
വാഷിങ്ടൺ: അമേരിക്ക–ഇസ്രയേൽ സംയുക്തമായി ഇറാനെതിരേ നടത്തുന്ന യുദ്ധത്തിന് ഇതിനകം ബില്യൺ കണക്കിന് ഡോളർ ചെലവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം യുദ്ധങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ഉയർന്നുവരുന്ന ജീവിതച്ചെലവിന്റെ പശ്ചാത്തലത്തിൽ ഇത്തരം സൈനിക ഇടപെടലുകൾ ദേശീയ മുൻഗണനകളെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബർ ബ്രയാൻ ടൈലർ കോഹനുമായി നടത്തിയ അഭിമുഖത്തിലാണ് മംദാനി പ്രതികരിച്ചത്. അമേരിക്ക മുൻപ് നടത്തിയ യുദ്ധങ്ങൾ പലപ്പോഴും ദുരന്തകരമായ ഫലങ്ങളാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിന് ഇതിനകം ഏകദേശം 23 ബില്യൺ ഡോളർ ചെലവായിട്ടുണ്ടെന്നും, ഈ തുക അമേരിക്കയിലെ തൊഴിലാളിവർഗ്ഗ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെഡികെയർ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും അധ്യാപകർക്കുള്ള പിന്തുണ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥി വായ്പകൾ കുറയ്ക്കുന്നതിനുമൊക്കെയാണ് ഈ തുക ഉപയോഗിക്കാനായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധച്ചെലവിനേക്കാൾ ആഭ്യന്തര സാമ്പത്തിക സഹായ പദ്ധതികൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നതാണ് തന്റെ നിലപാടെന്ന് മംദാനി വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള സൈനിക പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ അമേരിക്കയിൽ ഇന്ധനവില വേഗത്തിൽ കുറയുമെന്ന് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ പെട്രോൾ വില താഴേക്ക് പോകുമെന്ന് അദ്ദേഹം ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയിൽ ഇപ്പോൾ പെട്രോൾ വില ഗാലണിന് 4 ഡോളറിന് മുകളിലെത്തി. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ധനവിലയിൽ ഒരു ഡോളറിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോള എണ്ണവിതരണത്തെ ബാധിച്ച യുദ്ധസാഹചര്യമാണ് ഇന്ധനവില ഉയരാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ നികുതി ഘടനയും വിതരണ സാഹചര്യവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് നിരക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.