Image

കേരളം വിധിയെഴുതാൻ ആറുനാൾ മാത്രം; പോരാട്ടം മുറുകുന്നു, കേന്ദ്ര - സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കി മുന്നണികൾ

Published on 03 April, 2026
കേരളം വിധിയെഴുതാൻ ആറുനാൾ മാത്രം; പോരാട്ടം മുറുകുന്നു, കേന്ദ്ര - സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കി മുന്നണികൾ

കേരളം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ആറുദിവസം മാത്രം ബാക്കി. അടുത്ത ചൊവ്വാഴ്ചയോടെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ, അവസാന വട്ട വോട്ടും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. ദേശീയ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ഓരോ മണ്ഡലത്തിലും സ്വാധീനം ഉറപ്പിക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ നീക്കം.

​ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇടതുമുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കിയ അദ്ദേഹം, പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വന്തം മണ്ഡലമായ ധർമ്മടത്ത് പ്രചാരണത്തിനെത്തും. മുഖ്യമന്ത്രിയുടെ വരവോടെ മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകർ വലിയ ആവേശത്തിലാണ്.

​പത്തു വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. രാഹുൽ ഗാന്ധിയെ കൂടാതെ പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി കേരളത്തിലുടനീളം സജീവമായിട്ടുണ്ട്. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വോട്ട് തേടുന്നത്.

​തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം നിയമസഭയിലും ആവർത്തിക്കാനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തുമാണ് അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികൾ. ട്വന്റി-20 പാർട്ടിയുമായുള്ള സഖ്യം ക്രിസ്ത്യൻ വോട്ടുകൾ നേടിക്കൊടുക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. അമിത് ഷാ, ജെ.പി. നഡ്ഡ, നിതിൻ ഗഡ്കരി തുടങ്ങിയ കേന്ദ്രനേതാക്കളും എൻ.ഡി.എയ്ക്കായി രംഗത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക