
സമൂഹത്തിന്റെ കണ്ണാടിയാണ് സിനിമ. എന്നാല്‍ സിനിമയുടെ ബിംബങ്ങളെ ചുറ്റിപ്പറ്റി ഉയരുന്ന ലൈംഗിക അതിക്രമ ആരോപണങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതാണ്. മലയാള സിനിമയിലെ പ്രതിഭാ ധനനായ സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്താണ് ഇപ്പോള്‍ ആ ചര്‍ച്ചകളിലെ വില്ലന്‍ വേഷക്കാരന്. ഒരുകാലത്ത് മലയാള സിനിമയിലെ ബലാല്‍സംഗ വീരന്മാരായിരുന്നു ബാലന് കെ നായരും കെ.പി ഉമ്മറും ടി.ജി രവിയുമൊക്കെ. പക്ഷേ അവരൊക്കെ ജീവിതത്തില്‍ മാന്യന്മാരായിരുന്നു. അവര്‍ക്കെതിരെയൊന്നും പീഡന വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. ഇവിടെ ഒരു സംവിധായകന് തന്റെ സ്വന്തം സിനിമയില്‍ അഭിനയിക്കാനെത്തിയ യുവ നടിയെ ബലാല്ക്കാരം ചെയ്ത് ജീവിതത്തില്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ഷേസ്പീരിയന് വില്ലനായിരിക്കുന്നു.
രഞ്ജിത്തിരെ ഉയര്‍ന്ന മൂന്നാമത്തെ പീഡനക്കേസിലാണിപ്പോള് അദ്ദേഹം അകത്തായിരിക്കുന്നത്. വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് രഞ്ജിത്ത് ആദ്യം ലൈംഗികാപവാദത്തിന്റെ കുരുക്കില്‍പ്പെട്ടത്. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി ശ്രീലേഖ മിത്ര 2024-ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. കേസില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഈ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
രഞ്ജിത്തിനെതിരായ രണ്ടാമത്തെ കേസ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം സംബന്ധിച്ചാണ്. 2012-ല്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നു. പ്ലസ്ടുവില്‍ പഠിക്കവെ 'ബാവുട്ടിയുടെ നാമത്തില്‍' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങള്‍ എടുത്തെന്നും യുവാവ് മൊഴി നല്കി. ഈ ആരോപണത്തില്‍ രഞ്ജിത്തിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ സംഭവം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് യുവാവ് പരാതി നല്‍കിയത്. പരാതിയിലെ പല ആരോപണങ്ങളിലും വ്യക്തതയില്ലെന്നും യുവാവ് പരാതി നല്കാന് വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ഈ കേസും റദ്ദാക്കി.
രഞ്ജിത്തിന് കോടതി ക്ലീന്‍ ചിറ്റ് നല്കുകയായിരുന്നില്ല. സാങ്കേതികമായി രഞ്ജിത്ത് കേസില്‍ നിന്ന് ഊരിപ്പോരുകയായിരുന്നു. തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഫീച്ചര്‍ ഫിലിമുമായി വെള്ളിത്തിരയിലേക്ക് സജീവമായി മടങ്ങിവരാന്‍ ഒരുങ്ങവെയാണ് വീണ്ടും പീഡനക്കേസില്‍ രഞ്ജിത്ത് അകപ്പെടുന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും സ്പൈനല്‍ കോഡ് ഓപറേഷനും വിധേയനായ രഞ്ജിത്ത് സദാചാര ധ്വംസനത്തിലൂടെ തന്റെ കരിയര്‍ നശിപ്പിക്കുക മാത്രമല്ല, സത്രീ പീഡനം എന്ന ക്രിമിനല്‍ കേസിലകപ്പെട്ട് സിനിമാ മേഖലയുടെ തന്നെ സല്‍പേരിന് കളങ്കം ചാര്‍ത്തിയിരിക്കുന്നു. രണ്ട് കേസുകളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഈ വ്യക്തി അതെല്ലാം ഒരു താക്കീതായി കാണാതെ തന്റെ കഴിവിനെ ലൈംഗിക ദാരിദ്ര്യത്തിന് മുന്നില്‍ അടിയറവയ്ക്കുകയായിരുന്നു. രോഗത്തിനടിമയായി മരുന്ന് കഴിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ രഞ്ജിത്ത്.
കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുമ്പോഴാണ് രഞ്ജിത്ത് അഴിക്കുള്ളിലാവുന്നത്. 2004-ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു രഞ്ജിത്ത്. മമ്മൂട്ടി ഗസ്റ്റ് റോളിലെത്തുന്ന ഈ ചിത്രം കൊച്ചിയിലെ പൊലീസുകാരുടെ ജീവിതവും ഔദ്യോഗിക കൃത്യനിര്വഹണവുമൊക്കെ പ്രമേയമാക്കിയുള്ളതാണത്രേ. 'തുടരും' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മ കേന്ദ്ര കഥാപാത്രമാകുന്ന ഈ സിനിമയുടെ ചിത്രീകരണം കൊച്ചിയിലും കോട്ടയത്തുമായി പുരോഗമിക്കവെയാണ് സംവിധായകന് പീഡനക്കേസില്‍ റിമാന്ഡിലാകുന്നത്.
ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിന് ചലചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം നല്കി പിണറായി സര്‍ക്കാര്‍ ആദരിച്ചിരുന്നു. ഇതിനിടെയായിരുന്നു ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നത്. പിണറായിയുടെ പെലീസ് രഞ്ജിത്തിനെ പരമാവധി സംരക്ഷിച്ചിരുന്നെങ്കിലും ചലചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ഈ പീഡകന് നിര്‍ബന്ധിതനായി. അതേസമയം കാരവാനില്‍ വച്ച് ലൈംഗിക പീഡനം സംബന്ധിച്ച യുവനടിയുടെ പരാതിയെത്തിയപ്പോള്‍ പോലീസ് നടപടിയെല്ലാം വേഗത്തില്‍ത്തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ രഞ്ജിത്തിനെ വഴിവിട്ട് സഹായിച്ചുവെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു നിയമ നടപടികളിലെ ഈ തിടുക്കം.
ഭാരതീയ ന്യായ സന്ഹിത (ബി.എന്‍.എസ്) 74, 75, 79 സെക്ഷനുകളുടെ പരിധിയിലാണ് രഞ്ജിത്തിന്റെ കേസ് വരുന്നത്. ബി.എന്‍.എസ് 74 അനുസരിച്ച് ഒരു സ്ത്രീയുടെ മാനം കളങ്കപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അവര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെയോ ബലപ്രയോഗത്തെയോ കുറ്റകരമാക്കുന്നു. ഇത് ഐ.പി.സി സെക്ഷന്‍ 354-ന് സമാനമാണ്. ഈ കുറ്റം തെളിഞ്ഞാല്‍ 1 മുതല്‍ 5 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരികമായി സ്പര്‍ശിക്കുക, ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കുക, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുക, അല്ലെങ്കില്‍ പിന്തുടരുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ബി.എന്‍.എസ് 75 പ്രകാരം കേസെടുക്കാം. കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മൂന്ന് വര്‍ഷം വരെ കഠിന തടവോ പിഴയോ ലഭിക്കാം. ബി.എന്‍.എസ് സെക്ഷന്‍ 79, ഒരു സ്ത്രീയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന വാക്കുകള്‍, ആംഗ്യങ്ങള്‍, ശബ്ദങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നിവയ്ക്കെതിരെയുള്ള നിയമമാണ്. ഈ കുറ്റത്തിന് 3 വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം.
''ഇത് കള്ളക്കേസാണ്...'', ''എല്ലാം തെളിയും...'' എന്ന് മാത്രമാണ് രഞ്ജിത്ത് എറണാകുളം സബ് ജയിലിലേയ്ക്ക് കയറും മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കോടതി വിധി ആവശ്യമാണ്. എന്നാല്‍, പരാതികള്‍ ഉയരുമ്പോള്‍ അവയെ അവഗണിക്കാതെ പൂര്‍ണമായും നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടതും അത്യാവശ്യമാണ്. ഇത് ഇരകളുടെ നീതി ഉറപ്പാക്കുന്നതിനും ആരോപിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രധാനമാണ്.
സിനിമാ മേഖലയില്‍ അധികാരം, സ്വാധീനം, പണം എന്നിവ ചിലരില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അരുതാത്ത കാര്യങ്ങള്‍ മുറ തെറ്റാതെ നടക്കുന്നുണ്ട്. രഞ്ജിത്തിന്റെ കാര്യത്തില്‍ മാനസികാരോഗ്യത്തിന്റെ പ്രശ്നവും ഉദിക്കുന്നുണ്ടെന്നു വേണം മനസിലാക്കാന്‍. പക്ഷേ, മാനസിക പ്രശ്നങ്ങള്‍ ഒരു കുറ്റത്തിനുള്ള ന്യായീകരണമല്ല. തെളിവുകളില്ലാതെ ഒരാളെ മാനസികമായി അസ്വസ്ഥനെന്ന് ചിത്രീകരിക്കുന്നതും ശരിയല്ല. ഇത്തരം ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ അതിനെ സാമാന്യവല്‍ക്കരിക്കുന്ന തെറ്റായ പ്രവണതയും കണ്ടുവരുന്നുണ്ട്. സിനിമ ഒരു കലാരംഗം മാത്രമല്ല, ഒരു സമൂഹത്തിന്റെ ആസ്വാദനത്തെയും ആശയപ്രവാഹത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്. അത് ഒരുവന്റെ ലൈഗിക ദാഹം തീര്‍ക്കാനുള്ള ഇടവുമല്ല.
മലയാളത്തിന്റെ ജനപ്രിയ സിനിമാക്കാരനാണ് രഞ്ജിത്ത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രഞ്ജിത്തിന്റെ പ്രതിഭയെ സിനിമാ പ്രേമികള്‍ അംഗീകരിക്കുന്നുമുണ്ട്. പക്ഷേ, മദ്യത്തിന് അടിമയായ അദ്ദേഹത്തിന് നോര്‍മലായി പെരുമാറാന്‍ പറ്റാതെ വരുന്നു. ആരോഗ്യം നഷ്ടപ്പെട്ട് ലിവര്‍ മാറ്റിവയ്ക്കേണ്ടി വന്നു. ഇന്ന് രഞ്ജിത്ത് വെറുക്കപ്പെട്ടവനായാല്‍ അതിന്റെ കാരണക്കാരന്‍ രഞ്ജിത്ത് തന്നെയാണ്. നല്ല പ്രേക്ഷക പിന്തുണയും സൂപ്പര്‍ സംവിധായ പരിവേഷവും രാഷ്ട്രീയ പിന്തുണയുമെല്ലാം നഷ്ടപ്പെ രഞ്ജിത്ത്, മദ്യത്തിന്റെയും മദിരാക്ഷിയടെയും അടിമയായി അക്ഷരാര്‍ത്ഥത്തില്‍ സ്വയം തോണ്ടിയ കുഴിയില്‍ വിണ് അപഹാസ്യനായിരിക്കുന്നു.