
കേരളത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നേമത്ത് ഇക്കുറി ശക്തമായ ത്രികോണ മല്‍സരത്തിനാണ് കളമൊരുങ്ങിയിട്ടുള്ളത്. കാരണം മൂന്ന് മുന്നണികളും അവരുടെ ഏറ്റവും ശക്തരായ സ്ഥാനാര്‍ഥികളെ തന്നെ നേമത്ത് രംഗത്തിറക്കിയിട്ടുണ്ട്. ഇടതു മുന്നണിക്കായി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായി പ്രകടനം കാഴ്ചവച്ച വിശിവന്‍കുട്ടി, യു.ഡി.എഫിഫിനായി തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.എസ് ശബരീനാഥന്‍, എന്‍.ഡി.എയ്ക്കായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടം തന്നെയാണ്.
മണ്ഡലത്തില്‍ ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിക്കുന്നതിനാല്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോല 'ഡീലി'ന്റെ പഴി കേള്‍ക്കേണ്ടവരുമെന്നതാണ് നേമത്തെ സ്ഥിതി. 2016-ല്‍ കേരള ചരിത്രത്തിലാദ്യമായി ബി.ജെ.പി ഒ രാജഗോപാലിലൂടെ ജയിച്ചത് യു.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി സഹായിച്ചതുകൊണ്ടാണെന്ന ആരോപണമായിരുന്നു എല്‍.ഡി.എഫിനുണ്ടായിരുന്നത്. 2021-ല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കെ മുരളീധരന്‍ പിടിച്ച 36,524 വോട്ടുകളാണ് കുമ്മനം രാജശേഖരന്റെ വിജയത്തിന് തടയിട്ടതും വി ശിവന്‍കുട്ടിയുടെ വിജയത്തിന് വഴിയൊരുക്കിയതുമെന്നത് വസ്തുതയുമണ്. ഇത്തവണയും ശബരീനാഥനെ യു.ഡി.എഫ് രംഗത്തിറക്കിയിട്ടും കോണ്‍ഗ്രസ് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നുണ്ട്.
ബി.ജെ.പിക്ക് 2016-ലെ വിജയയവും ഇത്തവണത്തെ കോര്‍പറേഷന്‍ ഭരണം പിടിക്കലുമാണ് ആത്മവിശ്വാസം പകരുന്നത്. 2016-ല്‍ ഒ രാജഗോപാല്‍ 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. ഒ രാജഗോപാല്‍ 6,78,134 വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ വി ശിവന്‍കുട്ടിക്ക് 59,142 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിനായി മത്സരിച്ച ജെ.ഡി.യു സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ചത് 13,860 വോട്ടായിരുന്നു. 2011-ല്‍ യു.ഡി.എഫിന് ലഭിച്ച 20,248 വോട്ടായിരുന്നു 2016-ല്‍ 13,860 വോട്ടായി കുറഞ്ഞതെന്നോര്‍ക്കുക. 2006-ല്‍ കോണ്‍ഗ്രസിന്റെ എന്‍ ശക്തന്‍ 60,884 വോട്ട് നോടി 10,749 വോട്ടിന് വിജയിച്ച നേമത്തായിരുന്നു 2011-ല്‍ 20,248, 2016-ല്‍ 13,860 എന്നീ നിലയിലേയ്ക്ക് യു.ഡി.എഫിന്റെ വോട്ട് ചുരുങ്ങിയത്. എന്നാല്‍ 2021-ല്‍ ഇവിടെ മത്സരിക്കാനെത്തിയ കെ മുരളീധരന്‍ യു.ഡി.എഫിന്റെ വോട്ട് ബാങ്ക് തിരിച്ച് പിടിക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നെങ്കിലും സി.പിഎമ്മിനും ബി.ജെ.പിക്കും പിന്നില്‍ മൂന്നാമതാവുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നത് കൊണ്ട് തന്നെ പാര്‍ട്ടിയുടെ സംഘടന സംവിധാനം മുഴുവന്‍ നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതേസമയം, ഒ രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും പോലെ പ്രവര്‍ത്തകരുമായുള്ള വൈകാരിക ബന്ധം സ്ഥാപിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ ബി.ജെ.പിക്ക് നല്‍കിയ അതേ മേല്‍ക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും കിട്ടുന്നതിന് ഇതും ഒരു പ്രധാന ഘടകമാണ്. ബി.ജെ.പിക്കുള്ളിലെ പുത്തന്‍ ഗ്രൂപ് സമവാക്യങ്ങളുടെ പ്രതിഫലനങ്ങളും വിജയത്തെ നിശ്ചയിക്കുന്ന നിര്‍ണായക ഘടകമാണ്. വികസനത്തുടര്‍ച്ചയും മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനവുമാണ് ഇടത് മുന്നണിയുടെ കരുത്ത്. മന്ത്രിയെന്ന നിലയിലെ ശിവന്‍കുട്ടിയുടെ വിപുലമായ ബന്ധങ്ങളും തുണയാകുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.
മണ്ഡലം തിരിച്ചുപിടിക്കലാണ് യു.ഡി.എഫിന്റെ വെല്ലുവിളി. ഒരുകാലത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്ഡലം നീണ്ട ഇടവേളക്ക് ശേഷം തിരികെ പിടിക്കുകയെന്ന ദൗത്യമാണ് കെ.എസ് ശബരിനാഥന്റേത്. പ്രചാരണ രംഗത്ത് ഇതെല്ലാം പ്രകടമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പരസ്യ സംവാദ പോര്‍വിളി, എസ്.ഡി.പി.ഐ സഹകരണത്തിന്റെ പേരില്‍ സി.പി.എമ്മിനെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ എന്നിങ്ങനെ യു.ഡി.എഫും വിട്ടുകൊടുക്കുന്നില്ല. കെ മുരളീധരന്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താനും വോട്ട് ശതമാനം വര്‍ധിപ്പിക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള ശബരീനാഥന്റെ സ്വാധീനം യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്നും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടടിസ്ഥാനത്തില്‍ 7,913 വോട്ടിന്റെ ലീഡാണ് നേമം മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്കുള്ളത്. നേമം മണ്ഡലത്തിന്റെ ഭാഗമായി വരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡുകളില്‍ 48,945 വോട്ടുകളാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടിയത്. എല്‍.ഡി.എഫ് 41,032 വോട്ടുകളും നേടി. യു.ഡി.എഫിന് 22,197 വോട്ടുകള്‍ മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചിട്ടുള്ളു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 22 വാര്‍ഡുകളില്‍ 17 വാര്‍ഡുകളിലാണ് എന്‍.ഡി.എ വിജയിച്ചത്. എല്‍.ഡി.എഫ് അഞ്ചിടത്ത് വിജയിച്ചു. എവിടെയും മുന്നിലെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞതുമില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2024) ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശഖര്‍ നേമം മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. 61,227 വോട്ടാണ് 2024-ല്‍ ഇവിടെ രാജീവ് ചന്ദ്രശേഖര്‍ പിടിച്ചത്. ഇവിടെ രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ ശശി തരൂരിന് 39,101 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്ന്യന്‍ രവീന്ദ്രന് ലഭിച്ചത് 33,322 വോട്ടായിരുന്നു. നേമം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലഭിച്ച 22,126 വോട്ടിന്റെ ലീഡാണ് ഇത്തവണ നേമത്ത് കണ്ണ് വെയ്ക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേമം ബി.ജെ.പിക്ക് ലീഡ് നല്‍കിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ 58,513 വോട്ടാണ് നേടിയത്. ശശി തരൂരിന് 46,472 വോട്ടും എല്‍.ഡി.എഫിന്റെ സി ദിവാകരന് 33,921 വോട്ടുമാണ് 2019-ല്‍ നേടാന്‍ സാധിച്ചത്.
1957-ല്‍ രൂപീകൃതമായ നേമം മണ്ഡലം ഇടതിനെയും വലതിനെയും മാറിമാറി തുണച്ചിട്ടുണ്ട്. ബി.ജെ.പി അക്കൗണ്ട് തുറന്നതല്ലാതെ തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന നേമം നിയമസഭാ മണ്ഡലത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍ വിജയിച്ച മണ്ഡലമാണിത്. 1982-ലെ തിരഞ്ഞെടുപ്പില്‍ കെ കരുണാകരന്‍ നേമം നിയമസഭാ മണ്ഡലത്തോടൊപ്പം മാള നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ച് വിജയിച്ചു. എന്നാല്‍ തന്റെ തട്ടകമായ മാള നിലനിര്‍ത്തിയ അദ്ദേഹം നേമം മണ്ഡലത്തില്‍ നിന്ന് രാജി വെച്ചു. തുടര്‍ന്ന് 1983 മാര്‍ച്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് സി.പി.എമ്മിലെ വി.ജെ തങ്കപ്പനായിരുന്നുവെന്നതാണ് രസകരം.