Image

പത്മ വിശ്വനാഥൻ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റിൽ

Published on 01 April, 2026
പത്മ വിശ്വനാഥൻ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ എഴുത്തുകാരിയും വിവർത്തകയുമായ പത്മ വിശ്വനാഥൻ 2026ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവർത്തന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഈ അവാർഡിനായുള്ള പട്ടിക മാർച്ച് 31-നാണ് പ്രഖ്യാപിച്ചത്.

ബ്രസീലിയൻ എഴുത്തുകാരി അനാ പൗല മയ്യയുടെ പോർച്ചുഗീസ് നോവലായ ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത് എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് പത്മ വിശ്വനാഥൻ ഷോർട്ട്‌ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ബ്രിട്ടനിൽ പ്രസിദ്ധീകരിച്ച  മികച്ച കൃതിക്കാണ് ഈ പുരസ്കാരം നൽകുന്നത്.

ഈ വർഷം ആറ് കൃതികളാണ് അന്തിമ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ ഓരോ കൃതിക്കും 5,000 പൗണ്ട് വീതം സമ്മാനമായി നൽകും. ഈ തുക എഴുത്തുകാരനും വിവർത്തകനും തമ്മിൽ തുല്യമായി പങ്കിടുന്നതാണ്.കഴിഞ്ഞ വർഷം ഈ പുരസ്കാരം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖും വിവർത്തക ദീപ ഭസ്ഥിയും ചേർന്നാണ് നേടിയത്.

അകലെയുള്ള ഒരു ബ്രസീലിയൻ  കോളനിയെ പശ്ചാത്തലമാക്കി അധികാരവും അഴിമതിയും തമ്മിലുള്ള ബന്ധത്തെ ശക്തമായി അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. നീതിയും ക്രൂരതയും തമ്മിലുള്ള അതിരുകൾ മങ്ങുന്ന സാഹചര്യങ്ങളെ കടുത്ത യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്ന കൃതിയാണിതെന്നും അവർ വ്യക്തമാക്കി.

ഈ വർഷത്തെ ഷോർട്ട്‌ലിസ്റ്റ് ലോക വിവർത്തന സാഹിത്യത്തിന്റെ വൈവിധ്യവും ചരിത്രപരമായ പശ്ചാത്തലവും ശക്തമായി പ്രതിഫലിപ്പിക്കുന്നതാണെന്നും  വേദനയും ഒറ്റപ്പെടലും ഉള്ള കഥകളായിട്ടും മനുഷ്യനന്മയുടെ ശക്തമായ സന്ദേശം ഇവ നൽകുന്നു എന്നും 2026ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജഡ്ജിംഗ് പാനൽ ചെയർ നതാഷ ബ്രൗൺ അഭിപ്രായപ്പെട്ടു.

58 വയസ്സുള്ള പത്മ വിശ്വനാഥൻ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് അർകാൻസസ് ഫയറ്റ്‌വില്ലിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്. നോവലിസ്റ്റ്, നാടകകൃത്ത് എന്നീ നിലകളിലും അവർ ശ്രദ്ധേയയാണ്. അവരുടെ കൃതികൾ എട്ട് രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2026ലെ വിജയിയെ മേയ് 19-ന് ലണ്ടനിലെ ടാറ്റ മോഡേണിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക