെ വിഭജിക്കാനുള്ള ശ്രമം: ഒരു രാഷ്ട്രീയ സമവായം തകർക്കാനുള്ള ബിജെപിയുടെ കുതന്ത്രം: ജോർജ്ജ് എബ്രഹാം

ക്രിസ്ത്യൻ സമൂഹത്തിലെ ചില വിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നടത്തുന്ന ശ്രമം പുതുമയുള്ള കാര്യമല്ല. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഈ സമീപനം കൂടുതൽ പ്രകടമാവുകയും തന്ത്രപരമായി രൂപകൽപന ചെയ്യപ്പെട്ട രീതിയിൽ ശക്തമായി മാറുകയും ചെയ്തിരിക്കുന്നു. വിവിധ സഭാ വിഭാഗങ്ങളുമായുള്ള ഇടപെടലുകൾ, വിദ്യാഭ്യാസത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകൾ, ക്രിസ്ത്യൻ സമൂഹത്തിനകത്ത് പ്രാദേശിക നേതൃത്വത്തെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ എന്നിവ ഈ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.  ഉടനടി വലിയ തോതിലുള്ള വോട്ട് പരിവർത്തനമല്ല ഇതിന്റെ ലക്ഷ്യം, മറിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള (യുഡിഎഫ്) ക്രിസ്ത്യാനികളുടെ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ അനുരഞ്ജനത്തെ ക്രമേണ ദുർബലപ്പെടുത്തുക എന്നുള്ളതാണ്.

എന്നാൽ, കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ ചരിത്രപരമായി ശക്തമായ സാമൂഹിക കൂട്ടായ്മകളാലും വർഗം, ജാതി, മതം എന്നീ ഘടകങ്ങളുടെ വിഭജനങ്ങളാലുമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് മധ്യ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്, കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സംവിധാനവുമായി വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ആഴത്തിലുള്ള സ്ഥാപിത ബന്ധങ്ങൾ നിലനിന്നിട്ടുണ്ട്. അതിനാൽ തന്നെ,  ബിജെപിയുടെ ഈ 'കാൽവയ്പ്' ഉടനെയൊന്നും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ലെങ്കിലും ക്രമേണ കാര്യമായ മാറ്റം കൊണ്ടുവരുന്ന സ്വഭാവമുള്ളതായിരിക്കും .

ഭാരതീയ ജനതാ പാർട്ടി ഏറെക്കാലമായി ഒരു പാൻ-ഹിന്ദു ഐഡന്റിറ്റി രൂപപ്പെടുത്താൻ ശ്രമിച്ചുവരുന്നുണ്ട്. എന്നാൽ, കേരളത്തിലെ ഹിന്ദു സമൂഹം ഏകീകൃത സ്വഭാവമുള്ളവരല്ല. ജാതി അടിസ്ഥാനത്തിലുള്ള അസമത്വങ്ങൾ,സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, ശ്രീനാരായണ ഗുരുവിനേയും അയ്യങ്കാളിയെയും പോലുള്ള നേതാക്കൾ നയിച്ച പോരാട്ടങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ സാമൂഹിക ചരിത്രവും ക്രിസ്ത്യൻ മിഷനറിമാരുടെ സുസ്ഥിരമായ ശ്രമങ്ങളും പൂർണ്ണമായും മതപരമായ രീതിയിൽ ഏകീകരിക്കുന്നതിനെ ചെറുക്കുന്ന ഒരു രാഷ്ട്രീയ അവബോധം അവരിൽ വളർത്തിയെടുത്തു.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പരിഷ്കരണം എന്നീ മേഖലകളിലെ മിഷനറി പ്രവർത്തനങ്ങൾ പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ സാക്ഷരതയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിലും,   സമൂഹങ്ങൾക്കിടയിൽ വേരൂന്നിയ ജാതി അടിസ്ഥാനത്തിലുള്ള തടസ്സങ്ങളെ ചോദ്യം ചെയ്യുന്നതിലും നിർണായക പങ്ക് വഹിച്ചു. ഈ ഇടപെടലുകൾ കേരളത്തിന്റെ ഉയർന്ന മാനുഷിക വികസന സൂചികകൾക്ക് മാത്രമല്ല സംഭാവന ചെയ്തത്, സാമൂഹിക ചലനാത്മകതയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. തൽഫലമായി, ഈഴവർ, ദലിതർ, വിവിധ ഒബിസി വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പല സമൂഹങ്ങളും ചരിത്രപരമായി മതേതരമോ അല്ലെങ്കിൽ ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട്, പ്രത്യേകിച്ച് ലെഫ്റ്റ് ഡെമോക്രാറ്റിക്‌ ഫ്രണ്ടുമായി (എൽഡിഎഫ്) കൂടുതൽ അടുപ്പം പുലർത്തിയിട്ടുണ്ട്.

ജാതിയാൽ വിഭജിക്കപ്പെട്ട  ഹിന്ദു സമൂഹത്തിൽ നിന്ന് വിശാലമായ മത ഐക്യ ആഖ്യാനത്തിലേക്ക് സ്വത്വത്തെ പുനർനിർമ്മിക്കാനും മാറ്റാനുമാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. ഇത് യുവ വോട്ടർമാരുടെ ഒരു വിഭാഗത്തിനിടയിലും ദേശീയ രാഷ്ട്രീയ സന്ദേശങ്ങളാൽ സ്വാധീനിക്കപ്പെട്ട ചില മേഖലകളിലും ചില അനുരണനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കേരളത്തിന്റെ ആഴത്തിലുള്ള രാഷ്ട്രീയ ബോധവും ശക്തമായ പാർട്ടി ശൃംഖലകളും ഇതുമായി ഇപ്പോഴും ഏറ്റുമുട്ടുന്നുണ്ട്.

ഹിന്ദു വോട്ടർമാരെ പൂർണ്ണമായി ഏകീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ന്യൂനപക്ഷ വോട്ട് ബാങ്കുകളെ വിഘടിപ്പിക്കുക എന്ന കൂടുതൽ സൂക്ഷ്മവും ഒരുപക്ഷേ ആശങ്കാജനകവുമായ ഒരു തന്ത്രത്തിലേക്ക് ബിജെപി തിരിഞ്ഞിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കടുത്ത മത്സരം കേരളത്തിലെ 'ക്രിസ്ത്യൻ ബെൽറ്റ്' എന്നറിയപ്പെടുന്ന മേഖലകളിലാണ് നടക്കുന്നത്. ഏകദേശം 40 മണ്ഡലങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഈ പ്രദേശം ഒരുകാലത്ത് യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു. ഇപ്പോഴും വലിയ തോതിലുള്ള വോട്ടുമറിവ്  സാധ്യമല്ലെങ്കിലും,  സംശയം, പ്രതീക്ഷ, വിഭജനബോധം എന്നീ വിഷങ്ങൾ സ്ഥിരമായി ജനങ്ങളുടെ സിരകളിൽ കുത്തിവയ്ക്കുന്നതിലൂടെ ബിജെപി ഈ പ്രദേശത്തെ ചില വിഭാഗങ്ങളെ തിരഞ്ഞെടുപ്പിൽ അവർക്കൊപ്പം ചേർത്ത് മാറ്റം കൊണ്ടുവരാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

പതിറ്റാണ്ടുകളായി, കേരളത്തിലെ ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് മധ്യമേഖലയിലുള്ളവർ, യുഡിഎഫിനൊപ്പം ഉറച്ച നിലപാട് സ്വീകരിച്ചവരാണ്. ഈ ബന്ധം കേവലം രാഷ്ട്രീയ ഇടപാടിൽ ഒതുങ്ങുന്നതല്ല; അത് ആഴത്തിലുള്ള സ്ഥാപനപരവും സാമൂഹികവുമായ അടിത്തറകളിലാണ് നിർമ്മിക്കപ്പെട്ടത്. ബിജെപിയുടെ ലക്ഷ്യം ഈ ബന്ധം ഒറ്റരാത്രികൊണ്ട് തകർക്കുകയല്ല, മറിച്ച് ഒരു 'പ്രായോഗിക ബദൽ' ആയി സ്വയം സ്ഥാപിക്കാൻ തക്കവിധം അതിനെ ക്രമേണ ദുർബലപ്പെടുത്തുക എന്നതാണ്. കടുത്ത മത്സരം നിലനിൽക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത്, നേരിയ തോതിൽ ഉണ്ടാകുന്ന വോട്ടുചോർച്ചയ്ക്കു പോലും വലിയ രാഷ്ട്രീയ നേട്ടങ്ങൾക്ക് വഴിയൊരുക്കാൻ സാധിക്കും.

ക്രിസ്ത്യൻ മധ്യവർഗത്തിലെ ചില വിഭാഗങ്ങളോട് ബിജെപി മുന്നോട്ടുവയ്ക്കുന്ന നിലപാട് വളരെ സൂക്ഷ്മമായി രൂപകല്പന ചെയ്തതാണ്: വികസനം, മാന്യത, കൂടാതെ മൂന്നാം ഓപ്ഷൻ' എന്ന വാഗ്ദാനം. എന്നാൽ, ഈ സന്ദേശത്തിന്റെ അടിത്തട്ടിൽ കൂടുതൽ സങ്കീർണ്ണമായ ഒരു തന്ത്രപരമായ രാഷ്ട്രീയ രൂപരേഖയുണ്ട്. ക്രിസ്മസ് സന്ദർശനങ്ങൾ, പള്ളികളുമായുള്ള ഇടപെടലുകൾ, ചില പുരോഹിതന്മാരുമായുള്ള ബന്ധം സ്ഥാപിക്കൽ എന്നിങ്ങനെ പ്രതീകാത്മക നീക്കങ്ങൾ ധാരണകളെ മയപ്പെടുത്തുന്നതിനും ഉൾക്കൊള്ളലിന്റെ ഒരു പുറംചട്ട സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഈ കാഴ്ചപ്പാടുകൾ ആകസ്മികമല്ല; മറിച്ച് ഈ തന്ത്രത്തിന്റെ കേന്ദ്രഘടകങ്ങളാണ്.

ഇതിനേക്കാൾ കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നത് ഭയത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന പ്രവണതയാണ്. ആഗോള മത സംഘർഷങ്ങൾ, പ്രാദേശിക സംഭവങ്ങൾ, എഫ്‌സി‌ആർ‌എ പ്രിവിലേജുകളുടെ വിവേചനാധികാര സസ്പെൻഷൻ എന്നിവ പോലും തിരഞ്ഞെടുത്ത് പ്രേരിപ്പിച്ചുകൊണ്ട്, ഭാരതീയ ജനതാ പാർട്ടി ക്രിസ്ത്യൻ സമൂഹത്തിലെ ചില വിഭാഗങ്ങളെ പുനഃക്രമീകരിച്ച ഒരു രാഷ്ട്രീയ സഹജാവബോധത്തിലേക്ക് തള്ളിവിടുന്നതായി തോന്നുന്നു. പങ്കിട്ട പൗരമൂല്യങ്ങളേക്കാൾ കൂടുതൽ അരക്ഷിതാവസ്ഥകളാൽ സ്വാധീനിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതികരണത്തിലേക്ക് നയിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇത് വ്യക്തമായ ധ്രുവീകരണമല്ല; മറിച്ച് കൃത്യമായി കണക്കുകൂട്ടിയെടുത്ത രാഷ്ട്രീയ ഫോർമുലയാണ്.

കരുത്തുറ്റ നേതാക്കന്മാരുടെ അഭാവമാണ് സാഹചര്യം കൂടുതൽ വഷളാക്കുന്നത്. ഉമ്മൻ ചാണ്ടി, കെ.എം. മണി തുടങ്ങിയ ഉന്നത വ്യക്തികളുടെ അഭാവം ഒരു നേതാവിനും നികത്താൻ കഴിയാത്ത ഒരു ശൂന്യത അവശേഷിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ സൂചനകൾ വായിച്ചറിയാനും, അധികാര ചർച്ച നടത്താനും,സമൂഹത്തിലെ ഐക്യം നിലനിർത്താനും കഴിവുള്ള നേതാക്കളായിരുന്നു അവർ. അവരുടെ അഭാവത്തിൽ, വിഘടനം എളുപ്പമാവുകയാണ്.

കുടിയേറ്റവും സമൂഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ കൂടുതൽ ദുർബലമാക്കിയിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവുണ്ടായതിനാൽ, പുതുരക്തത്തിന്റെ രാഷ്ട്രീയ സജീവത കുറഞ്ഞിരിക്കുകയാണ്;അതേസമയം ആഗോള അനുഭവങ്ങൾ അവരുടെ ആഗ്രഹങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം കത്തോലിക്കർ, ഓർത്തഡോക്സ്, പെന്തക്കോസ്ത് വിഭാഗങ്ങൾ തമ്മിലുള്ള ആന്തരിക ഭിന്നതകളും കൂടി ചേർന്നതിന്റെ ഫലമായി കൂടുതൽ വിഭജിതമായതിനാൽ ബിജെപി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഇടപെടലിന് കൂടുതൽ സാധ്യതയുള്ള ഒരു സമൂഹമായി അത് മാറുന്നു.

  വിവിധ സമീപനങ്ങളും പ്രതീകാത്മകമായ നീക്കങ്ങളും ഉണ്ടായിരുന്നിട്ടും, സംശയം ഇപ്പോഴും ആഴത്തിൽ നിലനിൽക്കുകയാണ്. കേരളത്തിലെ പല ക്രിസ്ത്യാനികളും ബിജെപിയെ ഒറ്റപ്പെട്ട നിലയിലല്ല വിലയിരുത്തുന്നത്; ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അവരുടെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് അവർ അതിനെ വിലയിരുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സ്ഥാപനങ്ങളോടും സമൂഹങ്ങളോടും ഉണ്ടായ  വൈരപരമായ സമീപനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേരളത്തിലെ ബിജെപിയുടെ നീക്കങ്ങൾക്കുമേൽ ഇപ്പോഴും  കരിനിഴൽ വീഴ്ത്തുകയാണ്. വിദേശ ഫണ്ടിംഗ് നിയന്ത്രണങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളെ ചൊല്ലിയുള്ള സമീപകാല ആശങ്കകളും ഈ ഭീതിയെ കൂടുതൽ തീവ്രമാക്കിയിട്ടുണ്ട്.

എന്നാൽ, യഥാർത്ഥ അപകടം ഉടനടി സംഭവിക്കുന്ന ഒരു രാഷ്ട്രീയ അധികാരമാറ്റമല്ല. അതിലുപരി കൂടുതൽ സൂക്ഷ്മവും ആശങ്കാജനകവുമായ ഒന്നാണ് : കേരളത്തിന്റെ ബഹുസ്വര സന്തുലിതാവസ്ഥയുടെ ക്രമേണയുള്ള ക്ഷയം. സ്വത്വത്തെ മതത്തിലേക്ക് മാത്രം ചുരുക്കുന്ന ദ്വന്ദ്വ രാഷ്ട്രീയത്തെ വളരെക്കാലമായി ചെറുത്തുനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ജാതി, വർഗം, സമൂഹം എന്നിവ പരസ്പരം ഇടകലരുന്ന സങ്കീർണ്ണമായ ഘടനയാണ് കേരളത്തിന്റെ ശക്തി,ഇത് എളുപ്പത്തിലുള്ള  ധ്രുവീകരണത്തെ തടഞ്ഞിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് ആ സങ്കീർണ്ണതയെ ലഘൂകരിക്കുകയും കൂടുതൽ വിഭജനപരമായ രേഖകളിലൂടെ രാഷ്ട്രീയ തിരിച്ചറിവുകളെ  പുനർരൂപപ്പെടുത്താനുമുള്ള ശ്രമമാണ്.

ഈ ശ്രമം വിജയിക്കുമോ എന്നത് ഒരു തുറന്ന ചോദ്യമായി ഇപ്പോഴും തുടരുന്നു. വിമർശനാത്മകമായി പ്രകരിക്കാനും  രാഷ്ട്രീയ അതിക്രമങ്ങൾ തിരിച്ചറിഞ്ഞ് ചെറുത്തുനിർത്താനുമുള്ള കഴിവ് കേരളത്തിലെ വോട്ടർമാർ ചരിത്രപരമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അമിതാവേശം കൊണ്ട് കാര്യമില്ല. അടുത്ത സർക്കാർ ആരാണ് രൂപീകരിക്കുന്നത് എന്ന ചോദ്യത്തിൽ ഒതുങ്ങുന്നതല്ല ഈ തിരഞ്ഞെടുപ്പ്; കേരളം അതിന്റെ രാഷ്ട്രീയത്തെ സ്വന്തം നിബന്ധനകളിൽ നിർവചിക്കുന്നത് തുടരുമോ, അതോ രാജ്യത്തിന്റെ പല ഭാഗങ്ങളുടെയും രാഷ്ട്രീയ സ്വഭാവം മാറ്റിമറിച്ച ഒരു മാതൃകയുടെ സ്വാധീനത്തിന് വഴങ്ങി സ്വയം പുനർനിർമ്മിക്കപ്പെടാൻ അനുവദിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

എല്ലാത്തിനുമുപരി, കേരളം ഒരു സാധാരണ സംസ്ഥാനമല്ല. തീർച്ചയായും അതൊരു പരീക്ഷണശാലയുമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക