Image

മരണം വാതിലിൽ തട്ടുമ്പോഴും, പ്രതീക്ഷയുടെ ദീപം അണയാതെ കാക്കുന്ന കൈകളാണ് നേഴ്സിന്റെത് (മനു ഫിലിപ്പ്, പുത്തൻകുരിശ്‌)

Published on 02 April, 2026
മരണം വാതിലിൽ തട്ടുമ്പോഴും, പ്രതീക്ഷയുടെ ദീപം അണയാതെ കാക്കുന്ന കൈകളാണ് നേഴ്സിന്റെത് (മനു ഫിലിപ്പ്, പുത്തൻകുരിശ്‌)

നേഴ്‌സുമാരുടെ സമരം ഫലം കണ്ടുവെന്ന് ആശ്വസിച്ച് നിൽക്കുന്ന വേളയിലാണ്, അവർ വീണ്ടും സമ രരംഗത്തേക്ക് ഇറങ്ങിയെന്ന വാർത്ത പത്രത്തിലൂടെ അറിയുന്നത്. ഞാൻ നേഴ്‌സുമാരുടെ വക്കാല ത്ത് ഏറ്റെടുത്ത ഒരാളല്ല.  “കരുണയുടെ സേവനകരങ്ങളെ ലാഭത്തിന്റെ തുലാസിൽ തൂക്കരുതേ!” എന്ന എന്റെ ലേഖനത്തിൽ, മതസ്ഥാപന ങ്ങളായ ആശുപത്രികളും സർക്കാരും അവരുടെ വേതന വിഷയത്തിൽ കാണിക്കുന്ന അനാസ്ഥയെ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. സമരമുഖത്ത് നിൽക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളെ തോല്പിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കു. അതുകൊണ്ട് നിങ്ങൾ നിങ്ങളോടു തന്നെ പറയേണ്ടത് “തോൽക്കാൻ  എനിക്കു മനസില്ല” എന്ന ദൃഢനിശ്ചയം ആയിരിക്കട്ടെ.  ന്യായമായ ആവശ്യങ്ങൾക്ക് മാന്യമായ രീതിയിൽ പ്രതികരിക്കുന്നത് തെറ്റല്ല. സർക്കാരിനും മത മാനേജ്മെന്റുകൾക്കും ചെവിയു ണ്ടെന്ന കാര്യം  കൊണ്ട് മാത്രം  അവർ കേൾക്കണമെന്നില്ല; കാരണം കേൾക്കാനുള്ള മനസ്സാണ് നിർ ണായകം. ചിലർക്ക് കേൾക്കാൻ താൽപ്പര്യമില്ലാത്തതും സത്യമാണ്. ഒരു കാലത്ത് ഇന്ത്യയിൽ വേത നപരമായി ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരുന്നു, സൈനികർ, അധ്യാ പകർ, നേഴ്‌സുമാർ. രാത്രിയുടെ ഇരുട്ടിലും ജാഗരിക്കുന്ന സൈനികർ; നമ്മുടെ ഉറക്കത്തിന് പിന്നിൽ അവരുടെ ഉറക്കമില്ലായ്മയുടെ നിശ്ശബ്ദ കഥകൾ ഒളിഞ്ഞിരിക്കുന്നു. സ്വന്തം ജീവനെ പണയം വെച്ച് അവർ രാജ്യത്തിന്റെ അതിരുകൾ കാത്തുസൂക്ഷിക്കുന്നു; അവരുടെ രക്തത്തിന്റെ ചൂടിലാണ് സ്വാത ന്ത്ര്യത്തിന്റെ ദീപം ജ്വലിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി കൊടും തണുപ്പത്തും കാവലിരിക്കുന്ന സൈ നികരുടെ ത്യാഗം നമുക്ക് വിസ്മരിക്കാനാവുമോ? (ഇന്ന് അവരുടെ വേതനത്തിൽ മാറ്റം വന്നിട്ടുണ്ടെ ന്നത് ആശ്വാസകരമാണ്.) അധ്യാപകൻ വെറും അറിവ് പകർന്നുനൽകുന്നവനല്ല; അവൻ ഭാവിയെ രൂപപ്പെടുത്തുന്ന ശില്പിയാണ്. കുട്ടികളുടെ മനസ്സുകളിൽ സ്വപ്നങ്ങളും മൂല്യങ്ങളും വിതച്ച്, ഒരു നല്ല സമൂഹത്തിന്റെ അടിത്തറ പാകുന്നവൻ. വിദ്യാർഥികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവൻ.  അവന്റെ ശബ്ദത്തിൽ നാളെയുടെ രാഷ്ട്രത്തിന്റെ നാദമുണ്ട്. ജീവിതം പരീക്ഷകളുടെയും മാർക്കുകളുടെയും പരിധിയിൽ ഒതുങ്ങുന്നതല്ലെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നവരാണ് അവർ. നേഴ്‌സുമാർ  മനുഷ്യജീവിതത്തിന്റെ നിശ്ശബ്ദ രക്ഷാധികാരികൾ. വേദനയുടെയും ഭീതിയുടെയും ഇടയിൽ അവർ കരുണയുടെ കൈ നീട്ടുന്നു. അവർ വേദന ശമിപ്പിക്കുകയും, ജീവന്റെ തീ വീണ്ടും തെളിയിക്കുകയും ചെയ്യുന്നു. ഇവരുടെയൊക്കെ ത്യാഗപൂർണമായ സേവനമല്ലേ നമ്മുടെ സമൂഹത്തെ സമത്വത്തിലും സുരക്ഷയിലും സുഗമമായി മുന്നോട്ട് നയിക്കുന്നത്?
“ഒരു നേഴ്‌സിന്റെ ഒരു ദിവസം” നമ്മെ ഒരു ഗൗരവമുള്ള സത്യത്തിലേക്ക് കൈപിടിച്ചുനയിക്കുന്നു. ഇതിൽ പറയുന്നത് എല്ലാ ദിവസത്തെയും സംഭവമാകണമെന്നില്ല; എന്നാൽ അതിലും കുറവല്ല അവർ ഓരോ ദിവസവും നേരിടുന്ന അനുഭവങ്ങൾ. മുപ്പതിലധികം വർഷങ്ങൾ ആശുപത്രി ജീവിതത്തിൽ ചിലവഴിച്ചു റിട്ടയര്മെന്റിനു ശേഷവും സന്നദ്ധസേവകനായി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ആധി കാരികമായ നിലയിൽ എനിക്ക് പറയുവാൻ കഴിയും.  സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും എത്ര മുന്നേറിയാലും, കരുണയും സഹാനുഭൂതിയും തന്നെയാണ് ജീവിതത്തെ നിലനിർത്തുന്ന യഥാർത്ഥ ശക്തികൾ. അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, സേവനം ഒരു കടമ മാത്രമല്ല, അത് ഒരു ദൈ വികാനുഭവമാണ്. ഓരോ നേഴ്‌സും, ഓരോ ദിവസവും, അനവധി കഥകളുടെ നിശ്ശബ്ദ നായകരാണ്. അവരുടെ ത്യാഗം പലപ്പോഴും കാണപ്പെടാതെ പോകും; അവരുടെ വേദന പറയപ്പെടാതെ പോകും. എന്നാൽ അവരുടെ സ്പർശം അനവധി ജീവിതങ്ങളിൽ മായാത്ത അടയാളങ്ങൾ പതിപ്പിക്കുന്നു. ഈ ലോകം ഇന്നും കരുണയിൽ നിലനിൽക്കുന്നുവെങ്കിൽ, അതിൽ വലിയൊരു പങ്ക് ഈ സമർപ്പിത നേഴ്‌സു മാരുടേതാണ്. എന്തിനും ഏതിനും അനുഭവമില്ലാതെ പ്രതികരിക്കുന്നവർ ഉണ്ടാകും. എന്നാൽ അനുഭവത്തി ന്റെ തീച്ചൂളയിൽ കയറിയിറങ്ങിയാൽ മാത്രമേ യാഥാർത്ഥ്യത്തിന്റെ ആഴവും    തീവ്രതയും മനസ്സിലാകൂ.

അമേരിക്കയിലെ ഒരു തിരക്കേറിയ ആശുപത്രിയിലെ 36 രോഗികളുള്ള ടെലിമെട്രി യൂണിറ്റിൽ ജോലി ചെയ്യുന്ന ഏഴ് നഴ്‌സുമാരിൽ ഒരാളായ സമർപ്പിത നേഴ്‌സിന്റെ “ഒരു ദിവസം” ഇവിടെ വരച്ചുകാട്ടു കയാണ്. അവൾക്ക് ഞാൻ “ജെസ്സി” എന്ന പേര് നൽകുന്നു. ഒരു സാധാരണ ദിനമായി അത് ആരംഭി ച്ചു. പക്ഷേ ഒരു നേഴ്‌സിന്റെ ജീവിതത്തിൽ “സാധാരണ” എന്നൊരു വാക്ക് ഇല്ല. സൂര്യോദയത്തിന് മുമ്പേ വീട്ടിലെ കാര്യങ്ങൾ തീർത്ത്, വേഗത്തിൽ കാറോടിച്ച് 6:38-ന് മുൻപ് പഞ്ച് ചെയ്യേണ്ട അത്യാവ ശ്യത്തോടെ അവൾ എത്തുന്നു. രാത്രി ഷിഫ്റ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ല; എങ്കിലും റിപ്പോർട്ട് സമയ ത്ത് തന്നെ. ടെലിമെട്രി ഫ്ലോറിൽ ഒരു നേഴ്‌സിന് അഞ്ചു രോഗികൾ. രാത്രി നേഴ്‌സ് അതാത് റൂമിൽ കൊണ്ടുപോയി ഓരോ രോഗിയെയും വിശദമായി പരിചയപ്പെടുത്തി കൊടുക്കുന്നു. ആശുപത്രിയുടെ വാതിൽ കടക്കുമ്പോൾ തന്നെ, ജെസ്സി തന്റെ വ്യക്തിപരമായ ലോകം പുറത്തുവെച്ച്, മറ്റുള്ളവരുടെ ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. പ്രതീക്ഷ നഷ്ടപ്പെടുന്ന നിമിഷം ജീവനും ജീവിതത്തിനും അർത്ഥമില്ലാതെയാകും. രാവിലെ സ്ലോമോഷനിൽ നിന്ന്, ചാർലി ചാപ്ലിൻ സിനിമയിലെ ഓട്ടം പോലെ ദിനം, പെട്ടെന്ന് വേഗം പിടിക്കുന്നു. ഓരോ മുറിയും ഒരു കഥയാണ്. ഒരാൾ ഓപ്പൺ ഹാർട്ട് സർജറി യ്ക്ക് ശേഷം ജീവന്റെ അറ്റത്തും പ്രതീക്ഷയുടെ അരികിലും. അടുത്തയാൾ അൽഷിമേഴ്‌സ് രോഗി,  മറവിയുടെ ഇരുണ്ട ലോകത്തിൽ ഒറ്റപ്പെട്ട വൃദ്ധൻ. സ്വന്തം മകളെ പോലും തിരിച്ചറിയുന്നില്ല തന്റെ പേര് പോലും ഓർക്കാൻ കഴിയാത്ത അവന്റെ കണ്ണുകളിൽ ഒരു കുഞ്ഞിന്റെ ഭയം. ജെസ്സി അവന്റെ കൈ പിടിച്ച്, ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന പോലെ, മൃദുവായി പറഞ്ഞു: “ഞാൻ ഇവിടെ തന്നെയുണ്ട്…”, എന്നിട്ടു അവരെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ആയിരം വാക്കുകളുണ്ടാ യിരുന്നു.  അത് ഏതൊരു മരുന്നിനേക്കാൾ ശക്തമായ ചികിത്സയായിരുന്നു. അവൾ അവനെ ഭക്ഷി പ്പിച്ചു, അവന്റെ അസ്വസ്ഥതകളെ സഹനത്തോടെ കൈകാര്യം ചെയ്തു, ഓരോ ചോദ്യവും ആദ്യമാ യിട്ട് കേൾക്കുന്നപോലെ മറുപടി നൽകി. അതാണ് നേഴ്സിംഗ്. ഒരേ വേദനയ്ക്ക് ആയിരം പ്രാവശ്യം മറുപടി പറയുന്ന ക്ഷമ. മൂന്നാമത്തെയാൾ ചെറുപ്പക്കാരിയായ ഡ്രഗ് അഡിക്റ്റായ ബേക്കർ ആക്ട് പേഷ്യന്റാണ്,  മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരാൾ ആശയക്കുഴപ്പത്തിലും ഭയത്തിലും പൊരു തുന്നു. നാലാമത്തെയാൾ ക്രിമിനൽ തടവുകാരനാണ്, പോലീസ് കാവലോടെ എത്തിച്ച ഒരു കുറ്റവാളി രോഗി, അവളുടെ  ചെറുപ്പകാലം വളരെ  മോശമായിരുന്നു. അഞ്ചാമത്തെയാൾ നല്ല പ്രായമുള്ള സാമാ ന്യം തടിച്ച ഒരു സ്ത്രീയാണ്, അവർ  വീഴുവാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട യാളാണ്.  വീഴ്ചകൾ ഒഴിവാക്കാൻ കെട്ടിയിടുമായിരുന്നു. എന്നാൽ ചില സംഭവങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ അങ്ങനെ ചെയ്യുവാൻ  ഇവിടെ   അനുവാദമില്ല.  ഒരിടത്ത് മരുന്ന് നൽകുന്നു, മറ്റൊരിടത്ത് ആശ്വ സിപ്പിക്കുന്നു, മറ്റൊരിടത്ത് ജീവൻ രക്ഷിക്കാൻ സമയത്തോട് പോരാടുന്നു. ഇവരെല്ലാവരും കാർഡി യാക് പ്രോബ്ലം ഉള്ളവരുമാണ്. എല്ലാ റൂമിലും കയറിയിറങ്ങി റിപ്പോർട്ട് എടുത്തു ജോലി തുടങ്ങുവാൻ പോകുമ്പോഴേക്കും അതാ ഒരു അനൗൺസ്‌മെന്റ് വരുന്നു എല്ലാ നേഴ്സസും  നേഴ്സിങ് സ്റ്റേഷനിൽ ഉടൻ റിപ്പോർട്ട് ചെയ്യണം പോലും. രാവിലത്തെ ഒരു നേഴ്സിന്റെ ഭവനത്തിൽ നിന്ന് ഒരു എമർജൻസി കാൾ വന്നു, അവരുടെ രോഗികളെ എല്ലാവർക്കും ഓരോ രോഗികളെയ്ക്കൂടി എടുക്കണം. ഭാഗ്യത്തി ന്  ജെസ്സിക്ക് കിട്ടിയ രോഗി സ്വന്തമായി കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്ന ഒരാളായിരുന്നു.

ഓരോ നേഴ്‌സിന്റെയും  ദിവസം പലപ്പോഴും അലാറങ്ങൾക്കിടയിൽ കടന്നുപോകുന്നു. അങ്ങനെയിരി ക്കെ അതാ ഒരു “കോഡ് ബ്ലൂ”.  ആ വിളി ഉയർന്നാൽ, അത് മരണത്തോട് നേരിട്ടുള്ള ഏറ്റുമുട്ടലാണ്. ഓരോ സെക്കൻഡും നിർണായകമാണ്; ഓരോ നീക്കവും കൃത്യമായിരിക്കണം. സാധാരണയായി റൂം നമ്പർ പറയാറില്ല അതുകൊണ്ടു എല്ലാവരും ആളുകൾ കൂടി നിൽക്കുന്ന ഇടത്തേക്ക്  ഓടും. ആശുപ ത്രിയിൽ ഓടുവാൻ അനുവാദമുള്ള ഒരേ സമയം “കോഡ്" വിളിക്കുമ്പോൾ മാത്രമാണ്. റെസ്‌പ്പിറ്റോറി, ഇ.ആർ ഡോക്ടർ, സെക്യൂരിറ്റി എല്ലാവരും തന്റെ രോഗിയുടെ മുറിയിലേയ്ക്കാണെന്നു മനസിലായി.  കറാഷ് കാർട്ടുമായി ഓടുമ്പോൾ രാവിലെ ഒരു കാപ്പി പോലും കുടിക്കുവാൻ കഴിഞ്ഞില്ലല്ലോ എന്ന് ചിന്തിച്ചില്ല.  ഹൃദയം പട പട അടിക്കുന്നു, എന്നാൽ കൈകൾ വിറയ്ക്കുന്നില്ല.  കാരണം അവൾക്കറി യാം, ആരോ ഒരാളുടെ ജീവിതം അപകടത്തിലാണ്.  “കോഡ് ബ്ലൂ!” അത് ഒരു വിളിയല്ല, അത് മരണ ത്തിന്റെ വാതിൽ തുറക്കുന്ന ശബ്ദമാണ്. അവളുടെ ശരീരം ചിന്തിക്കാതെ ഓടിത്തുടങ്ങി. മുറിക്കു ള്ളിൽ കയറുമ്പോൾ, ആ രോഗി ഹൃദയമിടിപ്പ് നഷ്ടപ്പെട്ട് കിടക്കുന്നു. സമയം ഇവിടെ നിശ്ചലമാണ്, പക്ഷേ ഓരോ സെക്കന്റും ജീവൻ നഷ്ടമാകുകയാണ്. റെസ്‌പ്പിറ്റോറി, ഉടൻ തന്നെ സി.പി.ആർ ആരം ഭിക്കുന്നു,  നെഞ്ച് അമർത്തലുകൾ, “ഒന്ന്… രണ്ട്… മൂന്ന്…”  ഒരു റിതത്തിൽ, ഒരു പ്രാർത്ഥന പോലെ. മറ്റൊ രാൾ ഡിഫിബ്രില്ലേറ്റർ തയ്യാറാക്കുന്നു. “Clear!”  വൈദ്യുതി ശരീരത്തിലൂടെ കടന്നുപോകുന്നു. ഓരോ ഷോക്കും ഒരു പ്രതീക്ഷയാണ്. മോണിറ്ററിൽ ഒരു വരി. നേരായ, നിശ്ശബ്ദമായ ഒരു വരി, അത് വീണ്ടും തരംഗമാകുമോ എന്ന പ്രതീക്ഷയിൽ എല്ലാവരും നോക്കുന്നു. ആദ്യത്തെ റെസ്‌പ്പിറ്റോറി  നിർത്തു ന്നില്ല. അവളുടെ കൈകൾ വേദനിക്കുന്നു, ശ്വാസം കഠിനമാകുന്നു, പക്ഷേ അടുത്തയാൾ പോരാടു ന്നു  കാരണം എല്ലാവര്ക്കും  അറിയാം, ഇവിടെ തോൽവി ഒരാളുടെ ജീവിതത്തിന്റെ അവസാനമാണ്. പുറത്തു നിന്നവർ എത്തിനോക്കി, ചലനമില്ലാതെ അപ്പന്‍. സിനിമയിലൊക്കെ കണ്ട് പരിചയമുള്ള ECG മോണിറ്ററില്‍ വര നേരെയായി. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വീണ്ടും  നെഞ്ചില്‍ ശക്തമാ യി ഇടിച്ചു തുടങ്ങി. മറ്റൊരു അനുബന്ധ ചടങ്ങ് എന്ന് മാത്രമേ കരുതിയുള്ളു. ആ മനുഷ്യൻ  കണ്ണ് തുറന്നു. ഏതോ കൃപയുടെ കടാക്ഷവും മനുഷ്യന്‍റെ ഇച്ഛാശക്തിയും ചേര്‍ന്ന് വിട്ടുപോകാൻ തുടങ്ങിയ ഒരു പ്രാണനെ തിരിച്ചു പിടിച്ചു. എന്തായാലും രോഗിയെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞതിൽ ആശ്വാ സമായി. ഏകദേശം രണ്ടു മണിക്കൂർ പോയിക്കിട്ടി.  ഈ ജോലിയുടെ ആഴത്തിൽ ഒരു ദാർശനിക സത്യം ഒളിഞ്ഞിരിക്കുന്നു, മനുഷ്യജീവിതം എത്ര നിസ്സാരവും ഒരേ സമയം എത്ര വിലപ്പെട്ടതുമാണ്. ഓരോ ശ്വാസവും ഒരു അത്ഭുതമാണ്; ഓരോ ഹൃദയമിടിപ്പും ഒരു അനുഗ്രഹം. നേഴ്‌സ്  ഈ സത്യത്തി ന്റെ സാക്ഷിയാണ്. അവൾക്ക് ജീവിതത്തിന്റെ നിസ്സാരതയും മഹത്വവും ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്നു. അതുകൊണ്ടാണ് അവളുടെ ജോലി ഒരു ശമ്പളത്തിനായുള്ള ശ്രമമല്ല; അത് ഒരു ആത്മീയ സേവനമാണെന്ന് പറയുന്നത്. അതിനിടയിൽ “ഗ്രേ അലർട്ട്”, അക്രമാസക്തനായ മറ്റൊരു നേഴ്സിന്റെ രോഗി, സുരക്ഷയും കരുണയും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട ഒരു അതീവ സൂക്ഷ്മ സാഹചര്യമാണ്. ഇവിടെ അവൾ ഒരു പരിചാരക മാത്രമല്ല; അവൾ ഒരു സമാധാന ദൂതിയാണ്, ഒരു രക്ഷാകർത്താവാണ്. ഈ തിരക്കിനിടയിൽ അവൾക്ക് സ്വന്തം ശരീരം പോലും ഓർമ്മിക്കാൻ സമയം കിട്ടാറില്ല. ഭക്ഷണത്തിനുള്ള ഇടവേളകൾ പലപ്പോഴും ഒരു സ്വപ്നം പോലെ മാത്രം. കഫീൻ നിറഞ്ഞ ഒരു കാപ്പി കപ്പ് പോലും തണുത്തുപോകുംമുമ്പ് കുടിക്കാൻ സാധിക്കാതെ പോകും. അവളുടെ കാലു കൾ വേദനിക്കുന്നു, കണ്ണുകൾ ക്ഷീണിക്കുന്നു, പക്ഷേ അവളുടെ ആത്മാവ് പിന്നോട്ടില്ല. കാരണം അവൾക്കറിയാം,  ഈ വേദനയ്ക്കപ്പുറം ഒരാളുടെ രക്ഷയുണ്ട്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്. ദിവസം നീളുമ്പോൾ, അവൾ മനുഷ്യവേദനയുടെ എല്ലാ രൂപങ്ങളും കാണുന്നു,  ഭയം, പ്രതീക്ഷ, നിരാശ, സന്തോഷം, വിടപറയൽ. ചിലപ്പോൾ അവൾ ഒരു കുടുംബത്തിന് ദുഃഖവാർത്ത പറയേണ്ടിവരും; ചില പ്പോൾ അവൾ ഒരു രോഗിയുടെ കൈ പിടിച്ച്, അവന്റെ അവസാന നിമിഷങ്ങളിൽ ഒറ്റപ്പെടലില്ലാതെ ഇരിക്കാൻ സഹായിക്കും. ഇവിടെ സമയം ഒരു വ്യത്യസ്ത അളവിലാണ് ഒഴുകുന്നത്.  ചില നിമിഷ ങ്ങൾ അനന്തതയായി നീളുന്നു, ചില മണിക്കൂറുകൾ ഒരു നിമിഷം പോലെ കടന്നുപോകുന്നു.

രാവിലത്തെ ബ്രേക് കിട്ടിയില്ല, തന്റെ ലഞ്ച്  സമയം എഴുതിയിട്ടിരിക്കുന്നതു 1:30 പി. എമ്മിനാണ്.  അതിനിടയിൽ അതാ മറ്റൊരു അലാറം. തന്റെ ഒരു   വീഴ്ച മുൻകരുതൽ രോഗി കിടക്കയിൽ നിന്ന് വീണു. ഒരു നിമിഷം പോലും വൈകിയില്ല. അവൾ ഓടി,  നിലത്ത് കിടക്കുന്ന രോഗിയുടെ ശരീരം, ചലനമില്ലാ തെ, ശബ്ദമില്ലാതെ. അവൾ അവരുടെ പൾസ് പരിശോധിക്കുന്നു,  കണ്ണുകൾ പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുന്നു. അവളുടെ ഉള്ളിൽ ഒരു ഭയം ഉയരുന്നു, പക്ഷേ പുറത്തേക്ക് അത് കാണിക്കാ നാവില്ല. അവൾ സഹായം വിളിക്കുന്നു, സ്റ്റാഫ് എത്തുന്നു, രോഗിയെ സ്ട്രെച്ചറിലേക്ക് മാറ്റുന്നു. ഇപ്പോൾ അവൾക്ക് രണ്ട് ലോകങ്ങൾ കൈകാര്യം ചെയ്യണം, ജീവൻ രക്ഷയും നിയമപരമായ ഉത്തരവാദി ത്വവും. സ്റ്റാറ്റ്   എം.ആർ.ഐയ്ക്ക് തയ്യാറാക്കൽ,  ഓരോ സെക്കന്റും വിലപ്പെട്ടതാണ്. അവൾ ഫോമു കൾ പൂരിപ്പിക്കുന്നു, വൈറ്റൽസ് നിരീക്ഷിക്കുന്നു, കുടുംബത്തെ അറിയിക്കുന്നു. എം.ആർ.ഐ മെഷീനിന്റെ അകത്ത് രോഗി മറഞ്ഞുപോകുമ്പോൾ, അവൾ പുറത്തുനിന്ന് നോക്കുന്നു.  അവളുടെ ഹൃദയം അവിടെ തന്നെയുണ്ട്. ഫലം വരുന്നു, അകത്തെ രക്തസ്രാവം. അവളുടെ മനസ്സ് ഒരു നിമിഷം ശൂന്യമായി. “ഇത് ഗുരുതരമാണ്…” എന്നാൽ അവൾ തകർന്നുപോകുന്നില്ല. അവൾ വീണ്ടും പ്രവർ ത്തനത്തിലേക്ക് തിരിയുന്നു. സ്റ്റാഫിലെ ചിലർ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചുവെങ്കിലും കഴിയ്ക്കു വാനുള്ള വിശപ്പു കെട്ടു പോയിരുന്നു. ഏകദേശം  5:30-നോട് രോഗി മരിച്ചു. പക്ഷേ കഥ ഇവിടെ അവ സാനിക്കുന്നില്ല. അവളുടെ ജോലി ഇപ്പോഴും തുടരുന്നു. ഇൻസിഡന്റ് റിപ്പോർട്ട്,  ഓരോ വിശദാംശവും രേഖപ്പെടുത്തണം. സമയം, സാഹചര്യങ്ങൾ, ഇടപെടലുകൾ, എല്ലാം കൃത്യമായി. കാരണം ഈ സംഭവം ഇനി ആശുപത്രിയുടെ ചുമരുകൾക്കപ്പുറം പോകും. നിയമത്തിന്റെ മുമ്പിലേക്ക്. കോടതിയിൽ അവൾക്ക് ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരും. “എന്തു കൊണ്ട് വീണു?” “എന്ത് മുൻകരുതലുകൾ എടുത്തു?”  ഓരോ ചോദ്യവും ഒരു ഭാരമാണ്. അവൾ ഒരേസമയം ഒരു പരിചാരകയും, ഒരു യോദ്ധാവും, ഒരു സാക്ഷി യും, ചിലപ്പോൾ ഒരു പ്രതിയുമാണ്. ഇതാണ് നേഴ്സിംഗ്, ഒരു ജോലി മാത്രമല്ല, അത് ഒരു നിരന്തരമായ ആത്മത്യാഗം. എന്നാൽ അവൾക്ക് അറിയാം,  അവൾ തന്റെ കഴിവിന്റെ പരമാവധി ചെയ്തു. ഫാമിലി യെ അറിയിച്ചു, ഫ്യൂണറൽ ഹോംകാരെ അറിയിച്ചു അങ്ങനെ ചെയ്യേണ്ടതെല്ലാം കഴിഞ്ഞപ്പോഴേക്കും 7:30 PM. പകലിന്റെ കഠിനമായ അധ്വാനത്തിനും ആവലാതികള്‍ക്കും അവധി കൊടുത്തു ഡേ ഷിഫ്റ്റുകാര്‍ ഇറങ്ങുകയായി. പകലോൻ ചെഞ്ചായം പൂശി പടിഞ്ഞാറു അസ്തമിച്ചു.
ദിവസത്തിന്റെ ഒടുവിൽ, ഒരു നേഴ്‌സ്  ശാരീരികമായി ക്ഷീണിച്ചിരിക്കാം, പക്ഷേ  മനസ്സിൽ ഒരു നിശ്ശ ബ്ദ സംതൃപ്തിയുണ്ട്. എല്ലാം രക്ഷിക്കാനായില്ല  ചില ജീവനുകൾ  കൈകളിൽ നിന്ന് ഒഴിഞ്ഞുപോ യേക്കാം. എന്നാൽ തന്നാലാവതു ചെയ്യുവാൻ കഴിഞ്ഞുവെന്ന ആശ്വാസമുണ്ട്. അതാണ് ഒരു നേഴ്സിന്റെ വിജയത്തിന്റെ അളവുകോൽ. ആശുപത്രി വിട്ടിറങ്ങുമ്പോൾ, സൂര്യൻ അസ്തമിക്കാം, നഗരത്തിന്റെ വിളക്കുകൾ തെളിഞ്ഞിരിക്കാം. പക്ഷേ ആ നേഴ്സിന്റെ ഉള്ളിൽ ഒരു വേറിട്ട പ്രകാശമുണ്ട്,  മനുഷ്യ സേവനത്തിന്റെ ദീപം. ഈ യാഥാർത്ഥ്യം നമ്മെ ഒരു ദാർശനിക ചിന്തയിലേക്ക് നയിക്കുന്നു: ജീവിതം എത്ര നിസ്സാരമാണ്, ഒരു നിമിഷം കൊണ്ട് എല്ലാം മാറാം. എന്നാൽ അതേ സമയം, ഒരു മനുഷ്യന്റെ കരുണയും സമർപ്പണവും എത്ര ശക്തമാണ്, അത് മരണത്തോട് പോലും പോരാടാൻ തയ്യാറാകുന്നു. നേഴ്സിന്റെ കൈകൾ മരുന്ന് നൽകുന്നു, പക്ഷേ അവളുടെ ഹൃദയം പ്രതീക്ഷ നൽകുന്നു. മരണ ത്തോടു നേരിട്ട് പോരാടിയും, മനുഷ്യനെ കരുണകൊണ്ട് പിടിച്ചുനിര്‍ത്തിയും, നിശ്ശബ്ദമായി ലോക ത്തെ താങ്ങുന്ന കൈകളാണ് ഒരു നേഴ്സിന്റെത്. ഒരാൾക്ക് അവസാന ആശ്വാസവും മറ്റൊരാൾക്ക് പുതിയ പ്രതീക്ഷയും  ഒരേ ഹൃദയത്തിൽ വഹിക്കുന്നവളാണ് ഒരു നേഴ്‌സ്. എഴുതാത്ത കഥകളുടെ നായി കയാണ്, ഓരോ രോഗിയുടെ ജീവിതത്തിൽ അവൾ ഒരു നിശ്ശബ്ദ അധ്യായം. കണ്ണീർ കണ്ടിട്ടും തകർ ന്നു പോകാതെ, മറ്റുള്ളവരുടെ കണ്ണീർ തുടയ്ക്കാൻ നിൽക്കുന്നവളാണ് നേഴ്‌സ്. ഒരു രാജ്യത്തിന്റെ മഹത്വം അതിന്റെ കെട്ടിടങ്ങളിലോ സമ്പത്തിന്റെയോ  ഉയരത്തിലൊ  അല്ല, സേവനമനുഷ്ഠിക്കുന്ന ഈ മനുഷ്യരുടെ ആദരവിലും സുരക്ഷയിലുമാണ് അളക്കപ്പെടുന്നത്. അവരുടെ പരിശ്രമങ്ങൾക്ക് യോജിച്ച പ്രതിഫലം നൽകുന്നത് ഒരു കാരുണ്യ നടപടിയല്ല, മറിച്ച് ഒരു ന്യായമായ കടമയാണ്. അവരു ടെ വിയർപ്പിനും ത്യാഗത്തിനും വില നൽകാത്ത സമൂഹം, തന്റെ തന്നെ ഭാവിയെ അനാദരവോടെ തള്ളിക്കളയുന്നതാണ്; അതുകൊണ്ട് അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നത് ഒരു നന്മയു ടെ തീരുമാനമല്ല,  അത് രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്ന ഒരു ദാർശനിക നിർബന്ധമാണ്. കരുണയുടെ ദീപങ്ങൾ, അവഗണനയുടെ കാറ്റിൽ ഉലയുന്നുവോ? മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പോരാടുന്ന നേഴ്‌സുമാരുടെ  അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടത് നാമോരോരുത്തരുമല്ലേ? സമർപ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും കഥകളാൽ നിറഞ്ഞ നേഴ്‌സുമാരുടെ ജീവിതം, അവരുടെ അവകാശങ്ങൾക്കായുള്ള സമരത്തിലൂടെ നമ്മെ ഒരു ഗൗരവമുള്ള ചോദ്യത്തിലേക്ക് നയിക്കുന്നു. ജീവൻ കാത്ത കൈകൾക്ക് ന്യായം എപ്പോൾ ലഭിക്കും?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക