Image

കാട്ടുനീതി (കഥ - സി എസ് മുരളി)

Published on 03 April, 2026
കാട്ടുനീതി (കഥ - സി എസ് മുരളി)

 ചിന്നൻ കൊടുംകാട്ടിലൂടെയുള്ള നടപ്പ് തുടങ്ങിയിട്ട്  ഏറെ നേരമായിരിയ്ക്കുന്നു. ഊരിൽ സൂര്യൻ ചാഞ്ഞ് കഴിയുമ്പോൾ മാത്രമേ ഇരുട്ട് വീഴാറുള്ളു എങ്കിലും ഉൾക്കാട്ടിൽ അതിനു് എത്രയോ മുൻപ് തന്നെ ഇരുട്ട് വീഴുമെന്ന് ച്ന്നന് നന്നായിട്ട് അറിയാം. ഏഴാം യാമത്തിൽ തുടങ്ങിയ നടപ്പിൻ്റെ ക്ഷീണം ഇപ്പോൾ അതികലശലായി തോന്നിത്തുടങ്ങിയിട്ടുണ്ട്.

മരങ്ങൾ കുറഞ്ഞ ഒരു  ഭാഗത്തെത്തിയതും വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ചിന്നൻ

തൻ്റെ തലച്ചുമട് താഴെയിറക്കി കിതപ്പ് മാറ്റിയിട്ട് നക്ഷത്രവെളിച്ചത്തിൽ അരുവിയിലിറങ്ങി ദാഹം തീർത്തു. മലർന്ന് ആകാശത്തേയ്ക്ക് നോക്കി അല്പനേരം കിടന്നു. നേരം പാതിരാവ് ആയെന്ന് അച്ഛൻ ആകാശത്തിരുന്ന് താരകങ്ങളിലൂടെ ചിന്നന് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.

അച്ഛനെക്കണ്ട ഓർമ്മ ചിന്നനില്ല. അമ്മയെ വേളി കഴിയ്ക്കുന്നതിന് മുൻപ് അച്ഛൻ ഊരിലെ  മൂപ്പൻ്റെ വേണ്ടപ്പെട്ട ശിങ്കിടികളിൽ ഒരാളായിരുന്നെന്ന് മുത്തച്ഛൻ പണ്ടെപ്പോഴോ പറഞ്ഞ്  തന്നിട്ടുണ്ട്. ചില മന്ത്രവാദ ക്രിയകൾ വഴി തൻ്റെ രഹസ്യമായ ചില ഇംഗിതങ്ങൾ നടത്താൻ  അച്ഛനെയായിരുന്നു കാട്ടുമൂപ്പൻ നിയോഗിച്ചിരുന്നത് എന്ന് മുത്തച്ഛനായിരുന്നു തന്നോട് പലപ്പോഴായി പറഞ്ഞുതന്നിട്ടുള്ളത്.

ഇടക്കെപ്പോഴോ അച്ഛൻ ഊരുമൂപ്പൻ്റെ കൂട്ട് വിട്ടതോടെ അച്ഛന് പകരക്കാരനായി മൂപ്പൻ ഊരിലെ മറ്റൊരാളെ കണ്ടെത്തിയെന്നും ദാസപ്പനെന്ന അയാളെക്കൊണ്ടാണ് അച്ഛൻ ചെയ്തിരുന്ന ആഭിചാരങ്ങളെല്ലാം പിന്നീട് മൂപ്പൻ ചെയ്തു വന്നിരുന്നതെന്നും ദേഷ്യവും വിഷമവും കലർന്ന വാക്കുകളിലൂടെ മുത്തച്ഛനിൽ നിന്നു മാത്രമല്ല അമ്മയിൽ നിന്നും പലവട്ടം ചിന്നൻ കേട്ടിട്ടുണ്ട്.

തനിക്ക് ഒരു വയെസ്സത്തിയ ആദ്യ ജന്മനാളിൽ  നറുതേനിൽ വയമ്പും സ്വർണ്ണത്തരിയും  ചേർത്ത് അരച്ച് തൻ്റെ നാവിലേയ്ക്ക് ഇറ്റിയ്ക്കുവാനായി തേനും വയമ്പുമെടുക്കാൻ  ഉൾക്കാട് കയറിയ അച്ഛൻ പിന്നീട് തിരിച്ചു വന്നില്ല എന്ന കഥയും അമ്മ വളരെ പണ്ടുമുതലേ പറയാറുണ്ട്.

രണ്ട് ദിവസത്തിന് ശേഷം മൃഗങ്ങൾ ഭക്ഷിച്ച് പല ഭാഗത്ത് അവശിഷ്ടങ്ങളായി കിടന്നിരുന്ന ജഡം മൂപ്പൻ്റെ സഹായികളിൽ ചിലർ കണ്ടുവെന്ന് പറയപ്പെടുന്നു. അച്ഛൻ തേൻ ശേഖരിച്ചിരുന്ന മുളങ്കുറ്റി പിന്നീട്, നാട്ടുവൈദ്യമറിയുന്ന മൂപ്പൻ്റെ വീട്ടിൽ പതിവ് പോലെ പച്ചമരുന്ന് അരയ്ക്കുന്ന ജോലിക്ക് ചെന്ന അമ്മയ്ക്ക് അവിടത്തെ തൊടിയിൽ നിന്ന് കിട്ടിയതോടെ അമ്മ അവിടത്തെ പണിയും നിറുത്തിയെന്നാണ് അമ്മ തന്നെ പറഞ്ഞ് തന്നിട്ടുള്ളത്.

മന്ത്രവാദ ക്രിയകൾക്കായി വിശ്വസ്തനായ ഒരാളെയും, തന്ത്രങ്ങളിലൂടെ കാര്യങ്ങൾ സാധിക്കുന്നതിന് മറ്റൊരാളെയും മൂപ്പൻ എക്കാലവും ചെല്ലും ചെലവും കൊടുത്ത് തീറ്റിപ്പോറ്റിയിരുന്നതായി അമ്മ മാത്രമല്ല, ഊരു കൂട്ടത്തിൽ പലരും പറഞ്ഞ് താൻ കേട്ടിട്ടുമുണ്ട്. മൂപ്പൻ്റെ അധികാരത്തെയോ ഇഷ്ടാനിഷ്ടങ്ങളെയോ ചോദ്യം ചെയ്തിട്ടുള്ളവരെല്ലാം ഒന്നുങ്കിൽ സർപ്പ വിഷബാധയേറ്റിട്ടോ അല്ലെങ്കിൽ കാട്ടിലെ വന്യമൃഗങ്ങൾ ഭക്ഷിച്ചിട്ടോ ആണ് പ്രാണൻ അറ്റതായി കണ്ടിട്ടുള്ളത് എന്ന് കൂടി അമ്മ ശബ്ദം താഴത്തി പറഞ്ഞതും ചിന്നൻ്റെ മനസ്സിൽ ഇടയ്ക്കിടെ പൊന്തി വരാറുണ്ട്.

ചിന്നനോടൊപ്പം തന്നെ അവൻ്റെയുള്ളിലെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും വളരുകയായിരുന്നു. മുത്തച്ഛൻ മാത്രമാണ് പലതിനും ഏറെക്കുറെ വിശ്വസിക്കാവുന്ന ഉത്തരങ്ങൾ തനിയ്ക്ക് നൽകിയതെന്ന് ചിന്നൻ ആകാശത്തെ കൈത്തിരികളെ നോക്കിക്കിടന്നുകൊണ്ട് ഓർത്തു. പിന്നീട് ഒരു നാൾ മുത്തച്ഛൻ എന്തോ ഒരു ആപത്തു മണത്തിട്ടെന്നവണ്ണം പറഞ്ഞത് ചിണ്ടൻ്റെ മനസ്സിലേയ്ക്ക് ഒരു മിന്നലായി കടന്നുവന്നു.

തൻ്റെ അച്ഛൻ ഒരിയ്ക്കലും കാട്ടുമൃഗങ്ങൾക്ക് ഇരയായിട്ടുണ്ടാവില്ല എന്ന കാര്യം അച്ഛൻ്റെ കൈ മെയ് തഴക്കം നന്നായറിയുന്ന പലരും മുത്തച്ഛനോട് പറഞ്ഞിട്ടുണ്ടത്രെ. അതൊരു ചതിയായിരുന്നെങ്കിൽ അതുപോലൊരു ചതി ഇനിയും പ്രതീക്ഷിക്കാം; താൻ കരുതിയേ നടക്കാവൂ എന്ന് ഒരു ഭീതിയോടെയാണ് അന്ന് മുത്തച്ഛൻ  തനിക്ക് അപായ സൂചന തന്നത്.

കഴിഞ്ഞ നാഗപഞ്ചമി നാളിൽ സന്ധ്യയ്ക്ക് തുടങ്ങിയിട്ട് പാതിരാ കഴിയുമ്പോൾ തീരുന്ന തീയാട്ടവും തിറയുമെല്ലാം മുഴുവൻ കാണാൻ നിൽക്കാതെ താൻ അല്പം നേരത്തെ തന്നെ കാവിൽ നിന്ന് മടങ്ങിയതും വരുന്ന വഴിയിൽ തനിക്ക് മുന്നെ നടന്നിരുന്ന, കരിമ്പടം കൊണ്ട് മൂടിയ ഒരു രൂപം മൂപ്പൻ്റെ കുടിയിലേയ്ക്ക് കയറുന്നത് പഞ്ചമിയുടെ ചെറിയ നിലാവെട്ടത്തിൽ   തൻ്റെ ശ്രദ്ധയിൽ പെട്ടതും  കിടന്ന് കൊണ്ടു തന്നെ ചിന്നൻ ഓർത്തു.

ഇടയ്ക്കെപ്പോഴോ ഒക്കെ മുത്തച്ഛനോടോ അമ്മയോടോ ഒക്കെ ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ മനതാരിൽ കനലായി എരിഞ്ഞിരുന്നതിനാൽ മുത്തച്ഛനും അമ്മയുമെല്ലാം സദാ ഭയപ്പൊടോടെ മാത്രം കണ്ടിരുന്ന മൂപ്പൻ്റെ കുടിയിലെന്താണെന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട് പതുങ്ങി നോക്കിയതാണ് അന്ന്.

കവുങ്ങിൻ്റെ പച്ചപ്പാളയിൽ മാനിറച്ചിയെന്ന് തോന്നുന്ന ഏതോ കാട്ടിറച്ചി മസാല പുരട്ടി കമ്പിൽ കുത്തി ചുട്ടെടുത്തതും മുളങ്കുറ്റിയിൽ നിന്ന് വാറ്റുചാരായവും സേവിക്കുന്ന മൂപ്പൻ്റെ മദ്യസേവയ്ക്ക് കൂട്ടായി വന്നത് ശിങ്കിടിയായ ദാസപ്പനായിരുന്നു എന്ന് അകത്തെ റാന്തലിൻ്റെ വെളിച്ചത്തിൽ ചിന്നൻ നന്നെ വ്യക്തമായിത്തന്നെ കണ്ടു.

'പതിനാലു വർഷങ്ങൾക്ക് മുൻപ് അവൻ്റെ അച്ഛനെ കൈകാര്യം ചെയ്ത പോലെ അവനെയും അങ്ങ് തീർക്കണം ദാസപ്പാ ' എന്ന് വാറ്റ് ചാരായത്തിൻ്റെ മത്ത് തലയ്ക്കു പിടിച്ച മൂപ്പൻ ദാസപ്പനോട് കൽപ്പിച്ചു. അവളെ എനിക്ക് കെട്ടിച്ചു തരാത്തതിൻ്റെ ദുരന്തം അവളും ആ തന്തക്കിളവനും ഒന്നു കൂടി അനുഭവിയ്ക്കണം എന്ന് അവ്യക്തമായി മൊഴിത്തു കൊണ്ട് മൂപ്പൻ മുളന്തൂണിലേയ്ക്ക് മെല്ലെ ചായുന്നതാണ് ചിന്നൻ പിന്നെ കണ്ടത്.

അതൊന്നും ശ്രദ്ധിയ്ക്കാതെ ദാസപ്പൻ തീറ്റ ബാക്കിയായത് കഴിയ്ക്കുന്ന തിരക്കിലായി. തലകുലുക്കിക്കൊണ്ട്, ഞാൻ ആണ്ടവൻ മലയ്ക്കപ്പുറമുള്ള കരടിക്കാട്ടിൽ നിന്ന് നാളെ തേൻ എടുത്ത് വന്നിട്ടാകാം അതെല്ലാം എന്ന് പറഞ്ഞ്, ഏമ്പക്കം വിട്ടു കൊണ്ട് ആടിയാടി ദാസപ്പൻ എണീറ്റു. മുറിയുടെ മൂലയ്ക്കിരുന്ന ഒഴിഞ്ഞ ഒരു മുളങ്കുറ്റിയുമെടുത്ത് കരിമ്പടവും ചുറ്റി അയാൾ കരടിക്കാട്ടിലേയ്ക്കുള്ള വഴിയെ നീങ്ങിയതും മൂപ്പൻ പറഞ്ഞതിൻ്റെ പൊരുളറിയാൻ ചിന്നൻ വീട്ടിലേയ്ക്ക് പാഞ്ഞു.

വസന്ത ഋതുവിൽ കാട്ടിലെല്ലാം സുഗന്ധം പരത്തി കാറ്റിലാടി വിരിഞ്ഞ് നിൽക്കുന്ന പൂക്കളിൽ നിന്ന് തേനീച്ചകൾ തേൻ ശേഖരിച്ച് മരങ്ങളിൽ തേൻ കൂട് കെട്ടുമ്പോൾ കരടികൾ വന്ന് മരത്തിൽ കയറി തേൻ നുകരാറുണ്ട്. അങ്ങിനെ പേരു വന്ന കരടിക്കാട്ടിലേയ്ക്ക് തേനെടുക്കാൻ ഊരുവാസികളിൽ ധൈര്യമുള്ളവർ പോലും ചെറു സംഘങ്ങളായി പന്തവും പടക്കങ്ങളുമായിട്ടേ പോകാറുള്ളൂ എന്ന് പലരും പറയുന്നത് ചിന്നനും കേട്ടിട്ടുണ്ട്.

ഉറങ്ങാതെ തന്നെയും കാത്തിരിരിയ്ക്കുന്ന മുത്തച്ഛനോട് നടന്നതെല്ലാം പറഞ്ഞപ്പോൾ,  കണ്ണിൽ തെളിഞ്ഞ ഭയത്തിൻ്റെ ചുവപ്പ് ചിമ്മിനി വെട്ടത്തിൽ വെട്ടിത്തിളങ്ങിയത് ചിന്നൻ ശ്രദ്ധിച്ചു. നിൻ്റെ അമ്മയെ വേൾക്കാനായി അച്ഛനു മുന്നെ തന്നെ ആലോചനയുമായി വന്നത് മൂപ്പനായിരുന്നു എന്നും നിലവിൽ മൂപ്പന് അപ്പോഴേ ഒരു ഭാര്യയുള്ളതിനാൽ രണ്ടാം ഭാര്യയായിട്ട് തരാൻ പറ്റില്ലെന്നും പറഞ്ഞ് മടക്കിയിട്ടാണ് പിന്നീട് വന്ന തൻ്റെ അച്ഛൻ്റെ ആലോചന ഉറപ്പിച്ചതെന്നും മുത്തച്ഛൻ രഹസ്യമായി പറഞ്ഞത് ചിന്നന് ഒരു പുതിയ അറിവായിരുന്നു.

ഒരു ദീർഘശ്വാസമെടുത്ത് മുത്തച്ചൻ തുടർന്നു.

"മോനേ ചിന്നാ, നിൻ്റെ സമയം അവർ കുറിച്ചു കഴിഞ്ഞു എന്നാണ് എനിയ്ക്ക് തോന്നുന്നത്. നീ തൽക്കാലം ഒരുപക്കം ഇവിടന്ന് മാറിയിട്ട് ഉൾക്കാട് കയറണം. മൂപ്പനോടും സിൽബന്ദികളോടും മുട്ടാൻ നിൻ്റെ വെറും പതിനഞ്ച് വയസ്സിൻ്റെ കരുത്ത് മതിയാകില്ല. നീ വലിയ വട്ടിയിൽ രണ്ടാഴ്ചത്തേയ്ക്കുള്ള ആഹാരസാധനങ്ങൾ തലയിൽ ചുമന്ന് ഇപ്പോൾ തന്നെ പോയില്ലെങ്കിൽ നിന്നെയും കൂടി ഞങ്ങൾക്ക് നഷ്ടപ്പെടും." ഇത്രയും പറഞ്ഞ് മുത്തച്ഛൻ അമ്മയെ ഉണർത്തി എല്ലാ കാര്യങ്ങളും മനസ്സിലാക്കിച്ചു.

ഈ വെളുത്ത പക്കം കഴിയുന്നത് വരെ നീ ആണ്ടവൻ മലയ്ക്കപ്പുറമുള്ള ഗുഹകളിൽ ഒന്നിൽ തങ്ങിയിട്ട്  തിരിച്ചു വന്നാൽ മതി. പിന്നത്തെ കാര്യം നമുക്ക് പിന്നെ നോക്കാം. നാളത്തെ ഷഷ്ഠിപൂജയ്ക്കായി വരുന്നവരുടെ കണ്ണിൽപെടാതെ ശ്രദ്ധിയ്ക്കണമെന്നു മാത്രം എന്ന ഉപദേശം കൂടി തന്നു കൊണ്ടാണ് അവർ തന്നെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും യാത്രയാക്കിയത് എന്ന് ഓർത്തു കൊണ്ട് ചിന്നൻ പതിയെ മിഴിനീരടർന്ന കണ്ണുകളടച്ചു.

ഷഷ്ഠിപൂജയ്ക്കും പൊങ്കാലയിടുന്നതിനും  വേണ്ടി പുലർച്ചെ ആണ്ടവൻ മല കയറിയ ഊരിലെ ഒരു കൂട്ടം പേർ ആണ്ടവൻ്റെ സങ്കൽപ്പത്തിൽ അവിടെ സ്ഥാപിച്ചിട്ടുള്ള വേലിന് നിവേദിയ്ക്കാനായിട്ടുള്ള തേനെടുക്കാൻ കരടിക്കാട്ടിലേയ്ക്ക് ഇറങ്ങിയപ്പോഴാണത്രെ ദാരുണമായ ആ കാഴ്ച ആദ്യം കണ്ടത്.

ആ സംഘമാണ് അവിടത്തെ പൂജയ്ക്കും പൊങ്കാലയ്ക്കും ശേഷം സന്ധ്യയ്ക്ക് മലയിറങ്ങി എത്തിയിട്ട് ഊരിനെ ഞെട്ടിയ്ക്കുന്ന ആ സങ്കടവാർത്ത ഊരുവാസികളെയൊന്നാകെ അറിയിച്ചത്. കേട്ടവരെല്ലാം ഊരു മൂപ്പൻ്റെ കുടിയിലേയ്ക്ക് ഓടിയെത്തി അത് കൊണ്ടുവരുന്നത് കാണാൻ കാത്തുനില്പായി.

കരടി മാന്തിപ്പറിച്ചു കടിച്ചു തിന്ന ഒരു ആണിൻ്റെ ജഡത്തിൻ്റെ അവശിഷ്ടങ്ങൾ പനയോലയിൽ വാരിക്കൂട്ടി പൊതിഞ്ഞ് കൊണ്ടുവരുന്നത് കാത്ത് ഏവരും ചാണകം മെഴുകിയ മുറ്റത്തും മൺതിട്ടകളിലുമൊക്കെ ഇരിയ്ക്കവെ മലയിൽ നിന്നുള്ള അവസാന സംഘത്തിലെ രണ്ട് പേർ മുളന്തണ്ടിലേറ്റിയ ആ പനയോലക്കെട്ട്  കൊണ്ട് വന്ന് മൂപ്പൻ്റെ മുൻപാകെ തുറന്നു വച്ചു. ഒരു നോക്കു കണ്ടവർക്കാർക്കും തന്നെ അത് വീണ്ടും കാണാനുള്ള കരുത്തുണ്ടായിരുന്നില്ല.

അതെല്ലാം കഴിഞ്ഞ് അന്ന് പാതിരാവായപ്പോൾ ഇരുട്ടിൻ്റെ മറ പറ്റി, ഒരാൾ രൂപം ചിന്നൻ്റെ കുടി ലാക്കാക്കി വന്നു. മേലാകെ മൂടിയിരുന്ന കമ്പിളിപ്പുതപ്പിനിടയിൽ കൂടി ആ രൂപത്തിൻ്റെ മുഖം, കരഞ്ഞ് കൊണ്ട് തളർന്നിരുന്ന അമ്മയും മുത്തച്ഛനും കണ്ടു. അതവരുടെ ചിന്നനായിരുന്നു.

ആണ്ടവൻ മലയുടെ മുകളിൽ കിടന്ന് തലേന്ന് ഉറങ്ങിപ്പോയതും രാവിലെ അവിടെയെത്തിയ ദാസപ്പൻ തന്നെ കണ്ട്  'എൻ്റെ ആണ്ടവൻ തന്നെയാടാ നിന്നെ എൻ്റെ മുമ്പിലെത്തിച്ചത് ' എന്ന് പറഞ്ഞുള്ള അവൻ്റെ അലർച്ചയിൽ താൻ കൺ തുറന്നതും തൻ്റെ നേർക്ക് കത്തിയുമായി ഓടി വരുന്ന അവനെ കണ്ട് താൻ കിടന്നു കൊണ്ട് തന്നെ ഉരുണ്ട് മാറിയതും അവൻ കാൽതെറ്റി മലയുടെ മറുവശത്തേയ്ക്ക് വീണു പോയതും മലയുടെ താഴെയുള്ള പാറക്കെട്ടുകളിൽ  തട്ടിത്തെറിച്ച് കരടിക്കാട്ടിലേയ്ക്ക് പതിച്ചതും എല്ലാമെല്ലാം ചിന്നൻ പതിഞ്ഞ സ്വരത്തിൽ അവർക്ക് ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞു കൊടുത്തു.

കാലങ്ങളായുള്ള ഭയത്തിൻ്റെ ലാഞ്ഛന പാടെ നീങ്ങിയ കണ്ണുകളോടെ മുത്തച്ഛൻ്റെ ആത്മഗതം പതിയെ പുറത്തുവന്നു പോയി.

" ദാസപ്പൻ നിൻ്റെയച്ഛനു കൊടുത്തത് പലിശ സഹിതം ആണ്ടവൻ തിരിച്ചു കൊടുത്തു കഴിഞ്ഞു മോനെ. നമ്മുടെ ചിന്നൻ്റെ സമയം ദാസപ്പൻ കുറിച്ചതിനു മുന്നെ തന്നെ അവൻ്റെ സമയം ആണ്ടവൻ കുറിച്ചിരുന്നു കാണുമല്ലേ മോളേ..!"

തലയും കുമ്പിട്ടിരിയ്ക്കുന്ന ചിന്നനെ തൻ്റെ മടിയിലേയ്ക്ക് ചേർത്തു കിടത്തിക്കൊണ്ട്

ആനന്ദക്കണ്ണീരിനിടയിലും ചിമ്മിനിയുടെ അരണ്ട വെളിച്ചത്തിൽ, ഒരു തെളിഞ്ഞ മുഖം അതിനുള്ള ഉത്തരം പതിയെ പറഞ്ഞു.

"കണക്കുകളെല്ലാം തീർത്തു കൊണ്ടു തന്നെ കാട്ടിലെ നീതി നടപ്പിലാക്കാൻ ആണ്ടവന് പണ്ടും  ഒരു ദാക്ഷിണ്യവുമില്ലായിരുന്നല്ലോ അച്ഛാ..!"

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക