Image

പറയാതെ പോയത് (കവിത: അന്‍വര്‍ കാരേപറമ്പ്)

Published on 03 April, 2026
പറയാതെ പോയത് (കവിത: അന്‍വര്‍ കാരേപറമ്പ്)

ഞാന്‍
മരിച്ചെന്ന് കേള്‍ക്കുമ്പോള്‍
നീയൊന്ന്
ഞെട്ടുമെന്ന്
ഞാന്‍ വെറുതെ
മോഹിക്കാറുണ്ട്.

പക്ഷേ,
എനിക്കറിയാം...
നീയത്
അറിയുക പോലുമില്ലെന്ന്.
ഇനി
അറിഞ്ഞാല്‍ തന്നെയും
നിന്റെ തിരക്കുകള്‍
മാറ്റിവെച്ച്
ഓടിയെത്തുമെന്ന്
ഞാന്‍ കരുതുന്നില്ല.

ഒരുപക്ഷേ
നീ വന്നേക്കാം,
പക്ഷേ, ജീവനറ്റു കിടക്കുന്ന
എന്റെ ജഡം നോക്കി
കണ്ണീര്‍ പൊഴിക്കുമെന്ന്
എനിക്ക് തോന്നുന്നില്ല.

തണുത്ത് മരവിച്ച്
മലര്‍ന്നു കിടക്കുന്ന
എന്നെ നീയൊന്ന്
തൊട്ടുനോക്കുമോ?
വിദൂരതയിലേക്ക് മിഴികളൂന്നി
നീ എന്തൊക്കെയോ എന്നോട്
പറയാന്‍ ശ്രമിക്കുമ്പോള്‍...

നിലച്ചുപോയ
ആ നിശ്വാസങ്ങള്‍ക്കിടയില്‍
ഞാന്‍ നിന്നോട്
പറയുന്നുണ്ടാവും:
'ഒരിത്തിരി നേരത്തെ
നീ വന്നിരുന്നെങ്കില്‍
നിനക്കെല്ലാം എന്നോട്
പറയാമായിരുന്നില്ലേ?'

ശ്വാസം തീരും വരെ
നാം
പറഞ്ഞാലേ
എല്ലാം അറിയാറുള്ളൂ.
തീര്‍ന്നാല്‍ പിന്നെ...
ഒന്നും പറയാതെ തന്നെ
എല്ലാം അറിഞ്ഞു തുടങ്ങുമല്ലോ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക