
ജില്ലാ ഹോസ്പിറ്റലിലെ ആ പഴയ പ്രസവ വാർഡിനപ്പുറം, കാലം തുന്നിവെച്ച ഓർമ്മകൾ പോലെ കുറ്റിച്ചെടികൾ തഴച്ചുവളർന്ന് കാടുപിടിച്ചു കിടക്കുന്നു. ചില്ലുകളടർന്ന ജനൽ പാളികളിലൊന്നിൽ നിന്നും, ആയുസ്സിന്റെ വഴിയിൽ പാതിയിൽ
തളർന്നുപോയ കയ്യൊടിഞ്ഞ സ്ട്രെച്ചറിന്റെ ഒരു വശം ആത്മാവില്ലാത്ത ഉടൽ പോലെ പുറത്തേക്ക് തള്ളി നിൽക്കുന്നു. ജനലഴികളിൽ തട്ടിത്തടഞ്ഞു നിൽക്കുന്ന കാറ്റിന് മരണത്തിന്റെ ഒരു തണുപ്പായിരുന്നു.
വാർഡിന്റെ ഇടതുവശത്തുള്ള വിജനമായ വഴിയിലൂടെ ഞാൻ മോർച്ചറിയുടെ കരിങ്കൽ ഭിത്തികൾക്ക് മുന്നിലേക്ക് നടന്നു. ഹൃദയത്തിനുള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. എന്നോ എനിക്ക് വേണ്ടി കണ്ണ് നനഞ്ഞിരുന്ന എന്റെ വളർത്തമ്മ... അല്ല, ജന്മം കൊണ്ട് ബന്ധമില്ലെങ്കിലും എനിക്കുവേണ്ടി മുല ചുരത്താതെ മാതൃത്വത്തിന്റെ തേൻമധുരം ആവോളം എന്നിലേക്കിറ്റിച്ച എന്റെ അമ്മ, ഇപ്പോൾ മോർച്ചറിയുടെ മരവിച്ച തണുപ്പിനുള്ളിലാണ്. അനാഥമാകുന്ന ആത്മാക്കൾ തങ്ങളുടെ വേരുകൾ തേടി അലഞ്ഞു തിരിയുന്ന ആ ദുർഘട വഴിയിലൂടെ നടക്കുമ്പോൾ, എന്റെ മനസ്സിൽ വിഷാദത്തിന്റെ കടും വയലറ്റ് പൂക്കൾ ഓരോന്നായി കൊഴിഞ്ഞു വീണു . ഒരു തരം ശൂന്യത എന്നെ പൊതിഞ്ഞു .
......................................
മോർച്ചറിയുടെ മുന്നിൽ വെയിൽ കാത്തുനിൽക്കുന്ന മൃതദേഹങ്ങൾ പോലെ നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ, ശ്രീദേവി തങ്കച്ചിയുടെ ജീവിച്ചിരിക്കുന്ന ഏക അടയാളം, അവരുടെ പേറ്റു നോവറിഞ്ഞതിന്റെ ശേഷിപ്പ് പോലൊരാൾ നിർവികാരനായി ഇരിക്കുന്നുണ്ട്. അവരുടെ സ്വന്തം മകൻ.. "അനന്തു". പതറുന്ന സ്വരത്തിൽ ഞാൻ അവന്റെ തോളിൽ തട്ടി വിളിച്ചു.
"ആ.. ദീപക്.. നീ എത്തിയല്ലേ?
അവസാനമായി എന്റെ അമ്മയെ ജീവനോടെ ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ?"
എന്ന് പറഞ്ഞ് അവൻ എന്റെ തോളിലേക്ക് വീണു. ആ വാക്കുകളിലെ പൊള്ളത്തരം അറിയുന്നതുകൊണ്ട് എന്റെ ഉള്ളം പിടഞ്ഞു. അവൻ ഏങ്ങലടിച്ചു കരയുമ്പോൾ
, "അതിന് ജീവിച്ചിരിക്കുമ്പോൾ, കഴിഞ്ഞ രണ്ടുവർഷമായില്ലേ നീ ആ അമ്മയെ വന്നു കണ്ടിട്ട്? പാവത്തിന്റെ സ്വത്ത് നിന്റെ പേരിൽ എഴുതിത്തരാൻ വിസമ്മതിച്ച അന്ന് പടിയിറങ്ങിയതല്ലേ നീ?" എന്ന് പുറത്തു ചാടാൻ വെമ്പി നിന്ന സത്യങ്ങൾ എന്റെ തൊണ്ടക്കുഴിയിൽ ഒരു മുള്ളുപോലെ ഞെരിഞ്ഞമർന്നു.
കണ്ണുകളിൽ നീർപ്പടലമായി ഊറി വന്ന പഴയകാല ഓർമ്മകളെ കൈലേ സുകൊണ്ടൊപ്പുമ്പോൾ, എന്റെ മുന്നിൽ ആ മുഖം തെളിഞ്ഞു വന്നു.
വർഷങ്ങൾക്ക് മുൻപ് ഒരു പ്രളയത്തിന്റെ സംഹാരതാണ്ഡവത്തിൽ സർവ്വതും നഷ്ടപ്പെട്ട്, ഉടുക്കാൻ ഒരു മറുതുണി പോലുമില്ലാതെ തെരുവിലായ പതിനഞ്ചു വയസ്സുകാരന്, പശി അടക്കാൻ ആഹാരവും ഉടുക്കാൻ വസ്ത്രവും, പഠിക്കാൻ പണവും നൽകിയ എന്റെ അമ്മ. ആരുമില്ലാത്തവന് ആയിരം ബന്ധുവായി മാറുന്ന കരുണയുടെ ആ ചന്ദന മുഖം ഇന്നെവിടെ?
............................................
"വീട്ടിൽ അമ്മ മരിച്ചു കിടക്കുന്നു.." എന്ന് പറഞ്ഞുള്ള അനന്തുവിന്റെ ആ ഫോൺവിളിയിൽ, അവന്റെ ശബ്ദത്തിന്റെ നിസംഗതയിൽ.. എനിക്ക് വലിയൊരു സംശയം പുകഞ്ഞിരുന്നു. ഒരിറ്റു പുത്രസ്നേഹത്തിനായി ദാഹിച്ചിരുന്ന ആ അമ്മ മനസ്സ്, എത്രയോ പ്രാവശ്യം എന്റെ മുന്നിൽ മനസ്സിന്റെ വാതിൽ മലർക്കെ തുറന്നിരുന്നു. ഒരിക്കൽ വിറയ്ക്കുന്ന എന്റെ കൈകൾ തന്റേതിനോട് ചേർത്ത് പിടിച്ച് അവർ പറഞ്ഞു:
"ഈ സ്വത്തെല്ലാം നല്ല കാര്യങ്ങൾക്കായി, പാവങ്ങൾക്കായി വിനിയോഗിക്കണം ദീപക്. ഇനിയും അനന്തുവിന് ധൂർത്തടിച്ചു നശിപ്പിക്കാൻ ഇത് വിട്ടുകൊടുക്കാനാവില്ല കുട്ടീ. അതിന് നീ എന്നെ സഹായിക്കണം. അതിന്റെ നിയമപരമായ എഴുത്തു കുത്തുകൾ നീ നടത്തണം".
ഞരമ്പുകൾ നീലിച്ചു തെളിഞ്ഞു നിന്നിരുന്ന ആ ശുഷ്കിച്ച കൈകൾ എന്റെ ഉള്ളംകൈകളിൽ ചേർത്ത് പിടിച്ച്,
"ഇപ്പോൾ അതൊന്നും ഓർക്കണ്ടമ്മേ. അനന്തുവിനോട് ഞാൻ സംസാരിക്കട്ടെ.." എന്ന് ആശ്വസിപ്പിച്ചത് വെറും ഒരാഴ്ച മുൻപാണ്. ആ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
.............................................
പെട്ടെന്ന് മോർച്ചറിക്കുള്ളിലേക്ക് ഫോറൻസിക് സർജനും സഹായികളും ധൃതിയിൽ കയറി പോകുന്നത് കണ്ട്, "ദീപക് എന്റെ അമ്മ.. അമ്മ പോയല്ലോ.." എന്ന് പറഞ്ഞ് അനന്തു ഏങ്ങലടിച്ചു കരഞ്ഞു. ആ കണ്ണീരിൽ ആത്മാവുള്ള ഒരു തുള്ളിയുണ്ടോ എന്ന് ഞാൻ തിരഞ്ഞുകൊണ്ടിരുന്നപ്പോഴാണ്, മോർച്ചറിക്കുള്ളിൽ നിന്നും ഒരു ഡോക്ടർ ആവേശത്തോടെ പുറത്തേക്ക് ഓടിവന്നത്. അദ്ദേഹം കിതച്ചുകൊണ്ട് ചോദിച്ചു :
"ശ്രീദേവി തങ്കച്ചിയുടെ ബന്ധുക്കളാരാ? മിറാക്കിൾ.. അവർ കണ്ണു തുറന്നു.. Thank God.. അവർ മരിച്ചിട്ടില്ല.. ദീപക് എന്നോ മറ്റോ അവർ ഇപ്പോഴും ചുണ്ടനക്കുന്നുണ്ട്.
ഇത് കേട്ടപാടെ അനന്തുവിന്റെ ഉള്ളിലെ ആന്തൽ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു .
"ങേ.. അമ്മ മരിച്ചില്ലേ? ?" എന്നൊരു മറുചോദ്യം അവന്റെ മിഴികളിൽ മിന്നിമറഞ്ഞു. തന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞ ആഘാതത്തിൽ അവന്റെ ബോധം നഷ്ടപ്പെടുമോ എന്ന് പോലും ഞാൻ ഭയന്നു.
ദൈവമേ, ആ ശുഷ്കിച്ച വിരലുകൾ ഇനിയുമെന്നെ തലോടാനുണ്ടാകുമല്ലോ എന്നോർത്ത് ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുമ്പോൾ, പേറ്റു നോവിന്റെ സാക്ഷിപത്രം അലക്ഷ്യമായി വലിച്ചെറിഞ്ഞ ആ അന്യനായ മകൻ, മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള ഇടുങ്ങിയ ഇടനാഴിയിലെ വഴുക്കലിൽ തെന്നി വീഴാതിരിക്കാൻ പാടു പെടുന്നുണ്ടായിരുന്നു.
സ്നേഹമില്ലാത്ത പുത്രനും, സ്നേഹം മാത്രം നൽകിയ അമ്മയും തമ്മിലുള്ള ആ വല്ലാത്തൊരു സന്ധി!