Image

ഏഴാം നാള്‍ പോളിങ്: യു.ഡി.എഫിന് ചെറിയ മേല്‍ക്കൈ, പൂട്ടിയ അക്കൗണ്ട് ബി.ജെ.പി തുറന്നേക്കും ( എ.എസ് ശ്രീകുമാര്‍)

Published on 02 April, 2026
ഏഴാം നാള്‍ പോളിങ്: യു.ഡി.എഫിന് ചെറിയ മേല്‍ക്കൈ, പൂട്ടിയ അക്കൗണ്ട് ബി.ജെ.പി തുറന്നേക്കും ( എ.എസ് ശ്രീകുമാര്‍)

ഇന്നേയ്ക്ക് ഏഴാം നാള്‍ നടക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പ് മൂന്നു മുന്നണികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടമായി മാറിയിരിക്കുകയാണ്. മുന്‍ കാലങ്ങങ്ങളില്‍ സി.പി.എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എല്‍.ഡി.എഫ്) കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യു.ഡി.എഫ്) തമ്മിലായിരുന്നു പോരാട്ടമെങ്കില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും (എന്‍.ഡി.എ) ശക്തിയാര്‍ജിച്ചതോടെ മൂന്ന് മുന്നണികളുടെ മല്‍സരമാണ് സംസഥാനത്ത് നടക്കുന്നത്. പലയിടത്തും ശക്തമായ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. ബി.ജെ.പി വീണ്ടും അക്കൗണ്ട് തുറക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടതു മുന്നണി ഭരണത്തിനെതിരായ വികാരങ്ങളും തിരിച്ചുവരവ് ലക്ഷ്യമിട്ടുകൊണ്ടുള്ള യു.ഡി.എഫിന്റെ മുന്നേറ്റവും മൂന്നാം ശക്തിയായി സ്വാധീനം വര്‍ധിപ്പിക്കാനുള്ള എന്‍.ഡി.എയുടെ തന്ത്രങ്ങളും 16-ാം നിയമസഭയിലേയ്ക്കുള്ള തിരഞ്ഞടുപ്പിനെ ആവേശകരമാക്കുന്നു. വമ്പന്‍ വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പ്രകടന പത്രികകള്‍ ഒരേസമയം പുറത്തിറക്കിക്കൊണ്ടാണ് എല്‍.ഡി.എഫും യു.ഡി.എഫും ഇന്ന് കളം കൊഴുപ്പിച്ചത്. വാഗ്ദാനങ്ങള്‍ എല്ലാം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ഇത് നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസിനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ലെന്നതാണ് കൗതുകകരം.

സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര, സാമൂഹിക ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം തുടങ്ങി വമ്പന്‍ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫിന്റെ പ്രകടന പത്രികയിലുള്ളത്. ഇന്ദിരാ ഗ്യാരന്റിയില്‍ ഊന്നിയാണ് യു.ഡി.എഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയത്. വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക. 2031-ല്‍ കേരളത്തെ ഉയര്‍ന്ന-ഇടത്തരം വരുമാന രാജ്യത്തിന് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റും, സാമ്പത്തിക വരുമാനത്തിലെ വര്‍ദ്ധനയുടെ നേട്ടം കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുമെന്ന് എല്‍.ഡി.എഫ് പത്രികയില്‍ പറയുന്നു.

അതേസമയം, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇരുമുന്നണികളും ഒരുപോലെയുള്ള പല വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ക്ഷേമ പദ്ധതികള്‍, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലാണ് ഈ സമാനതകളുള്ളത്. യു.ഡി.എഫും എല്‍.ഡി.എഫും ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് ക്ഷേമ പെന്‍ഷനാണ്. എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് ഇരു മുന്നണികളും ഒരുപോലെ വാഗ്ദാനം ചെയ്യുന്നു. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയര്‍ത്തുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ഉറപ്പ് നല്‍കുന്നു. അതിനാല്‍ ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഇത് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകും. നെല്ല് സംഭരണത്തിനും ശ്രദ്ധ നല്‍കാന്‍ രണ്ട് മുന്നണികളും ശ്രദ്ധിച്ചിട്ടുണ്ട്. നെല്ല് സംഭരണ വില കിലോയ്ക്ക് 35 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നത് 'ഇടതി'ന്റെയും 'ഐക്യ'ത്തിന്റെയും സമാനമായ മറ്റൊരു വാഗ്ദാനമാണ്.

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ നടപ്പിലാക്കുമെന്ന് ഇടത്-ഐക്യ മുന്നണികള്‍ പത്രികയില്‍ വ്യക്തമാക്കുന്നു. എല്‍.ഡി.എഫ് ലൈഫ് മിഷന്‍ വഴി അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കുമെന്നാണ് പറയുന്നത്. എന്നാല്‍, യു.ഡി.എഫ് 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ഡി.എഫ് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നു. പെന്‍ഷന്‍ പരിഷ്‌കരണമാണ് യു.ഡി.എഫ് ഉറപ്പ് നല്‍കുന്നത്. കുടുംബങ്ങള്‍ക്കായി വിപുലമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇരുപക്ഷവും മുന്നോട്ടുവെക്കുന്നു. എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സാണ് യു.ഡി.എഫിന്റെ വാഗ്ദാനം. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ഇരുമുന്നണികളുടെയും പ്രകടന പത്രികയിലുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ തിരുവനന്തപുരത്ത് പുറത്തിറക്കിയ പത്രികയിലും വാഗ്ദാനപ്പെരുമഴയുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍, സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നേരിട്ടുള്ള സാമ്പത്തിക സഹായം, ബി.പി.എല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്' വഴി പ്രതിമാസം 2500 രൂപ, വിധവകള്‍ക്കും 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3000 രൂപ പെന്‍ഷന്‍ എന്നിവയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് അവരുടെ പത്രികയില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണം, ക്രിസ്മസ് ആഘോഷവേളകളില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്നും എന്‍.ഡി.എ പ്രഖ്യാപിച്ചു. ഓരോ വീടിനും 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളവും കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളാണ്.

എന്നാല്‍ കേരളത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതി മേല്‍പ്പറഞ്ഞ വാഗ്ദാനങ്ങള്‍ ജനകീയമായി നടപ്പിലാക്കുന്നതിന് തടസമാണ്. ഇന്ത്യയിലെ സാമൂഹ്യ വികസനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന വിദ്യാഭ്യാസനിരക്കും ആരോഗ്യ സൂചികകളും മനുഷ്യ വിഭവ ശേഷിയും കേരളത്തിന്റെ പ്രധാന ശക്തികളാണ്. എന്നാല്‍ സാമ്പത്തിക രംഗത്ത് സംസ്ഥാനത്തിന് നിരവധി വെല്ലുവിളികളുണ്ട്. കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന പൊതു കടബാധ്യത. സര്‍ക്കാര്‍ ചെലവുകള്‍ കൂടുതലും വരുമാന വര്‍ദ്ധന കുറവുമാണ് സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. കൂടാതെ, വ്യവസായ വികസനം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ നിലയിലുമാണ്.

അതേസമയം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ പുരോഗതി, വിനോദസഞ്ചാര വികസനം എന്നിവ കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂല ഘടകങ്ങളാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും വ്യവസായ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകരമാകും. കേരളം കരുത്തുറ്റ സംസ്ഥാനമായി മാറാനുതകുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും നയപരിപാടികളും  ഒരു മാന്‍ഡേറ്റായി ഏറ്റെടുക്കുന്നതിന് പകരം ഇലക്ഷനില്‍ ജയിക്കാനുള്ള താല്‍ക്കാലിക ഗിമ്മിക്കുകളായി മാത്രമേ ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വിലയിരുത്താനാവൂ. പദ്ധതി നടത്തിപ്പിനുള്ള ചെലവ് എവിടെ നിന്ന് കണ്ടെത്തുമെന്നത് ചോദ്യമായി അവശേഷിക്കുന്നുവെന്നതു തന്നെ കാരണം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ വിജയം നേടിയ ഇടതു മുന്നണി തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തിയ ആദ്യ മുന്നണിയായി മാറി. എന്നാല്‍ അധികാരത്തിന്റെ തുടര്‍ച്ചയോടൊപ്പം ഭരണവിരുദ്ധ വികാരവും സ്വാഭാവികമായി ഉയരുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം. ഈ സാഹചര്യത്തിലാണ് അവര്‍ ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി വീണ്ടും ജനവിധി തേടുന്നത്. 2021-ല്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയ യു.ഡി.എഫ് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇടത്തരം വോട്ടര്‍മാരെയും നഗര മേഖലയിലെ ജനങ്ങളെയും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ യു.ഡി.എഫ് പ്രചാരണ തന്ത്രങ്ങള്‍ മാറ്റിയിട്ടുണ്ട്. തൊഴില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിലക്കയറ്റം തുടങ്ങിയ ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവര്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എന്‍.ഡി.എ കേരളത്തില്‍ ഇതുവരെ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടില്ലെങ്കിലും, വോട്ട് ശതമാനം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിലൂടെ അവരും നിര്‍ണായക ശക്തിയായി വളരുമെന്നതാണ് സ്ഥിതി.

അടുത്തയിടെ നടന്ന സര്‍വേകളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് യു.ഡി.എഫിന് ചെറിയ മുന്‍തൂക്കം ഉണ്ടാകാമെന്നാണ്. എങ്കിലും, അത് ഉറപ്പായ വിജയം എന്ന നിലയില്‍ വിലയിരുത്താന്‍ കഴിയില്ല. വളരെ ചെറിയ വോട്ടു വ്യത്യാസങ്ങള്‍ പോലും ഫലത്തെ നിര്‍ണയിക്കുന്ന ഇഞ്ചോടിഞ്ച് പേരാട്ടമായിരിക്കും ഇത്തവണത്തേത്. യു.ഡി.എഫിന് 69-81 സീറ്റുകള്‍ ലഭിക്കുമെന്ന് കരുതുന്നു. 57-69 സീറ്റുകള്‍ ഇടതു മുന്നണിക്ക് കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ എന്‍.ഡി.എ തങ്ങളുടെ കാവിപ്പോക്കറ്റിലാക്കുമെന്നും പ്രവചനമുണ്ട്. എല്‍.ഡി.എഫിന് വീണ്ടും ഭരണത്തുടര്‍ച്ചയുണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാന്‍ മെയ് 4-ാം തീയതി വരെ കാത്തിരിക്കണം. കാരണം പേരാട്ടം കടുത്തതാണ്. ഒരു തരംഗത്തിന്റെ ലക്ഷണം ഇപ്പോള്‍ കാണുന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക