Image

പെരിന്തല്‍മണ്ണയുടെ ജനഹിതം ചരിത്രം; വിധിതീര്‍പ്പാക്കുന്ന മണ്ഡലങ്ങളുടെ കഥ കഴിയുമോ..? (എ.എസ് ശ്രീകുമാര്‍)

Published on 03 April, 2026
പെരിന്തല്‍മണ്ണയുടെ ജനഹിതം ചരിത്രം; വിധിതീര്‍പ്പാക്കുന്ന മണ്ഡലങ്ങളുടെ കഥ കഴിയുമോ..? (എ.എസ് ശ്രീകുമാര്‍)

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ആരുടെ കൈവശമാകും എന്ന് തീരുമാനിക്കുന്നത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരമ്പരാഗതമായി യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള മത്സരത്തിലധിഷ്ഠിതമാണ്. 1980 മുതല്‍ കേരള ഭരണം രണ്ട് മുന്നണികളും മാറിമാറി കൈകാര്യം ചെയ്തുവരുന്നു. എന്നാല്‍ 2021-ല്‍ ഇടതു മുന്നണിക്ക് തുടര്‍ ഭരണം ലഭിച്ചതോടെ ഈ പതിവിന് മാറ്റം വന്നു. 2026-ല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ സ്വാധീനം രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തി എന്നത് നിര്‍ണായകമാണ്. വികസന പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവ എല്‍.ഡി.എഫിന് അനുകൂല ഘടകങ്ങളാവുമ്പോള്‍, വിലക്കയറ്റം, തൊഴില്‍ പ്രശ്‌നങ്ങള്‍, സ്വര്‍ണക്കൊള്ള തുടങ്ങിയവ പ്രതികൂലമായി മാറാം.  യു.ഡി.എഫ് വാഗ്ദാനം ചെയ്ത ക്ഷേമ പദ്ധതികള്‍, ഉദാഹരണത്തിന് സൗജന്യ ബസ് യാത്ര, ഉയര്‍ന്ന പെന്‍ഷന്‍ തുടങ്ങിയവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ചര്‍ച്ചാവിഷയമാണ്. ബി.ജെ.പി ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍  ചില മണ്ഡലങ്ങളില്‍ ശക്തമായ മത്സരവും വോട്ട് വിഭജനവും സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മതാധിഷ്ഠിത വോട്ടിംഗ് പ്രവണത വര്‍ധിക്കുന്നതായി കാണുന്നു. അതേസമയം, 140-ല്‍ നിര്‍ണായകമായ 25 മണ്ഡലങ്ങള്‍ ജയാപജയങ്ങളെ നിശ്ചയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ജനവിധിയും തുടര്‍ന്നുണ്ടായ തിരഞ്ഞടുപ്പ് കേസും രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെ നോക്കിക്കണ്ട ഒന്നാണ്. കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് 2024 ഓഗസ്റ്റ് 13-നാണ്. മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം വെറും 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫയെ പരാജയപ്പെടുത്തിയത്. 2021-ലെ സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷമായിരുന്നു ഇത്. എന്നാല്‍ ഫല പ്രഖ്യാപനത്തിന് പിന്നാലെ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  

കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളില്‍ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താല്‍ വരാണാധികാരി അസാധുവാക്കുകയുണ്ടായി. റിട്ടേണിംഗ് ഓഫീസറുടെ ഈ നടപടി ചോദ്യം ചെയ്തായിരുന്നു മുസ്തഫ നിയമ നടപടികളിലേയ്ക്ക് കടന്നത്. 38 വോട്ടിന്  നജീബ് വിജയിച്ചതിനെ തുടര്‍ന്ന് എണ്ണാതെ മാറ്റിവെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് എണ്ണണമെന്നായിരുന്നു മുസ്തഫയുടെ ആവശ്യം. പോസ്റ്റല്‍വോട്ട് എണ്ണിയാല്‍ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും പോസ്റ്റല്‍വോട്ട് നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തത് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ഹരജിക്കാരന്‍ വാദിച്ചു.

തുടര്‍ന്ന്  ഈ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിക്കുകയായിരുന്നു. 348 വോട്ടുകളില്‍ 32 എണ്ണം മാത്രമാണ് സാധുവായത്.  വോട്ടുകള്‍ നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തതിനാല്‍ മാറ്റിവെച്ചതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സാധുവായ വോട്ടുകള്‍ മുഴുവന്‍ എല്‍.ഡി.എഫിനാണ് എന്ന് കണക്കാക്കിയാല്‍ പോലും ആറ് വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവ് നജീബ് കാന്തപുരത്തിന് അനുകൂലമായതോടെ കെ.പി.എം മുസ്തഫ നിയമനടപടികളില്‍ നിന്ന് പിന്മാറുകയായിരുന്നു.

ജയാപജയങ്ങളെ നിശ്ചയിക്കുന്ന 25 മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ വിജയം ആയിരം വോട്ടില്‍ താഴെയായിരുന്നു. പെരിന്തല്‍മണ്ണയ്ക്ക് പുറമെ കുറ്റ്യാടിയില്‍ 333 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിന്റെ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ വിജയിച്ചത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന പാറക്കല്‍ അബ്ദുള്ളയെ ആയിരുന്നു ഫോട്ടോഫിനിഷില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ പരാജയപ്പെടുത്തിയത്. 202-ല്‍ ഫോട്ടോഫിനിഷിന്റെ പ്രതീതി സൃഷ്ടിച്ച മറ്റൊരു മണ്ഡലം മഞ്ചേശ്വരമായിരുന്നു. 2016-ല്‍ 89 വോട്ടിന് മാത്രം പരാജയപ്പെട്ട ബി.ജെ.പിയുടെ കെ സുരേന്ദ്രന്‍ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തവണ കളത്തിലിറങ്ങിയെങ്കിലും മുസ്ലിം ലീഗിന്റെ യുവനേതാവ് എ.കെ.എം അഷ്‌റഫിനോട് 745 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

തൃശ്ശൂരില്‍ 946 വോട്ടിനായിരുന്നു സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്റെ വിജയം. കോണ്‍ഗ്രസിന്റെ പത്മജാ വേണുഗോപാലിനെയാണ് പി ബാലചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പിക്കായി മത്സരിച്ച സുരേഷ് ഗോപി 40457 വോട്ട് നേടി ഇവിടെ മൂന്നാമതെത്തിയിരുന്നു. 985 വോട്ടിന് 2021-ല്‍ ഇടതുപക്ഷത്തിന്റെ വി അബ്ദുറഹിമാന്‍ വിജയിച്ച താനൂരില്‍ ഇത്തവണ കനത്ത പോരാട്ടം നടക്കും. മുസ്ലിം ലീഗിന്റെ യുവ നേതാവ് പി.കെ ഫിറോസിനെ ശക്തമായ പേരാട്ടത്തില്‍ അടിയറവ് പറയിച്ചായിരുന്നു അബ്ദുറഹിമാന്റെ വിജയം. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസിന്റെ കെ ബാബു 992 വോട്ടിന് സി.പി.എമ്മിലെ എം സ്വരാജിനെ അട്ടിമറിച്ച തൃപ്പൂണിത്തുറയാണ് ആയിരം വോട്ടിന് താഴെ വിധി നിര്‍ണ്ണയിച്ച ആറാമത്തെ മണ്ഡലം.

കഴിഞ്ഞ തവണ ആയിരത്തിനും 3,000-നും ഇടയില്‍ ഭരിപക്ഷം നിര്‍ണയിച്ച 11 മണ്ഡലങ്ങളുണ്ട്. ചാലക്കുടി, ചവറ, റാന്നി, കണ്ണൂര്‍, പീരുമേട്, കൊല്ലം, തവനൂര്‍, കുന്നത്തുനാട്, കുന്നത്തൂര്‍, പെരുമ്പാവൂര്‍, അടൂര്‍ എന്നിവയാണിവ. തൃത്താല, പേരാവൂര്‍, നേമം, നാദാപുരം, കടുത്തുരുത്തി, കുണ്ടറ, തിരുവമ്പാടി, അരുവിക്കര, നിലമ്പൂര്‍, പാലക്കാട് എന്നിവ ഭൂരിപക്ഷം 3,000ത്തിനും 5,000ത്തിനും ഇടയിലുള്ള മണ്ഡലങ്ങളാണ്. ഇതിനിടെ നിലമ്പൂരും പാലക്കാടും നടന്ന ഉപതിരഞ്ഞടുപ്പില്‍ 2021-ലെ സ്ഥിതിക്ക് മാറ്റം സംഭവിക്കുകയുണ്ടായി. 2021-ല്‍ 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നിലമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പി.വി അന്‍വറിന്റെ വിജയം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്ത് 11,107 വോട്ടിനാണ് സി.പി.എമ്മിന്റെ എം സ്വരാജിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫുമായുള്ള തര്‍ക്കത്തില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്ന് അന്‍വര്‍ ഇവിടെ വീണ്ടും മത്സരത്തിനിറങ്ങിയിരുന്നു

കഴിഞ്ഞ തവണ ശക്തമായ പേരാട്ടത്തിനൊടുവില്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ യുവ നേതാവ് ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. എന്‍.ഡി.എയുടെ ഇ ശ്രീധരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്. 2024-ല്‍ ഷാഫി പറമ്പില്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. പിന്നീട് ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിരുന്നു. അതോടെ കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ രാഹുല്‍ അപ്രസക്തനായിരിക്കുകയാണ്. ഇനി എം.എല്‍.എ സ്ഥാനത്ത് രാഹുലിന് ശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക