Image

സ്ഥാനാര്‍ത്ഥികളില്‍ 38 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; തിരഞ്ഞടുപ്പ് ഗുണ്ടകള്‍ക്കുള്ള മാന്‍ഡേറ്റോ..? (എ.എസ് ശ്രീകുമാര്‍)

Published on 05 April, 2026
സ്ഥാനാര്‍ത്ഥികളില്‍ 38 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; തിരഞ്ഞടുപ്പ് ഗുണ്ടകള്‍ക്കുള്ള മാന്‍ഡേറ്റോ..? (എ.എസ് ശ്രീകുമാര്‍)

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 38 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്ന 'അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസി'ന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു. ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി 863 സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷം പുറത്തുവിട്ട കണക്കിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. സ്ഥാനാര്‍ത്ഥികളില്‍ 39 ശതമാനം പേര്‍ കോടീശ്വരന്മാരാണെന്നും 863 സ്ഥാനാര്‍ത്ഥികളില്‍ 324 പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെന്നുമാണ് വിവരം. ഇതില്‍ 201 പേര്‍ക്കെതിരെ അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 928 സ്ഥാനാര്‍ത്ഥികളില്‍ 355 പേര്‍ക്കായിരുന്നു ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നത്. അന്ന് 167 പേര്‍ക്കെതിരെയായിരുന്നു ഗുരുതരമായ കേസുകള്‍.

സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പതിവുപോലെ ഇക്കുറിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 85 സ്ഥാനാര്‍ത്ഥികളില്‍ 72 പേരും, ബി.ജെ.പിയുടെ 93 സ്ഥാനാര്‍ത്ഥികളില്‍ 59 പേരും സി.പി.എമ്മിന്റെ 77 സ്ഥാനാര്‍ത്ഥികളില്‍ 51 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മുസ്ലിം ലീഗിന്റെ 25 സ്ഥാനാര്‍ത്ഥികളില്‍ 21 പേര്‍ക്കും സി.പി.ഐയുടെ 24 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഗുരുതരമായ ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ 60 പേരും ബി.ജെ.പിയുടെ 39 പേരും സി.പി.എമ്മിന്റെ 21 പേരും മുസ്ലിം ലീഗിന്റെ 13 പേരും സി.പി.ഐയുടെ 2 പേരും ഉള്‍പ്പെടുന്നു.

അതേസമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 15 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസുണ്ട്. ഇതില്‍ ഒരാള്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാല് പേര്‍ക്കെതിരെ കൊലപാതകക്കേസും 13 പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിനുള്ള കേസുകളും നിലവിലുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി എടുക്കുന്നില്ലെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്ന് 2020 ഫെബ്രുവരി 13-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജനപ്രീതി, സാമൂഹിക സേവനം, രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ തുടങ്ങിയ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞാണ് പാര്‍ട്ടികള്‍ ഇതിനെ പ്രതിരോധിക്കുന്നതും ക്രിമിനലുകളെ ഗോദയിലിറക്കുന്നതും. ജനാധിപ്യത്യ പ്രക്രിയയുടെ ഏറ്റവും മര്‍മ പ്രധാന ഘടകമായ തിരഞ്ഞടെപ്പ് പണക്കൊഴുപ്പിന്റേ താണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ ഫിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ മല്‍സരരംഗത്തുള്ളവരില്‍ 339 പേര്‍ കോടീശ്വരന്മാരാണ്. ഇതില്‍ കോണ്‍ഗ്രസില്‍ നിന്ന് 61 പേരും ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മില്‍ നിന്നും 52 പേര്‍ വീതവുമുണ്ട്. മുസ്ലിം ലീഗില്‍ 21 പേരും സി.പി.ഐയില്‍ 12 പേരും ഒരു കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ളവരാണ്.

ഈ സ്ഥാനാര്‍ത്ഥികളുടെ ആകെ ആസ്തി 2,403 കോടി രൂപയാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ ശരാശരി ആസ്തി 2.78 കോടി രൂപയായി വര്‍ദ്ധിച്ചു. 2021-ല്‍ ഇത് 1.69 കോടി രൂപയായിരുന്നു. തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം വ്യക്തമാണെന്നും പ്രമുഖ പാര്‍ട്ടികളെല്ലാം സമ്പന്നര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ പലയിടങ്ങളിലും പേയ്‌മെന്റ് സീറ്റ് വിവാദങ്ങളും ഈ പ്രചാരണ കാലത്ത് ചൂടുപിടിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളില്‍ 48 ശതമാനം പേര്‍ അഞ്ചാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 46 ശതമാനം ബിരുദധാരികളാണ്. പ്രായം കണക്കാക്കിയാല്‍ സ്ഥാര്‍ഥികളില്‍ 58 ശതമാനവും 41-നും 60-നും ഇടയിലുള്ളവരാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു സാമൂഹിക വിഷയമാണ്. ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റം കൈവരിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ രംഗത്തെ 'ക്രിമിനലൈസേഷന്‍' ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന വലിയ വിപത്തായി മാറിയിരിക്കുന്നു. കേരളത്തില്‍ ഈ പ്രവണത വളരെ കുറവാണെന്ന പൊതുവായ ധാരണ തിരുത്തുന്നതാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ സുപ്രധാനമായ റിപ്പോര്‍ട്ട്.

രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍, ഹര്‍ത്താല്‍, സമരം, പ്രതിഷേധം എന്നിവയില്‍ പങ്കെടുത്തതിനാല്‍ ചുമത്തപ്പെടുന്ന കേസുകള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ ചെറിയ കുറ്റങ്ങള്‍ ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കൊലപാതകം, കൊലപാതക ശ്രമം, അഴിമതി, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ എന്നിവയെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ചില കേസുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ മൂലമുള്ള അന്വേഷണത്തിലെ വൈകിപ്പിക്കലുകള്‍ കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ക്രിമിനലൈസേഷന്‍ ഒരു പ്രത്യേക പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. എല്ലാ പാര്‍ട്ടികളിലും അതിന്റെ അന്തക വിത്തുകളുണ്ട്.

രാഷ്ട്രീയവും തിരഞ്ഞെടുപ്പും ഒരു സൗഹൃദ മല്‍സരത്തിനതീതമായ വിദ്വേഷ വേദിയായി മാറുന്നത് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിന് ഒരു കാരണമാണ്. പണക്കൊഴുപ്പും പാര്‍ട്ടി അധിഷ്ഠിത സംഘര്‍ഷങ്ങള്‍ക്ക് കരുത്തേകുന്നു. ഏത് കുറ്റം ചെയ്താലും പാര്‍ട്ടി സംരക്ഷിക്കുമെന്ന വിശ്വാസവും ഉറപ്പും കുറ്റവാളികളെ സൃഷ്ടിക്കുന്നു. പാര്‍ട്ടിയുടെ സ്വാധീനത്തില്‍ നിയമനടപടികള്‍ വൈകിപ്പിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്ന തോന്നല്‍ ക്രിമിനലുകളുടെ വിളയാട്ടത്തിന് കാരണമാകും. വോട്ടര്‍മാരുടെ ജാത്രതക്കുറവും ക്രിമിനലുകളെ വളര്‍ത്തുന്നു. രാഷ്ട്രിയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. ജനാധിപത്യത്തിന്റെ അന്തസ് ഇല്ലാതാവുന്നു. യുവജനങ്ങളില്‍ അക്രമത്തിന്റെ തെറ്റായ മാതൃക രൂപപ്പെടുന്നു. അഴിമതിയും സ്വജനപക്ഷപാതവും വര്‍ദ്ധിക്കുന്നു, ഭരണ സംവിധാനത്തില്‍ വിശ്വാസം കുറയുകയും ചെയ്യുന്നു.

കേരള രാഷ്ട്രീയത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ സാന്നിധ്യം ഒരു സങ്കീര്‍ണ്ണമായ വിഷയമാണ്. എല്ലാ കേസുകളും ഒരുപോലെ ഗുരുതരമല്ലെങ്കിലും, വലിയൊരു ശതമാനം നേതാക്കള്‍ക്ക് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നത് ആശങ്കാജനകമാണ്. ജനാധിപത്യത്തിന്റെ മഹിമ നിലനിര്‍ത്താന്‍ ഈ പ്രശ്‌നത്തെ ഗൗരവമായി സമീപിക്കുകയും ശാസ്ത്രീയവും നൈതികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിന് ഗുരുതര കുറ്റകേസുള്ളവരെ മത്സരത്തില്‍ നിന്ന് വിലക്കുക തന്നെ ചെയ്യണം. കേസുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശ്ക്ഷിക്കുകയും വേണം. രാഷ്ട്രീയ താത്പര്യത്തിനതീതമായി മികച്ച സ്ഥാനാര്‍ത്ഥികളെ തിരഞ്ഞടുക്കാന്‍ വോട്ടര്‍മാരുടെ രാഷ്ട്രീയ ബോധവല്‍ക്കരണവും അനിവാര്യമാണ്. 
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക