
ആണവായുധ ഭീഷണിയുടെ
അഗ്നിനാവുകൾ
നീണ്ടു വരുമ്പോൾ
അനിശ്ചിത ഭാവിയുടെ
ആധി സംഘർഷങ്ങളിൽ
അടിപൊളിയൻ ജീവിതത്തിന്റെ അരനാഴിക നേരം
ആസ്വദിക്കാൻ
അടയാളച്ചാപ്പ ഏറ്റു വാങ്ങിയ ആധുനിക മനുഷ്യാ,
നിന്റെ സ്വപ്നങ്ങളുടെ
നിത്യഹരിതങ്ങളിൽ
നീ നിനച്ച വിശാല ഭാവിയുടെ നീലാകാശങ്ങളിലെ
വിലാസ മാളികകളിൽ
സ്വന്തം സ്വാർത്ഥതയുടെ
സ്പടിക ഭരണികളിൽ
ആരും കാണാതെ നീ
അടച്ചു വച്ച നിന്റെ സ്വപ്നങ്ങളെവിടെ?
നിന്റെ തലക്കു മുകളിലേക്ക് തൊടുത്തു വച്ച
ആണവത്തലപ്പുകൾ ഘടിപ്പിച്ച ഭൂഖണ്ഡന്തര മിസൈൽ ഭീമന്മാരുടെ
കാതടപ്പിക്കുന്ന ഹുംകാരവം
നീ കേൾക്കുന്നില്ലേ ?
നഗ്നയായ ഭൂമിയുടെ മാറിലേക്ക്
നഗ്ന പാദനും നിസ്സഹായനുമായി നീ കടന്നു വന്നപ്പോൾ
മണ്ണിളക്കി വിത്തെറിയാൻ കലപ്പയുടെ കണ്ടുപിടുത്തം നടത്താൻ നിന്നെ സഹായിച്ച ശാസ്ത്രം എന്നപുതിയ യജമാനനെ നീ വല്ലാതെ വിശ്വസിച്ചു പോയി .
പിന്നെ അവൻ പറഞ്ഞതെല്ലാം നിനക്ക് വേദ വാക്യമായി. അടിമയായ അപ്പക്കാളയെപ്പോലെ അവനുവേണ്ടി നീ കലപ്പ വലിച്ചു !
അപരനെ അടിച്ചു കൊല്ലാൻ കലപ്പയും ആയുധമാക്കാമെന്ന് അവൻ പറഞ്ഞപ്പോൾ
നിനക്ക് നിഷേധിക്കാമായിരുന്നു - ചെയ്തില്ല നീ ? ..
പിന്നെപ്പിന്നെ അവൻ നിന്നെ പുതിയ ആയുധങ്ങളാൽ അലങ്കരിക്കുകയും പുതിയ പടച്ചട്ടകൾഅണിയിക്കുകയും ചെയ്തപ്പോളെല്ലാം നിനക്ക് എതിർക്കാമായിരുന്നു -
ചെയ്തില്ല നീ ?
സ്നേഹം എന്ന നറും ചന്തിനാൽ ചേർത്തു വയ്ക്കപ്പെട്ട
ഏകോദര സഹോദരങ്ങൾ
ആരോ വരച്ച അതിരിന് അഭിമുഖമായി പരസ്പ്പരം കൊല്ലാൻ തയ്യാറെടുക്കുന്നചാവേറുകളാവുമ്പോൾ
തിരിച്ചു പോകാമായിരുന്നു -
ചെയ്തില്ല നിങ്ങൾ ? -
മനുഷ്യ പുരോഗതിയുടെ അവസാന എപ്പിസോഡുകളിൽ
ആരോ അയക്കുന്ന ആണവ വാണങ്ങളിൽ പൊട്ടിച്ചിതറാൻ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങൾനിർമ്മിച്ച് കാത്തിരിക്കുകയാണ് നമ്മൾ ?
നക്ഷത്ര പ്രതലങ്ങളിൽ
കുടിയേറി കൂടു വയ്ക്കാൻ കുതിക്കുന്ന,
വിഡ്ഢിക്കൂശ്മാണ്ഡങ്ങളായ മനുഷ്യർ എന്ന നമ്മൾ ? ലജ്‌ജാകരം !
അതിനായി നമ്മെ അണിയിച്ചൊരുക്കിയ
സൂത്ര ശാലിയായ ശാസ്ത്രം
ഒളിഞ്ഞു മാറി നിന്ന് അടക്കിച്ചിരിക്കുന്നു !
നമ്മെ നോക്കിത്തന്നെ ! - നാമുൾക്കൊള്ളുന്ന
മനുഷ്യ വർഗ്ഗത്തെ നോക്കിത്തന്നെ ?