
ലൈംഗികാതിക്രമ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകൻ രഞ്ജിത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തി. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ശാന്തിവിള ദിനേശിന്റെ ആരോപണം
. ചിത്രത്തിന്റെ യഥാർത്ഥ നിർമ്മാണച്ചെലവിനേക്കാൾ ഇരട്ടി തുക കണക്കിൽ കാണിച്ച് രഞ്ജിത്ത് സച്ചിയെ വഞ്ചിച്ചുവെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. സച്ചിയുടെ കാനഡയിലുള്ള ഒരു സുഹൃത്ത് വഴിയാണ് താൻ ഈ വിവരങ്ങൾ അറിഞ്ഞതെന്നും പാവം സച്ചി ഇതിനെതിരെ പ്രതികരിക്കാൻ നിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെയാണ് രഞ്ജിത്ത് വളരെ വേഗത്തിൽ കോടീശ്വരനായതെന്നും ശാന്തിവിള ദിനേശ് പരിഹസിച്ചു.
അതേസമയം, നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ തെളിവെടുപ്പിനായി ഇന്ന് കൊണ്ടുപോകും. നടിയെ ഉപദ്രവിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഷൂട്ടിംഗ് സെറ്റിലെ കാരവാനിൽ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുക. കേസിൽ ഉൾപ്പെട്ട രണ്ട് കാരവാനുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. എറണാകുളം സി.ജെ.എം കോടതി തിങ്കളാഴ്ച വരെയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്ത് ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ, തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണെന്നും നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇളവ് തേടിയത്. സിനിമയിലെ ഉന്നത പദവികൾ വഹിച്ചിരുന്ന ഒരാൾക്കെതിരെ ഒന്നിനുപുറകെ ഒന്നായി ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.