Image

ലോകകപ്പ്: യു.എസിന്റെ ആദ്യ എതിരാളി പാരഗ്വായ് (സനില്‍ പി. തോമസ്)

Published on 02 April, 2026
ലോകകപ്പ്: യു.എസിന്റെ ആദ്യ എതിരാളി പാരഗ്വായ്  (സനില്‍ പി. തോമസ്)

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെ 48 ടീമുകള്‍ ഏതെന്നു വ്യക്തമായതോടെ ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ ഇനി മത്സരങ്ങളിലേക്കാകും. എ മുതല്‍ എല്‍ വരെ 12 ഗ്രൂപ്പുകളില്‍ നാലു ടീമുകള്‍ വീതമുണ്ട്. ആതിഥേയരെന്ന ലേബലില്‍ യോഗ്യതാ റൗണ്ട് കളിക്കാതെയെത്തിയവരാണ് യു.എസും മെക്‌സിക്കോയും കാനഡയും. ഗ്രൂപ്പ് 'ഡി'യിൽ യു.എസിന്റെ ആദ്യ മത്സരം ജൂണ്‍ 13ന് പാരഗ്വായ്‌ക്കെതിരെയാണ്. തുടര്‍ന്ന് ജൂണ്‍ 20ന് ഓസ്‌ട്രേലിയയെയും 26ന് തുര്‍ക്കിയെയും നേരിടണം. പ്ലേ ഓഫ് കളിച്ചെത്തിയതാണു തുര്‍ക്കി.

മെക്‌സിക്കോ ഗ്രൂപ്പ് 'എ' യില്‍ ജൂണ്‍ 11ന് (12 നു പുലര്‍ച്ചെ 0.30ന് ) ദക്ഷിണാഫ്രിക്കയെയും കാനഡ ഗ്രൂപ്പ് 'ബി' യില്‍ 13 ന് ബോസ്‌നിയയെയും എതിരിടും. ഗ്രൂപ്പ് 'എ' യിൽ ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡുമുണ്ട്. ലോകകപ്പ് 2026 ലെ ഉദ്ഘാടന മത്സരമാണ് മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക മത്സരം. മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തിലാണു മത്സരം. ഫൈനല്‍ ജൂലൈ 19ന്(20നു പുലര്‍ച്ചെ 0.30ന്) ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും.

ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള 48 ടീമുകള്‍ 16 വേദികളിലായി 104 മത്സരങ്ങളില്‍ പങ്കെടുക്കും. ആദ്യ റൗണ്ടില്‍ 72 മത്സരങ്ങള്‍ ഉണ്ട്. ഓരോ ഗ്രൂപ്പിലും ആറു മത്സരങ്ങള്‍ വീതമുണ്ട്. ആദ്യ ഘട്ടത്തില്‍ 12 ഗ്രൂപ്പുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടു ടീമുകളും റൗണ്ട് ഓഫ് 32 ല്‍ കളിക്കും.
റൗണ്ട് ഓഫ് 32 മുതല്‍ മത്സരങ്ങള്‍ നോക്കൗട്ട് ആണ്. ഇവിടുന്നു കലാശപ്പോരാട്ടവും വെങ്കല മെഡല്‍ പോരാട്ടവും ഉള്‍പ്പെടെ 32 മത്സരങ്ങള്‍ ഉണ്ടാകും. റൗണ്ട് ഓഫ് 32 ല്‍ നിന്ന് പിന്നീട് പ്രീക്വാര്‍ട്ടര്‍(16 ടീമുകള്‍). തുടര്‍ന്ന് ക്വാര്‍ട്ടറും(എട്ട് ടീമുകള്‍) സെമിയും(നാലു ടീമുകള്‍) നടക്കും. നോക്കൗട്ട് ഘട്ടത്തില്‍ സാധാരണ സമയത്ത് മത്സരം സമനിലയായാല്‍ 30 മിനിട്ട് അധിക സമയം അനുവദിക്കും. 120 മിനിറ്റ് കഴിഞ്ഞും സമനിലയായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ട്.

ലോകകപ്പ് 39 ദിനം നീളും. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയെന്നാണ് ഫിക്‌സ്ചര്‍ എങ്കിലും  12 നു പുലര്‍ച്ചയേ തുടങ്ങൂ. സെമിയില്‍ കടക്കുന്ന ടീമുകള്‍ ആകെ എട്ടു മത്സരങ്ങളില്‍ പങ്കെടുക്കണം(ഫൈനലും ലൂസേഴ്‌സ് ഫൈനലും ഉള്‍പ്പെടെ.).
അതായത് എട്ടു മത്സരങ്ങള്‍ക്കു ശേഷമേ മൂന്നാം സ്ഥാനമോ ഒന്നും, രണ്ടും സ്ഥാനങ്ങളോ നിശ്ചയിക്കപ്പെടുകയുള്ളൂ.
മേയ് 25 നു ക്ലബുകള്‍ കളിക്കാരെ വിട്ടുകൊടുക്കണം. മേയ് 24 വരെ ദേശീയ താരങ്ങള്‍ക്ക് ക്ലബുകളില്‍ കളിക്കാം. കോണ്ടിനെന്റല്‍ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഇളവുണ്ട്. നേരത്തെ 1970 ലും 1986 ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ച മെക്‌സിക്കോയ്ക്ക് ഇത് മൂന്നാം ഊഴമാണ്. യു.എസില്‍ 1994 ല്‍ ലോക കപ്പ് നടന്നിരുന്നു. 2002 ല്‍ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത ആതിഥേയര്‍ ആയശേഷം ആദ്യമാണ് ഒന്നിലധികം രാജ്യങ്ങള്‍ ഓരോ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മോസ്‌ക്കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ മൊറോക്കോയെ പിന്‍തള്ളിയാണ് യു.എസ്. ലോകകപ്പ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ലോകകപ്പിന്റെ ഇരുപത്തിമൂന്നാം പതിപ്പാണ് ജൂണില്‍ തുടങ്ങുക. കേപ് ഡി വെര്‍ദെ, കുറാസോ, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇത് അരങ്ങേറ്റമാണ്.

പങ്കെടുക്കുന്ന ടീമുകള്‍
ഗ്രൂപ്പ് എ: മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ചെക്ക്‌റിപ്പബ്ലിക്ക് .
ഗ്രൂപ്പ് ബി: കാനഡ, ബോസ്‌നിയ, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്.
ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലന്‍ഡ്.
ഗ്രൂപ്പ് ഡി: യു.എസ്, പാരഗ്വെയ്, ഓസ്‌ട്രേലിയ, തുര്‍ക്കി.
ഗ്രൂപ്പ് ഇ: ജര്‍മ്മനി, കുറാസോ, ഐവറികോസ്റ്റ്, ഇക്വഡോര്‍.
ഗ്രൂപ്പ് എഫ്: നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ടൂണീഷ്യ, സ്വീഡന്‍.
ഗ്രൂപ്പ് ജി: ബല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലന്‍ഡ്.
ഗ്രൂപ്പ് എച്ച്: സ്‌പെയിന്‍, കേപ് ഡി വെര്‍ദെ, സൗദി അറേബ്യ, യുറുഗ്വായ്,
ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, ഇറാഖ്, നോര്‍വേ.
ഗ്രൂപ്പ് ജെ: അര്‍ജന്റിന, അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍.
ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, കോംഗോ, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ.
ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക