Image

ദുഃഖവെള്ളി ഇന്ന് ; ഇന്നലെ പെസഹാ വ്യാഴം (മിനി ബാബു)

Published on 03 April, 2026
ദുഃഖവെള്ളി ഇന്ന് ; ഇന്നലെ പെസഹാ വ്യാഴം (മിനി ബാബു)

ഇന്ന് ദുഃഖവെള്ളി
ഇന്നലെ പെസഹാ വ്യാഴം
ശരീരത്തിലുള്ള പീഡ കഠിനമെങ്കിലും
അതിന് മുൻപായുള്ള മനസ്സിന്റെ പീഡ അതിലും കഠിനം.

സ്നേഹം ഒരു ഭാഷയാണ്. ആ ഭാഷയാണ് ഏറ്റവും കൂടുതൽ മുറിവുകൾ നൽകുന്നത്. സ്നേഹിക്കുന്നവരെ നമ്മൾ സ്പർശിക്കാറുണ്ട്. ഒരിക്കൽ പഠിപ്പിച്ച കുട്ടികളെ വീണ്ടും കാണുമ്പോൾ, മനപ്പൂർവ്വം ആയിട്ട്  അവരെ ഒന്ന് സ്പർശിക്കാറുണ്ട്, തോളിൽ ഒന്ന് തട്ടുക, കൈയിൽ ഒന്ന് സ്പർശിക്കുക. നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാണെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്. ചില കുട്ടികൾ  നമ്മളെ കാണുമ്പോൾ ആലിംഗനം ചെയ്യാറുണ്ട്. വാക്കുകൾ പിന്നീട് അപ്രസക്തമാണ്. സ്പർശനം ഹൃദയത്തിന്റെ ഭാഷയാണ്. 
സ്നേഹത്തിന് ഒരു ഭാഷയല്ല പല ഭാഷകൾ വശമെന്ന പാഠം പഠിപ്പിക്കലിന്റെ ദിവസമാണ് പെസഹാ വ്യാഴം. ചുംബനമാണ് സ്നേഹത്തിന്റെ അങ്ങേത്തലയ്ക്കൽ. നമ്മൾ എല്ലാവരെയും ചുംബിക്കാറില്ല. നമ്മൾ ആരെയെങ്കിലും ഒക്കെ ചുംബിക്കുന്നുവോ അവരൊക്കെ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ.

യൂദാസ് ഒരിക്കൽ യേശുവിനെ സ്നേഹിച്ചിരുന്നു. സ്നേഹിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ചിലപ്പോഴെങ്കിലും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ കയ്യിൽ പിടിച്ച്  ആലിംഗനം ചെയ്തു, 'ഇത് എന്റെ" എന്ന് പറയുന്നതുപോലെ, യേശുവിനെ ചുംബിച്ചു കാണിച്ചുകൊടുത്ത ദിവസം. കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ യൂദാസ് സ്നേഹം പ്രകടിപ്പിച്ചു തന്നെ യേശുവിനെ കാണിച്ചുകൊടുത്തു. "ഇവനെ കൊണ്ടുപോവുക നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക" എന്ന് പറയും പോലെ.

സ്നേഹത്തിന് ചതിയുടെ ഭാഷ വശമെന്ന് സ്പഷ്ടം.  ഏറ്റവും നോവിക്കുന്നത് നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. നമ്മൾക്ക് അറിയാവുന്നവരാണ്. നമ്മുടെ ചുറ്റുമുള്ള ആ ഒരു സർക്കിൾ ആണ്. തിരിച്ചും നമ്മളും അങ്ങനെ തന്നെ. ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ തിരിച്ചു നോക്കുമ്പോൾ, എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിക്കും  :

അച്ഛനോടും അമ്മയോടും അങ്ങനെ പറയേണ്ടിയിരുന്നില്ല ചെയ്യേണ്ടിയിരുന്നില്ല.

അതുപോലെ പങ്കാളിയോടും മക്കളോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും. നമ്മൾ എപ്പോഴും വേദനിപ്പിക്കുക നമുക്ക് ഏറ്റം പ്രിയപ്പെട്ട വരെയാണ്. ചെറിയ ചെറിയ യൂദാസുകളാണ് നമ്മളൊക്കെ.

"അവനെ ഞാൻ അറിയുകയില്ല" എന്ന് പറയുന്ന പത്രോസിനെ പോലെ തിരിച്ചു വന്നുകൊണ്ടേയിരിക്കുന്നു.

ഒരോ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ഇതു നമ്മളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക