Image

'ജാനകി രക്ഷിക്കപ്പെട്ടു' (രാജൂ മൈലപ്രാ)

Published on 02 April, 2026
'ജാനകി രക്ഷിക്കപ്പെട്ടു' (രാജൂ മൈലപ്രാ)

പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം.

തള്ളിയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

'എടാ പൊടിയാ- നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണുവേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം'

നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു. അങ്ങിനെ അയാളേക്കാള്‍ പത്തിരുപത് വയസ് പ്രായക്കുറവുള്ള ജാനകി, അയാള്‍ക്കും പൊടിക്കുഞ്ഞിനും ഒരു തുണയായി, ഇണയായി കൂടെക്കൂടി.

ഒരു ചെറിയ ചെറ്റക്കുടിലിലായിരുന്നു അവരുടെ താമസം. ചെറ്റക്കുടിലില്‍ താമസിക്കുന്നവരെ 'ചെറ്റകള്‍' എന്നു വിളിക്കുന്ന ഒരു 'സംസ്‌കാരം' അന്നു തുടങ്ങിയിട്ടില്ലായിരുന്നു.

വലിയ 'പ്രൈവസി' ഒന്നുമില്ലെങ്കില്‍തന്നെയും ചെറ്റക്കുടിലുകള്‍ സന്താനോല്പാദനത്തിന് ഒരിക്കലും ഒരു തടസമായിരുന്നില്ല. ഒരു കൂരക്കീഴില്‍ തട്ടിയും മുട്ടിയും കഴിഞ്ഞ അവരുടെ ദാമ്പത്യവല്ലരിയില്‍ മുന്നു കുസുമങ്ങള്‍കൂടി വിരിഞ്ഞു.

ആ ഒരു കാലഘട്ടത്തിന്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍, മൂന്നാം ക്ലാസില്‍ വെച്ചുതന്നെ സുകുമാരന്‍ പഠനം നിര്‍ത്തി. എന്നാല്‍ ഒരേ ക്ലാസില്‍ തന്നെ രണ്ടും മൂന്നും വര്‍ഷം പഠിക്കേണ്ടി വന്നതിനാല്‍, മലയാള അക്ഷരമാലയൊക്കെ സുകുമാരന് ഹൃദിസ്ഥമായിരുന്നു.

പൊടിയന്‍ പുലയന്റെ പെണ്ണളൂട്ടി തങ്കയുടെ മകള്‍ തങ്കമണി, വകയില്‍ സുകുമാരന്റെ മുറപ്പെണ്ണാണ്.

സുകുമാരന്‍ തന്റെ മനസ്സില്‍, തങ്കമണിക്കുവേണ്ടി സ്വപ്നംകൊണ്ടൊരു തങ്കക്കൊട്ടാരം തീര്‍ത്തിരുന്നു. എന്നാല്‍ പത്താം ക്ലാസില്‍ തോറ്റെങ്കിലും, പാടത്ത് പണിയെടുക്കുവാന്‍ പോകാത്ത പരിഷ്‌കാരിയായ തങ്കമണി, പത്തനംതിട്ട ' പയനിയർ' ട്യൂട്ടോറിയല്‍ കോളജില്‍ തന്റെ പഠനം തുടര്‍ന്നു.

തങ്കമണിയുടെ തിളങ്ങുന്ന സ്വപ്‌നങ്ങളിലെ നിഴലുകളില്‍ പോലും സുകുമാരന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

സുകുമാരന്റെ വേദനിക്കുന്ന മനസ്സിനുള്ളില്‍ ഒരു കവി ഹൃദയമുണ്ടായിരുന്നു. തങ്കമണിയുടെ മുഖത്ത് ആസിഡ് ഒഴിക്കുവാനോ, കരിക്കിന്‍ വെള്ളത്തില്‍ എലിവിഷം ചേര്‍ത്ത് അപായപ്പെടുത്താനോ ഉള്ള ആധുനിക കാമുക പ്രതികാര വിദ്യകളൊന്നും ആ ശുദ്ധമനസ്സില്‍ ഇടംതേടിയില്ല.

പകരം തന്റെ മനസ്സിന്റെ വിങ്ങലുകള്‍ അയാള്‍ കവിതകളിലൂടെ കടലാസില്‍ പകര്‍ത്തി.

'ആട്ടിടയനും കോളേജ് കുമാരി'യും എന്ന പേരില്‍ ഒരു കവിത എഴുതി; അതില്‍ തെറ്റുവല്ലതുമുണ്ടെങ്കില്‍ തിരുത്തിക്കൊടുക്കണമെന്നു പറഞ്ഞ് എന്നെയേല്‍പിച്ചു. ഞാനൊരു പണ്ഡിതനാണെന്ന് ആ പാവം തെറ്റിദ്ധരിച്ച് കാണും. അന്നും ഇന്നും കവിതയുമായി എനിക്കൊരു ബന്ധവുമില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരേ ചൊവ്വേ അങ്ങു പറഞ്ഞാല്‍ പോരേ എന്ന പിന്തിരിപ്പന്‍ ചിന്താഗതിക്കാരനാണ് ഞാന്‍. എന്തിന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അവിടെയുമിവിടെയും അടുക്കിവെച്ച് വായനക്കാരെ ബുദ്ധിമുട്ടിക്കണം?

നേഴ്‌സിംഗ് പഠനത്തിനായി തങ്കമണി ബോംബെയ്ക്ക് പോയെന്നും, അവിടെവെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നുമുള്ള ഒരു വാര്‍ത്ത പില്‍ക്കാലത്ത് കേട്ടിരുന്നു.

******* ******

ഒരു അവധിക്കാലത്ത് ഞാന്‍ നാട്ടിലുള്ളപ്പോള്‍ ജാനകി എന്നെ കാണാന്‍ വന്നിരുന്നു.

'എന്തുണ്ട് ജാനകി വിശേഷം?'
'ഒന്നുമില്ല കുഞ്ഞേ! വന്നിട്ടുണ്ടെന്ന് മൂലേക്കോണിലെ ജോയിച്ചായന്‍ പറഞ്ഞു. എന്നാല്‍ ഒന്നു കണ്ടേച്ചു പോകാമെന്ന് കരുതി'.

'കൈയിലെന്താ ഒരു പുസ്തകമിരിക്കുന്നത്?'
'ഓ, അതോ- വേദപുസ്തകമാണ്. ഞാനിവിടെ രക്ഷിക്കപ്പെട്ടപ്പോള്‍ തേവുപാറേ മറിയക്കുട്ടിയമ്മാമ്മ തന്നതാണ്. ഇത് എപ്പോഴും കൈയില്‍ കൊണ്ടു നടക്കണമെന്നു പറഞ്ഞു'
ജാനകി എന്റെ മുന്നില്‍ തറയിലിരുന്നു.

' എങ്ങിനെയാണ് ജാനകി രക്ഷിക്കപ്പെട്ടത് ?'
'എന്റെ പൊന്നു കുഞ്ഞേ ! പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാനൊരു വെള്ളിയാഴ്ച ദിവസം മൈലപ്രാ പഞ്ചായത്ത് പടിക്കല്‍ വരെ പോകാന്‍ ഇറങ്ങിയതാണ്. മണിയാറ്റു പടിക്കല്‍ ഒരു പാലമരം നില്‍പ്പുണ്ടല്ലോ. ആ മരച്ചുവട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് എന്റെ കണ്ണിന്റെ കാഴ്ച പോയി. പെട്ടെന്ന് ഇടി മുഴങ്ങുന്നതുപോലെ ഒരു ശബ്ദം. ഞാനാകെ പേടിച്ചുപോയി. അന്നു തുടങ്ങിയതാ ഈ വിറയല്‍.'

' ജാനകീ, നീ പഞ്ചായത്ത് പടിക്കല്‍ പോകണ്ടാ,  ആ വളവിനു തേവുപാറാ മറിയക്കുട്ടിയുടെ വീട്ടില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്. ബാക്കി കാര്യം മറിയക്കുട്ടി സഹോദരി പറയും.'

പെട്ടെന്ന് എനിക്ക് കാഴ്ച തിര്യെ കിട്ടി. ആരോ എന്നെ പിടിച്ചുവലിച്ച് തേവുപാറ എത്തിച്ചു. അവിടെ കുറെ സഹോദരിമാര്‍ പാട്ടുപാടി പ്രാര്‍ത്ഥിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ഞാന്‍ രക്ഷിക്കപ്പെടണമെന്നു പറഞ്ഞു. മറിയക്കുട്ടിയമ്മാമ്മ പറഞ്ഞതൊക്കെ ഞാന്‍ ഏറ്റുപറഞ്ഞു. കര്‍ത്താവ് നിന്റെ പാപമെല്ലാം ക്ഷമിച്ചുവെന്നും, ഇനി നീ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായെന്നും പറഞ്ഞു. എന്നിട്ട് തന്നതാണ് ഈ വേദപുസ്തകം.....'

'ജാനകി എന്തു പാപമാണ് ചെയ്തത്?' ചില പുരോഹിതന്മാര്‍ കുമ്പസാരത്തിനിടയില്‍ കിഴിഞ്ഞ് ചോദിക്കുന്നതുപോലെ ഞാന്‍ ചോദിച്ചു.

' അതു പിന്നെ, നമ്മളെല്ലാം പാപികളായിട്ടാണ് ജനിച്ചതെന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്.'

' ജാനകി വേദപുസ്തകം വായിക്കാറുണ്ടോ?'
'എന്റെ കുഞ്ഞേ! എനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല. പിന്നെ ഞാന്‍ എങ്ങനെ വായിക്കാനാണ്.'

' ആട്ടെ! സ്വര്‍ഗ്ഗത്തില്‍ പോയതുകൊണ്ട് എന്താണ് ഗുണം?'
എന്നിലെ സാത്താന്‍ പത്തി വിടര്‍ത്തി.

'അവിടെ നമ്മള്‍ക്ക് എപ്പോഴും ആനന്ദമാണ്. ദൈവത്തിന്റെ മുന്നില്‍ സര്‍വ്വ സമയവും കൈകൊട്ടി പാട്ടു പാടിക്കൊണ്ടിരിക്കാം. പിന്നീട് നമ്മള്‍ ഒരിക്കലും മരിക്കില്ല. നിത്യ ജീവന്‍ പ്രാപിക്കും'

'അപ്പോള്‍ അവിടെ തീനും, കുടിയും ഊണും, ഉറക്കവുമൊന്നുമില്ലേ?'

'അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്'.

(ഇതുപോലെ ചില മറിയക്കുട്ടിയമ്മാമ്മമാര്‍ എല്ലാ സഭയിലുമുണ്ട്. പള്ളിയില്‍ പോകും. എന്നാല്‍ പള്ളീലച്ചന്റെ പ്രാര്‍ത്ഥന അത്ര പോരാ എന്ന തോന്നലുകൊണ്ടാവാം, അവര്‍ കുറച്ചു പെണ്ണുങ്ങള്‍ ചേര്‍ന്ന് അച്ചനറിയാതെ ഒരു ഗ്രൂപ്പുണ്ടാക്കും. 'പ്രെയര്‍ ലൈന്‍' എന്നൊരു ഫോണ്‍ കൂട്ടായ്മയുണ്ട്. സ്വന്തം മക്കളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം ഈ ഗ്രൂപ്പില്‍ കൂടി വിളിച്ചു പറയും. എന്നിട്ട് വഴിതെറ്റിപ്പോയ ആ കുഞ്ഞാടുകള്‍ക്കായി എല്ലാവരും കൂടി നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രാര്‍ത്ഥിക്കും. അങ്ങിനെ സ്വന്തം പിള്ളാരെ സമൂഹത്തില്‍ നാറ്റിക്കും.)

'നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്' എന്ന തിരുവചനം പെട്ടെന്ന് ഓര്‍മ്മ വന്നതുകൊണ്ട് ഞാന്‍ പിന്നീട് ജാനകിയോട് മറ്റ് ചോദ്യങ്ങളൊന്നും ചോദിച്ചില്ല.

'എന്നാല്‍ ഞാനിറങ്ങുവാ കുഞ്ഞേ! ഇനി എന്നെങ്കിലും കണ്ടാലായി'- ജാനകി എഴുന്നേറ്റു. ഞാന്‍ കൊടുത്ത ചെറിയ സംഭാവന രണ്ടു കണ്ണിലും മുട്ടിച്ച് മടിയില്‍ തിരുകി.

' കുഞ്ഞിനെ ഭഗവാന്‍ അനുഗ്രഹിക്കും.....'
'ദേവീ.....എന്നു നീട്ടിവിളിച്ചുകൊണ്ട് ജാനകി യാത്രയായി. കഴിഞ്ഞ ആഴ്ച അവര്‍ മരിച്ചുപോയി എന്ന വാര്‍ത്ത കേട്ടു.

പട്ടിണിയും, വിശപ്പും, ദാഹവുമൊന്നുമില്ലാത്ത ഒരു സ്വര്‍ഗ്ഗത്തില്‍ അവര്‍ ദൈവത്തിന്റെ മുന്നില്‍ നാടന്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുകയായിരിക്കും.

'കുറി വരച്ചാലും - കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും
കാണുന്നതും കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന്.....ദൈവം ഒന്ന്.....

എല്ലാവര്‍ക്കും ഈസ്റ്റര്‍ - വിഷു ആശംസകള്‍.!

Join WhatsApp News
വായനക്കാരൻ 2026-04-02 10:46:29
'ഈ പീഡാനുഭവ വാരത്തിൽ ദയവായി ക്രൈസ്തവ വിരുദ്ധ കമൻറുകൾ ഒഴിവാക്കുക. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്നത് ശരിയല്ലലോ' - എന്ന എഡിറ്ററുടെ ആഹ്വാനം എഴുത്തുകാർക്ക് ബാധകമല്ലേ? ദളിതരെയും, ക്രിസ്തിയാനികളെയും, ഹിന്ദുക്കളെയും ഈ ലേഖനത്തിൽ അധിക്ഷേപിച്ചിട്ടുണ്ട്. പത്രാധിപർ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുക - ഒരു വായനക്കാരൻ
Mony Thomas 2026-04-02 11:35:18
സരസമായ ഒരു ലേഖനത്തിൽകൂടി ചില സത്യങ്ങൾ കൂടി ശ്രീ മൈലപ്ര ചൂണ്ടിക്കാണിക്കുന്നു. ചില പൗരോഹിത്യ സഭകളിലെ (Catholic, Orthodox/Jacobite, Marthoma) സഭകളിലെ സ്ത്രീകൾ ഒരുമിച്ചു കൂടി, സഭയുടെ അനുമതിയില്ലാതെ കൂട്ടംകൂടി പ്രാർത്ഥന ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു. ഭർത്താവിൻറെ മദ്യപാനവും, പെങ്കൊച്ചിനു കറമ്പൻ ചേർക്കുനുമായുള്ള കൂട്ടുകെട്ടുമാണ് പ്രധാന വിക്ഷയം. പ്രാർത്ഥനക്കു ശേഷം കട്ടൻ കാപ്പിയും പരിപ്പുവടയും കഴിച്ചു പരദൂഷണം പറച്ചിലാണ് അടുത്ത പരിപാടി. സ്വന്തം കുട്ടികളുടെ കുറവ് 'Online Prayer Group' ൽ കൂടി വിളിച്ചു പറഞ്ഞു നാട്ടുകാരെ അറിയിക്കുന്നത് മോശമാണ്. വേണ്ട ഉപദേശങ്ങൾ വീട്ടിൽ തന്നെ വേണ്ട സമയത്തു കുഞ്ഞുക്കൾക്കു നൽകുക. അതല്ലേ സഹോദരിമാരെ നല്ലതു?
Hypocrisy 2026-04-02 12:49:09
Amen!
Mohanapilla 2026-04-02 13:01:31
മനുഷ്യൻറെ മതം മാറ്റുവാൻ കഴിയും... മനസ്സു മാറ്റുവാൻ കഴിയുകയില്ല. ..
Mahakapi 2026-04-02 14:36:44
'കവി' എന്ന ഒരു പിഴുപ്പുഭാണ്ഡവും തോളിലേറ്റി ഇവിടെ ചിലർ സാഹിത്യകാരന്മ്മാരായി വിലസുന്നുണ്ട്. നാലക്ഷരം കൂട്ടി എഴുതുവാൻ അറിയാമെങ്കിൽ അമേരിക്കയിലെ ഏതു മലയാളിക്കും 'കവിപ്പട്ടം' കിട്ടും. അതുകൊണ്ടാണ് LANA, സർഗവേദി, ഹ്യൂസ്റ്റൺ സാഹിത്യസംഘടനകൾ എല്ലാം 'കവിയരങ്ങു' മാത്രം നടത്തുന്നത്. നല്ല കാമ്പുള്ള ഒരു കഥയോ , ലേഖനമോ ഒന്നും ഇവർ ചർച്ച ചെയ്യാറില്ല. ഏറ്റവും കുറവ് വായനക്കാർ കവിതകൾക്കാണ് എന്നതാണ് സത്യം. (ഇവിടെ നല്ല കവികൾ ഉണ്ട്. അവരുടെ പേര് എടുത്തു പറയുന്നില്ല. പുറം ചെറിയലാണെന്നു പറയും).
Joseph.TX 2026-04-02 16:06:51
കവികൾ പലതരം കപികളെപ്പോലെയാണ്. കപിയുടെ ഇടയിലും ഗോത്രീയത ഉണ്ട്. അവ തമ്മിൽ പരസ്പ്പരം പല്ലിളിച്ചു കാണിക്കും, ചിലപ്പോൾ മാന്തും. അതുപോലെയാണ് മലയാളി കപികളും ഇ മലയാളി കപികളും. അമേരിക്കയിൽ ഒരു കപി ഉണ്ട്. അയാൾ ഇപ്പോൾ കപിത എഴുതാറില്ല. ജയൻ വറുഗീസ് പറഞ്ഞതുപോലെ ശുക്ലം ഒഴുക്ക് നിന്നുപോയി എന്ന് തോന്നുന്നു. ഇ കപി പലരെയും നിര്വീസരവാദി എന്ന് വിളിച്ചു പരിഹസിക്കുമായിരുന്നു. ലാനയുടെ മീറ്റിങ്ങിലും, ഇയാൾ ബഹളം ഉണ്ടാക്കി. ഇ മലയാളിയിലും ഇയാൾ നിരീശരവാദി എന്ന് അയാൾക്ക് അനുകൂലമല്ലാത്ത കമൻറ്റെ എഴുതുന്നവരെ വിളിക്കുമായിരുന്നു. -
Janardhanan 2026-04-02 18:04:57
മൈലപ്രാസാറിന് അമേരിക്കൻ മലയാളികളുടെ കവിതകൾ ഇഷ്ട്ടപ്പെടാതിരിക്കുന്നതിനെ കുറ്റപ്പെടുത്തുവാൻ കഴിയുകയില്ല. ഒരൊറ്റ ചോദ്യം. ഇവരുടെ കവിതകൾ ആരെങ്കിലും എവിടെങ്കിലും ചൊല്ലാറുണ്ടോ? അതുപോട്ടെ.. ഇവർതന്നെ ഇവരുടെ കവിതകൾ രണ്ടാമതൊന്നു കൂടി വായിക്കാറുണ്ടോ? ആകപ്പെടെ വിവരമുള്ള ഒരു കവി ഉണ്ടായിരുന്നു.. ചെറിയാൻ കെ. ചെറിയാൻ. അദ്ദേഹത്തിന്റെ പവിഴപ്പുറ്റ്. ഐരാവതം, ഭ്രാന്തനും ഭസ്മാസുരനും, തുടങ്ങിയ ഏതെങ്കിലും കവിതകളോട് കിടപിടിക്കാത്ത ഒരു കവിതയെങ്കിലും ഇവിടെയുള്ള ഏതെങ്കിലും സ്വയം പ്രഖ്യാപിത കവികൾ എഴുതിയിട്ടുണ്ടോ. എല്ലാവരുംകൂടി അദ്ദേഹത്തെ നാടുകടത്തി എന്നാണ് കേട്ടത്. കഷ്ട്ടം.
K. Krishna Das 2026-04-02 19:46:39
പ്രിയ ശ്രീ ജനാർദ്ദന..ഓ ഭഗവാന്റെ പേരാണല്ലോ. ജയ് ശ്രീകൃഷ്ണ.. താങ്കൾക്ക് ചെറിയനോടുള്ള സ്നേഹം മനസ്സിലാക്കാം പക്ഷെ എന്തിനാണ് കാടടച്ച് വെടി വയ്ക്കുന്നത്. ഇവിടെയുള്ള എത്ര കവികളെ താങ്കൾക്ക് അറിയാം ? എത്ര പേരുടെ കവിതകൾ താങ്കൾ വായിച്ചിട്ടുണ്ട്.? (എന്റെ ഓർമ്മയിൽ ജയൻ കെ സി, ജയൻ വർഗീസ്, സന്തോഷ് പാലാ, ഡോണാ മയൂര (അവർ international fame ആണ്) ജി പുത്തൻകുരിശ് എന്നിവരുടെ കവിതകൾ മോശമില്ല, താങ്കൾ പരിശോധിക്കു)ഇനിയും കവികൾ ഉണ്ടാകാം. ഓർമ്മയുള്ളവർ ഇവിടെ എഴുതട്ടെ. എല്ലാവരും മൗനം പാലിക്കുന്നത്കൊണ്ടാണ് ഇങ്ങനെയുള്ള കമന്റുകൾ വരുന്നത്. ചെറിയനോടുള്ള സ്നേഹം മൂലം അന്ധനായി ഇവിടെയുള്ള കവികളെ കല്ലെറിയരുത് ചെറിയാനെ ആരും നാട് കടത്തിയില്ല അദ്ദേഹം സ്വയം എല്ലാ എഴുത്തുകാരെയും അധിക്ഷേപിച്ച് അവഹേളിച്ച് പിന്മാറിയതാണ്.
Chacko Varghese. 2026-04-02 19:50:55
ഒരു അമേരിക്കൻ കപിയുടെ ദുരവസ്ഥ: [സ്വന്തം അനുഭവത്തിൽ നിന്നും. ''ഞാൻ ഞാൻ'' എന്ന ഭാവങ്ങൾ മൂർത്തിമത്തായ കുറെ ഉടയേണ്ട വിഗ്രഹങ്ങൾ ഉണ്ട്. ഉടയേണ്ട ചില വിഗ്രഹങ്ങൾ ഉടയണം, ഉടക്കണം, ചിലതു സ്വയം ഉടഞ്ഞു വീഴുന്നു, ഇ-മലയാളി ആണ് ഇ വിഗ്രഹങ്ങളെ വാർത്തതും പൂവിട്ട് പൂജിച്ചതും. ഉദാ: ജയൻ വർഗീസ്, മാത്തുള്ള .....ഇത്യാദികൾ. അവരെ ക്കുറിച്ചു പിന്നീട് എഴുതാം. കാരണം അതിലും അത്യാവശ്യമാണ് ഏതാനും കുറെ വരികൾ എഴുതി അവയൊക്കെ സൂപ്പർ അർത്ഥങ്ങളുള്ള വൻ കവിതകൾ എന്നൊക്കെ നിഗളിച്ചു നടക്കുന്ന ചില കപികൾ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇ കപി വർഷങ്ങൾക്ക് മുമ്പ് ഒരു കവിത എഴുതി. ജീവിതം മുഴുവൻ കഠിന അധ്വാനം ചെയ്ത പിതാവ്. അയാൾ വ്യ ർ ദ്ധൻ ആയി, മക്കൾ കഞ്ഞി പോലും കൊടുത്തില്ല, അതായിരുന്നു കവിത. ഇതിൽ എന്തെങ്കിലും പുതുമ ഉണ്ടോ. കവിത ഇ മലയാളിയിൽ വന്നു, ലാനയിലും പാടി, ഭയങ്കര ഡിസ്ക്കഷനും നടത്തി. ഒരു പാവം മനുഷ്യൻ കവിതയുടെ ചുവട്ടിൽ നല്ലൊരു പ്രോത്സാഹന കമന്റ്റ് എഴുതി. കവി അയാളുടെ നേരെ ഈറ്റപ്പുലി പോലെ ചീറ്റി, നിരിസരന്മ്മാർ എൻ്റെ കവിതയ്ക്ക് കമൻറ്റെ എഴുതണ്ട എന്നും പ്രഖ്യാപിച്ചു. പിന്നീടാണ് കാര്യങ്ങൾ പിടി കിട്ടിയത്. ഇ കവി ഒരു കട്ട വിശ്വാസിയാണ്. അയാളുടെ ഒരു പാതിരി ജർമ്മനിയിൽ പ്രസംഗിച്ചു, '' നിരീശരൻമ്മാർക്കും, സ്വയം ഭോഗം ചെയ്യുന്നവർക്കുംപോൺ കാണുന്നവർക്കുമാണ് മന്ദ ബുദ്ധികളായ കുട്ടികൾ ഉണ്ടാകുന്നത്.'' ഇ പാതിരി യു കെ യിലേക്ക് സ്ഥലം മാറി വരികയായിരുന്നു. യു കെ വിശ്വാസികൾ പാതിരിയെ യു കെ യിൽ നിന്നും കെട്ട് കെട്ടിച്ചു. ഇ പാതിരിക്കെതിരെ ഇ എളിയ ഞാനും എഴുതിയിരുന്നു. അതാണ് കപി പെട്ടിത്തെറിച്ചതു. ഇ കപിയുടെ മറ്റൊരു കാര്യം കുറേകൂടി വെക്തിപരമായതിനാൽ എഴുതുന്നില്ല. വലിയ എഴുത്തുകാരും ചിന്തകൻമ്മാരും എന്നൊക്കെ കുറെ പറഞ്ഞു നടക്കും പക്ഷെ അവരുടെ മതത്തെ തൊട്ടാൽ അറിയാം അവരുടെ തനിനിറം.
American Pandithan 2026-04-03 01:25:03
ഒരു പുരുഷൻ ഒറ്റയ്ക്ക് താമസിക്കുന്നിടം വീട്. അയാൾക്ക്‌ തുണയായി ഒരു സ്ത്രീ കൂടി വരുമ്പോഴേ അതൊരു കുടുംബമാകുകയുള്ളു എന്നായിരിക്കാം നാണിത്തള്ള ഉദേശിച്ചത്‌. അതോ രണ്ടു മുലയുടെ കാര്യം പറഞ്ഞു പൊടിയൻ പുലയനേ പ്രലോഭിപ്പിച്ചതാണോ? ഏതായാലും പ്രൈവസി ഇല്ലാത്തിടത്തു മൂന്ന് കുട്ടികൾക്ക് ജന്മം കൊടുത്തപ്പോൾ തീർച്ചയായും അതൊരു കുടുബം ആയി. ഇനി കുറെ 'മുലക്കവിതകൾ' ആയാലോ?
വിദ്യാധരൻ 2026-04-03 00:09:37
"ബോദ്ധാരോ മത്സരഗ്രസ്തഃ പ്രഭവഃ സ്മയ ദൂഷിതഃ അബോധോപഹതാശ്ചാന്യേ ജീർണ്ണമംഗേ സുഭാഷിതം" -ഭർത്തൃഹരി (നീതിശതകം) അറിവുള്ളവർ മത്സരബുദ്ധികളായിരിക്കുന്നു. പ്രഭുക്കന്മാർ അഹങ്കാരികളാകുന്നു. മറ്റുള്ളവർ അറിവില്ലായ്മയിൽ മൂടിക്കിടക്കുന്നവരും. സുഭാഷിതം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നു. വിദ്യാധരൻ
K. Krishnadas 2026-04-03 02:43:25
ജയൻ വർഗീസിന്റെ കവിതയിൽ നിന്ന് - അധികാര രാഷ്ട്രീയത്തിന്റെ ആലയാണികൾ പിടയ്ക്കുന്ന പച്ച മാംസത്തിൽഅടിച്ചു കയറ്റി ആനന്ദിക്കുന്നു.   അവരുടെ ആരവങ്ങളിൽ ചോരയും കണ്ണീരും ചാലിച്ച്കവിതയെഴുതി കാലം ചോദിക്കുന്നു: ദാനമായി ജീവൻ പേറുന്ന ഭൂമിയുടെ തിരിവെട്ടമേ, നിനക്ക് കൊളുത്താൻ കഴിയാത്ത വിളക്കണയ്ക്കുവാൻ നീയാര്? ആര് നിനക്ക് അവകാശം തന്നു ? ഡോണാ മയൂര കൈക്കുടന്ന നിറയെ കോരിയെടുത്തിരുന്ന വെള്ളമാണ് സ്നേഹമെന്നു കരുതി കാണെക്കാണെ കൈമുട്ടിലൂടതൊലിച്ചിറങ്ങി തീർന്നുപോയപ്പോൾ പിടഞ്ഞു പക്ഷെ കയ്യിൽ അവശേഷിച്ചിരുന്ന ആ നനവ്, അതായിരുന്നു സ്നേഹം . നിങ്ങൾ പറഞ്ഞ കവിതകൾ ഇറങ്ങീട്ട് അമ്പതിലേറെ വർഷങ്ങൾ കഴിഞ്ഞു കവിതയിൽ മാറ്റം വന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെ അംഗീകരിക്കില്ലെന്ന് വാശി പിടിച്ചാൽ എന്ത് ചെയ്യും സഹോദരാ
സംശയൻ 2026-04-02 23:50:30
'ഒരു കുടുംബം ആകണമെങ്കിൽ രണ്ടു മുലകൾ വേണമെന്ന' അറിവ് ആദ്യമാണ്. എന്താണ് ഒന്ന് അച്ഛനും ഒന്ന് കുഞ്ഞിനുമാണോ? ഈ പാപത്തിൽ നിന്റ അമ്മ നിന്നെ ഗർഭം ധരിച്ചു എന്ന് പറയുമ്പോൾ, സെക്സ് ഒരു പാപമാണോ? കയ്യ് കൊട്ടി പാട്ടു പാടിയാൽ മാത്രം പോരാ - തമ്പേർ വേണം, തുള്ളൽ വേണം, ചിഞ്ചിലു വേണം, തമ്പുരു നാഥം വേണം. നിങ്ങളാണോ ഫൊക്കാനാ ഫോമയിലേക്ക് അയക്കുന്ന കവിതകൾ വിലയിരുത്തി അവാർഡ് കൊടുക്കുന്നത്?
Mohanachandran, PA 2026-04-02 23:50:51
1. "ഒരൊറ്റ മതമുണ്ടുലകന്നുയിരാം പ്രേമ, മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബം... (ഉള്ളൂർ.. പ്രേമസംഗീതം) 2. "മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിൻമേലമഞ്ഞിപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായി" (വള്ളത്തോൾ - എൻ്റെ അമ്മ) 3. "അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ ------- ------- ---- ഒരു തൈ കളികാറ്റായരികത്തണഞ്ഞപ്പോൾ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു" (വൈലോപ്പിള്ളി - മാമ്പഴം) 4. "മലയപ്പുലയനാ മാടത്തിൻ മുറ്റത്തു മഴവന്ന നാളൊരു വാഴ നാട്ടു ----- ----- --- അവശന്മാ, രാത്തൻമ്മാ, രാലംബഹീനന്മ്മ രവരുടെ സങ്കടമാറിയാൻ?" (ചങ്ങമ്പുഴ - വാഴക്കുല) ഇതു പോലെയുള്ള രണ്ടു വരി കവിത എഴുതുവാൻ കൃഷ്ണദാസ് സാർ പാടി പുകഴ്ത്തിയ മുകളിലെ എതെങ്കിലും കവികൾക്ക് കഴിയുമോ? മമ്മൂട്ടി 'അമരം' സിനിമയിലെ ഒരു ഡയലോഗിൽ പറഞ്ഞതുപോലെ 'കണ്ടിയിടും.' ആട്ടെ, കൃഷ്ണദാസ് സാറിന് ഇവരുടെ കവിതയിലെ രണ്ടു വരി 'ഓർമ്മയിൽ' നിന്നും പാടാൻ കഴിയുമോ? ഒരു കുതിരപ്പവൻ സമ്മാനമായി തരാം. ഈ കോലാഹലം കണ്ടു മൈലപ്ര സാറിന്റെ പൊടിയൻ പുലയനും, ജാനകിയും സ്വർഗത്തിലിരുന്നു ചിരിക്കുക ആയിരിക്കും.
ചാണക്യൻ 2026-04-04 17:13:10
ആരും തിരിഞ്ഞു നോക്കാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ 'unsung, unheard' ഒരു വലിയ കവി ഇന്നും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് എഴുപതും, എൺപതും കഴിഞ്ഞു 90 ആയി. നിങ്ങളൊക്കെ വലിയ സാഹിത്യ പ്രേമികൾ അല്ലേ!. ആരാണ് ഇ കവി എന്ന് പറയു, അറിയാമോ എന്ന് നോക്കട്ടെ! { പുത്തൻകുരിശോ, സന്തോഷ് പാലാ, വയനാടൻ ....എന്നിവരല്ല, അവരൊക്കെ നന്നേ ചെറുപ്പക്കാർ } -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക