Image

വൃക്ഷാഹുതി (കവിത: റ്റി.എ ചാലിയാർ)

Published on 05 April, 2026
വൃക്ഷാഹുതി (കവിത: റ്റി.എ  ചാലിയാർ)

വീണു
കിടക്കുന്നിതാ,
ചിറകരിഞ്ഞു വീഴ്ത്തിയോയെൻ പിഞ്ചു മക്കളെ ...
വെട്ടിനുറുങ്ങിയ -
യെൻവൃക്ഷമേനിയെ, കാണൂവെൻ
സോദരരെ .

അനുനിമിഷമീ -
മനുജർക്കു പ്രാണ വായുനൽകിയോരെൻ
ദലങ്ങളെ, പിച്ചിച്ചീന്തിയീ നരാധമന്മാർ ...
വിലപിക്കയല്ലാതെന്തുമാർഗം ,
എൻ കൂട്ടരേ..

നെഞ്ചുപൊട്ടിയൊഴുകുമീ- രുധിരച്ചോട്ടിൽ നിണം നിറഞ്ഞു ഞാൻ നീറി,
പിടഞ്ഞു മരിക്കുന്നു , അമ്മേ, എൻമക്കളും ...

എന്തിനീ, നീചർക്കിനിയും നാം,
പ്രാണനേകേണമെൻ കൂട്ടരേ??
പടർന്നാടിവീശി പ്രാണവായുവേകും, നിങ്ങളോടാണെൻ
ചോദ്യം, എൻപ്രീയരേ ...
നാളെ..
നിങ്ങൾക്കുമിതു.. ഭവ്യമെന്ന് നിശ്ചയം.

എങ്കിലും,നാം, ക്ഷമിച്ചോർക്കേണമെപ്പോഴും..
ഭഗവാൻകല്പിച്ചുവിട്ട സ്നേഹ-
മിറ്റു പോലും വെടിയാതെ, മനുജരെ കാത്തീടണം,
പ്രാണവായുവേകീടണം, അത്-
കണിശമെൻകൂട്ടരേ!!!

ഞാനുമെൻമക്കളുമിപ്പോൾ,
കരിഞെരിഞ്ഞമർന്നു,
ചാരമായിത്തീർന്നലിഞ്ഞീടുമീ,
തായ്മടിയിൽ,
പിന്നെ കുളിരായുണർവായ്,
ഒരുനാൾ വീണ്ടും...
ഉയരുമൊരുമോഹവുമായ്, വീണ്ടും,
സ്നേഹിച്ചീടാനീ- മാലോകരെയെന്നും....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക