
ഉണരുമ്പോളെൻ നെഞ്ചിലുണ്ടായിരുന്നൊരീ
മതിയെ മയക്കുന്ന വശ്യഗന്ധം
കനവിന്റെ വഴിയിലൂടവളിട്ടു പോയോരു
പാതിരാപ്പൂവിന്റെ പ്രണയഗന്ധം!
എരിവേനലെന്നെയുരുക്കുന്ന നേരത്തു -
മെവിടുന്നോവന്നീടുമൊരു തെന്നലായ്
പനിനീർ തളിക്കുന്ന കുളിരുമായെന്നുടൽ
വീശിത്തണുപ്പിച്ചതാരു പിന്നെ!
ഒരുപാടുവഴിതെളിച്ചൊടുവിലെൻവഴി തെറ്റി
ഉരുവമറ്റെങ്ങോ പകച്ചുനിൽക്കെ
വഴികാട്ടിയായെന്റെ കരളിന്റെ ചില്ലയിൽ
തണുവിരൽ തൊട്ടതങ്ങാരുപിന്നെ!
എറെത്തിരഞ്ഞതാണെന്നിട്ടുമൊരുമാത്രയിന്നോളമെൻമുന്നിലെത്തിയില്ല
കനവിലുംനിനവിലും കൂടെയുണ്ടെന്നാലു-
മവളിന്നുമുള്ളിലെ പ്രണയസ്വപ്നം!