Image

ചമതി (നോവല്‍- ഭാഗം-12: ഉഷാ ചന്ദ്രന്‍)

Published on 04 April, 2026
ചമതി (നോവല്‍-  ഭാഗം-12: ഉഷാ ചന്ദ്രന്‍)

"നിനക്കെന്തിനാ മുത്തേ എന്നോടിത്ര കോപം?" ഒടുവില്‍ നിസ്സഹായനായി, കരയുന്ന മട്ടിലവന്‍ ആർദ്രമായി ചോദിച്ചു.
"നാളെ കാലത്ത് ഞാന്‍ പോകും. ഇന്നെന്‍റെകൂടെയൊന്ന് അമ്പലത്തില്‍ വരുമോ?" സന്ധ്യയുടെ മങ്ങിയ വെളിച്ചം പടർന്നപ്പോൾ വിച്ചു പ്രതീക്ഷയോടെ ചോദിച്ചു.
"ഇല്ല!" പെട്ടെന്നുള്ള അവളുടെ ആ കർക്കശമായ മറുപടിയില്‍ അവനോടുള്ള വെറുപ്പു മുഴുവന്‍ കനത്തുനിന്നിരുന്നു. മറുപടി കേട്ട് വിച്ചുവാകെ വിഷണ്ണനായി.
“അത്തേ! ഇതി!” അരികിൽ ഇതെല്ലാം കേട്ടുനിന്ന അമ്മാളുവോട് അവന്‍ പരിഭവത്തോടെ പരാതിപ്പെട്ടു.
“മുത്തേ! നീ ഒന്നവന്‍റെ കൂടെച്ചെല്ല്,” അമ്മാളു സ്നേഹപൂർവ്വം നിർബന്ധിച്ചു.
"ഓ! അമ്മയുണ്ടല്ലോ വക്കാലത്ത് പിടിക്കാൻ?" സീത ഉള്ളാലെ മുഷിഞ്ഞു. ഒട്ടും മനസ്സില്ലാതെ, നിന്ന വേഷത്തില്‍ത്തന്നെ അവൾ അനിഷ്ടത്തോടെ അവനോടൊപ്പം പുറപ്പെട്ടു.
'അയ്യേ, ഈ വേഷത്തിലോ? പുടവ മാറ്റി വാ...' അവളുടെ വേഷം കണ്ട് അവന്‍ പതിയെ പറഞ്ഞു.
"ഞാന്‍ അമ്പലത്തില്‍ കയറുന്നില്ല," അവളുടെ വാക്കുകളിൽ ഒഴിഞ്ഞുമാറാനുള്ള വെമ്പലായിരുന്നു.
അമ്പലപ്പരിസരത്തെത്തിയപ്പോള്‍, അവിടത്തെ തിരക്കേറിയ ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടു പോകാതിരിക്കാനെന്നോണം വിച്ചു വിറയ്ക്കുന്ന കൈകളോടെ സീതമ്മയുടെ വിരലില്‍ മുറുക്കി പിടിച്ചു. പെട്ടെന്നുതന്നെ അവള്‍ ആ കൈ കുതറിക്കളഞ്ഞു.
"നിനക്കെന്നെ ഒട്ടും ഇഷ്ടമല്ല അല്ലേ?" വിറയാർന്ന, ചിലമ്പിച്ച സ്വരത്തിലവന്‍ വേദനയോടെ ചോദിച്ചു.
"ഞാനങ്ങനെ പറഞ്ഞോ, ഇല്ലല്ലോ?" പരിഹാസം കലർന്ന ഭാവത്തിൽ അവൾ തിരിച്ചടിച്ചു.
"പിന്നെ ഞാനൊന്നു തൊട്ടപ്പോഴെയ്ക്കും നിനക്കെന്താ അത്രമേൽ നൊന്തോ?" അവനറിയാതെ ചോദിച്ചുപോയി.
'തൊട്ടുകളി വേണ്ട!' അവള്‍ കടുപ്പത്തിൽ തീര്‍ത്തുപറഞ്ഞു. ആ നിമിഷം അവന്‍റെ മുഖം പെട്ടെന്ന് മാറി, ഭാവവും മാറി. സങ്കടത്തിന്‍റെ സ്ഥാനത്ത് കത്തുന്ന ദേഷ്യം വന്നു നിറഞ്ഞു.
"അത് നമുക്ക് കാണാം. നിന്നെ മംഗലം കഴിക്കുന്നത്‌ ഞാനാണ്, നീ നോക്കിക്കോ!" അവൻ ഉറപ്പിച്ചു പറഞ്ഞു.
'എങ്കിലതൊന്നു കാണണമല്ലോ?' അവളും ഒട്ടും കുറയ്ക്കാതെ വെല്ലുവിളിച്ചു.
വിച്ചു ഭക്തിയോടെ അകത്തു കയറി ഉടവാള്‍ കണ്ടു തൊഴുതിറങ്ങി. സീതയാകട്ടെ , അവനെ ലേശംപോലും ശ്രദ്ധിച്ചതേയില്ല. അവൾ അമ്പലത്തിന് പുറത്തെ വർണ്ണാഭമായ കാഴ്ചകള്‍ കണ്ട് വെറുതെ നടന്നു.
തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ വിജനമായ വഴിയില്‍ വച്ച് വീണ്ടുമവന്‍റെ മട്ടും രീതിയും വല്ലാതെ മാറി. അടങ്ങാത്ത ഒരു വൈകാരികതൃഷ്ണ ആ നിമിഷം അവനില്‍ ആവേശിച്ചു. “ഏന് മുത്തം ഇച്ചനോ” (എനിക്കൊരു മുത്തം തരുമോ?), ഇരുട്ടുള്ള ഭാഗത്തു വച്ച് വിച്ചു സീതയോട് ഒട്ടും സങ്കോചമില്ലാതെ ഒരു വഷളനെപ്പോലെ ചോദിച്ചു. ഇമ്മാതിരി മോശം ചോദ്യം വ്യക്തമായി മനസ്സിലാകുന്ന മലയാളത്തിൽ ചോദിയ്ക്കാൻ അവനെന്തോ ജാള്യമുള്ളതുപോലെയാണ് സീതയ്ക്ക് അപ്പോൾ തോന്നിയിത്.

"നിനക്ക് നാണോം മാനോമൊന്നുമില്ലേ?" അവള്‍ അവജ്ഞയോടെ അവനെ പുച്ഛിച്ചു തള്ളി.
വീട്ടിലെത്തിയപാടെ ഒരല്പംപോലും മര്യാദയില്ലാതെ, ഒരു വിടന്‍റെ മട്ടിൽ വീണ്ടുമവന്‍ മുത്തം ചോദിക്കുകയും അവളെ കടന്നുപിടിച്ച് ബലമായി ആ കവിളിലും ചുണ്ടിലുമെല്ലാം ചുംബിക്കുകയും ചെയ്തു.
“ഇനി ഈ ഗോത്രഭാഷയുംകൊണ്ടെന്‍റെ അടുത്തെങ്ങാന്‍ വന്നാലാ... പറഞ്ഞേക്കാം!” ശക്തമായ താക്കീതോടെ, സർവ്വശക്തിയുമെടുത്ത് അവനെയവള്‍ ദൂരേക്ക് തള്ളിമാറ്റി.
രാത്രിയുടെ നിശബ്ദതയിൽ വിച്ചു വീണ്ടും സൂത്രത്തില്‍ സീതയുടെ അടുത്തെത്തി.
“മുത്തേ! ഉന്നോടെനക്ക് എവ്വളവ് പാസമിരുക്ക്. തെരിയാതാ ഉനക്ക്?” അവന്‍ അനുനയത്തിനായി തമിഴിലേയ്ക്ക് ചുവടുമാറ്റം നടത്തി. വല്ലാത്തൊരു അലോസരമാണ് അവൾക്കത് കേട്ടപ്പോൾ തോന്നിയത്.
“അടുത്ത വാട്ടി ഇങ്കെ വന്താ നാന്‍ ഉന്നൈ വിട മാട്ടേന്‍.”
"പൊയ്ക്കോ ഇവിടുന്ന്. ഓരോ ഡയലോഗുമായി വന്നോളും," സീത അവന്റെ ആ ഭീഷണി ഒട്ടും വകവയ്ക്കാതെ ഈർഷ്യയോടെ മുഖം തിരിച്ചു.
പെട്ടെന്ന് വിച്ചു ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തിൽ അവളെ വട്ടം കയറി പിടിച്ചു.
"ഛീ വിടെടാ..." അവള്‍ പരാക്രമത്തോടെ കുതറി. ഒപ്പം അവനെ കൈ നഖങ്ങൾ കൊണ്ട് അള്ളുകയും, ക്രൂരമായി മാന്തിപ്പറിക്കുകയും ചെയ്തു. എത്ര തള്ളിമാറ്റിയിട്ടും രക്ഷയില്ലെന്നു കണ്ടവൾ ഒടുവിൽ വലിയവായിലേ ഒച്ചവച്ചു.
“അമ്മാ...!”
"അത്ത ഈടലേ" (അമ്മായി ഇവിടെയില്ല), നിയന്ത്രണം വിട്ടവന്‍ കാമഭ്രാന്തോടെ അവളുടെ ഇരുമുലകളിലും കടന്നു പിടിച്ചു.
സീത ആഞ്ഞു വീശി ഒറ്റയടിയ്ക്ക് അവന്‍റെ കരണം പുകച്ചു.
"ഈ നിമിഷം ഇറങ്ങിക്കോണം ഇവിടുന്ന്. ശിത്തി വരട്ടെ, എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്‌."
അടിയേറ്റ മൂര്‍ഖനെപ്പോലെ രോഷം കൊണ്ട് അവന്‍ ചീറി.
"പോകലാം ആനാ തിരുപ്പി വറേന്‍. നീ എനക്ക് വേണം. ഞാന്‍ കൊടിയേറ്റിന് വരും അന്നെടുത്തോളാം നിന്നെ," കടുത്ത സ്വരത്തിൽ അവന്‍ വെല്ലുവിളിച്ചു.
അമ്മയും ശിത്തിയും കൊക്കോച്ചിയുടെ വീട്ടില്‍ നേരംപോക്കും വെടിവട്ടവും പറഞ്ഞു ഇരിക്കുന്നുണ്ടാവും. അവർക്ക് നുണയും കൊതിയും പറയാന്‍ കണ്ട ഒരു നേരം! സീതയ്ക്ക് ആ നിമിഷം ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
ഈ അപരിഷ്കൃതനെ കെട്ടുന്നതിലും ഭേദം എവിടെയെങ്കിലും തൂങ്ങിച്ചാവുന്നതാണെന്നവൾക്ക് വിങ്ങലോടെ തോന്നി.

"എൻ്റുണ്ണ്യേട്ടാ..." ശൗരിയെ ഓര്‍ത്തവള്‍ ഉള്ളുരുകി പൊട്ടിക്കരഞ്ഞു. ഒട്ടും യോജിക്കാത്ത രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന വ്യക്തികളെ മനസ്സില്ലവള്‍ സ്വയം തുലനം ചെയ്തുനോക്കി. നിലവാരം വച്ച് തൂക്കിയാൽ സാംസ്കാരികമായും സാമുദായികമായും ബുദ്ധിപരമായും സാമ്പത്തികമായും, ഒരിടത്തും യോജിപ്പില്ലാത്ത സമൂഹത്തിന്‍റ രണ്ടു തട്ടുകളില്‍ നിൽക്കുന്ന ഇരുവരെയും ഒരു തരത്തിലും താരതമ്യം ചെയ്യേണ്ട കാര്യമില്ലല്ലോ? "ഛേ! ഞാനൊരു കഴുത," സീത സ്വയം പഴിച്ചുകൊണ്ട് തലകുടഞ്ഞു. ഉണ്ണ്യേട്ടന്‍ തന്‍റെതായില്ലെങ്കിലും വിച്ചു എന്ന ഈ മനുഷ്യൻ തന്‍റെ ജീവിതത്തില്‍ ഒരിക്കലും വേണ്ട എന്നവള്‍ ഉറപ്പിച്ചു.

“നേന് അന്ത് മടങ്കി പോത്ത്യോ അത്താ?” (ഞാനങ്ങു തിരിച്ചു പോയാലോ അമ്മായീ), പിറ്റേന്ന് രാവിലെ വിച്ചു ചോദിക്കുന്നത് സീത ശ്രദ്ധിച്ചു.
“ഈവീശേ മാരിയമ്മേ പൂജ ഉബ്ബിടിയട്ടെ വിനി. അതികളിശിയേടി പൊയ്യിച്ചാലത്?" (ഇത്തവണ മാരിയമ്മന്റെ ഉത്സവം കേമമാണെന്ന് കേട്ടു. അതുകഴിഞ്ഞു പോയാല്‍ പോരേ?) എന്നായിരുന്നു അമ്മയുടെ ഉപദേശം. അല്ലേലും കാര്യങ്ങൾ ഉപദേശിക്കാന്‍ അമ്മ പണ്ടേ മിടുക്കിയാണല്ലോ?
സീത കടുത്ത ദേഷ്യത്തോടെ അമ്മയെ തുറിച്ചു നോക്കി.
ഈയമ്മയ്ക്ക് ഇതെന്തിന്‍റെ കേടാ? 'അമ്മ അവനെ പിടിച്ചു നിര്‍ത്തട്ടെ! ഞാന്‍ വല്ലയിടത്തും ഇറങ്ങിപ്പോകും നോക്കിക്കോ!' അവളുടെ മനസ്സ് ഉള്ളിലിരുന്ന് കലി തുള്ളിക്കൊണ്ട് വിളിച്ചു കൂവി.
‘പത്തിതെ നേന് അമ്മത കുശേനിയി ഒത്തു’ (പറ്റിയാല്‍ ഞാന്‍ അമ്മയെ കൂട്ടാന്‍ വരും), പുറത്തേയ്ക്കിറങ്ങാന്‍ തയ്യാറായ വിച്ചു പറയുന്നു.
“സായെ തായിയേടി പോ കൊച്ചു.” ഓ! ഇനി ചായയും കുടിപ്പിച്ചേ വിടു. ചായകുടിച്ചിട്ടു പോകാമെന്ന അമ്മയുടെ സ്നേഹം നിറഞ്ഞ മറുപടിയില്‍ അവൾക്ക് വല്ലാത്ത ഈര്‍ഷ്യ തോന്നി.
"സീതമ്മയ്ക്ക് നിയന്ത്രിക്കാനാവാത്ത അരിശം വന്നു, ഒരമ്മായിയും മോനും!" അവള്‍ പതുക്കെ പിറുപിറുത്തു.
“അത്തേ! ഞാനിറങ്ങുന്നു.”
വിച്ചു മുറ്റത്തേയ്ക്കിറങ്ങി നിന്ന് യാത്ര ചോദിക്കുന്നു. ആ ഭാഷ മലയാളമായതുകൊണ്ട് അത് തന്നോടുകൂടിയാണെന്ന് സീതമ്മയ്ക്കറിയാം.

അപ്പ ഇപ്പോൾ മിക്കവാറും ചമതിയില്‍ തന്നെയാണ്. വിശക്കുമ്പോൾ കഞ്ഞികുടിക്കാനും, ചൂളയൊരുക്കാനും, മറ്റത്യാവശ്യകാര്യങ്ങൾക്കും പ്രഭാതകര്‍മ്മങ്ങള്‍ക്കും മാത്രമായേ അപ്പ അവിടുന്ന് പുറത്തേയ്ക്കു വരാറുള്ളൂ.
ഇനി പ്രതിഷ്ഠാകര്‍മ്മം കഴിയുന്നത് വരെ ഇങ്ങനൊക്കെത്തന്നെയായിരിക്കും. അതുമൊരു പ്രത്യേക ചടങ്ങാണ്. സ്വന്തം വിരല്‍ മുറിച്ചു ചോരയിറ്റിച്ച് അത് ഭക്തിയോടെ ദേവിയ്ക്കര്‍പ്പിച്ചുകൊണ്ടാണ് വൃതം അവസാനിപ്പിക്കേണ്ടത്. അപ്പയ്ക്കെന്തോ ജീവിതത്തോടുതന്നെ വലിയൊരു വിരക്തിയുള്ളതുപോലെയാണ് പലപ്പോഴും തോന്നാറുള്ളത്. സ്വന്തം കയ്യറുക്കാന്‍ പോലും മടിയില്ലെന്ന് തോന്നും അപ്പയുടെ ചിലപ്പോഴത്തെ ഭാവം കണ്ടാല്‍.
ഉത്സവമടുത്താല്‍പ്പിന്നെ ആ കോളനിയിലെ കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം ഒരുപോലെ ആഹ്ലാദത്തിമിര്‍പ്പാണ്. എവിടെയും സന്തോഷത്തിന്‍റെ തിരതല്ലലും അതിന്‍റെ ആരവങ്ങളും മാത്രം. കുശവക്കുടി മുതൽ ക്ഷേത്രം വരെ എല്ലായിടവും വർണ്ണാഭമായ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിക്കാനും റോഡുകൾ വെളിച്ചത്താൽ പ്രകാശപൂരിതമാക്കാനുമുള്ള തത്രപ്പാടിലാണ് എല്ലാവരും. വര്‍ണ്ണപ്പൊലിമയ്ക്കായുള്ള വച്ചുകെട്ടലുകള്‍ക്കും കൃത്യസമയത്ത് മൈക്ക്സെറ്റ്കാരെ കണ്ടെത്താനുമൊക്കെയുള്ള നെട്ടോട്ടത്തിലാണ് പുരുഷന്മാരെല്ലാം. അവര്‍ക്കെല്ലാം ഏതെങ്കിലുംതരത്തില്‍ ഈ ഉത്സവത്തിന്‍റെ ഭാഗമാവണം. എല്ലാ മനസ്സുകളും അപ്പോള്‍ ഭക്തിയുടെ ഒരേബിന്ദുവില്‍ കേന്ദ്രീകരിക്കും. ജീവനോപാധിയായ പാത്രനിര്‍മ്മാണം താൽക്കാലികമായി നിര്‍ത്തിവച്ച് ശ്രദ്ധമുഴുവന്‍ ക്ഷേത്രത്തിലേയ്ക്കും ഉത്സവപ്പരിപാടികളിലേയ്ക്കും മാത്രമായി തിരിയും. ഇനിയുള്ള സമയം മുഴുവന്‍ ആഘോഷച്ചടങ്ങുകള്‍ക്കായും അതിന്‍റെ മുന്നൊരുക്കങ്ങൾക്കായും മറ്റെല്ലാം മറന്ന് ഓരോ വീട്ടുകാരും അവരുടെ വിലപ്പെട്ട ദിവസങ്ങള്‍ മാറ്റിവയ്ക്കുകയായി. വറുക്കലും പൊരിക്കലുമൊക്കെയായി ഓരോ അടുക്കളയും സുഗന്ധവാഹികളായി മാറും. സകലരും വലിയൊരു തിരക്കുപിടിച്ച ഓട്ടത്തിലാണ്. അവർക്ക് ഓണത്തേക്കാള്‍ പ്രാധാന്യം ഈ പുണ്യ ദിവസങ്ങളാണ്.

വെള്ളം ചേര്‍ത്തു കുതിര്‍ത്തു വച്ച നല്ല കളിമണ്ണ് കുറേ ബാക്കിയിരിക്കുന്നത് സീതമ്മ കണ്ടു. മണ്ണ് ബാക്കി വന്നത് വെറുതെ കളയാന്‍ മനസ്സില്ലെന്ന് അമ്മ ഇന്നലെ പറയുന്നത് സീത വ്യക്തമായി കേട്ടതാണ്. അതിനി കല്ലും അഴുക്കുമൊക്കെ നീക്കി മണല്‍ ചേര്‍ത്തു പാകത്തിന് കുഴച്ചെടുക്കണം. കുഴമണ്ണ്‍ ചെറിയ ഉരുളകളാക്കി കൊടുക്കുന്ന ആ ജോലി എന്നും തന്‍റെതന്നെയാണ്. അപ്പ തിരക്കിലായതുകൊണ്ട് ചക്രം കറക്കിക്കൊടുക്കാനും ഇപ്പോൾ താന്‍ തന്നെ വേണം. ചട്ടിയോ കലമോ ആയി അതിന് രൂപവും ജന്മവും കൊടുക്കാൻ അമ്മ മതിയാകും. പണ്ടൊക്കെ ആലയില്‍ പൂജ ചെയ്ത ശേഷമാണ് പാത്രനിര്‍മ്മാണം തുടങ്ങാറുള്ളത്. ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണ്. പക്ഷെ അതൊരുതരം അഴകൊഴമ്പന്‍ ഒപ്പിക്കല്‍ പണിയാണെന്ന് മാത്രം. ആർക്കും ഇപ്പോൾ ഒന്നിനും സമയമില്ലല്ലോ?
അമ്മ കുഴച്ചുവച്ചിരുന്ന കളിമണ്ണ് ശ്രദ്ധയോടെ ഉരുളകളാക്കി മാറ്റുമ്പോഴാണ് ഉമ അവിടേയ്ക്കു വന്നത്. "ഇതിനി അടുത്തതായി എന്ത് ചെയ്യുമെടീ?" അവളുടെ ആ ആകാംക്ഷ കലർന്ന ചോദ്യം കേട്ട് സീത അവളെ, 'നീ കണ്ടോളു' എന്ന മട്ടില്‍ വലിയ ഗമയില്‍ ഒന്ന് നോക്കി.
"നോക്കിക്കേ, ആ കയ്യാലയ്ക്കകം കാണുന്ന കുലാലചക്രമില്ലേ? അതിനെ ഞങ്ങള്‍ 'ചേരി'യെന്നും അമ്മേടെയൊക്കെ നാട്ടു ഭാഷയില്‍ 'സാരി'യെന്നും ചിലസ്ഥലങ്ങളില്‍ 'ചൗരി'യെന്നും വിളിക്കും. അതെന്തുമാവട്ടെ, അതൊരു ചക്രമാണെന്ന് നിനക്ക് മനസ്സിലായില്ലേ? ദാ, ഈ ഉരുള അതിന്‍റെ കൃത്യം നടുക്കായി വയ്ക്കും. ചക്രത്തിന്‍റെ ഒരു കോണില്‍ ചെറിയൊരു തുളയുണ്ട്. അതിലൊരു വടി നാട്ടും. അതിനെ 'മുകുരം' എന്നാണ് പറയാറ്. പിന്നെ അതില്‍ പിടിച്ചു ചക്രം നല്ല സ്പീഡില്‍ കറക്കും. എന്ത് പാത്രമാണോ നമ്മൾ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്, അതിന്‍റെ ആകൃതിയില്‍ ഈ ചേറുരുള കൈകൊണ്ടു സുന്ദരമായി രൂപപ്പെടുത്തിയെടുക്കും. അമ്മയ്ക്ക് നല്ല വശമാ ആ പണി. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന പാത്രം രണ്ടുദിവസം മുഴുവന്‍ വെയിലത്ത് വയ്ക്കും. അതിനു ശേഷം ചൂളയില്‍ ഇട്ടു ചുട്ടെടുക്കും. നീയാ ഇറയത്ത് അടുക്കിയിരിക്കുന്ന മൺകലങ്ങള്‍ കണ്ടോ? അതൊക്കെ അങ്ങനെയുണ്ടാക്കി ചുട്ടു മാറ്റിയതാ."
"ചൂളയില്‍ വയ്ക്കുമ്പോള്‍ എന്നോടൊന്നു പറയണെ മുത്തേ! എനിക്കൊന്നു കാണാനാ..."
"രണ്ടുദിവസം കഴിഞ്ഞു നീ വാ... സന്ധ്യയ്ക്ക് വരണം," സീത പറഞ്ഞു. "പക്ഷേ ഒരുകാര്യം, തൊടാന്‍ വയ്യാതെ ഇരിയ്ക്കുകയാണേല്‍ വരരുത് കേട്ടോ?" ഉമ‌ കാര്യം മനസ്സിലായെന്നു ചിരിച്ചുകൊണ്ടു തലയാട്ടി.
തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക