Image

ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ടതില്ല, സഭാപിതാക്കന്മാർ ആരുടെയും അടിമകളല്ല; പി.സി. ജോർജിന് കെസിബിസിയുടെ മറുപടി

Published on 01 April, 2026
ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ടതില്ല, സഭാപിതാക്കന്മാർ ആരുടെയും അടിമകളല്ല; പി.സി. ജോർജിന് കെസിബിസിയുടെ മറുപടി

കോട്ടയം: എഫ്‌സിആർഎ ഭേദഗതിയെച്ചൊല്ലി സഭാ നേതൃത്വവും എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജും തമ്മിലുള്ള പോര് മുറുകുന്നു. ബിഷപ്പുമാരെ അധിക്ഷേപിച്ച് സംസാരിച്ച പി.സി. ജോർജിനെതിരെ കടുത്ത ഭാഷയിലാണ് കെസിബിസി സമിതി പ്രതികരിച്ചത്. സഭാപിതാക്കന്മാർ ആരുടെയും അടിമകളല്ലെന്നും ക്രിസ്ത്യാനികളുടെ കുത്തകാവകാശം ഒരു രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കേണ്ടെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വക്താവ് പ്രസാദ് കുരുവിള വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അരമനകൾ കയറിയിറങ്ങുകയും വോട്ട് കിട്ടിക്കഴിഞ്ഞാൽ സമുദായത്തെ തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ രീതി ഇനി വിലപ്പോവില്ലെന്ന് കെസിബിസി മുന്നറിയിപ്പ് നൽകി. “ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ടതില്ല. ഈ രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ചത് സഭയാണെന്ന കാര്യം മറക്കരുത്. സഭാപിതാക്കന്മാരുടെ ആശങ്കകളിൽ വിശ്വാസികളുടെ പൂർണ്ണ പിന്തുണയുണ്ട്,” പ്രസാദ് കുരുവിള പറഞ്ഞു.

പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പി.സി. ജോർജ് ബിഷപ്പുമാരെ ഊളകൾ എന്ന് വിളിച്ച് അധിക്ഷേപിച്ചതാണ് സഭയെ ചൊടിപ്പിച്ചത്. ബി.ജെ.പിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുനടക്കുന്നതെന്നും കുറച്ച് പിതാക്കന്മാർക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നുമായിരുന്നു ജോർജിന്റെ പരിഹാസം. കോൺഗ്രസ് വരണമെന്ന അബദ്ധവിചാരമാണ് ബിഷപ്പുമാർക്കെന്നും ബി.ജെ.പി എന്ന് കേൾക്കുമ്പോൾ അവർക്ക് ഹാലിളകുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്‌സഭയിൽ ചർച്ചയ്ക്ക് എടുക്കാതെ കേന്ദ്രസർക്കാർ മാറ്റി വെച്ചു. സഭാ നേതൃത്വവും പ്രതിപക്ഷ എം.പിമാരും പാർലമെന്റിന് അകത്തും പുറത്തും നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് സർക്കാരിന്റെ പിൻമാറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക