Image

ആശങ്കകൾക്ക് ശുഭാന്ത്യം: കുടക് വനത്തിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

Published on 05 April, 2026
ആശങ്കകൾക്ക് ശുഭാന്ത്യം: കുടക് വനത്തിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

മടിക്കേരി: കുടകിലെ വനമേഖലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ (32) കണ്ടെത്തി. നാലുദിവസം നീണ്ട വ്യാപകമായ തിരച്ചിലിനൊടുവിലാണ് വനംവകുപ്പും പൊലീസും ചേർന്ന് ശരണ്യയെ ജീവനോടെ കണ്ടെത്തിയത്. കാട്ടിനുള്ളിൽ വഴിതെറ്റി ഒറ്റപ്പെട്ടുപോയ യുവതിയെ അത്യാധുനിക തെർമൽ ഡ്രോണുകളുടെ സഹായത്തോടെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത്. നാലുദിവസം വനത്തിനുള്ളിൽ കഴിഞ്ഞെങ്കിലും ശരണ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

​കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ഇവർ അന്നേദിവസം രാവിലെയാണ് ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ള മേഖലയായതിനാൽ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം മറ്റ് പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ പോയതെങ്കിലും യാത്രാമധ്യേ സംഘത്തിൽ നിന്ന് വേർപെടുകയായിരുന്നു. വൈകുന്നേരത്തോടെ മറ്റുള്ളവർ തിരിച്ചെത്തിയെങ്കിലും ശരണ്യ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് വഴിതെറ്റിയതായി വ്യക്തമായത്.

​കാണാതായ ദിവസം വൈകുന്നേരം തനിക്ക് വഴിതെറ്റിയ വിവരം ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിൽ അറിയിച്ചിരുന്നു. എന്നാൽ ഉടൻതന്നെ ഫോൺ സ്വിച്ച് ഓഫ് ആയത് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തിവരികയായിരുന്നു. ഒടുവിൽ ഡ്രോൺ നിരീക്ഷണത്തിലൂടെ യുവതിയുടെ സ്ഥാനം കണ്ടെത്തുകയായിരുന്നു. പ്രാഥമിക വൈദ്യപരിശോധനകൾക്ക് ശേഷം ശരണ്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക